ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം വെള്ളിത്തിരയിൽ എത്തിച്ച വിനയന്‍റെ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് ആമസോൺ പ്രൈമിലൂടെ ഒ.ടി.ടി. റിലീസ് ചെയ്തിരിക്കയാണ്. വിനയൻ തന്നെ സംവിധാനവും തിരക്കഥയും ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് കുറവുകൾ നിലനിൽക്കേ തന്നെ
ശ്രദ്ധേയമായ ഒരു സിനിമ തന്നെയാണ്. ദുർബലമായ അതിന്‍റെ തിരക്കഥയോ ചരിത്രപരമായ കൃത്യത ഇല്ലായ്മയോ സിനിമയുടെ പ്രാധാന്യത്തെ കുറയ്ക്കുന്നില്ല.
കേരള നവോത്ഥാനത്തിൽ അമൂല്യമായ പങ്ക് വഹിക്കുകയും പിന്നീട് ചരിത്രകാരന്മാർ വിസ്മരിക്കുകയും ചെയ്ത ഒരാളാണ് ആറാട്ടുപുഴ വേലായുധപ്പണിക്കർ. അച്ചിപുടവ സമരം, മൂക്കുത്തി സമരം തുടങ്ങി ചരിത്രപരവും സ്ത്രീമുന്നേറ്റത്തിന് ഊന്നൽ കൊടുത്തതുമായ ഒട്ടേറെ സമരങ്ങൾക്ക് നേതൃത്വം കൊടുത്ത വേലായുധപ്പണിക്കർ മേലാള വർഗ്ഗത്തിന്‍റെ അടിച്ചമർത്തലുകളുടെ രക്ത സാക്ഷിയുമാണ്. കുടുംബപരമായി ലഭിച്ച സമ്പത്ത് കൊണ്ട് ‘പ്രിവിലേജ്ഡ് ‘ ആയ ഒരാൾ ആയിരുന്നിട്ടും താൻ ഉൾപ്പെടുന്ന അധഃസ്ഥിത വർഗത്തിന്‍റെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിച്ച ആ മഹദ് വ്യക്തിയുടെ ചരിത്രം പി.എസ്.സി വിദ്യാർത്ഥികൾ മാർക്ക് ലഭിക്കാൻ വേണ്ടി മാത്രമാണ് വായിച്ചറിഞ്ഞിരുന്നത്. ആ വിസ്‌മൃത ചരിത്രം പറഞ്ഞ സിനിമ എന്നതാണ് ‘പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ’ ആദ്യത്തെ പ്രത്യേകത. അതോടൊപ്പം തന്നെ മറ്റൊരു ചരിത്രനായികയും മേലാള വർഗ്ഗത്തിന്‍റെ അടിച്ചമർത്തൽ നയങ്ങളുടെ രക്ത സാക്ഷിയുമായ നങ്ങേലിയുടെ ജീവിതവും സിനിമ പറയുന്നുണ്ട്. അധഃകൃതരായവരുടെ ശരീരത്തിലെ അവയവങ്ങൾക്ക് മേലെ പോലും കരം ചുമത്തിയിരുന്ന കെട്ട കാലത്തിൽ, അധികാരി വർഗ്ഗത്തിന് നേരെ സ്വന്തം മാറിടം ചെത്തി എറിഞ്ഞ നങ്ങേലിയുടെ സമാനതകളില്ലാത്ത വിപ്ലവാത്മക ജീവത്യാഗത്തോടെയാണ് സിനിമ തീരുന്നതും.
ഭ്രാന്താലയം എന്ന് വിവേകാനന്ദൻ വിശേഷിപ്പിച്ച കേരളത്തിന്‍റെ അന്നത്തെ ശോചനീയമായ സാമൂഹിക അവസ്ഥ വളരെ വ്യക്തമായി സിനിമ ചിത്രീകരിക്കുന്നുണ്ട്. തൊട്ട്ക്കൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങി അസംഖ്യം അനാചാരങ്ങൾ നിലനിന്നിരുന്ന അന്നത്തെ കേരളത്തെ സിനിമയിലൂടെ കാണുമ്പോഴാണ് നവോത്ഥാനം കേരളത്തിനു നൽകിയ സംഭാവന എന്തെന്ന് നാം തിരിച്ചറിയുന്നത്. പുതിയ വെല്ലുവിളികളിലൂടെ മുന്നേറുന്ന നമ്മുടെ രാഷ്ട്രീയ പരിതസ്ഥിതിയിൽ കൃത്യമായ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് സിനിമ.
നായകന്‍റെ റോളിൽ സിജു വിൽസൺ സാമാന്യം നല്ല പ്രകടനം കാഴ്ച്ച വച്ചിട്ടുണ്ട്. സിനിമറ്റോഗ്രാഫിയും യുദ്ധരംഗങ്ങളുടെ ചിത്രീകരണവും പ്രശംസ അർഹിക്കുന്നു.
PHOTO CREDIT : SREE GOKULAM MOVIES
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂