അവളുടെ വീട്ടിലേക്ക് പുസ്തകം വിൽക്കാനായിട്ടാണ് അയാൾ വന്നത്. . അവൾക്ക് വലിയൊരു ലൈബ്രറി ഉണ്ടെന്നും പുസ്തകങ്ങൾ വാങ്ങി വായിക്കുന്നതാണ് പ്രധാന ഹോബിയെന്നും അയാളോട് ആരോ പറഞ്ഞിരുന്നു.
ആയടുത്ത് ആദ്യ പതിപ്പ് ഇറങ്ങിയ, ഏറെ പ്രസിദ്ധമായ ഒരു പുസ്തകം അവൾ ഇരിപ്പുമുറിയിലേക്ക് വന്നയുടനെ അയാൾ കാണിച്ചു…
അപ്പോൾ അവൾ ഒന്നും മിണ്ടാതെ അയാൾ ഇരിക്കുന്ന സോഫയും കടന്ന് പുറകിലേക്ക് പോയി, അതുവരെ അയാൾ ശ്രദ്ധിക്കാതിരുന്ന ഒരു പുസ്തക അലമാരക്ക് നേരെ നടന്നു.. ഒരു പുസ്തകമെടുത്തു..
മുറിയിലേക്ക് കടന്നു വരുന്ന പ്രകാശത്തെ ചെറുതായി അടച്ചുകൊണ്ട് ജനലിന് നേരെ അവൾ ആ പുസ്‌തകം പിടിച്ചു..
അയാൾ അവൾക്ക് കാണിച്ചു കൊടുത്ത അതേ പുസ്തകം.. അയാൾ ഞെട്ടി.. ഏറെ പഴക്കം ചെന്നത്..
കാൽ നൂറ്റാണ്ട് മുൻപിലെ ഏതോ വർഷത്തെ അവാർഡ് കിട്ടിയതായി അതിന്‍റെ കവറിൽ മങ്ങിയ സ്വർണ്ണ നിറമുള്ള അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നു..
അപ്പോഴാ മുറി ഇരുണ്ടതും ഉഷ്ണമേറിയതുമായി അയാൾക്ക് തോന്നി..
ആ മുറിയുടെ പഴമ അപ്പോഴാണ് അയാൾ ശ്രദ്ധിച്ചത്… അവളെയും. അവൾ തനിയെ സംസാരിക്കുകയായിരുന്നു പതിഞ്ഞ ശബ്ദത്തിൽ.
അവളുടെ കണ്ണുകൾ അയാളെ നോക്കുന്നില്ലെന്ന് അപ്പോൾ അയാൾ തിരിച്ചറിഞ്ഞു. അയാൾ അവിടെയുണ്ടെന്ന് ഗൗനിക്കാതെ അവൾ ആ പുസ്തകവും കൊണ്ട് തിരിച്ചു പോയി അലമാര തുറന്നു പുസ്തകങ്ങളെ അടുക്കി ഒതുക്കി വക്കാൻ തുടങ്ങി.
ഒന്ന് രണ്ടു തവണ അവളെ വിളിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു..
പക്ഷേ അയാളില്ലാത്ത ഒരു ലോകത്തിൽ എന്ന പോലെ അവൾ അയാളെ കണ്ടില്ല.. കേട്ടതുമില്ല..
അല്പ നേരം കൂടെ അവിടെ തന്നെ നിന്ന് അയാൾ ആ മുറിക്ക് പുറത്തിറങ്ങി. വീടിനു പുറത്തിറങ്ങി..വിശാലമായ പറമ്പിൽ കാടുപിടിച്ചത് പോലെ മരങ്ങൾ ആയിരുന്നു. താനിത് ഇപ്പോഴാണോ ശ്രദ്ധിച്ചത് എന്ന അമ്പരപ്പോടെ അയാൾ നടന്നു. ഇങ്ങോട്ട് വരുമ്പോൾ ഒരു സാധാരണ പുരയിടമായി തോന്നിച്ചത് ഗഹനത നിറഞ്ഞ ഒരു കോട്ട പോലെ അയാൾക്ക് പിന്നിൽ തലയെടുത്ത് നിന്നു. അയാളുടെ ഉള്ളിലേക്ക് ആരോ പിന്തുടരുന്നത് പോലെ ഒരു ഭയപ്പാട് ഇരച്ചുകയറി
വർദ്ധിക്കുന്ന നെഞ്ചിടിപ്പോടെ തോളിലെ ഭാരമേറിയ പുസ്തകക്കെട്ട് വക വെക്കാതെ അയാൾ ധൃതിയിൽ നടന്നു. മുറ്റവും മതിലും കടന്നു മുന്നോട്ട് പോയി തിരിഞ്ഞു നോക്കുമ്പോൾ മരക്കൂട്ടങ്ങൾക്കിടയിൽ ആ വീട് കാണാതായിരുന്നു.. അങ്ങനെ ഒന്ന് അവിടെയില്ലായിരുന്നു എന്ന് പോലും തോന്നിപ്പോയി..
ഒരു ദുസ്വപ്നത്തിൽ നിന്ന് പുറത്തു കടക്കാൻ എന്ന പോലെ അയാൾ നടന്നുകൊണ്ടിരുന്നു..
PHOTO CREDIT : PIERRE BAMIN
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂