മെയിൻ റോഡിൽ നിന്ന് പോക്കറ്റ് റോഡിലേക്ക് കടക്കുമ്പോഴേക്കും നേരിയ ഇരുട്ട് പരക്കാൻ തുടങ്ങിയിരുന്നു. ടാക്സി വിളിച്ചാലോ എന്നയാൾ ചോദിച്ചെങ്കിലും അതിനുമാത്രം ദൂരമില്ലെന്ന് അവൾ പറഞ്ഞു. സ്ട്രീറ്റ് ലൈറ്റുകൾ തെളിഞ്ഞുതുടങ്ങിയ വഴിയിലൂടെ അയാളോട് ചേർന്ന് നടക്കുമ്പോൾ അവൾ പുഞ്ചിരിച്ചു. ഒരു വഴിയും മനസ്സിൽ നിൽക്കാത്തതാണ് തനിക്ക്. എവിടെ, എത്ര പ്രധാനപ്പെട്ട സ്ഥലത്ത് പോയാലും ഒരിക്കൽ കൂടി പോകണമെങ്കിൽ വീണ്ടും വഴി ചോദിക്കേണ്ട അവസ്ഥ. ഇത്തവണ വഴി മറക്കരുത് എന്നവൾ ഉറപ്പിച്ചിരുന്നു. അയാളെ അമ്പരപ്പിക്കണം. അന്ന് അയാൾക്ക് മുൻപേ രാവിലെ തന്നെ അവളാണ് ആ നഗരത്തിൽ എത്തിയത്. അവൾ തന്നെയാണ് ആ ഹോംസ്റ്റേയിൽ പോയി റിസേർവ് ചെയ്തതും.
“ഇനി ഒരു മൂന്ന് ജംഗ്ഷനുകൾ കൂടി കഴിഞ്ഞാൽ നമ്മുടെ ഹോം സ്റ്റേ!” എളിയിൽ കൈ കുത്തി തിരിഞ്ഞ് നിന്ന് അവൾ പ്രഖ്യാപിച്ചു.
അയാൾ ചിരിച്ചു.
“വഴികൾ നിൻ്റെ ഓർമയിൽ നിൽക്കാറില്ലല്ലോ?”
“ശരി തന്നെ, പക്ഷേ ഇന്ന് റൂം റിസർവ് ചെയ്യാൻ വന്നു തിരിച്ച് പോകുമ്പോൾ വഴി പഠിക്കാനായി നടന്നാണ് ഞാൻ തിരിച്ചു പോയത്, വഴിയിൽ കണ്ട ഓരോ അടയാളങ്ങളും കുറിച്ച് വച്ചു. ചെറിയ തോതിൽ സ്ഥലപുരാണം പോലും ഞാൻ അറിഞ്ഞുവച്ചു. ഇഷ്ടം പോലെ സമയമുണ്ടായിരുന്നല്ലോ.നഗരത്തിൻ്റെ ഭാഗമാണെങ്കിലും ഈ പ്രദേശത്ത് എല്ലാവർക്കും എല്ലാരേം അറിയാം. നാട്ടിൻപുറം പോലെ. കൂടുതലും കാലങ്ങളായി ഇവിടെത്തന്നെ ജീവിക്കുന്നവർ.”
അവളുടെ ശബ്ദത്തിലെ ഉത്സാഹം കണ്ട് ഒരു പുഞ്ചിരിയോടെ അയാൾ അവളെ ചേർത്തു പിടിച്ചുനടന്നു.
“പണ്ട് ബ്രിട്ടീഷുകാരുടെ ഫോറെസ്റ്റ് ആക്ടിനെതിരെ നാട്ടുകാർ ഒന്നിച്ചുനിന്ന് സമരം ചെയ്ത സ്ഥലമാണിത്. ഈ ഭാഗം മുഴുവൻ വനം ആയിരുന്നു. റിസേർവ് വനങ്ങളിൽ കയറി നേതാക്കൾ ഉപവാസമിരുന്നത്രെ..”
“ആങ്ഹാ.. ചരിത്രമുറങ്ങുന്ന മണ്ണ് ആണോ. കൊള്ളാം!”
ഒരു പഴയ കെട്ടിടത്തിനു നേരെ കൈ ചൂണ്ടി അവൾ പറഞ്ഞു.
“ഇതാണ് ആദ്യത്തെ അടയാളം. ഒരു പത്രം ഓഫീസ്. പണ്ടു മുതലേ ഉള്ള ഇവിടുത്തെ പ്രാദേശികപത്രമാണ്, ഇക്കാലത്തും നേര് പറയുന്ന വംശനാശം സംഭവിച്ച ഇനം. അത് കഴിഞ്ഞ് ഇടത്തേക്ക്.”
“ഹോ..രക്ഷപെട്ടു ..ഞാൻ ഓർത്തു മരക്കൊമ്പിലിരുന്ന ഏതേലും പക്ഷിയെ ആയിരിക്കും അടയാളം വച്ചതെന്ന്”.. അയാൾ ചിരിച്ചുകൊണ്ടു പറഞ്ഞു.
പലപ്പോഴും കുട്ടികളോടെന്ന പോലെ അയാൾ തന്നോട് പെരുമാറുന്നതിലുള്ള അസ്വസ്ഥത കൊണ്ട് അവളല്പം മാറി മുന്നിൽ നടന്നു.
അന്നുച്ചയ്ക്ക് അപ്രതീക്ഷിതമായി പെയ്ത വേനൽ മഴയുടെ കുളിരു തങ്ങി നിൽക്കുന്ന രാത്രിയായിരുന്നു അത്. തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു.
കടകൾ അടച്ചുതുടങ്ങിയിരിക്കുന്നു. പത്രമോഫീസും കടന്നു നടക്കുമ്പോൾ അയാൾ ചോദിച്ചു..
“ഹോം സ്റ്റേയുടെ പേരെന്ത്?”
“ലവ് ഡെയ്ൽ..”
“ആങ്ഹാ..പ്രണയത്തിൻ്റെ താഴ്‌വര?”
അതേയെന്ന് അവൾ തലയാട്ടി.
ഒരിക്കലും തീർന്നുപോകരുതെന്ന് ആഗ്രഹിക്കുന്ന ഈ രാത്രിയിൽ തങ്ങൾക്ക് അഭയം തരാൻ പോകുന്ന ഒരിടത്തിനു മറ്റെന്ത് പേരാണ് ചേരുക?
ചെറിയ ദൂരം നടക്കുമ്പോഴേക്കും ക്ഷീണിച്ചത് പോലെ അഭിനയിച്ച് അയാൾ നിന്നു. രണ്ട് കയ്യും അരയിൽ കുത്തിനിന്ന് കണ്ണിറുക്കി ചിരിച്ചു.
ദൈവമേ എന്ത് മനോഹരമായ ചിരി!
അയാളെ അങ്ങനെ നോക്കിനിൽക്കെ അവളുടെ കവിളുകളിലേക്ക് രക്തമിരച്ചു കയറി..
എന്ത് ഭ്രാന്താണിത്! അയാളിൽ നിന്ന് നോട്ടം മാറ്റി സ്വയം നിയന്ത്രിച്ചുകൊണ്ട് അവൾ പറഞ്ഞു..
“ഒരഞ്ചു മിനിറ്റ് കൂടിയേ ഉള്ളൂ..”
അയാളെ കാണുമ്പോൾ സ്വയം മറക്കുന്നത്, ലോകമാകെ അയാളിലേക്ക് ചുരുങ്ങിയത് പോലെ തോന്നുന്നത്, അയാൾ പോയിക്കഴിഞ്ഞുള്ള ഓരോ നിമിഷവും അയാളുടെ സാന്നിധ്യം ആഗ്രഹിക്കുന്നത്.. ഇതൊന്നും തന്നെ അയാളെ അറിയിക്കാതിരിക്കാൻ അവൾ എന്നും ശ്രദ്ധിച്ചിരുന്നു. ഒരു വർഷത്തിൻ്റെ ഇടവേളക്ക് ശേഷമുള്ള കണ്ടുമുട്ടലാണ്, രാത്രിയാണ്. വരാൻ പോകുന്ന ഈ രാത്രിയെപ്പറ്റി ആഴ്ചകൾ മുൻപേ താൻ ധ്യാനം തുടങ്ങിയിരുന്നു എന്ന് ഒരിക്കലും അയാൾ അറിയാൻ പാടില്ല. ഈ മഞ്ഞുമലയുടെ ആഗ്രം മാത്രം അയാൾ കണ്ടാൽ മതി.
അവർ നടന്നുകൊണ്ടേയിരുന്നു.
അടുത്ത ജംഗ്ഷനെത്തുന്നതിനു മുൻപ് നടത്തം നിർത്തി അയാൾ ചോദിച്ചു.
“ഇനിയത്തെ അടയാളം?”
ഓരോ ഇടങ്ങളിലും താൻ ചോദിച്ചില്ലെങ്കിൽ വഴി തെറ്റിപ്പോയെങ്കിലോ എന്നയാൾ ആശങ്കപ്പെടുന്നുണ്ടെന്ന് അവൾക്ക് തോന്നി.
അവൾ ഉറച്ചു പറഞ്ഞു.
“ഈ ജംഗ്ഷൻ കഴിഞ്ഞു വലത് ഭാഗത്ത്, മേൽക്കൂര മുഴുവൻ മഞ്ഞപ്പൂക്കൾ നിറഞ്ഞ വള്ളിചെടികൾ കൊണ്ട് മൂടിയ വീട് കാണാം. അവിടുന്ന് വീണ്ടും ഇടത്തോട്ട്.”
“ഗൂഗിൾ മാപ് തോറ്റുപോകുമല്ലോ ഇന്ന്.”
അയാളുടെ ശബ്ദത്തിൽ കുസൃതി.
“ആരും ശ്രദ്ധിച്ചുപോകും. അത്ര കളർഫുൾ. ഒരു സുന്ദരസ്വപ്നം പോലെയുള്ള വീട്.” അവൾ പറഞ്ഞു.
“എന്തൊരു ലാൻഡ്മാർക്ക്, എൻ്റെ കാല്പനികതയുടെ രാജകുമാരി, ഞാൻ നമിക്കുന്നു.” അയാൾ കളിയാക്കി.
“ഈ വീട്ടുകാർ മാത്രമേ ഇവിടെ വരത്തൻമാരുള്ളൂ. നാട്ടുകാർക്ക് ഇവരെപ്പറ്റിയുള്ളത് ഊഹാപോഹങ്ങൾ മാത്രം.”
അവർ ആ വീടിനു മുന്നിലെത്തുമ്പോൾ മതിലിൽ ഗേറ്റിന് ഇരുവശത്തുമായി പിടിപ്പിച്ചിരുന്ന ലൈറ്റുകൾക്ക് നേരിയ വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗേറ്റിൻ്റെ പരിസരമൊഴിച്ചാൽ പറമ്പും വീടും ഇരുളിലാണ്ടു കിടന്നു.
“സ്വപ്നം ഇരുട്ടിൽ മുങ്ങിയല്ലോ” അയാൾ പറഞ്ഞു.
രാവിലെ അതിനു മുന്നിലൂടെ നടന്നു പോകുമ്പോൾ എത്ര പ്രസന്നമായി കണ്ട വീടാണ്. പൂക്കൾ നിറഞ്ഞ്.
അത്രയും പെർഫെക്ട് ഗാർഡനിങ് അവൾ കണ്ടിട്ടേയില്ല.
എന്തിനും വിഷാദഛായ പകരാൻ ഇരുട്ടിന് എത്രയെളുപ്പമാണ്! അവളാലോചിച്ചു.
പെട്ടെന്ന് വീടിനുള്ളിൽ നിന്ന് ഒരു നവജാത ശിശുവിൻ്റെ കരച്ചിൽ പോലെയുള്ള എന്തോ ശബ്ദം കേട്ടു . അതിനെത്തുടർന്ന് ഏതോ മുറിയിലെ വെളിച്ചവും തെളിഞ്ഞു.
അപ്പോഴവൾ തലേന്ന് രാത്രി താൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൻ്റെ ലേബർ റൂമിൽ സിസേറിയൻ ചെയ്തെടുത്ത ചാപിള്ളയായ പെൺകുഞ്ഞിനെ ഓർമ്മിച്ചു. മരിച്ചെന്നറിഞ്ഞിട്ടും ആ കുഞ്ഞു ശരീരം കയ്യിലെടുത്ത് അതിൻ്റെ അമ്മ ആദ്യമേ കണ്ടുവച്ച പേര് വിളിച്ചുകൊണ്ടിരുന്നു. അതിൻ്റെ കുഞ്ഞികണ്ണുകൾ പാതി തുറന്നിരുന്നു.
ആ ഓർമ്മയിൽ നട്ടെല്ലിലൂടെ തണുപ്പിരച്ചു കയറിയത് പോലെ അവളൊന്ന് കിടുകിടുത്തു.
“എന്ത് പറ്റി?” അയാൾ ചോദിച്ചു.
പോക്കറ്റിൽ തിരുകിയിരുന്ന അയാളുടെ കൈ കവർന്നെടുത്ത് മുറുകെപ്പിടിച്ചു നടന്നുകൊണ്ട് അവൾ പറഞ്ഞു.
” ഒന്നുമില്ല..” ഈ മനോഹരമായ രാത്രിയിൽ ഓർമിക്കേണ്ടതും പറയേണ്ടതുമല്ല അത്.
വീണ്ടും ഒരു ചെറുകവലയിൽ അവർ എത്തി. അല്പം വീതി കുറഞ്ഞ രണ്ട് വഴികൾ. വിജനമായ കവല.
“നഗരങ്ങളിൽ രാത്രിയാവുമ്പോഴേക്കും തെരുവുകൾ ഇത്രയും നിശബ്ദമാകുമോ.?” അയാൾ ആശ്ചര്യപ്പെട്ടു.
അവളുടെ മനസ്സിലും അമ്പരപ്പ് തന്നെയായിരുന്നു.
രാവിലെ എത്ര സജീവമായി തോന്നിയ ഒരിടമായിരുന്നു അത്!
“വഴി തെറ്റിയിട്ടില്ലല്ലോ?” അയാളുടെ ആശങ്ക വീണ്ടുമുയർന്നു.
അവൾ അല്പം അസ്വസ്ഥതയോടെ വീണ്ടും അക്കമിട്ട് ഓർമ്മിച്ചുവച്ച അടയാളങ്ങൾ ആലോചിച്ചു. ഇല്ല. തെറ്റിയിട്ടില്ല. സ്ഥലം അതുതന്നെ. അതിലവൾക്ക് സംശയമേ ഇല്ലായിരുന്നു.
“ഇനി ആ പള്ളി കഴിഞ്ഞ് പണി തീരാത്ത ഒരു വീടുണ്ട്. അതിനോട് ചേർന്ന് ഒരു ഇറക്കം. അതവസാനിക്കുന്നത് ‘ലവ് ഡെയിലി’ൽ ആണ്.”
“അതും കറക്റ്റ്..” അയാൾ ചിരിച്ചു.
“പ്രണയത്തിൻ്റെ താഴ് വരയിലേക്ക് ഇറക്കം തന്നെയാണ് വേണ്ടത്. ഫോളിങ് ഇൻ ലവ് ആണല്ലോ. ആരും പ്രണയത്തിലേക്ക് കയറാത്തതെന്ത്? ”
പറ്റിയ മറുപടി പറയാൻ അവൾ മനസ്സിൽ വാക്കുകൾ തിരയുമ്പോഴേക്കും പള്ളി കഴിഞ്ഞ് ആ വീട് കണ്ടു. പഴയ മാതൃകയിൽ പണിയാൻ ശ്രമിക്കുന്ന വലിയ കോമ്പൗണ്ടുള്ള വീട്.
“ഈ വീടും ഒരു കഥയാണ്. ഇത് പണിയാൻ തുടങ്ങിയിട്ട് 10 വർഷത്തിൽ ഏറെയായത്രേ. വിദേശത്തുള്ള ഉടമസ്ഥൻ ഓരോ തവണ വരുമ്പോഴും പുതിയ ആശയങ്ങളും കൊണ്ടു വരും. പണിയും നീളും..” അവൾ പറഞ്ഞു.
ആ വീട് കടന്നു പോകുമ്പോൾ അയാൾ വീടിൻ്റെ നെയിം പ്ലേറ്റ് വായിച്ചു. ‘സ്മൃതി..’ “പണി തീരാത്ത വീടിനു പേരൊക്കെ ഇട്ടിരിക്കുന്നു. കൊള്ളാം!”
‘സ്മൃതി’ കഴിഞ്ഞ് ടാറിടാത്ത ഇറക്കം കണ്ട് അയാൾ നിന്നു.
“അങ്ങനെ നമ്മൾ അവസാനത്തെ അടയാളവും കണ്ട് ലക്ഷ്യത്തിലെത്താൻ പോകുന്നു.അമ്പോ! ഓപ്പറേഷൻ റൂട്ട് മാപ് സക്സസ്!”
അയാൾ ഉറക്കെ ചിരിച്ചു.
അവൾ ഒന്നും പറയാതെ അയാളെയും കടന്ന് മുന്നോട്ട് നടന്നു.
മൺവഴിയായിരുന്നു ഈ ഇറക്കമെന്ന് പകൽ സമയത്ത് ശ്രദ്ധിക്കാഞ്ഞിട്ടാണോ? ഇത്രയും വളഞ്ഞു പുളഞ്ഞുള്ള വഴിയായിരുന്നോ അത്?
എത്ര വിചിത്രമായിരിക്കുന്നു.
മെയിൻ റോഡ് കഴിഞ്ഞ് താൻ ഓർമ്മയിൽ വച്ച കെട്ടിടങ്ങളും തിരിവുകളും കവലകളും എല്ലാമുണ്ട്. പക്ഷേ എല്ലാറ്റിൻ്റെയും നിറം മങ്ങിയ വേർഷനുകൾ. പണ്ടേക്ക് പണ്ടേ ആളുകളൊഴിഞ്ഞു പോയത് പോലെ അവിടം നിർജീവമായി കാണപ്പെട്ടു.
അവൾക്ക് ഭയം തോന്നിത്തുടങ്ങിയിരുന്നു.
അയാൾ കൂടെയില്ലായിരുന്നുവെങ്കിൽ താൻ തിരിച്ച് വന്ന വഴിയേ ഓടിക്കളഞ്ഞേനെ എന്ന് പോലും അവൾ ചിന്തിച്ചു തുടങ്ങി.
വീണ്ടും ഒരു മഴയ്ക്ക് ഒരുക്കമുണ്ടോ?
കാറ്റിന് ശക്തിയും തണുപ്പും കൂടിയിരുന്നു. അവൾ വിറച്ചു. എങ്കിലും തൻ്റെ അസ്വസ്ഥത അയാൾ അറിയാതിരിക്കാൻ ചുമലുകൾ വിരിച്ചു പിടിച്ച് അവൾ തിരിഞ്ഞു നോക്കാതെ നടന്നു.
എന്തായാലും ഹോംസ്റ്റേയിൽ എത്തിയാൽ സകല ആശയക്കുഴപ്പവും തീരുമല്ലോ എന്നവൾ ആശ്വസിച്ചു.
ഇനിയൊരല്പദൂരം കൂടിയെ ഉള്ളൂ.
അപ്പോഴാണ് ആ ഭാഗത്ത് സ്ട്രീറ്റ് ലൈറ്റുകൾ കത്തുന്നില്ലായിരുന്നു എന്നത് അവൾ ശ്രദ്ധിച്ചത്. കാറ്റത്ത് കറന്റ് പോയതാവുമോ? ചാർജ് മിക്കവാറും തീരാറായ മൊബൈലിലെ ടോർച്ച് ഓൺ ചെയ്ത് അവൾ മുന്നോട്ട് നടന്നുകൊണ്ടിരുന്നു.
താൻ കണ്ടുപിടിച്ച സ്ഥലത്തെപ്പറ്റി അയാൾ പരിഹസിക്കാൻ പോകുന്നതോർത്ത് അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു.
അധികം പോകേണ്ടി വന്നില്ല, ഒരു നടുക്കത്തോടെ അവൾ നിന്നു. വഴി അവിടെ അവസാനിച്ചിരിക്കുന്നു! മുന്നിൽ ഇപ്പോൾ പടവുകളാണ്.
മുറ്റത്ത് മനോഹരമായ ഗാർഡനും സ്വിമ്മിംഗ് പൂളും ഒക്കെയുണ്ടായിരുന്ന, ആധുനികവും സുന്ദരവുമായ ലവ് ഡെയ്ൽ എന്ന വീടിൻ്റെ സ്ഥാനത്ത് ഒരു കായൽ കാറ്റിനോട് പിറുപിറുത്തുകൊണ്ടിരിക്കുന്നു .
വരണ്ട തൊണ്ടയോടെ വിറയ്ക്കുന്ന ദേഹത്തോടെ തിരിഞ്ഞു നോക്കുമ്പോൾ അവൾക്ക് പുറകിൽ ആ വഴിയിൽ അയാളില്ലായിരുന്നു. അവസാനത്തെ അടയാളവും കഴിഞ്ഞ് ഇങ്ങോട്ടിറങ്ങാൻ തുടങ്ങിയത് മുതൽ അയാളുടെ സംസാരം കേട്ടിരുന്നില്ല എന്ന തിരിച്ചറിവിൽ ഭയം കൊണ്ടും നിസ്സഹായത കൊണ്ടും അവൾ വിറങ്ങലിച്ചു നിന്നു. ഫോണിലെ വെട്ടം കെട്ടുപോയിരുന്നു.
അവസാനതുള്ളി വെളിച്ചത്തെയും കെടുത്തി, ഇരുട്ട് പ്രസവിച്ച ചേതനയറ്റ കുഞ്ഞിനെപ്പോലെ ആ വഴി അവൾക്ക് മുൻപിൽ കണ്ണടച്ചു കിടന്നു.
അവശേഷിച്ച ശക്തിയും ധൈര്യവുമെടുത്ത് അടഞ്ഞ തൊണ്ട കൊണ്ട് അവൾ അയാളെ പേര് ചൊല്ലി വിളിക്കാൻ ശ്രമിച്ചു.
ആ ഇടറിയ ശബ്ദം കായൽപടവുകൾ പരിഹാസത്തോടെ ഏറ്റുചൊല്ലി.
PHOTO CREDIT : RICCARDO MION
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂