ഗ്രന്ഥശാലസംഘത്തിൻ്റെ സ്ഥാപകനായിരുന്ന പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19, 1996 മുതൽ കേരളത്തിൽ വായനാദിനമായി ആചരിച്ചു വരുന്നു.
1945 ഇൽ ഗ്രാമീണ വായനശാലകളെ കൂട്ടിയിണക്കി പി എൻ പണിക്കർ തിരുവിതാംകൂർ ഗ്രന്ഥശാലസംഘം രൂപീകരിച്ചു. ‘വായിച്ച് വളരുക’ എന്നതായിരുന്നു സംഘത്തിൻ്റെ മുദ്രാവാക്യം.
കേരളസംസ്ഥാനം രൂപീകൃതമായ 1956 ഇൽ സംഘം കേരള ഗ്രന്ഥശാല സംഘം എന്നറിയപ്പെടാൻ തുടങ്ങി. 1977 ഇൽ സംഘത്തെ സ്റ്റേറ്റ് ഏറ്റെടുക്കുകയും സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.
കേരളീയരുടെ സാമൂഹികവും ബൗദ്ധികവുമായ വളർച്ചയിൽ ഈ സ്ഥാപനത്തിൻ്റെ പങ്ക് അളക്കാൻ ആവുന്നതല്ല. കുറഞ്ഞ വിദ്യാഭ്യാസമുള്ളവർക്കും കേരളത്തിൽ ഉയർന്ന ചിന്തയും രാഷ്ട്രീയ അറിവും പ്രദാനം ചെയ്തത് വ്യാപകമായ വായന തന്നെയാണ് എന്നത് നിസംശ്ശയം പറയാവുന്നതാണ്.
വായന ചുരുങ്ങികൊണ്ടിരിക്കുന്ന, നവമാധ്യമങ്ങൾ യുവതയെ അവരുടെ ചിന്തയെ നയിക്കുന്ന ഈ കാലഘട്ടത്തിലും ലൈബ്രറി കൗൺസിൽ അവരുടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് തന്നെ പോകുന്നു. വായനയെയും അതിൻ്റെ സാഹചര്യങ്ങളേയും നവീകരിച്ചു കൊണ്ടും ഇരിക്കുന്നു.
വീണ്ടും വായനാദിനത്തിലേക്ക് വരാം. കാലം വല്ലാതെ മാറിയിരിക്കുന്നു. ചിന്താശേഷിയുള്ളവർ പുസ്തകപ്പുഴുക്കൾ ആയി അറിയപ്പെടുന്നതിൽ അഭിമാനം കൊണ്ടിരുന്ന കാലം അല്ലിത്. കുട്ടികൾക്ക് പുസ്തകത്താളുകൾ കൈകൊണ്ട് തൊടാതെ തന്നെ നമ്മെക്കാൾ ആഴത്തിലും പരപ്പിലും ഉള്ള അറിവുണ്ടാകുന്നു.
വിരൽത്തുമ്പിൽ കിട്ടുന്ന നവമാധ്യമങ്ങളുടെ കടന്നുകയറ്റം വൃദ്ധരെ പോലും വായനയിൽ നിന്ന് അകറ്റിയിരിക്കുന്നു. ഇതുകൊണ്ടൊന്നും ആഴത്തിലുള്ള വായനയുടെ പ്രാധാന്യം കുറയുന്നില്ല. കൺവെൻഷണൽ രീതിയിലേ വായിക്കൂ.. പുസ്തകത്താളുകൾ മറിച്ചാലേ ഫീലു വരൂ എന്ന ചിന്തയൊക്കെ കുടഞ്ഞെറിഞ്ഞു കളയുക..
വായിക്കുക..മാധ്യമം ഏതും ആവട്ടെ.. ഓൺലൈനോ ഓഫ്‌ലൈനോ… ഏതും..
നിങ്ങൾക്കൊപ്പം ജീവിച്ചിരിക്കെ തന്നെ ബഹുദൂരം മുന്നോട്ട് പോകുന്നവരുടെ ചിന്തകൾക്ക് ഒപ്പമെത്താൻ മറ്റൊരു മാർഗ്ഗമില്ല…
വായിക്കൂ വായിച്ചുകൊണ്ടേയിരിക്കൂ..
PHOTO CREDIT : AARON BURDEN
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂