പ്രദീപ് രംഗനാഥൻ എഴുതി സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച ലവ് ടുഡേ ഒടിടി റിലീസിനു എത്തിക്കഴിഞ്ഞു. അടിമുടി ഒരു മില്ലെനിയം കിഡ്സ് ചിത്രമാണ് ‘ലവ് ടുഡേ’ എന്ന് പറയാം. പല സീനുകളും മീമുകളുടെ കോമ്പിനേഷനാണ്. പക്ഷേ ഏത് തരം സിനിമാപ്രേമിയെയും പിടിച്ചിരുത്തുന്ന അസാമാന്യ ഹ്യൂമർ എലമെന്റ് സിനിമക്കുണ്ട്. രണ്ടു കാര്യങ്ങളാണ് സിനിമയിലെ പ്രതിപാദ്യ വിഷയം. ഒന്ന് ഈ ആധുനികലോകത്തിൽ നമുക്ക് ഏറ്റവും അടുത്തറിയാവുന്ന ഒരാളെ ‘ശരിക്കും’ നമുക്ക് എത്രത്തോളം അറിയാം?
രണ്ട്, അവരിൽ നമുക്കുള്ള വിശ്വാസത്തെ നാം എങ്ങനെയാണു നിർവചിക്കുന്നത്?
സിനിമ തുടങ്ങുന്നത് താൻ നട്ട മാവിൻതൈ വളരുന്നുണ്ടോ എന്ന് കൂടെ കൂടെ നോക്കുന്ന ഒരു ആൺകുട്ടിയുടെ സീനിലും, നിർമാണം മുതൽ കാണിച്ച് തന്‍റെ നായികക്ക് നായകൻ സമ്മാനിക്കുന്ന ഒരു മൊബൈൽ ഫോണിന്‍റെ സീനിലുമാണ്. ഇവ രണ്ടും മുൻപ് പറഞ്ഞ രണ്ടു വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സീനുകളാണ്.
സിനിമയുടെ പ്രധാനഭാഗങ്ങൾ മുഴുവൻ നിയന്ത്രിക്കുന്നത് മൊബൈൽ ഫോണുകൾ ആണ് എന്ന് പറയാം. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ഒന്നിച്ചു ജീവിക്കാൻ പ്ലാനിടുന്ന രണ്ടു പേരുടെ ഫോണുകൾ പരസ്പരം കൈമാറ്റം ചെയ്യപ്പെട്ടാൽ ഉള്ള അവസ്ഥ ആണ് തികച്ചും സാധാരണമായ ഒരു പ്രണയകഥ എന്ന തരത്തിൽ തുടങ്ങുന്ന സിനിമയെ ‘വേറെ ലെവലിൽ ‘ കൊണ്ടെത്തിക്കുന്നത്. ഒരാൾ ശരിക്കും എന്താണ് എന്നത് അയാളുടെ മൊബൈൽ ഫോണിന് മാത്രമേ അറിയൂ എന്നത് അടിവരയിടുന്ന സിനിമ ശരിക്കും നമ്മെ ടെൻഷന്‍റെ കുന്നിൻ നെറുകയിൽ എത്തിക്കുന്നുണ്ട്. അതേ സമയം പ്രിയപ്പെട്ടവരിൽ നമുക്കുള്ള വിശ്വാസത്തെ പുനർനിർവചിച് സിനിമയിലെ ‘ഓൾഡ് ജെൻ’ ആയ പേരെന്റ്സ് നായകനെയും നായികയേയും (കൂട്ടത്തിൽ നമ്മെയും) സാന്ത്വനിപ്പിക്കുന്നുമുണ്ട്. അതുപോലെ ബോഡിഷെയ്മിങ് എന്ന വിഷയം വളരെ വ്യത്യസ്തമായും ഹൃദയസ്പർശിയായും സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്.
എല്ലാം കൊണ്ടും, മികച്ച ഒരു മോഡേൺ ഇറ എന്റർടൈനെർ മാത്രമല്ല ലവ് ടുഡേ, അത് നമ്മളെ പല തിരിച്ചറിവുകളിലേക്കും ബോധപൂർവം തള്ളിവിടുന്നുമുണ്ട്.
പ്രധാന വേഷത്തിൽ ഉള്ള പ്രദീപ് രംഗനാഥനും ഇവാനയും മാത്രമല്ല, ഇവാനയുടെ അച്ഛന്റെ വേഷത്തിൽ വന്ന സത്യരാജ്, പ്രദീപിന്‍റെ സഹോദരീഭർത്താവിന്‍റെ റോൾ ചെയ്ത യോഗി ബാബു എന്നിവരും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. തന്‍റെ ആദ്യ സിനിമയായ ‘കോമാളി’ യെക്കാൾ മികച്ച സിനിമയെടുത്ത് പ്രദീപ് രംഗനാഥൻ തമിഴ് സിനിമാലോകത്ത് തന്‍റെ കാലുറപ്പിച്ചു എന്ന് സന്തോഷത്തോടെ പറയാം.
PHOTO CREDIT : AGS
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂