രാത്രിയിൽ എപ്പഴോ മിന്നലിന്‍റെ ഒരിറ്റ് വെളിച്ചം കണ്ണിനെ ഉണർത്തി. മനസ്സ് അപ്പോഴും ഉറക്കത്തിലായിരുന്നു.
കൺപീലികൾ കാറ്റിൽ അനങ്ങിക്കൊണ്ടേയിരുന്നു. വലിയ മഴകളിൽ മാത്രം നനയുന്ന ഒരു കഴുക്കോലിൽ ഇടയ്ക്കിടെ ചെറിയ വെള്ള തുള്ളികൾ വന്നുകൊണ്ടേയിരുന്നു. ജനലിന്‍റെ ഒരു പാളി നേരെ അടച്ചിട്ടില്ല, ഇടയ്ക്കിടെ വെളിച്ചം വരുന്നു, കൊളുത്തിടാൻ മറന്നുപോയതാണ്. എങ്കിലും ഇപ്പോൾ വയ്യ, കൈയും കാലും ആകെ തളർന്നുറക്കത്തിലാണ്, വെളിച്ചം വന്നിട്ട് പോട്ടെ. മുകളിൽ മച്ചിലൂടെ ഒരു എലി വേഗത്തിലോടി പോയി, അടുക്കളയിൽ ചക്ക വരട്ടിഡപ്പി അലമാരയുടെ പുറത്താണ്, നേരത്തെ എടുത്തിട്ട് അകത്ത് വയ്ക്കാൻ മറന്ന് പോയി. അതിലൊരിത്തിരി എലി എടുത്താലും അത്രയും കളയേണ്ടി വരും, എത്ര നേരമെടുത്ത് ഉണ്ടാക്കിയതാണ്, പോട്ടെ വയ്യ ഈ കിടപ്പിന്ന് എണീക്കാൻ.
കറന്റ് പോയപ്പോൾ വരാന്തയിൽ ഒരു മെഴുകുതിരി കത്തിച്ചു വച്ചത് ഒന്നുകിൽ കാറ്റത്തു അണയും അല്ലെങ്കിൽ ഉരുകി ഒലിച്ച് ആ പുതിയ മേശവിരി മുഴുവൻ ഇല്ലാതാക്കും, ചിലപ്പോൾ ചെറിയ തീപടർപ്പ് ആയേക്കാം. ആകുന്നെങ്കിൽ ആകട്ടെ ഒരു നശിച്ച ലോട്ടറി കെട്ട് അതിനുപുറത്തു ഉള്ളതും കൂടെ കത്തി തീരട്ടെ.
മേശയോട് ചേർന്നാണ് പുറത്തെ വാതിൽ, അതെങ്ങാനും കത്തിയാൽ കുറ്റിയിട്ടത് വെറുതെയാവും, ഹാ, അവിടെ ആ മാങ്ങാ വീണു പൊട്ടിയ ഓട്ടയിലൂടെ ആകെ വെള്ളം വീണിട്ടുണ്ടാവും, തീ അണഞ്ഞുകൊള്ളും.
കതകിന്‍റെ കുറ്റി ഇട്ടതാണ്, എങ്കിലും തുറക്കാവുന്നതേയുള്ളു. കള്ളനകത്തു കയറാൻ ഒന്ന് ആഞ്ഞ് അടിച്ചാൽ മതിയാവും, കയറിവരട്ടെ. ടൈഗറിനെ മഴ കണ്ടപ്പോൾ അകത്തു കയറ്റിയതാണ്, അവനെ കാണുമ്പോൾ കള്ളൻ ഓടും, പട്ടി പുറത്തും ഇറങ്ങും. വേണമെങ്കിൽ കള്ളനാ പേഴ്‌സ് എടുക്കട്ടെ, ഏറിയാൽ രണ്ടായിരം ഉണ്ടാവും. അതിൽ കൂടുതൽ ഒന്നും ഇവിടില്ല.
ടൈഗർ ആ ചായിപ്പിലാവും ഉറങ്ങുക, അടുത്ത് ഒരു മാവ് നിൽക്കുന്നത് ഒരു ബലവും ഇല്ല, എപ്പോൾ വേണമെങ്കിലും കൂരയ്ക്കുമീതെ വീഴും, ഇപ്പോ ഇനി മുറിക്കാൻ ആവതില്ല, വീഴുന്നെങ്കിൽ വീഴട്ടെ. ടൈഗറും കൂടെ പോരും അല്ലെങ്കിൽ എണിറ്റോടും.
ആ മാവ് ഇനി ആർക്കും മുറിക്കാൻ പ്രയാസമുണ്ടാവില്ല. കൊമ്പ് വെട്ടി കൂനയാക്കിയാൽ മാത്രം മതിയല്ലോ.
കണ്ണ് പതിയേ അടഞ്ഞു വരുന്നു, ആകെ ഒരു മരവിപ്പും ജീവനില്ലായിമയും.
നേരം പുലർന്ന് വെളിച്ചം വീണപ്പോൾ കള്ളൻ കേളു പറഞ്ഞിട്ട് കുറേ പേർ ആ വീടിനു ചുറ്റും കൂടി. അവരിൽ ചിലർ പറയുന്നുണ്ടായിരുന്നു, തീ കണ്ട് അകത്തു കയറിയ കേളു കാണുമ്പോൾ അയാൾ പോയിരുന്നെന്ന്, അറ്റാക്കായിരുന്നു എന്ന്.
കൂരയ്യ്ക്ക് മീതെ പതിച്ച വലിയ മാവിന്‍റെ കൊമ്പുകൾ ഓരോന്നായി വെട്ടിമാറ്റി അയാൾക്ക് അവർ ചിതയൊരുക്കി,ആ ചിതയിൽ തുറന്ന കണ്ണുമായി അയാളും കുറച്ചകലെ ആ കുഴിമാടം നോക്കി നിശബ്ദനായി ആ കാഴ്ച കണ്ട് അയാളുടെ ടൈഗറും.
PHOTO CREDIT : JR KORPA
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
1 comment
മരണം അടുത്താകുമ്പോൾ അതുവരെ നമ്മൾ സുരക്ഷിതമാക്കി വച്ചതും കരുതലായി കൊണ്ട് നടന്നതുമൊന്നും യാതൊരു പ്രസക്തിയും ഇല്ലാതാകുന്നു എന്ന് കാഴ്ച എന്ന ഈ ചെറുകഥയിലൂടെ അതിമനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്..രസകരമായി വായിക്കാൻ കഴിയുന്ന രചനശൈലി 👌👍