“വെള്ളം വേണോ..?”
‘ഹേയ് വേണ്ട, സിസ്റ്ററെ’
“തളർന്നു.. ലെ”
‘ഹാ കുറച്ചു.. നല്ല ചൂടല്ലേ..’
“ഉള്ളിൽ കയറി ഇരുന്നൂടായിരുന്നോ..?”
‘വേണ്ടാ..!’
“സാരല്ല.. കുറച്ചു നേരം കയറിയിരിക്കൂ.”
കുറെ നിർബന്ധിച്ചതിനു ശേഷം അയാൾ ഉള്ളിലേക്ക് കയറിയിരുന്നു.
“ഞാൻ നിങ്ങളെ കണ്ടിരുന്നു.”
‘എപ്പൊ!!’
“സെക്കന്റ് ഫ്ലോറിലെ ജനാലക്കപ്പുറം..
നിങ്ങളവിടെ തൂങ്ങിയാടിയിരുന്നു..”
‘ഞങ്ങൾക്ക് ഇതിന്‍റെ ഉള്ളിലേക്ക് കാണില്ലല്ലോ സിസ്റ്ററെ.. പക്ഷേ.. ചില കെട്ടിടങ്ങളുടെ ഉൾഭാഗം കാണാവുന്ന തരത്തിലാണ് .!’
“അതെയല്ലേ ..! ”
‘ഞങ്ങളെ കാണുമ്പോ ചിലർ അടുത്തു വന്നു നോക്കും.. മിണ്ടാനൊക്കെ ശ്രമിക്കും.. ശ്രദ്ധ വിടാൻ പാടില്ലല്ലോ.. അതുകൊണ്ട് ചിരിച്ചു മാറി പോകും.’
“ഈ ചൂടിൽ മടുപ്പിക്കുന്നില്ലേ .. വയ്യാന്നു തോന്നില്ലേ? ”
‘ഹേയ്.. ജോലി അല്ലെ സിസ്റ്റർ..
പല കാഴ്ചകൾ.. ചില്ലിനപ്പുറമുള്ള അടുത്തു കാണാവുന്ന മുഖങ്ങൾ..
താഴെ കടുകുമണി പോലെ വേറേയും ആളുകൾ..
കുറേ അനുഭവങ്ങളുണ്ടാകുന്നത് നല്ലതല്ലേ..’
“മ്മ്.. പേടി തോന്നില്ലേ താഴേക്ക് നോക്കുമ്പോൾ?”
‘ഹേയ് എല്ലാ സെക്യൂരിറ്റി മെഷേഴ്സും എടുക്കുമല്ലോ’
“എങ്കിലും..”
‘ഹാ, കാണുന്നവർക്ക് പേടി തോന്നാം.. എനിക്കും ആദ്യം താഴേക്ക് നോക്കുമ്പോൾ ഉണ്ടായിരുന്നു, പിന്നെ ശരിയായി..’
“മ്മ്.. സൂക്ഷിക്കു..”
‘എണീക്കട്ടെ സിസ്റ്ററെ..’
“കുറച്ചു നേരം കൂടെ ഇരുന്നോളു.”
‘അയ്യോ വേണ്ടാ.. പണി തീർക്കണം.’
“മ്മ്.. ശരി, എന്തെങ്കിലും ആവശ്യമുണ്ടേൽ വിളിക്കു, ഞാൻ ഇവിടെ കാണും.”
‘നന്ദി.. പേടിക്കണ്ട സിസ്റ്ററെ.. ഞങ്ങൾക്കൊന്നും പറ്റില്ല.. റിസ്ക് ഉള്ള ജോലിയാണ്… പക്ഷേ പേടിയില്ല.. ഒരുപാടു പ്രാർത്ഥനകളോടെ കുറേ പേരില്ലേ വീട്ടിൽ..’
“അതെ.. സന്തോഷമായിരിക്കു.”
‘സന്തോഷമാണ് സിസ്റ്റർ.. ജോലി ഉണ്ടല്ലോ..
ആരോ പറയും പോലെ വേനലിനപ്പുറം വസന്തമുണ്ടായേ തീരു… ജീവിതം കളറല്ലേ..’
അത്രെയും പറഞ്ഞു വളരെ വേഗത്തിലയാൾ…ആ വലിയ ബിൽഡിങ്ങിൽ തൂങ്ങിയാടി..
ഉയരം കൂടിയ കെട്ടിടങ്ങൾ കയറിൽ തൂങ്ങി, പൊങ്ങിയും താണും വൃത്തിയാക്കുന്നവരെ കാണുമ്പോൾ പേടിതോന്നും..
സഹതാപം കൂടും..
എന്തു മാത്രം കഷ്ടപ്പെടുന്നുവെന്നു കരുതും…
പക്ഷേ.. എനിക്കയാളോട് അത്ര നേരം തോന്നിയ സഹതാപം ഇല്ലാതായി..
എന്‍റെ ഉള്ളിലുണ്ടായിരുന്ന പേടിയും കാറ്റിൽ പറന്നു..
എത്ര പോസിറ്റീവ് ആയാണ് അയാള് സംസാരിച്ചത്..
ഒരു ജോലി ഉള്ളതിൽ അദ്ദേഹം അഭിമാനിക്കുന്നുണ്ട്..
അതയാള് വളരെ ആനന്ദത്തോടെ ചെയ്യുന്നുണ്ട്..
വേനലിനപ്പുറമുണ്ടായേക്കാവുന്ന വസന്തത്തിൽ അല്ലെങ്കിൽ വറുതിക്കപ്പുറമുള്ള സമൃദ്ധിയിൽ അയാൾക്ക് ഏറെ പ്രതീക്ഷയുണ്ട്..
ആ പ്രതീക്ഷ എല്ലാരിലേക്കും പകരാനാകുന്നിടത്താണ് ഒരാള് വിജയിയാകുന്നത്..
വിഷമങ്ങളൊക്കെ വിഷമങ്ങളാകുന്നത് അതു നമ്മള് വിഷമാണ് എന്ന് ചിന്തിക്കുമ്പോഴല്ലേ എന്നു പറഞ്ഞ കെആർ മീരയെ ഓർത്തു..
പ്രതീക്ഷയുടെ ഒരു നുറുങ്ങു വെട്ടം എനിക്കും നൽകി..
ജീവിതത്തിനും മരണത്തിനുമിടയിലുള്ള കയറിൽ തൂങ്ങിയാടുന്നതിനിടയിൽ,
വെറും കടുകുമണി മാത്രമായ എന്നെ നോക്കി അയാള് കൈവീശി..
“ജീവിതം കളറാണ്…”
PHOTO CREDIT : VICTOR
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂