രാജാവ് കവിയായിരുന്നു,
ഭാവനാവിലാസം കൊണ്ട് സമ്പന്നനും.
രാജ്യത്തെ ഓരോ തൂണിനും തുരുമ്പിനും
കവിത തുളുമ്പുന്ന പേരിട്ടു രാജാവ് ആത്മനിർവൃതി കൊണ്ടു.
പ്രജകൾക്കിടയിലേക്ക് ജീവനില്ലാത്തതെങ്കിലും
കവിതാമയമായ വാക്കുകളെ
കൃത്രിമ ചിറകുവച്ച് പറത്തിവിട്ടു
എന്നിട്ടും ‘വാക്കാണ്, അറിവാണ് നിൻ്റെ അന്തകൻ’
എന്ന അശരീരിയിൽ ഞെട്ടി,
രാജാവ് ചിലപ്പോൾ പള്ളിയുണർന്നു.
പാതിരാവിലും തെരുവിൽ നിർബാധം
അലഞ്ഞു തിരിയുകയായിരുന്ന
വാക്കുകളെ രാജാവ് പള്ളിയറ ജാലകങ്ങളിലൂടെ
ഭയത്തോടെ നോക്കിനിന്നു.
എതിർശബ്ദങ്ങളില്ലാത്ത സുന്ദരരാജ്യം
കിനാവുകണ്ടു വീണ്ടുമുറങ്ങി.
ഉണരുമ്പോൾ രാജധാനിയിൽ
വാക്കുകൾ കയറിയിറങ്ങുകയായിരുന്നു
മുനയുള്ള വാക്കുകളെയെല്ലാം തലയരിഞ്ഞു വിടാൻ
പെട്ടെന്നൊരു ദിനം തിരുവുത്തരവായി.
ജനിക്കുന്ന വാക്കിൻ വിത്തുകളെ നുള്ളാൻ
പട്ടാളവും പോലീസും തെരുവിലിറങ്ങി.
താൻ നട്ട വാക്കുകൾ മാത്രം മുളയ്ക്കുന്ന
പാടങ്ങൾ രാജാവ് വിഭാവനം ചെയ്തു.
അവയ്ക്ക് അർത്ഥമില്ലാത്തതെങ്കിലും
സുന്ദരമായ നാമങ്ങൾ ചാർത്തി ആഘോഷിച്ചു.
മൃതിയില്ലാത്തത് പകർന്നുനല്കപ്പെട്ട
വാക്കുകൾക്ക് മാത്രമെന്നത്
രാജാവ് മറക്കാൻ ശ്രമിച്ചു.
അപ്പോഴും അരിഞ്ഞു വീഴ്ത്തപ്പെട്ട
വാക്കുകളിൽ കനലുറങ്ങിക്കിടന്നു.
നിശബ്ദമാക്കപ്പെട്ട ചുണ്ടുകളിൽ
അദൃശ്യമായി അവ നീറി നിന്നു.
രാജാവിനെ ഭയമില്ലാത്ത,
ചങ്ങലയഴിഞ്ഞ കാറ്റുകൾ
ഒരിക്കൽ കനലുകളെ ഉണർത്തുകയും
വാക്കിൻ കുഞ്ഞുങ്ങളിലേക്കു
പകരുകയും ചെയ്യും.
പാടത്തും പറമ്പിലും
പാതയോരങ്ങളിലും മരച്ചില്ലകളിലും
മുറികൂടിയ വാക്കുകൾ പുനർജനിക്കും
ഇരുട്ടിലാണ്ടു കിടക്കുന്ന തെരുവുകളെ
ചെറു തീനാമ്പുകൾ ദീപ്തമാക്കും..
ഒരേയൊരാത്മാവ് കുടികൊള്ളുന്ന
അനേകായിരം ദേഹങ്ങളായി, വാക്കുകൾ
വിരാടരൂപം പൂണ്ട ജ്വാലയായി
അജ്ഞതയുടെ കോട്ടകളിലേക്ക്
തമസ്സിൻ്റെ രാജധാനിയിലേക്ക്
പടർന്നു കയറും..
PHOTO CREDIT : RFP
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂