ജിതിൻ ഐസക് തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ‘അറ്റെൻഷൻ പ്ലീസ്’ ബ്രില്യന്റ് എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന ചിത്രമാണ്. മേക്കിങ്ങിലെ ഓരോ ഘടകവും പ്രശംസ അർഹിക്കുന്നു. തമിഴിലെ പ്രമുഖ സംവിധായകനായ ‘കാർത്തിക് സുബ്ബരാജ്’ തന്‍റെ നിർമ്മാണ കമ്പനിയായ ‘സ്റ്റോൺ ബെഞ്ചേഴ്സി’ലൂടെ മലയാളസിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ‘അറ്റെൻഷൻ പ്ലീസ്’.
ഒരു വീടും അതിന്‍റെ ടെറസും മാത്രമാണ് കഥ നടക്കുന്ന സ്പേസ്. അതിൽ ഒന്നിച്ചു താമസിക്കുന്ന, സിനിമാമോഹവുമായി നഗരത്തിൽ എത്തിയ 5 സുഹൃത്തുക്കളും പിന്നീട് അവിടെ എത്തിച്ചേരുന്ന ഒരു പെൺകുട്ടിയും മാത്രമാണ് കഥാപാത്രങ്ങൾ. സിനിമക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചിരിക്കുന്ന ഹരി എന്ന കഥാപാത്രത്തിന്‍റെ ‘കഥപറയലി’ലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഹരി എഴുതുന്ന എന്തിനെയും പുച്ഛത്തോടെ മാത്രം കാണുന്ന രണ്ടു പേർ ആ ഗ്രൂപ്പിൽ ഉണ്ട്. ഹരി എഴുതുന്നത് ഒന്നാം തരമാണെന്ന് അഭിപ്രായം ഇല്ലെങ്കിൽ പോലും മറ്റു രണ്ടുപേർക്ക് ഹരിയോട് അല്പം മൃദു സമീപനമാണുള്ളത്. ചുരുക്കിപ്പറഞ്ഞാൽ ഉദ്ദേശം നന്മയാണെങ്കിലും ഡിസ്ട്രക്റ്റീവ് ക്രിട്ടിസിസം മാത്രം മാർഗമാക്കിയ ഒരു സംഘമാണ് ആ അപാർട്മെന്റ്ലെ അന്തേവാസികൾ.
വളരെ സ്വഭാവികവും സമാനപശ്ചാത്തലമുള്ള ഏതു വീട്ടിലും കാണാവുന്നതുമായ രംഗങ്ങളിലൂടെ മുന്നേറുന്ന കഥ ഞെട്ടിക്കുന്ന രീതിയിലാണ് ഡാർക്ക് മോഡിലേക്ക് മാറി നമ്മളെ ആകാംക്ഷയുടെ കൊടുമുടിയിൽ കൊണ്ടെത്തിക്കുന്നത്. പിന്നീടങ്ങോട്ട് സിനിമ പോകുന്നത് നമുക്ക് പ്രവചിക്കാൻ കഴിയാത്ത വഴികളിലൂടെയാണ്.
‘ഫ്രീഡം ഫൈറ്റ്’ ആന്തോളജിയിലെ തന്‍റെ മുൻ കഥയിലെന്ന പോലെ ഇതിലും ജിതിൻ പറയുന്നത് വ്യക്തമായ രാഷ്ട്രീയം തന്നെയാണ്. വിവിധ ചെറുസൂചനകളിലൂടെയാണ് സിനിമയുടെ ആദ്യ പകുതിയിൽ ‘ജാതി’ വരുന്നതെങ്കിൽ ഹരിയുടെ കഥാപാത്രം അടക്കിവാഴുന്ന രണ്ടാം പകുതിയിൽ കറുത്തവനും ദളിതനും ആയതിന്‍റെ പേരിൽ താൻ ജീവിതം മുഴുവൻ അനുഭവിച്ച അവഗണനയും പരിഹാസവും ഹരി തുറന്നു പറയുന്നുണ്ട്. ചെറുപ്പം മുതലിങ്ങോട്ട് അനുഭവിച്ച ഇരുട്ട് മൊത്തം ഹരി പറയുന്ന കഥകളിലും നമുക്ക് കാണാൻ സാധിക്കും.
ഹരിയായി എത്തുന്ന വിഷ്ണു ഗോവിന്ദിന്‍റെ പ്രകടനം എടുത്തു പറയേണ്ടത് തന്നെയാണ്. അദ്ദേഹത്തിന്‍റെ മാനറിസ്സങ്ങളും ഡയലോഗ് ഡെലിവെറിയുമെല്ലാം സ്ക്രീനിൽ തന്നെ പ്രേക്ഷകനെ തളച്ചിടുന്നു. അതോടൊപ്പം തന്നെ ജിക്കി പോൾ, ജോബിൻ പോൾ, ആതിര കല്ലിങ്കൽ, ശ്രീജിത്ത് ബാബു, ആനന്ദ് മന്മഥൻ എന്നീ മറ്റു നടന്മാരും പ്രശംസ അർഹിക്കുന്നു.
ഒരു ഔട്ട്‌ഡോർ സീൻ പോലുമില്ലാതെ നമ്മുടെ ശ്രദ്ധയെ പൂർണമായും പിടിച്ചു നിർത്തുന്ന സ്ക്രിപ്റ്റാണ് ഹീറോ എന്ന് പറയാം. അതിനൊത്ത ബാക്ക്ഗ്രൗണ്ട് സ്കോറും ശ്രദ്ധേയമാണ്.
PHOTO CREDIT : STONE BENCHERS
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
1 comment
Attention please, movie review 👌. I will watch. I watch many Malayalam movies. They’re very realistic. I watched the great Indian kitchen. How true the story is.