മണ്ണുമാന്തി യന്ത്രം പൊടുന്നനെ അമൃതയുടെ ഓർമ്മകളുടെ ചില്ലകൾ ഓരോന്നായി പിഴുതെറിയാൻ തുടങ്ങി…
ഒരുനാൾ താൻ ഇതെല്ലാം മറക്കാൻ ആഗ്രഹിക്കുമെന്നവൾക്ക് അറിയാമായിരുന്നു. എന്നാൽ അത് ഇത്രയും പെട്ടെന്നാവുമെന്നും അവൾ കരുതിയില്ല. പ്രൈമറി സ്കൂളിൽ പഠിക്കുന്ന ഒരു നാലു വയസ്സുകാരി അവൾക്കു മുന്നിൽ പൊടുന്നനെ മിന്നി മറഞ്ഞു. കാലം എത്ര പെട്ടെന്നാണ് സഞ്ചരിക്കുന്നത്…
“എന്താണ് അമൃത, സ്വപ്നലോകത്താണോ? “
ഗീതുന്‍റെ ശബ്ദം അവളെ ഉണർത്തി.
അവൾ കൈയിലെ ഫോൺ ഗീതുവിന് നേരെക്ക് നീട്ടി പിടിച്ചു.
“ഇത് നിന്‍റെ തറവാടല്ലേ..“, മൊബൈലിൽ കണ്ട ചിത്രം നോക്കി ഗീതു ചോദിച്ചു.
ചിറകറ്റ് പോയ ചിത്രശലഭം പോലെ പാതി പൊളിഞ്ഞു കിടന്ന വീട്…
“ആയിരുന്നു..“
അവധികളിൽ അമ്മയ്ക്കൊപ്പം ഓടിയെത്തിയ വലിയ വീട്, നാലു വലിയ പറമ്പും.. ആ പറമ്പിനറ്റത്ത് തെളിഞ്ഞ കുളവും ഉള്ള വീട്. ചുറ്റിലും കിളികളുടെ ശബ്ദമുള്ള… എന്തിന്…വിശേഷിപ്പിക്കാൻ തന്‍റെ ബാല്യം തന്നെയുള്ള വീട്.
പട്ടണത്തിലെ ഒരു വീടിന്‍റെ മുകളിൽ വാടകക്ക് താമസിച്ച എട്ട് വയസ്സുകാരിക്ക് എന്നും കൗതുകമായിരുന്ന വീട്!
അതിന്ന് ഒരു മണ്ണുമാന്തി യന്ത്രം തകർത്തെടുത്തു, വടക്കേ മുറിയും തെക്കേ അകവും അകത്തേ അറയും എല്ലാം ഓർമ്മ മാത്രമായി….ഫാമിലി ഗ്രൂപ്പിൽ തെളിഞ്ഞു നിന്ന ആ വീട് അവളുടെ മനസ്സിനെ വീണ്ടും വീണ്ടും അസ്വസ്ഥമാക്കി. എന്ത് കൊണ്ടോ അവൾ ആ വീടിനെ ഒരുപാട് ഇഷ്ടപ്പെട്ടിട്ടുണ്ട്.
പതിനഞ്ചു വർഷങ്ങൾക്ക് ശേഷം അടർന്നു പോയ തന്‍റെ കുട്ടിക്കാലമാണ് ആ വീടിന്‍റെ പൊളിഞ്ഞുകിടക്കുന്ന ഓരോ തൂണിലും അവൾക്ക് കാണാൻ കഴിഞ്ഞത്.
വടക്കേ മുറിയുടെ ഒരു കോണിൽ നിരയായി അടുക്കിവച്ചിരുന്ന മുത്തശ്ശന്‍റെ പല തരം ഊന്നു വടികൾ ഇന്നെവിടെയാണ്?
പൂജാമുറിയിൽ നിത്യവും താൻ സന്ധ്യനാമം ചൊല്ലി കേൾപ്പിച്ച ദൈവങ്ങളുടെ ചിത്രങ്ങൾ ഇന്ന് എവിടെയാണ്?
ഇനി അതെല്ലാം വർണാലങ്കാരങ്ങൾ കൊണ്ട് തീർത്ത പട്ടണത്തിലെ പ്രദർശനങ്ങളിലെ കാഴ്ച വസ്തുക്കളാകുമോ?
അവൾക്കുള്ളിലെ എട്ടു വയസ്സുകാരി സംശയങ്ങൾ ഉതിർത്തു കൊണ്ടേയിരുന്നു… ഉത്തരങ്ങൾക്കെന്ന പോലെ അവളുടെ വിരലുകൾ ധൃതിപ്പെട്ട് മൊബൈലിൽ ആ ചിത്രം വലുതാക്കാൻ ശ്രമിച്ചു…
മുറിച്ചു മാറ്റപ്പെട്ട ഭാഗങ്ങൾ അവശേഷിപ്പിച്ച നാലു ചുവരുകൾ തങ്ങളുടെ സമയമെത്താൻ നാളേക്കായി കാത്തിരിക്കുന്നത് അവൾക്കു കാണാമായിരുന്നു..
PHOTO CREDIT : JR KORPA
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂