ജിസാ ജോസിന്‍റെ ആദ്യ നോവലായ ‘മുദ്രിത’ ഒരു അന്വേഷണത്തിന്‍റെ കഥയാണ്. എവിടെ നിന്ന് വന്നു എന്നോ, എവിടേക്ക് പോയി എന്നോ അറിയാത്ത, അൻപത് കഴിഞ്ഞ ഒരു സ്ത്രീയെ തേടി ഇറങ്ങുന്ന ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ അന്വേഷണത്തിന്‍റെ കഥ.
മുദ്രിത നയിച്ച വഴിയിലൂടെ ഒരു ദീർഘയാത്രക്ക് തയ്യാറെടുത്ത ഒൻപതു സ്ത്രീകളും ഒരു ചെറുപ്പക്കാരനും അടങ്ങുന്ന പത്തു പേരുടെ ജീവിതം നമുക്ക് മുൻപിൽ തുറന്നുവയ്ക്കുന്നത് അസാധാരണമായ ഒരു ലോകമാണ്. സാധാരണക്കാരായ ആളുകളുടെ ആന്തരിക ജീവിതങ്ങൾ ചേർത്തു വച്ച് എഴുതിയ അസാധാരണ ലോകം.
രചനാ പാടവവും കഥാപാത്ര സൃഷ്ടിയും ആശയസമ്പുഷ്ടിയും നോവലിനെ മനോഹരമാക്കുന്നു.
ഹിമാദ്രി എന്ന പഴയ ബോർഡ് തൂങ്ങിക്കിടക്കുന്ന എന്നോ നിർത്തിപ്പോയ ഒരു ട്രാവൽ ഏജൻസിയിലേക്ക് വരുന്ന ഒരു കോളിലൂടെയാണ് കഥ ആരംഭിക്കുന്നത്.10 സ്ത്രീകൾ മാത്രമുള്ള ഒരു യാത്ര ആ ട്രാവൽ ഏജൻസി ഏറ്റെടുത്ത് നടത്തിക്കൊടുക്കണം എന്നാവശ്യപെട്ട് മുദ്രിത അനിരുദ്ധനെ വിളിച്ച കോൾ.
ഒറീസ്സയിലെ കുഗ്രാമങ്ങളിലേക്ക് ട്രെയിനിലാണ് ആ സംഘത്തിനു യാത്ര പോകേണ്ടത്. സംഘനേതാവിന്‍റെ പേര് പോലെ അസാധാരണമാണ് മറ്റംഗങ്ങളുടെയും പേരുകൾ. സർവ്വരഞ്ജിനി, സഞ്ചാരിണി ദീപ്ത, ഉമാ നാരായണി, ബേബി, വെണ്ണില, ഹന്ന, ശാശ്വതി, മരിയനളിനി, മധു മാലതി എന്നിങ്ങനെയാണാ പേരുകൾ. അവരിൽ വീട്ടമ്മയും മാധ്യമപ്രവർത്തകയും തയ്യൽക്കാരിയും വീട്ടു ജോലിക്കാരിയും കന്യാസ്ത്രീയും ടീച്ചറുമൊക്കെയുണ്ട്. ഈ വൈവിധ്യത്തിനു പിന്നിലും ഇവരെ എല്ലാവരെയും ചേർത്ത് നിർത്തുന്ന ഘടകങ്ങൾ ഒറ്റപ്പെടലും ഏകാന്തതയുമാണ്. ആണധികാര ലോകത്തിന്‍റെ ചാട്ടയടികൾക്ക് വിധേയരായവരാണ് ഈ ഒൻപത് പേരും.
ദുഃഖത്തിന്‍റെയും ഏകാന്തതയുടെയും ആൺരൂപമായ അനിരുദ്ധനും ഇവരിൽ നിന്ന് വ്യത്യസ്തനല്ല. ആഘോഷങ്ങളും ആരവങ്ങളും ഒഴിഞ്ഞ ജീവിതത്തിൽ പൊടുന്നനെ ഉയരുന്ന ഒരു പ്രതീക്ഷയുടെ കിരണമായിരുന്നു, അനിരുദ്ധൻ അടക്കം പത്തുപേർക്കും ഈ ഒറീസ്സ യാത്ര.
ഓരോ കഥാപാത്രത്തെയും തെളിവോടെ നമുക്ക് മുൻപിൽ കൊണ്ട് നിർത്തുമ്പോഴും അവരുടെ ഉള്ളിലെ ആഴം നമുക്ക് തൊട്ടെടുക്കാൻ ആവാതെ, മുൻപിൽ സാഗരം പോലെയുണ്ട് താനും. ഇടയ്ക്കിടെ പറഞ്ഞു പോകുന്ന പുരാണ കഥകളും സാഫോയുടെ കവിതാ ശകലങ്ങളും കഥയുടെ മാറ്റ് കൂട്ടുന്നു.
‘മുദ്രിത’യുടെ വായന മനോഹരമായ ഒരു അനുഭവമായിരുന്നു. യാത്രികരായ അവർ കാണാൻ ആഗ്രഹിച്ച ചിത്രോൽപല എന്ന നദി പോലെ തന്നെ വ്യത്യസ്തമായ ഒരു അനുഭവം!
PHOTO CREDIT : JISA JOSE
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂