നൂറ്റാണ്ടുകളുടെ സഹനത്തിൻ്റെ
ഇരുണ്ട ദിനരാത്രങ്ങളുടെ
തേങ്ങലുകളിൽ നിന്ന്,
കലാപങ്ങളുടെ മാറ്റൊലികളിൽ നിന്ന്,
രക്തസാക്ഷികളുടെ
ഹൃദയത്തുടിപ്പുകളിൽ പോലും നിറഞ്ഞ
സ്വാതന്ത്ര്യമോഹങ്ങളിൽ നിന്ന്,
മരണത്തിനു മുന്നിലും
പതറാതെ ഉയർത്തിപിടിച്ച മുഖങ്ങളിൽ
നിന്നുയർന്ന ആഹ്വാനങ്ങളിൽ നിന്ന്,
ഉയിരെടുത്ത്,
ആയിരമായിരം സംസ്കൃതികളെ
ചേർത്തുനിർത്തി
ഒരർദ്ധ രാത്രിയിൽ ഒരു നാട് പിറന്നു..
കണ്ണീരിലും വിയർപ്പിലും കുതിർന്ന
മുഖത്തോടെ..
പലായനങ്ങളുടെ, പിളർപ്പിൻ്റെ നിണമൊഴുകിയ ഉടലോടെ
ഒരു ജനത പുഞ്ചിരിച്ചു.
ഉണങ്ങാമുറിവുകളിലപ്പോഴും
പടർന്നിരുന്ന വേദനയോടെ
ഗംഗയെയും സിന്ധുവിനെയും
ഊട്ടിയ പാടങ്ങളെയും പങ്കുവച്ചു…
മലനിരകളെ പങ്കു വച്ചു..
ദൈവങ്ങളെ പങ്കു വച്ചു….
സഹസ്രാബ്ദങ്ങളുടെ സംസ്കാരത്തെ
പകുത്തെടുത്തു..
കെടുതിയുടെ ചേറു നിറഞ്ഞ പാടങ്ങളിലേക്ക് വീണ്ടുമിറങ്ങി
വെളിച്ചത്തിൻ്റെ ഹൃദയം തുളച്ച വെടിയൊച്ച കേട്ട് പകച്ചുനിന്നു..
ദുസ്വപ്നങ്ങളിലേക്ക് വീണ്ടുമുറങ്ങി..
ഗംഗയിലൂടെ വീണ്ടും പതിറ്റാണ്ടുകളൊഴുകി..
വിശന്ന കുഞ്ഞുങ്ങളുടെ കരച്ചിലില്ലാത്ത
പകലുകളെ സ്വപ്നം കണ്ടു..
ചോരപ്പാടുകളെ മായ്ക്കാൻ ശ്രമിച്ചു.
ചാരം മൂടിയ കനലുകളിൽ
തീ പടർത്തുന്ന കൊടുങ്കാറ്റുകൾ
പർവതങ്ങളിൽ തക്കം പാത്തിരിക്കുമ്പോഴും
ക്ഷമാശീലരായ ദൈവങ്ങളുടെ
മുഖത്തെ പുഞ്ചിരിമായ്ച്ചു
ക്രോധാഗ്നി വരയ്ക്കുന്ന കൈകളെ കണ്ടിട്ടും
ശമം ശീലിച്ച, ക്ഷമ വിടാത്ത
മരണമില്ലാത്ത ആത്മാവായി
ബഹുവർണ്ണം പടർന്ന ഒരൊറ്റ പുടവ ചുറ്റി,
പ്രതീക്ഷകളെ നെഞ്ചിലേറ്റി
രാജ്യമിപ്പോഴും ഉണർന്നിരിക്കുന്നു..
കനൽവഴികളിലൂടെ ഗംഗ ഒഴുകിക്കൊണ്ടിരിക്കുന്നു..
മോചനവും സമാധാനവും
സാഹോദര്യവും വീണ്ടും സ്വപ്നം കണ്ടുകൊണ്ട്
മൂവർണ്ണക്കൊടി ഒരിക്കൽക്കൂടി ചരിത്രത്തിലേക്ക് ഉയരുന്നു ..
വിധിയുമായി നമ്മൾ വീണ്ടും മുഖാമുഖം കാണുന്നു..
PHOTOCREDIT : STUDIO ART SMILE
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂