ഓണത്തെ കുറിച്ചുള്ള ആദ്യത്തെ ഓർമ്മ പപ്പിനിയേച്ചിയുടെ തയ്യൽക്കടയിൽ ഓണക്കോടി തയ്ച്ചു കിട്ടുന്നതിനുള്ള കാത്തിരിപ്പാണ്. എന്‍റെ വീടിനു ഒരു വീട് അപ്പുറമാണ് പപ്പിനിയേച്ചിയുടെ തയ്യൽക്കട. കട എന്ന് പറയുമ്പോൾ അവരുടെ വീടും കടയും ഒന്നു തന്നെ. കടയുടെ പുറകിൽ ട്രെയിൻ കമ്പാർട്ട്മെന്റ് പോലത്തെ വീട്. ഒരു റൂമിനു പിറകിൽ അടുത്ത റൂമായിട്ടാണ് അവിടത്തെ വീടുകളുടെ പണി.
രണ്ടാം ക്ലാസ്സിൽ ആണെന്ന് തോന്നുന്നു അന്ന് പഠിക്കുന്നത്. തിരുവോണ ദിവസമായിരുന്നു. എത്രയോ ദിവസം മുൻപ് അമ്മ പപ്പിനിയേച്ചിയുടെ കയ്യിൽ തയ്ക്കാൻ കൊടുത്തതായിരുന്നു. വേറെ എന്തൊക്കെയോ തിരക്ക് കൊണ്ട് തിരുവോണദിവസമായിട്ടും എന്‍റെ ഉടുപ്പ് മാത്രം ചേച്ചി തയ്ച്ചു തന്നില്ല. മറൂൺ കളറിൽ ഒരു ബ്ലൗസും, മഞ്ഞ കളറിൽ ഒരു പാവാടയും ആണ്. അന്ന് ഓണക്കോടിക്ക് ചെറുതൊന്നുമല്ല മനസ്സിൽ സ്ഥാനം. കാലത്ത് പൂക്കളമിട്ട്, പുതിയ ഉടുപ്പിട്ട് വെറുതെ അങ്ങനെ ഇരിക്കുക. അതാണ് അതിന്‍റെ ഒരു അന്തസ്സ്.
11 മണിയായിട്ടും കിട്ടാതെ വന്നപ്പോൾ ക്ഷമ കെട്ട് ഞാൻ നേരെ ചേച്ചിയുടെ തയ്യൽക്കടയിൽ പോയി ഇരിപ്പു പിടിച്ചു. ചേച്ചിയുടെ വീട്ടിൽ ഇരിക്കുകയെന്നത് ഒട്ടനവധി വെല്ലുവിളികൾ നിറഞ്ഞ ഒരു പ്രക്രിയയാണ്.. കാരണം പൂച്ചകൾ, പട്ടികൾ കോഴികൾ പശുക്കൾ ഇതെല്ലാം കൂടി സോദരത്വേന വാഴുന്ന ഒരു മാതൃകാസ്ഥാനമാണ് ചേച്ചിയുടെ വീട്. അവിടെയിരിക്കുമ്പോൾ അസംഖ്യം പൂച്ചകൾ നമ്മളെ തട്ടിയും തലോടിയും കടന്നുപോകും. ഏറ്റവും കുറഞ്ഞത് രണ്ടു നായ്ക്കളും കാണും. മൂടി വച്ച കുട്ടയിൽ കോഴിയും കാണും പിറകിൽ നിന്ന് പശുവിന്‍റെ ശബ്ദവും കേൾക്കാം. പൂച്ചകളെ, പ്രത്യേകിച്ച് പപ്പിനിയേച്ചിയുടെ പൂച്ചകളെ എനിക്ക് ഇഷ്ടമല്ല. സാമാന്യത്തിനധികം അഹങ്കാരമാണ് അവറ്റക്ക്. പട്ടികളെ പണ്ടേ പേടിയുമാണ്. പറഞ്ഞു വരുമ്പോൾ പപ്പിനിയേച്ചിയെയും പേടിയാണ്. അഥവാ ആ ഭാഗത്ത് എനിക്ക് പേടിയുള്ള ഏക വ്യക്തി പുള്ളിക്കാരിയാണ്. പഠിക്കാൻ വിട്ടാലും എല്ലാ ദിവസവും ബൂമറാങ് പോലെ സ്കൂളിൽ നിന്ന് തിരിച്ച് വീട്ടിലേക്ക് രാവിലെ പത്തരക്ക് തന്നെ ഓടിവരുമായിരുന്ന എന്നെ, ഈർക്കിൽ കൊണ്ട് അടിച്ചു തിരിച്ചു ഓടിച്ച് സ്കൂളിൽ പോക്ക് അനിവാര്യമായ ഒരു ഗതികേടാണെന്ന് എനിക്ക് മനസ്സിലാക്കി തന്നത് പദ്മിനി എന്ന് യഥാർത്ഥ പേരുള്ള പപ്പിനിയേച്ചി ആകുന്നു (വീടിനു മുൻപിലെ റോഡ് ക്രോസ്സ് ചെയ്താൽ നേരെ കാണുന്നത് സ്കൂൾ ആയത് കൊണ്ട് സ്കൂളിൽ പോകാനും തിരിച്ചു അതേ വേഗതയിൽ ഓടിവരാനും എളുപ്പമായിരുന്നല്ലോ). ഉച്ചക്ക് ഉണ്ണാനല്ലാതെ, ഓടിതിരിച്ചു വന്നാൽ ബാക്കി തല്ലു വേറെ കിട്ടും എന്ന് നോട്ടം കൊണ്ട് വ്യക്തമാക്കി, എളിയിൽ കൈ കുത്തി അവർ തയ്യൽക്കടക്ക് മുന്നിൽ നിന്ന ആ നിൽപ്പാണ് എന്നെ സ്കൂളിന്‍റെ അകത്ത് തന്നെ തളച്ചിട്ടത്.
പക്ഷേ പട്ടിയെയും ചേച്ചിയെയും പേടിച്ചിട്ട് ഇന്ന് കാര്യമില്ല. പേടിയും നാണവും സങ്കോചവും ഒക്കെ കടിച്ചമർത്തി ചേച്ചിയുടെ തയ്യൽ മഷീനു മുൻപിൽ ഇട്ടിട്ടുള്ള വട്ട കസേരയിൽ ഞാൻ ഇരിപ്പ് പിടിച്ചു. തയ്ച്ചു കൊണ്ടിരിക്കുകയായിരുന്ന പപ്പിനിയേച്ചി തലയുയർത്തി എന്നെ അമർത്തിയൊന്ന് നോക്കി. ഞാൻ ചൂളി. പക്ഷേ പതറരുതെന്ന് ഞാൻ സ്വയം പറഞ്ഞു. ഇതൊരു ചില്ലറ കേസ് അല്ല. ഓണക്കോടിയുടെ പ്രശ്നം ആണ്. ഇനിയും വൈകിയാൽ അമ്മ സദ്യ ഉണ്ടാക്കിയത് കഴിക്കാൻ ഇരിക്കും മുൻപ് എങ്ങനെ കോടി കിട്ടാൻ ആണ്. ഗൗരവത്തോടെയുള്ള ചേച്ചിയുടെ നോട്ടത്തിൽ തോൽക്കാതെ ഞാൻ കസേരയിൽ ബലം പിടിച്ചിരുന്നു.
“അവിടെ ഇരിക്യോ.ഞാൻ തരാം. ഉച്ചക്ക് മുൻപ് തരാം.”
ബലാബലത്തിന്‍റെ അവസാനം ചേച്ചി പറഞ്ഞു. തയ്പ്പും തുടങ്ങി. സൂചിയുടെ ഓരോ കുത്തലും പൊങ്ങലും ഞാൻ നോക്കിയിരുന്നു. തയ്ച് കൊണ്ടിരുന്നത് ബ്ലൗസ് ആയിരുന്നു. തുണി വലിച്ചു പിടിച്ചു നീക്കിക്കൊണ്ടിരുന്ന ചേച്ചിയുടെ കയ്യിൽ സൂചി കയറുമോ എന്ന് എനിക്ക് ഭയം തോന്നി. എന്നിട്ടും മെഷീനിന്‍റെ ചലനങ്ങളിലേക്ക് തന്നെ ശ്രദ്ധിച്ചു ഞാനിരുന്നു. എപ്പോഴോ മഴ പെയ്യാൻ തുടങ്ങിയിരുന്നു. ഓണക്കോടിയുടെ നിർമാണപ്രവർത്തനത്തെ ബാധിക്കുന്ന എന്തെങ്കിലും പ്രതിബന്ധം എവിടെ നിന്നെങ്കിലും ഉണ്ടാകുമോ എന്ന ഉൽക്കൺഠ എന്നിൽ അക്ഷമ ഉണർത്തുന്നുണ്ടായിരുന്നു. എങ്കിലും മഴയുടെ പതിഞ്ഞ താളം എന്നെ സമാധാനിപ്പിച്ചു.
വീടിനു പിറകിൽ പശുക്കൾ ചെറിയ ശബ്ദങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നു.
കടയ്ക്കു പിന്നിലുള്ള ഹാളിൽ കിടക്കുന്ന ചേച്ചിയുടെ അമ്മ, കൃത്യമായ ഇടവേളകളിൽ ‘പപ്പിനുവോ. ട്യേയ് …”എന്ന് എന്തിനെന്നില്ലാതെ വിളിച്ചു കൊണ്ടിരുന്നു. ഗർവിഷ്ടയായ ഒരു പൂച്ച തുണികൾ കൂട്ടി വച്ചിരിക്കുന്ന ഒരു സ്റ്റൂളിന് കീഴിൽ സുഖിച്ചു കിടന്ന് എന്നെ പരമപുച്ഛത്തോടെ നോക്കുന്നുണ്ടായിരുന്നു. ഉച്ചക്ക് മുൻപ്.. മഴ പെയ്ത് തോരും മുൻപ്.. അമ്മ സദ്യയുണ്ണാൻ വിളിക്കാൻ മുൻപ് കോടി കിട്ടും, മറൂൺ ബ്ലൗസും മഞ്ഞ പാവാടയും ഇട്ട് ബാക്കിയുള്ള ഓണം ഞാൻ തിമർക്കും.. അല്പം റിലാക്സ് ആയി ഞാൻ കസേരയിൽ ചാഞ്ഞുകിടന്നു.
നിരന്തരം ചലിക്കുന്ന മെഷീൻസൂചിയിൽ കണ്ണു നട്ട് ഇരിക്കവേ സൂചിക്ക് വലിപ്പം കൂടിവന്നു.. മഴയുടെ ആരവം കാതുകളിൽ നിറഞ്ഞു. പപ്പിനിയേച്ചിയുടെ ഗൗരവം നിറഞ്ഞ വലിയ മുഖം എന്തുകൊണ്ടോ നോക്കാൻ അപ്പോൾ എനിക്ക് വലിയ ഭയം തോന്നിയില്ല. നോക്കിനോക്കിയിരിക്കെ എല്ലാം അവ്യക്തമായി വന്നു..
മറൂണും മഞ്ഞയും നിറമുള്ള പൂക്കൾ മനസ്സിൽ വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.. മഴയിൽ കുതിർന്ന്, മുറ്റമാകെ പടർന്ന്…
ഉറങ്ങിയെണീക്കുമ്പോൾ ആദ്യം കണ്ടത് അമ്മയുടെ മുഖമാണ്. മനസ്സിലേക്ക് വന്നത് ഓണം കഴിഞ്ഞു എന്ന ഭയവും. ചാടി എണീറ്റ് നോക്കുമ്പോൾ അമ്മ ഹാളിലെ നിലത്ത് ഇലയിട്ട് കറി വിളമ്പുകയായിരുന്നു. കോടിയെവിടെ എന്ന കരച്ചിൽ തൊണ്ടയിലേക്ക് വരുമ്പോഴേക്കും പപ്പിനിയേച്ചിയുടെ അടുത്തടുത്ത് വരുന്ന സ്വരം കേട്ടു..
“കുട്ട്യേ…”
അവരുടെ കയ്യിൽ ഓണക്കോടി. കാലിനരുകിൽ തൊട്ടുരുമ്മി പൂച്ചയും.
ഞാൻ ആകെ പൂത്തുലഞ്ഞ് അവരുടെ അടുത്തേക്കോടി.. എന്‍റെ ഓണം അവരുടെ നീട്ടിപ്പിടിച്ച കയ്യിൽ മറൂണും മഞ്ഞയും നിറം കൊണ്ട് നിന്നു….
PHOTO CREDIT : NITHIN P JOHN
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂