തേമി വീണു,
കാവും വീണു,
തേമി മാത്രേ കരഞ്ഞുള്ളൂ.
കാവു അല്ലേലും അങ്ങനെയാണത്രെ,
മിണ്ടാട്ടം കുറവാ,
വാശിയുമില്ല.
ഉപ്പനെ കണ്ടപ്പൊ തേമിക്കതിനെ വേണം,
കരഞ്ഞു കൂവിയപ്പോൾ ഉപ്പനെ പിടിക്കാൻ ഏട്ടൻ ചാടി,
പക്ഷേ ചെളിയിൽ വീണു പൂണ്ടു പോയി,
ഉപ്പൻ പറന്നും പോയി,
അന്നും കാവു കരഞ്ഞില്ല,
തേമി കരഞ്ഞു നിലം പൊത്തി.
അന്ന് കാവുനുള്ള കഞ്ഞിയും തേമി കുടിച്ചു,
കാവുനു കഞ്ഞി ഇഷ്ടല്ലത്രേ!
കാവു അന്നും കഞ്ഞി വെള്ളം മാത്രം മോന്തി.
വേലക്ക് തേമിക്ക് മാത്രം പുതിയ ഉടുപ്പ് കിട്ടി,
കിളിപ്പച്ച നിറമുള്ളത്.
കരഞ്ഞു കൂവി അവളതു തലേന്നാളെ വാങ്ങിയിരുന്നു.
കാവുനു പഴയത് മതി, അവൾക്ക് വാശിയില്ലല്ലോ.
തേമിക്ക് രണ്ടു പേന ഉണ്ടായിരുന്നു,
കാവുനു പകുതി മഷിയുള്ള കുടഞ്ഞെഴുതിയാൽ മാത്രം തെളിയുന്ന പേനയും,
അവൾക്കത് മതിയെന്ന് മുത്തിയും പറഞ്ഞു.
തേമിയെ അപ്പൻ എടുത്തോണ്ടു പോകും,
കാവുനു നടക്കുന്നതാണത്രേ ഇഷ്ടം.
പരീക്ഷക്ക് കാവു തോറ്റു, തേമി ജയിച്ചു.
അതെപ്പോഴും അങ്ങനെയാണത്രെ,
തേമി മിടുക്കിയാണ് വാശിക്കാരിയും.
കാവു പാവമാണത്രെ, വാശിയില്ല,
ചോദ്യമില്ല, കരച്ചിലുമില്ല.
മഴയുള്ളന്നു പുലർച്ചക്ക് കാവു എണീറ്റില്ല,
സൂക്കേടുകാരിയായിരുന്നെന്നു വൈദ്യൻ പറഞ്ഞപ്പൊ മാത്രം
വീട്ടാരും മാലോകരുമറിഞ്ഞു.
കാവു മിണ്ടാത്ത കുട്ടിയല്ലേ!!!
അന്നാണ് കാവുവിന്‍റെ തകര പെട്ടി അപ്പൻ തുറന്നത്.
“എനിക്ക് തേമിയായാൽ മതി”
വാശിയില്ലാത്ത കുട്ടിയുടെ കാലി പെട്ടിയിൽ
കുറേ സ്വപ്‌നങ്ങൾ അടക്കി വെച്ചിരുന്നുവെന്ന് അപ്പനന്നാണ് അറിഞ്ഞതത്രെ!!
PHOTO CREDIT : JR KORPA
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
2 comments
Nice
Thanks❤️❤️✨✨