പുതിയ വകുപ്പിലേക്ക് മാറ്റം കിട്ടിയപ്പോൾ രഹസ്യം സൂക്ഷിപ്പായിരുന്നു ജോലി.
കമ്പനിയുടെ രഹസ്യങ്ങൾ ചോർന്നു പോകാതെ സൂക്ഷിപ്പ്.
ഒരറ കവിഞ്ഞുപോകും വിധം രഹസ്യങ്ങൾ,
അടുക്കും ചിട്ടയുമില്ലാത്ത ആയിരമായിരം രഹസ്യങ്ങൾ, റാക്കുകളിൽ തിക്കിതിരക്കി നിന്നു.
നില തെറ്റുന്ന ചിന്തകളോടെ
അവയ്ക്ക് മുൻപിൽ ഞാൻ പകച്ചുനിന്നു.
“ഒന്നും പുറത്തുപോകാതെ അടുക്കിവക്കണം”
രഹസ്യാത്മക ശബ്ദത്തിൽ പറഞ്ഞ് മേലധികാരി, ഒച്ചയുണ്ടാക്കാതെ പുറത്തുപോയി.
ഒരേ നിറമുള്ള കവറുകൾക്കുള്ളിൽ രഹസ്യങ്ങൾ കലമ്പൽ കൂട്ടി.
ഓരോ രഹസ്യത്തിനും ഓരോ അക്ഷരം കൊടുത്ത് അക്ഷരക്രമത്തിൽ അടുക്കാനായിരുന്നു നിർദേശം…
എന്നാൽ ഓരോന്നിനും ഓരോ നിറം കൊടുക്കാനാണ് ഞാൻ തുനിഞ്ഞത്..
ചതിയുടെ രഹസ്യത്തിന് കടും നീല നിറം,
ഇളംനീല മുതൽ കടുത്ത നീലനിറം വരെ പല തരം.
വെട്ടിപ്പിന് വയലറ്റ്..
പൂഴ്ത്തിവയ്പ്പിന് പിങ്ക് നിറം..
പുറത്തറിയാത്ത മരണങ്ങളുടേതിനു ചുവപ്പ്.
അങ്ങനെയങ്ങനെ..
ദിവസങ്ങൾ പോകുന്തോറും
വെളുത്ത ചുവരുകളിലെ വീർപ്പുമുട്ടലിൽ നിന്നുണർന്ന്
നിറം കൊണ്ട രഹസ്യങ്ങളെന്നോട് അർത്ഥഗർഭമായി പുഞ്ചിരിച്ചു.
എല്ലാം ചിട്ടപ്പടി നിരന്നപ്പോൾ ഒരു റാക്ക് മാത്രം ഒഴിഞ്ഞിരിക്കുന്നു.
കടുപ്പമേറിയ ആദ്യജോലി കഴിഞ്ഞ ആശ്വാസത്തോടെ പുറത്തിറങ്ങാനായി വാതിൽക്കലെത്തവേ,
ഒച്ചയേതുമില്ലാതെ പുറത്തുനിന്ന് വാതിലടഞ്ഞു..ഞാൻ നടുങ്ങി!
“രഹസ്യങ്ങൾ ഒന്നും തന്നെ പുറത്തു പോകരുത്..” എവിടെ നിന്നോ നിർവികാരത മുറ്റിയ അധികാര ശബ്ദം മുഴങ്ങി.
അടഞ്ഞ ഓഫീസ് മുറിയിലെ കണ്ണാടിയേക്കാൾ മിനുത്ത നിലത്ത്
അപ്പോഴാണ് എന്‍റെ പ്രതിരൂപം ഞാൻ നോക്കിക്കണ്ടത്.
അടിമുടി ഞാനും നിറങ്ങളിൽ കുതിർന്നിരുന്നു..
ആ മുറിയിലെ ഏറ്റവും വർണാഭമായ
രഹസ്യമായി, ഒഴിഞ്ഞ റാക്കിലേക്ക് ഞാൻ ചുരുണ്ടുകൂടി.
PHOTO CREDIT : MAKSIM CHERNISHEV
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂