വിപിൻ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ എന്ന സിനിമയിൽ ‘ഇങ്ങോട്ട് നോക്കണ്ട കണ്ണുകളെ’ എന്ന് തുടങ്ങുന്ന ഒരു ഗാനമുണ്ട്. നാടല്ലേ നാട്ടു നടപ്പിതല്ലേ വീടല്ലേ വീട്ട് വഴക്കമല്ലേ നൊന്താലും സ്നേഹത്തലോടലല്ലേ എന്നിങ്ങനെ വരികളുള്ള ഈ പാട്ടിൽ സിനിമയുടെ ആദ്യപകുതിയുടെ ചുരുക്കം അടങ്ങിയിരിക്കുന്നു. ഭാര്യയെ തല്ലാൻ ഭർത്താവിന് അധികാരമുണ്ട് എന്ന നാട്ടു നടപ്പ്. 21 അടിയാണ് ഭാര്യയായ ജയ (ദർശന രാജേന്ദ്രൻ) ഭർത്താവായ രാജേഷിൽ നിന്നും (ബേസിൽ ജോസഫ് ) നിശബ്ദയായി ഏറ്റുവാങ്ങുന്നത്. ജയയുടെ നിശബ്ദത അഥവാ നിസ്സഹായത വിവാഹത്തോടെ ആരംഭിച്ചതല്ല മറിച്ച് സ്വന്തം വീട്ടിൽ നിന്ന് എന്നേ തുടങ്ങിയതാണ്. സ്വന്തം ജീവിതത്തിലെ ഒരു തീരുമാനവും സ്വയം എടുക്കാൻ അനുവാദമില്ലാതിരുന്ന ജയ ചെറുത്ത് നിൽക്കാൻ തീരുമാനിക്കുന്നിടത്ത് സിനിമയുടെ സ്വഭാവം മാറുന്നു. ആ ചെറുത്ത് നിൽപ്പിന്‍റെ മാർഗത്തിൽ അതിശയോക്തി ഉണ്ട് എന്ന് പ്രഥമ ദൃഷ്ട്യാൽ തോന്നാമെങ്കിലും സ്ത്രീയുടെ ഒരു ചെറു വിരലനക്കത്തോളം പോന്ന ചെറുത്ത് നിൽപ്പിന് പോലും അതിഭീമമായ പ്രഭാവമുണ്ട് എന്നതാണ് സിനിമ പറയുന്നത്.
ഗാർഹിക പീഡനം, ആൺമേൽകോയ്മ എന്നീ ഗൗരവതരമായ വിഷയങ്ങളെ നർമത്തിന്‍റെ ആവരണത്തോടെയാണ് കൈകാര്യം ചെയ്യുന്നത് എന്നത് സിനിമയുടെ ഉദ്ദേശത്തെ ലഘു ആക്കുന്നില്ല എന്നത് എടുത്ത് പറയേണ്ട വസ്തുതയാണ്. സ്ത്രീയുടെ കൂട്ടില്ലാത്ത പുരുഷൻ എത്ര നിസ്സഹായൻ ആണെന്നും, നിവർന്നു നിൽക്കാൻ തീരുമാനിച്ചാൽ സ്ത്രീ എത്ര മാത്രം അജയ്യ ആകുമെന്നും സിനിമ പറഞ്ഞുവെക്കുന്നു.
ദർശന, ബേസിൽ ജോസഫ്, ബേസിലിന്‍റെ അമ്മയുടെ വേഷമിട്ട കനക, അനിയണ്ണനായി അഭിനയിച്ച അസീസ് നെടുമങ്ങാട് എന്നിവർ എല്ലാവരും തന്നെ സ്വാഭാവിക അഭിനയം കൊണ്ട് നമ്മെ അമ്പരപ്പിക്കുന്നുണ്ട് സിനിമയിൽ. തന്‍റെ അഭിനയ ജീവിതത്തിൽ ലഭിച്ച ആദ്യത്തെ നെഗറ്റീവ് റോളിൽ ബേസിൽ ജോസഫ് തിളങ്ങിയിട്ടുണ്ട്.
വിവാഹം എന്ന ചടങ്ങിന് വേണ്ടി മാത്രം പെണ്മക്കളെ വളർത്തി വലുതാക്കുന്ന അവരുടെ സ്വപ്‌നങ്ങൾക്ക് ഒരു തരി പൊന്നിന്‍റെ വിലപോലും കൊടുക്കാത്ത മാതാപിതാക്കൾക്കും ഒരു ഭാര്യക്ക് വേണ്ട ഗുണങ്ങൾ.. അനുസരണയും, കൈപ്പുണ്യവുമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്ന പുരുഷ പ്രജകൾക്കും ഉള്ള നല്ലൊരു പാഠപുസ്തകമാണ് ജയ ജയ ജയ ജയ ഹേ. കെട്ടുറപ്പുള്ള തിരക്കഥയും സംവിധാന മികവും സിനിമയെ ശ്രദ്ധേയമാക്കുന്നു.
വരുതിക്ക് നിൽക്കാത്ത ഭാര്യയെ കവിളത്ത് ആഞ്ഞടിച്ച് ഒതുക്കുന്ന നായകന് കയ്യടി കൊടുത്തിരുന്ന അവസ്ഥയിൽ നിന്ന് ഭർത്താവിന് ഒരു ദാക്ഷിണ്യം പോലെ ഡിവോഴ്സ് കൊടുക്കുന്ന ജയയുടെ കരുത്തിനു കയ്യടിക്കുന്ന ഉയർച്ചയിലേക്ക് മലയാളി പ്രേക്ഷകർ വളർന്നു എന്നതും സന്തോഷജനകമാണ്.
PHOTO CREDIT : JAYA JAYA JAYA JAYA HEY
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
1 comment
Nice Review