വെളിച്ചത്തിൽ നമ്മൾ അന്യരാവുന്നു, ശത്രുക്കളും.
വെളിച്ചത്തിൽ ഞാൻ വലുതും നീ ചെറുതുമായി കാണപ്പെടുന്നു.
ഞാൻ ആര്യനും നീ അനാര്യനും
ഞാൻ ജൂതനും നീ അറബിയും
ഞാൻ ഹിന്ദുവും നീ മുസൽമാനും.
കുരിശു യുദ്ധങ്ങൾ ആവർത്തിക്കുന്നു.
വെളിച്ചത്തിൽ മതിലുകൾ ഉയരുന്നു,
അനന്തമായി ഉയർന്നു പൊങ്ങുന്ന മതിലുകൾ.
വെളിച്ചത്തിൽ നമ്മൾ ദുർബലരാവുന്നു, ഭീരുക്കളും.
പ്രബലനാകാൻ വേണ്ടി ഞാൻ നിന്നെയാക്രമിക്കുന്നു,
ഭയത്തിന്‍റെ വെളിച്ചത്തിൽ പതിയിരുന്ന്
നീ എന്നെ തിരിച്ചാക്രമിക്കുന്നു.
ആയുധങ്ങളിൽ നിന്ന് തീരാത്ത അഗ്നി.
കൂടുതൽ കൂടുതൽ വെളിച്ചം.
ലോകം മുഴുക്കെ വെളിച്ചമാകുന്നു.
അമർന്നു പോകുന്ന കുഞ്ഞുനിലവിളികളിൽ,
ചോരപ്പാടുകൾ പതിഞ്ഞ് വായിക്കാനാകാത്ത
പാഠപുസ്തകങ്ങളിൽ കുരുങ്ങി,
വെളിച്ചം തല താഴ്ത്തി നിൽക്കുന്നു.
അപ്പോൾ അദൃശ്യമാം ഏതോ ഗുഹയിൽനിന്ന്
ദൈവികമായ നിഷ്കരുണയോടെ
അശരീരി വരുന്നു,
മിന്നൽ പിണരുകളുടെ അകമ്പടിയോടെ.
“ഇരുട്ട് പരക്കട്ടെ, സാർവ്വത്രികമായ ഇരുട്ട്”
യുദ്ധത്തിന്‍റെ തീജ്വാലകളിൽ
ഉരുകിയ കുരുന്നുകളുടെ അപൂർണസ്വപ്നങ്ങളിൽ
പുഞ്ചിരി വിടരുന്നു,
ഇരുളിൽ പുതിയൊരു ലോകം.
ഇരുട്ടിൽ എനിക്കും നിനക്കും ഒരേ നിറം,
ഇരുട്ടിൽ ഭാഷക്ക് അർത്ഥമില്ലാതെയാവുന്നു.
പരസ്പരം നീട്ടിയ വിരൽത്തുമ്പുകളിൽ
മുറുകെപ്പിടിച്ച് നാം പുതിയ ഭാഷ സംസാരിക്കുന്നു,
ഇരുട്ടിന്‍റെ ഭാഷ.
അണഞ്ഞു പോയ ചിതകളിൽ ഗൃഹാതുരമായി നോക്കികൊണ്ട്
വെളിച്ചം ഇരുട്ടിനോട് സന്ധിക്കായി യാചിക്കുന്നു.
PHOTO CREDIT : CHERRY LAITHANG
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂