വീണ്ടുമൊരു മായക്കാഴ്ചയായി
എന്നിൽ നിറയൂ.
ഓരോ തിരിവിലും പിൻവിളിയിലും നിന്ന്,
നിന്നെത്തിരഞ്ഞു ഞാൻ വീണ്ടുമലയട്ടെ.
എനിക്ക് പിന്നിടാനുള്ള വഴികളിൽ
കാലത്തിന്‍റെ കണികകൾക്കിടയിൽ
എവിടെയോ നീ കാത്തിരിപ്പുണ്ട്.
മറവിയുടെ സുഷിരങ്ങളിലൂടെ,
കിനാവുകൾ ഉറുമ്പുകളെപ്പോലെ
വരിയൊപ്പിച്ച് ഇറങ്ങിപ്പോകുന്നു.
അവസാനത്തേതും മറഞ്ഞു പോകും മുൻപ്
നിന്നെയെനിക്ക് കണ്ടെത്തണം.
കണ്ടുകിട്ടുന്ന മാത്രയിൽ,
ഇന്നലെക്കണ്ടു പിരിഞ്ഞ പുഞ്ചിരിയോടെ
നീയരികിലെത്തുമെന്ന്
ഞാൻ സ്വയം ഉരുവിട്ടുറപ്പിക്കുന്നു.
അതുവരെ, വീണ്ടുമൊരു മായക്കാഴ്ചയായി
എന്‍റെ ഏകാന്തരാത്രികളെ നിറം പിടിപ്പിക്കൂ.
പുലരിയിലലിഞ്ഞ്, ഇനിയും കാണാനിരിക്കുന്ന സ്വപ്നങ്ങളിലുൾച്ചേർന്ന്,
വിചിത്രദേശങ്ങളിലെ അപരിചിതസഞ്ചാരിയായി
എന്നെ പരിചയപ്പെടൂ.
വീണ്ടുമൊരിക്കൽ കൂടി….
PHOTO CREDIT : JR KORPA
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂