ഭൂകമ്പങ്ങൾ രൂപപ്പെടുന്നത്
ഉള്ളുരുക്കങ്ങളിൽ നിന്നാണ്
അടിച്ചമർത്തപ്പെട്ട തേങ്ങലുകളിൽ നിന്ന്..
ഇരുൾപുതപ്പിട്ട് അവസരം പാത്തുകിടക്കുന്ന കനലുകളിൽ നിന്ന്..
ഒരു കുഞ്ഞു ചിന്തയുടെ
ലോലമൊരു ചിറകടിയൊച്ച മതി,
ആർദ്രമൊരു ഓർമ്മചീള് മതി
അതിരുകൾ തകർക്കുന്ന
പ്രകമ്പനമുണ്ടാവാൻ..
വേദനയുടെ മാപിനികൾ
ഭയം ജനിപ്പിച്ചുയരാൻ..
ഭൂകമ്പങ്ങളൊടുങ്ങുന്നത്
മനസ്സുകളിലാണ്
തകർച്ചകളുടെ കൂമ്പാരത്തിനു
മുന്നിൽ മരവിച്ചിരിക്കുന്ന സ്വപ്‌നങ്ങളിൽ
പിളർപ്പുകളുടെ ആഴങ്ങളിൽ
വെളിച്ചം തിരയുന്ന വിഭ്രമനിമിഷങ്ങളിൽ..
ഒടുക്കം നിറമുള്ള പകലുകൾ വീണ്ടുമുയിർ കൊള്ളും
ശാന്തമായ രാവുകളിലേക്ക് വീണ്ടും ചെന്നെത്തും..
കനലുകൾ ഒളിപ്പിച്ച് വീണ്ടും നാമുറങ്ങും
വിസ്‌മൃതിയിൽ അഭിരമിച്ച്
ഭൂകമ്പങ്ങളെ ഉള്ളിൽ വഹിച്ച്..
PHOTO CREDIT : JR KORPA
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂