‘മീശ’യിലൂടെ മലയാള സാഹിത്യ ലോകത്തേക്ക് ആരാധ്യമായ ധീരതയോടെ നടന്നുകയറി, ജെ സി ബി പുരസ്‌കാരം വരെ നേടിയ എസ്.ഹരീഷിന്‍റെ രണ്ടാമത്തെ നോവൽ ‘ആഗസ്റ്റ് 17’ ഉം പുതുമ കൊണ്ടും പരീക്ഷണം എന്ന നിലയിലും ശ്രദ്ധേയമാണ്.
ചരിത്രത്തിനൊപ്പം സഞ്ചരിച്ച് അതിൽ സാങ്കല്പിക കഥാപാത്രങ്ങളെ ഇഴ ചേർത്ത് സൃഷ്ടിച്ച ഒരുപാട് കഥകൾ നമ്മൾ വായിച്ചിട്ടുണ്ട്. മാർത്താണ്ഡ വർമ്മ മുതൽ പാപസ്നാനം വരെയുള്ള ഉദാഹരണങ്ങൾ നമുക്ക് അറിയാം. പക്ഷേ ചരിത്രത്തെ വളച്ചൊടിക്കുന്നതിനു പകരം, തിരുകികയറ്റലുകൾ നടത്തുന്നതിന് പകരം ചരിത്രത്തെ പാടെ നിരാകരിച്ച് ഒരു സമാന്തര ചരിത്രം തന്നെ, അഥവാ ചരിത്രനായകന്മാരെ കൊണ്ട് ഒരു സമാന്തര ലോകംതന്നെ സൃഷ്ടിക്കുകയാണ് ഹരീഷ് ചെയ്തത്.
ചരിത്രം എന്ന് പറയപ്പെടുന്ന കാലത്തെ സംഭവവികാസങ്ങളെ വിവരിക്കുന്ന നോവൽ ചരിത്രനിരാസം കൊണ്ട് മാത്രമല്ല പ്രസക്തമാവുന്നത്, അതൊരു രാഷ്ട്രീയ നോവലായി അനുഭവപ്പെടുമ്പോൾ കൂടിയാണ്.
‘ചരിത്രത്തെയും രാഷ്ട്രീയത്തെയും അപാര സ്വാതന്ത്ര്യത്തോടെ ഫിക്ഷനില്‍ കൊണ്ടുവരാന്‍ മടിക്കേണ്ടതില്ലെന്നാണ് എന്‍റെ പക്ഷം. ചുറ്റും കാണുന്ന ജീവിതസന്ദര്‍ഭങ്ങളെ തോന്നുംപടി മാറ്റിമറിച്ച് എഴുതും പോലെ ഇതുമാവാം. ഒരു രാഷ്ട്രീയ നോവലോ ചരിത്ര നോവലോ എഴുതുമ്പോള്‍ നമ്മള്‍ കണ്ട രാഷ്ട്രീയത്തോടോ ചരിത്രത്തോടോ നീതി പുലര്‍ത്തേണ്ട ഒരാവശ്യവുമില്ല. അവിടെ ഫിക്ഷനുള്ള അസംസ്‌കൃതവസ്തു മാത്രമാണ് അതൊക്കെ’ എന്ന് ഹരീഷ് ഈ കൃതിയുടെ മുഖവുരയിൽ പറയുന്നുണ്ട്. അതുവഴി എഴുത്തുകാരനെതിരെ ഉയരാനുള്ള ആരോപണ സാധ്യതകളെ എഴുത്തുകാരന്‍ മുളയിലേ തന്നെ നുള്ളിക്കളയുന്നു
തിരുവിതാംകൂറിന്‍റെ രാഷ്ട്രീയവും രാജഭക്തിയുമാണ് കഥയുടെ ഇതിവൃത്തം. ആഖ്യാതാവ്, സര്‍ സി.പി.യുടെ ചാരനായ ഒരു യുവാവാണ്. ഇന്ത്യ, സ്വതന്ത്രയാവുന്നുവെങ്കിലും തിരുവിതാംകൂര്‍ സര്‍ സി.പി.രാമസ്വാമി അയ്യരുടെ നേതൃത്വത്തിൽ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാന്‍ വിസമ്മതിക്കുന്നു. ഫലത്തിൽ ആഗസ്റ്റ് 17 ഇൽ ഇന്ത്യ മൂന്നായിട്ടാണ് വിഭജിക്കപ്പെടുന്നത് -ജനാധിപത്യരാജ്യമായ ഇന്ത്യ, ഇസ്ലാമികരാജ്യമായ പാക്കിസ്ഥാന്‍, ഹിന്ദുരാജ്യമായ തിരുവിതാംകൂര്‍ എന്നിങ്ങനെ. പാക്കിസ്ഥാനും തിരുവിതാംകൂറും അവര്‍ മുതലാളിത്തചേരിയിലാണ് നിലയുറപ്പിക്കുന്നത്. കൊച്ചിയിലേക്ക് കയറിയാല്‍ ഇന്ത്യ എന്ന ശത്രുരാജ്യമായി. രാജ്യാതിർത്തികളെ അപാരമായ നർമ്മത്തോടെയാണ് വിവരിക്കുന്നത്. തീവ്ര ദേശീയതയും ‘രാജ’ ഭക്തിയും ഉന്നതമൂല്യങ്ങളാക്കി ഉയർത്തിപിടിക്കുന്ന കഥയിലെ തിരുവിതാംകൂറിന്‍റെ രാഷ്ട്രീയ സമവാക്യങ്ങളെ ഇന്നത്തെ ഇന്ത്യയിലെ ദേശീയ രാഷ്ട്രീയ അവസ്ഥയോട് ചേർത്ത് വച്ചു മനസ്സിലാക്കാവുന്നതാണ്.
ഹരീഷിന്‍റെ കഥയിൽ വൈക്കം മുഹമ്മദ് ബഷീർ എഴുത്തുകാരനല്ല, എഴുത്തിന്‍റെ അസ്കിത ഉള്ള സ്വാതന്ത്ര്യസമരസേനാനിയാണ്.
ഇ.എം.എസിനെയും വി.എസ്. അച്യുതാനന്ദനെയും ഹരീഷ് ചരിത്രത്തില്‍ നിന്ന് നീക്കം ചെയ്യുന്നുണ്ട്.
ആഖ്യാതാവിന്‍റെ അരാഷ്ട്രീയതയും വലതുസമീപനങ്ങളും മെല്ലെമെല്ലെ കൈവിട്ടുപോകുന്നതായി നമുക്ക് കാണാൻ കഴിയും. താൻ ഒരിക്കൽ ആരുടെ മേലെ ചാര വൃത്തി നടത്തിയോ ആ ബഷീറിന്‍റെ തന്നെ ആശയങ്ങളോട് അയാൾ അവസാനം താദാത്മ്യപ്പെട്ടു പോകുന്നു.
രാഷ്ട്രീയ നോവൽ എന്ന നിലയിലും വാർപ്പ് മാതൃകകളെ പൊളിച്ചടുക്കുന്ന പരീക്ഷണം എന്ന നിലയിലും വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യേണ്ട നോവലാണ് ആഗസ്റ്റ് 17. അത് അർഹമായ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.
PHOTO CREDIT : SAIRA
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂