യാത്രയുടെ തയ്യാറെടുപ്പുകൾക്കിടയിൽ രേവതി കാണണമെന്ന് അറിയിച്ചപ്പോൾ ഉറപ്പിച്ചിരുന്നു അവസാനത്തെ കണ്ടുമുട്ടലാണ് ഇതെന്ന്. വീട്ടുകാരുടെ നിർബന്ധവും അവസരങ്ങളുടെ വാതിലുകളും അവളെ ആ തീരുമാനത്തിൽ എത്തിച്ചിട്ടുണ്ടാവാം. ഇടവ പെയ്ത്തിൽ സർവ്വവും മുങ്ങിത്താണയിടത്തു നിന്നും അവളെ കാണാൻ പോയി.
തമ്മിൽ പറയാൻ ഒന്നും ഉണ്ടായിരുന്നില്ല, ഇടയ്ക്കിടെ വീശുന്ന ചെറുമഴ കാറ്റിൽ കണ്ണുകൾ ചിമ്മി ദൂരേക്കു നോക്കി ഞങ്ങൾ നിന്നു.
യാത്രയുടെ വിവരങ്ങൾ തിരക്കിയെങ്കിലും മറുപടിയൊന്നും അവളിൽ നിന്നുമുണ്ടായില്ല. പിന്നെയും ഞാൻ ചോദിച്ചു..
എന്നോട് ഒന്നും പറയാൻ ഇല്ലേ എന്ന്?
എന്‍റെ വിരലുകൾ ചേർത്ത് പിടിച്ച്..
“ഈ ചിരിയായിരുന്നു എനിക്ക് എന്നും പ്രിയപ്പെട്ടത്, കളയരുത്..”
എന്ന് മാത്രമായിരുന്നു അവളുടെ മറുപടി.
കുറച്ചു നേരം ഞാനും നിശബ്ദമായി പോയി, മറ്റൊന്നും പറയാനാകാതെ ഒരിക്കൽക്കൂടെ ചിരിച്ച് അവളോട് യാത്ര പറഞ്ഞ് തിരികെ നടക്കുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു. മഴ വീണ്ടും പെയ്യാനൊരുങ്ങി നിൽക്കുന്നതിൽ അന്ന് ഏറെ സന്തോഷിച്ചതും ഒരുപക്ഷേ ഞാനായിരിക്കാം.
കഴുത്തോളം വെള്ളം പൊങ്ങി കിടപ്പാടം അടക്കം സകലതും നഷ്ടപ്പെടുമ്പോഴും ആകെ നനഞ്ഞ മുഖത്തെ ചിരി മാത്രം പുറത്ത് കാണാനാണ് എന്നും ആഗ്രഹിച്ചിരുന്നത്.
യാത്രകൾ ഒരിക്കലും അവസാനമല്ലെന്നും പലപ്പോഴും തുടക്കം മാത്രമാണെന്നും അന്ന് തിരിച്ചറിഞ്ഞു.
എൽ.പി. സ്കൂളിലെ കളിക്കൂട്ടുകാരി രേവതിക്കുട്ടി നാളെ രേവതി പി എസായി വരുമ്പോൾ രാജു രാജീവ് കുമാറുമായിട്ടുണ്ടാവും.
PHOTO CREDIT : CAMILLE ROBINSON
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂