Affiliate Disclosure: Some of the links or advertisements below are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
എനിക്കും നിനക്കും പൊതുവായിരുന്ന ഒരേയൊരു ഭാഷയിൽ
പ്രണയത്തിൻ്റെ മധുവിധുക്കാലത്താണ്
നീ പറയുന്നത്..
പുതിയ ഭാഷകൾ പഠിക്കൂ.. നമ്മൾ ഇനിയും കേൾക്കാത്തവ
ഓരോന്നിലും പ്രണയത്തിൻ്റെ പരിഭാഷ കണ്ടെത്തി
അവയിലെല്ലാം എന്നെ പ്രണയിക്കൂ..
ഞാൻ ചിരിക്കുന്നു. പ്രണയത്തിനു എന്തിനാണ് ഭാഷ?
എങ്കിലും ഞാൻ പഠിക്കാൻ തുടങ്ങുന്നു..
ഉന്മാദത്തിൻ്റെ പരിഭാഷയാണ് ആദ്യം തേടിയത്..
കാറ്റിൽ പറന്നുവന്ന് കൈവെള്ളയിൽ പറ്റിപ്പിടിക്കുന്ന
അജ്ഞാതയാം പക്ഷിയുടെ ബഹുവർണ്ണതൂവലുകൾ പോലെ
വാക്കുകൾ പിറകെ വന്നെത്തി…
കനച്ചുകിടക്കുന്ന പ്രണയാക്ഷരങ്ങളിൽ തൊടുമ്പോൾ പനിച്ചു തളർന്നു.
താപം സഹിക്കാതെ വരുമ്പോൾ
ഉറവിടമറിയാത്ത വാക്കുകളുടെ നീർച്ചോലയിൽ
വെറുതെ നനഞ്ഞു നീന്തി.
കുളിരു വറ്റിയപ്പോൾ എപ്പോഴോ
വിളറിയ നിലാവിൻ്റെ, വരണ്ട കാറ്റിൻ്റെ
വറ്റിയ പുഴയുടെ, ഊഷരഭൂമിയുടെ
പൊഴിഞ്ഞ പൂക്കളുടെ
ശോഷിച്ച വനങ്ങളുടെ മൊഴികൾ,
എനിക്ക് ചുറ്റിലും എൻ്റെയുള്ളിലും.
വാക്കുകളുടെ ഇരമ്പത്തിൽ സ്വന്തം ശബ്ദം കണ്ടെത്താനാവാതെ
ഞാൻ ഉണർന്നു കിതയ്ക്കുന്നു.
പകലിൻ്റെയും ഇരവിൻ്റെയും ഭാഷകൾ രണ്ടല്ലയെന്ന്
കേൾക്കാൻ കാതുകൊടുക്കാത്തവൻ
ഇരുളിൻ്റെ കവിത, ഭയത്തിൻ്റെ അക്ഷരങ്ങളിൽ വായിക്കുകയാണെന്ന്
നിന്നോട് ഞാൻ പറയുമ്പോൾ
ഉറക്കത്തിൽ നിന്നുണർന്ന് പേടിയോടെ
എന്നെ നോക്കി അകന്നുമാറി നീ പറയുന്നു
“നീ പറയുന്നതൊന്നും, ഒന്നും തന്നെ
എനിക്കിപ്പോൾ മനസ്സിലാവാതെയായിരിക്കുന്നു…”