“വർഷങ്ങൾ എത്ര കഴിഞ്ഞു?”
നാട്ടിൽ വീടിനടുത്തുള്ള ബസ് സ്റ്റോപ്പിനടുത്ത് കാമുകന്മാരുടെ കാത്തിരിപ്പുകൾക്ക് തണലാകാറുള്ള ആൽമരം ചോദിച്ചു…
“നിന്നെയെന്നും അകലെനിന്നാണ് കണ്ടത്”
വൈകിയിരുട്ടുവോളം നിർത്താതെ കളിക്കുന്ന കുട്ടികളുടെ കാലടികളിൽ
എന്നും പുതുജീവൻ കൊള്ളുന്ന
വെളിമ്പറമ്പ് പരാതി പറഞ്ഞു..
“നീയെപ്പോഴാണ് വന്നത്..? അറിഞ്ഞില്ല..”
അയ്യപ്പൻ കാവിനടുത്തുള്ള കാട്ടുപൊന്ത മുരണ്ടു..
കിളികൾ കൂടുകളിലേക്ക് ധൃതി വച്ച് പറക്കുന്നുണ്ടായിരുന്നു…
വിജനമായ പാതയിൽ ഓർമ്മകൾ മാത്രം
തിക്കിത്തിരക്കി പാഞ്ഞു നടന്നു..
“വന്ന വഴിയേ തിരിച്ചുപോകൂ..”
വെള്ളാനിക്കുന്നുകളിൽ മരങ്ങളെ ചുറ്റിപ്പറ്റി നടന്ന ഇരുട്ട് മന്ത്രിച്ചു
“നീ ആരാണ്?”
ജനിച്ചു വളർന്ന വീട്ടിൽ പൂമുഖത്ത് നിന്ന്
അപരിചിതമുഖങ്ങൾ ചോദിച്ചു..
തളർന്ന കാലുകളെ വലിചിഴച്ചു തിരിച്ചുനടക്കുമ്പോൾ ഇരുട്ട് വന്നു കെട്ടിപ്പിടിച്ചു
“ഞാൻ അപ്പോഴേ പറഞ്ഞതല്ലേ..?”
PHOTO CREDIT : ANIL XAVIER
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂