ഇന്ന് ഏപ്രിൽ 23, പുസ്തക ദിനമായി ലോകമെങ്ങും ആചരിക്കപ്പെടുന്നു. അതോടൊപ്പം തന്നെ പുസ്തകങ്ങൾക്കും പകർപ്പവകാശ നിയമത്തിനുമുള്ള അന്തർദേശീയ ദിനമെന്നും ഏപ്രിൽ 23 അറിയപ്പെടുന്നു. നിർമിതബുദ്ധി നമുക്ക് പിടി കിട്ടാത്ത തരത്തിലേക്ക് വളർന്നുകൊണ്ടിരിക്കുന്ന കാലമാണിത്. വായനയ്ക്കു പകരം കാഴ്ചകൾക്കു പ്രാമുഖ്യം നല്കപ്പെടുന്ന കാലം. ‘വായിച്ചു വളരുന്ന’ ഒരു തലമുറക്ക് പകരം ‘കണ്ടു വളരുന്ന തലമുറ’ ഉള്ള ഈ സാഹചര്യത്തിൽ ഗൗരവമായ ചർച്ചകൾ ഉയർത്തിക്കൊണ്ട് കടന്നു വന്നിരിക്കുകയാണ് വീണ്ടുമൊരു പുസ്തക ദിനം.
എന്തുകൊണ്ടാണ് ഏപ്രിൽ 23 ലോക പുസ്തക ദിനമായി ആചരിക്കുന്നത്? വിശ്വസാഹിത്യത്തിലെ തന്നെ അതികായരായ ഷേക്സ്പിയർ, മിഗുവൽ ഡി സർവെൻ്റീസ്, ഗാർസിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനമാണ് ഏപ്രിൽ 23. ലോകസാഹിത്യത്തിൽ വസന്തം തീർത്ത ഈ മഹാന്മാരോടുള്ള ആദര സൂചകമായി ആചരിച്ചു തുടങ്ങിയതാണ് ലോക പുസ്തകദിനം. ഈ ദിനത്തിനു തുടക്കമിട്ടത് യുനെസ്കോ ആണ്. 1995 ൽ യുനെസ്കോയുടെ പൊതു സമ്മേളനത്തിലാണ് ഒരു സുപ്രധാന തീരുമാനമെടുത്തത്.
`പുസ്തക വായന പ്രോത്സാഹിപ്പിക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാർഗം പുസ്തക വിതരണമാണ്. പുസ്തകവിതരണം പ്രോത്സാഹിപ്പിക്കുവാൻ പുസ്തക ദിനങ്ങൾ ആചരിക്കണം´. ഈ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ ഏപ്രിൽ 23 ലോക പുസ്തക ദിനമായി ആചരിക്കുവാൻ യുനെസ്കോ ആഹ്വാനം ചെയ്യുകയായിരുന്നു.
ലോകത്തിന്‍റെ മൊത്തം കണ്ണുകളും മൊബൈൽ ഫോണുകളിലുടക്കി നിൽക്കുന്ന ഈ കാലഘട്ടത്തിൽ ഉടലെടുക്കുന്ന ആശങ്കയുണ്ട്. പുസ്തകങ്ങൾ ഇല്ലാത്തൊരു ലോകമുണ്ടാകുമോ? വായന മരിക്കുമോ?… എന്നിങ്ങനെയുളള വലിയ ആശങ്കകൾ. എന്നാൽ ലോകം മുഴുവനുമുള്ള കണക്കെടുത്താൽ പുസ്തകം വാങ്ങുന്നവരുടെ എണ്ണം കൂടുകയാണെന്നുള്ളതാണ് യാഥാർത്ഥ്യം. ഈ പുസ്തക ദിനത്തിൽ മാത്രമല്ല, ഏതുകാലത്തും സന്തോഷം പകരുന്ന ഒരു വസ്തുത തന്നെയാണത്.
മനുഷ്യൻ വിദൂരങ്ങളിൽ ഇരിക്കുന്ന സഹജീവികളെ അറിഞ്ഞതും പ്രബുദ്ധനായതും ലോകത്തെ മാറ്റിമറിച്ച പല വിപ്ലവങ്ങൾക്കും തീപ്പൊരി പടർത്തിയതും വായനയിലൂടെയാണെന്ന സത്യം മറക്കാത്ത ഏവർക്കും ലോക പുസ്തക ദിനാശംസകൾ.
PHOTO CREDIT : RFP
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
2 comments
English translation?
Malaysian? Myanmar?
വായന മരിക്കില്ല ഒരു നാളും … അക്ഷരങ്ങളെ നെഞ്ചോട് ചേർക്കുന്ന ഒരുപാടേറെ താരകങ്ങൾ വീണ്ടും വീണ്ടും ഉയിർത്തു വന്നുകൊണ്ടേയിരിയ്ക്കും