അബ്സ്ട്രാക്ട് ചിത്രങ്ങൾ മാത്രം വരയ്ക്കാറുള്ള നഗരത്തിലെ പ്രധാന ചിത്രകാരൻ മെഹ്‌റൂഫ് ആരാധന ഒന്നുകൊണ്ടു മാത്രം വരച്ചുകൊണ്ടിരിക്കുന്ന ദ്രുപദയുടെ അപൂർണമായ പെയിന്റിംഗിലേക്ക്‌ അവളുടെ ഭർത്താവായ ഞാൻ ഇമ ചിമ്മാതെ നോക്കി നിന്നു.

ഇതിൻ്റെ വർക്കിൽ മെഹ്‌റൂഫ് മുഴുകിയിരിക്കുന്നത് രണ്ടു മാസത്തോളമായി ഞാൻ കാണുന്നുണ്ട്. കാണുന്നവരുടെ ക്ഷമ നശിക്കുന്ന ഈ ജോലിയിൽ കാഴ്ചക്കാരനായി നിൽക്കാൻ എനിക്ക് മെഹ്‌റൂഫ് മൗനാനുവാദം തന്നിട്ടുണ്ട്. അയാൾ ചായങ്ങൾ കൂട്ടുകയും കലർത്തുകയും ദ്രുപദയുടെ രൂപത്തിന് അയാൾക്ക് മനസ്സിന് തോന്നുന്ന തരത്തിലുള്ള വർണ്ണങ്ങൾ കൊടുക്കുകയും ചെയ്യുന്നു.

ഓയിൽ പെയിന്റിംഗ് ആണ് മെഹ്‌റൂഫ് തിരഞ്ഞെടുത്തത്.

“വാട്ടർ കളർ ചെയ്യാത്തതെന്ത്?”

വളരെ പരിമിതമായ എൻ്റെ അറിവിൽ നിന്ന് ഞാൻ ഒരു ചോദ്യം തൊടുത്തു വിട്ടു.

“വാട്ടർ കളർ ആയാൽ തിരുത്താനോ മായ്ക്കാനോ എളുപ്പമല്ല” മെഹ്‌റൂഫ് ഉത്തരം പറഞ്ഞു.

ശരി തന്നെ. ഞാൻ ചിന്തിച്ചു.

അല്ലെങ്കിലും ദ്രുപദയെ പകർത്തുന്നവന് ഒരായിരം തവണ സ്വയം തിരുത്തേണ്ടതായി വരും.

ചിലപ്പോൾ മെഹ്‌റൂഫ് ഉന്മാദം ബാധിച്ചവനെപ്പോലെ പെരുമാറും. തൊട്ടടുത്ത് പോയി പെയിന്റിങിലേക്ക്‌ തന്നെ തുറിച്ചു നോക്കി നിൽക്കുന്നത് കാണാം. ചിലപ്പോൾ അകലെ മാറി നിൽക്കും. അവിടെ നിന്ന് ഒരൊറ്റ ചാട്ടത്തിനു വീണ്ടും ചിത്രത്തിനടുത്തേക്ക് ചെന്ന് വരച്ചതും നിറം കൊടുത്തതുമെല്ലാം മായ്ച്ചു കളഞ്ഞു ഒരിക്കൽക്കൂടി തുടങ്ങുകയും ചെയ്യും.

കായൽക്കരയോട് ചേർന്നുള്ള ആ ഔട്ട്ഹൗസ് താത്കാലിക സ്റ്റുഡിയോ ആയി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. ദ്രുപദ സമയം അനുവദിക്കും പോലെ വന്ന് പോസ് ചെയ്തു. അവൾക്ക് മതിയാവുമ്പോൾ തിരിച്ച് പോയി. മെഹ്‌റൂഫ് ആഗ്രഹിക്കുന്ന പോസിൽ ചെയ്ത ഒരു വലിയ ഫോട്ടോ അവിടെ സ്ഥാപിച്ചിട്ടുണ്ട്.

ഞാൻ ഇന്നേവരെ സീരിയസ്സായ ചിത്രരചന നേരിട്ടു കണ്ടിട്ടില്ല.

ആദ്യം ഒരു ഔട്ട്‌ ലൈൻ മാത്രമാണ് മെഹ്‌റൂഫ് വരച്ചത്.

“‘റൂൾ ഓഫ് തേർഡ്സ്’ എന്നൊരു ഗൈഡ് ലൈൻ ഉണ്ട് പെയിന്റിങ് ആയാലും ഫോട്ടോഗ്രഫി ആയാലും”

ക്ഷമയോടെ ഉള്ള എൻ്റെ നിൽപ്പും നിരീക്ഷണവും കണ്ട് അയാൾ ഒരു ദിവസം വിശദീകരിച്ചു.

“നെടുകെയും കുത്തനെയുമുള്ള രണ്ട് സങ്കല്പിത വരകൾ കൊണ്ട് ചിത്രത്തെ നമുക്ക് ഒൻപത് കള്ളികളിലായി ഡിവൈഡ് ചെയ്യാം. കാഴ്ചക്കാരൻ്റെ ഫോക്കസ് എവിടെ വരണം എന്നതിൽ ആർട്ടിസ്റ്റിനെ അത്‌ സഹായിക്കും.”

രണ്ടാഴ്ച പിന്നിട്ടിട്ടും ഞാൻ കാണാൻ ഏറ്റവും ആഗ്രഹിച്ചത് വരയ്ക്കാതിരുന്നപ്പോൾ ഞാൻ ചോദിച്ചു.

“കണ്ണുകൾ എന്താണ് വരയ്ക്കാത്തത്?”

അയാൾ ഒരു വിഡ്ഢിയെ എന്ന പോലെ എന്നെ തുറിച്ചു നോക്കി. പിന്നെ ദയയോടെ പറഞ്ഞു.

“കാർത്തിക് സർ..കണ്ണുകളുടെ വര പൊതുവെ ഏറ്റവും അവസാനത്തെ പണിയാണ്.. അതിലാണ് പൂർണതയെത്തുന്നതും.”

ഒരു സ്വപ്നാടകൻ്റെ ഭാവത്തോടെ അയാൾ തുടർന്നു.

“ദ്രുപദയുടെ കണ്ണുകൾ അവയുടെ പൂർണതയിൽ വരയ്ക്കാൻ എൻ്റെ കൈയ്ക്ക് വഴങ്ങിത്തരട്ടെ.”

എൻ്റെ ഭാര്യയുടെ മിഴികളെ ഒരു ചിത്രകാരൻ കാല്പനികമായ തരളതയോടെ വിവരിക്കുന്നത് കേട്ട് ഞാൻ അഭിമാനം കൊണ്ട് നെഞ്ചു വികസിച്ചു നിൽക്കുകയോ അതുമല്ലെങ്കിൽ ഈർഷ്യ കൊണ്ട് ജ്വലിക്കുകയോ ചെയ്യുകയാണ് എന്ന് നിങ്ങൾ ചിന്തിച്ചെങ്കിൽ നിങ്ങൾക്ക് തെറ്റിയിരിക്കുന്നു.

ഒരു തരം ത്രസിപ്പിക്കുന്ന ത്രില്ലോടെ ഞാൻ ചിത്രം പൂർത്തിയാകാൻ കാത്തിരിക്കുകയാണ്.

ദ്രുപദയുടെ മിഴികൾ ചിത്രത്തിൽ നിന്ന് എന്നെ നോക്കുന്ന ദിവസമാണ് ഞാൻ അതിനു തിരഞ്ഞെടുത്തിരിക്കുന്നത്.

അന്ന് ഒരല്പം നാടകീയമായി തന്നെ പറയാൻ ഞാൻ ഒരു ഡയലോഗ് കരുതി വച്ചിട്ടുണ്ട്.

“നിൻ്റെ ഉപഗ്രഹം മാത്രമായിരുന്ന ഞാൻ ഇതാ നിൻ്റെ ഭ്രമണപഥം വിട്ടു പോവുന്നു”.

10 വർഷം നീണ്ട ദാമ്പത്യ പ്രഹസനം അവസാനിക്കുന്ന ആ നിമിഷത്തിനായി എൻ്റെ ഓരോ അണുവും വെമ്പൽ കൊള്ളുക തന്നെയാണ്. ഇതിനും മാത്രം എന്താണ് സംഭവിച്ചത് എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവും.

ദ്രുപദയുടെ ഉടലഴക് മാത്രം ഇപ്പോൾ വെളിവായിരിക്കുന്ന അപൂർണമായ ചിത്രം നോക്കി അപരിചിതരായ നിങ്ങൾ എന്നോട് കയർക്കുന്നത് എനിക്ക് സങ്കല്പിക്കാം.

“ഭ്രാന്തനാണ് നിങ്ങൾ. വിഡ്ഢിയും..”

എൻ്റെയുമവളുടെയും കുടുംബബിസിനസ്സ് നോക്കി നടത്തി അത്‌ എത്ര വളർച്ചയിൽ ദ്രുപദ എത്തിച്ചിരിക്കുന്നു എന്ന് കൂടി അറിഞ്ഞാൽ ആ നിമിഷം എന്നോട് ഒരു വാക്ക്‌ കൂടി പറഞ്ഞു സ്വന്തം സമയം പാഴാക്കാൻ നിൽക്കാതെ ഒരു കൃമിയെപ്പോലെ എന്നെ അവഗണിച്ചുകൊണ്ട് നിങ്ങൾ കടന്നു പോകും എന്നും എനിക്ക് അറിയാവുന്നതാണ്.

മറ്റുള്ളവർ എന്ത് വിചാരിക്കും എന്നത് ഈയടുത്ത കുറച്ച് കാലമായി എൻ്റെ ചിന്താപരിധിയിൽ വരുന്ന കാര്യമേ അല്ലാതായിരിക്കുന്നത് കൊണ്ട് നിങ്ങളെ തൃണവൽഗണിച്ചു കൊണ്ട് എൻ്റെ സ്വാതന്ത്ര്യത്തിലേക്ക് ഞാനും നടന്നു കയറും.

ഈ നിമിഷത്തിലും 10 വർഷങ്ങൾക്ക് മുൻപ് കടമ്പഴിപ്പുറത്തെ ദ്രുപദയുടെ വീട്ടിലേക്ക് അതീവ സാധാരണമായ ഒരു പെണ്ണുകാണൽ ചടങ്ങിൽ ഭാഗമാകുന്നതിൻ്റെ ചമ്മൽ പുറത്ത് കാട്ടാതെ അമ്മയ്ക്കും സഹോദരനുമൊപ്പം നടന്ന് കയറിയത് എനിക്ക് ഓർമ്മയുണ്ട്.

കഴിഞ്ഞ നൂറ്റാണ്ടിനെ ഓർമ്മിപ്പിക്കുന്ന വലിയ വീടായിരുന്നു ദ്രുപദയുടേത്. മാളിക എന്നൊക്കെ പറയുന്ന തരം. വംശത്തിൻ്റെ പഴയ വീരഗാഥകൾ മനസ്സിലിട്ട് താലോലിച്ച് ആശ്വസിക്കുന്ന ബന്ധുജനങ്ങൾ ആണും പെണ്ണുമായി ഒരു ഇരുപത് മുപ്പത് പേരെങ്കിലും.

ഞാൻ വിരണ്ടുപോയിരുന്നു. ഇത് പെണ്ണ് കാണലോ അതോ അഷ്ടമംഗല്യമോ? കയ്യോടെ പിടിച്ചു കെട്ടിക്കാൻ പോകുകയാണോ?

എല്ലാവരും പരസ്പരം സംസാരിക്കുന്നു. എന്നോടും സംസാരിക്കുന്നു. എന്തൊക്കെയോ ചോദിക്കുന്നു.

പാലക്കാട്‌ ടൗണിൽ പഴയ ആചാരാനുഷ്ടാനങ്ങൾ ഒന്നും നോക്കാതെ ജീവിക്കുന്നവരായിരുന്നു എൻ്റെ കുടുംബം. ബഹളമയമായ ആ അവസ്ഥ കണ്ട് അന്ധാളിച്ച് ഇത് എനിക്ക് പറ്റിയ ഒരു ഇടമോ ഏർപ്പാടോ അല്ല എന്ന് തിരിച്ചുപോകുമ്പോൾ അമ്മയോട് പറയാം എന്ന് വിചാരിച്ച് ഇരിക്കുമ്പോൾ എൻ്റെ മുൻപിലേക്ക് ചെറിയ കസവുള്ള ഒരു കരിനീല സാരിയുടുത്തു ദ്രുപദ പെട്ടെന്ന് കടന്നു വരുന്നു.

നിശബ്ദത!. അതോ പുറംലോകത്തെ ശബ്ദങ്ങൾക്ക് നേരെ എൻ്റെ ചെവികൾ കൊട്ടിയടഞ്ഞു പോയതോ?

അഭൗമസൗന്ദര്യമെന്നൊക്കെ പറയുന്നത് ഇതാകുമോ? ഒരു മിന്നൽപിണർ എന്നിലൂടെ കടന്നുപോയോ?

ഞാൻ തരിച്ചിരിക്കുന്നു. അവ്യക്തസുന്ദരമായ ഒരുപാട് വർണ്ണങ്ങളുടെ കൂടിച്ചേരൽ. അതായിരുന്നു (ഇപ്പോഴും അതാകുന്നു) ദ്രുപദ.

കറുത്ത ഇടതൂർന്ന കൺപീലികൾക്കു താഴെ തിളങ്ങുന്ന കണ്ണുകൾക്ക് കരിനീല നിറം.. നെറ്റിയിൽ വലിയ ചുവന്ന പൊട്ട്. തിളങ്ങുന്ന കവിളുകൾ. തുടുത്ത വിരൽത്തുമ്പുകൾ. സമൃദ്ധമായ മുടി കെട്ടിലൊതുങ്ങാതെ നെറ്റിയിൽ, കവിളുകളിൽ ചുമലുകളിലൂടെ ഒഴുകി ചെറുചുരുളുകളായി അങ്ങനെ കിടക്കുന്നു. ഒരു ചെറുചിരി ചുവന്ന ചുണ്ടുകളിൽ.

ഞെട്ടലിൽ നിന്നുണർന്നു തല തിരിച്ചു, ഞാൻ അമ്മയെ നോക്കുന്നു. അമ്മ ചിരിക്കുന്നു. മുൻപേ അമ്മക്കറിയാമായിരുന്നോ ഇങ്ങനെ ഒരു പ്രതിഭാസത്തിൻ്റെ അടുത്തേക്കാണ് എന്നെ കൊണ്ട് വന്നിരിക്കുന്നത് എന്ന്?

“കണ്ണുകളിലാണ് ചിത്രത്തിൻ്റെ ജീവൻ എന്ന് തന്നെ പറയാം. ദ്രുപദയുടെ സംബന്ധിച്ച് കണ്ണുകൾ ഭയങ്കര എക്സ്പ്രസ്സീവാണ്. നിറം പോലും മാറുന്നതായി തോന്നും. കോംപ്ലിക്കേറ്റഡാണ്..”

മണിക്കൂറുകൾക്ക് ശേഷം മെഹ്‌റൂഫ് ഇങ്ങനെ എന്തോ പറഞ്ഞതായി തോന്നി ഓർമ്മകളിൽനിന്ന് തെന്നി മാറിയ ഞാൻ ചിത്രത്തിലേക്ക് നോക്കി. നെറ്റിയിലെ മുടിച്ചുരുളുകളെ വരച്ചു മെഹ്‌റൂഫ് കണ്ണുകളുടെ സ്ഥാനത്തേക്ക് ബ്രഷ് കൊണ്ട് പോയി ശ്വാസം വിടാതെ എന്ന പോലെ നിൽക്കുകയാണ്.

ഞാനപ്പോൾ പുറത്തേക്ക് നടക്കാനിറങ്ങി. ദ്രുപദയുടെ മിഴിമുനകളുടെ ചലനത്തിൽ കുരുങ്ങിപ്പോയ എൻ്റെ വിചിത്രമായ ജീവിതത്തിൻ്റെ റീക്യാപ് വീണ്ടും മനസ്സിൽ നടന്നു.

ദ്രുപദയുമായി അവളുടെ വീടിൻ്റെ മുകളിലെ ബാൽക്കണിയിൽ പെണ്ണുകാണൽ ദിവസത്തിൽ രണ്ടാളും തനിച്ചായപ്പോൾ എന്താണ് ഞാൻ സംസാരിച്ചത്? കൃത്യമായ ഓർമ്മയില്ല.

ആരാണ് ദ്രുപദ എന്ന് പേരിട്ടത് എന്നോ മറ്റോ ആയിരിക്കണം. ഇതുവരെ കേൾക്കാത്ത പേര്.

ഒട്ടും സങ്കോചമില്ലാതെ ദ്രുപദ പറയുന്നു..

“അച്ഛൻ ഹിന്ദുസ്ഥാനി സംഗീതം പഠിച്ചിട്ടുണ്ട്. ആ ഭ്രമം കൊണ്ടാവണം, ഞാൻ ഊഹിക്കുന്നു”.

അച്ഛൻ്റെ ബിസിനസ്സ് നോക്കി നടത്തുന്നത് ദ്രുപദയും കൂടിയാണ് എന്ന് അമ്മ ഞങ്ങൾ തിരിച്ചു പോകുമ്പോൾ പറയുന്നു.

ഏറ്റവും അടുത്ത മംഗള മുഹൂർത്തത്തിൽ വിവാഹം നടക്കുന്നു. വിവാഹദിവസം ദ്രുപദയെ ആദ്യമായി കണ്ട കൂട്ടുകാരുടെയും എൻ്റെ ബന്ധുക്കളുടെയും മുഖത്തെ ഞെട്ടൽ കണ്ട് ഞാൻ അഭിമാനത്തോടെ നിൽക്കുന്നു.

ചടങ്ങുകൾക്കിടയിലെപ്പോഴോ ദ്രുപദ കണ്ണുകൾ ഉയർത്തി എന്നെ നോക്കുന്നു . കണ്ണുകൾ നിറം പകർന്നു മയിൽപീലിയെ ഓർമ്മിപ്പിക്കുന്നു. ഉടുത്ത വസ്ത്രത്തിൻ്റെ നിറമണിയുന്ന കണ്ണുകൾ.

പെട്ടെന്ന് അതുവരെയില്ലാത്ത ഒരു വികാരം എൻ്റെ മനസ്സിലേക്ക് ഇഴഞ്ഞെത്തി സ്ഥാനം പിടിക്കുന്നു. ഒരുതരം ഭയം!

എന്ത് മാത്രം സൗന്ദര്യം!

എനിക്ക് എന്തുണ്ട് എന്ന ചിന്ത എന്നെ ഉലയ്ക്കുന്നു, കണ്ടാൽ ആരും കുറ്റം പറയില്ല എന്ന് മാത്രം. ദ്രുപദയെ പോലുള്ള ഒരു പെൺകുട്ടി എന്നിൽ എന്താണ് കാണുക. ആശങ്കകൾ.. ഉത്കണ്ഠകൾ.

വിവാഹദിവസം രാത്രി അവളുടെ കൈ എൻ്റെ കൈയിലെടുത്ത് ജ്വലിക്കുന്ന ആ മുഖത്തേക്ക് നോക്കിയിരുന്ന് ഒരു പാട്രിയാർക്കൽ ചിന്ത മനസ്സിലിട്ട് താലോലിച്ചു ഞാൻ നെടുവീർപ്പിടുന്നു.

“സ്വന്തം സൗന്ദര്യത്തിലും കഴിവിലും ഇത്രയ്ക്കും ആത്മവിശ്വാസം ഇവൾക്കില്ലായിരുന്നെങ്കിൽ!”

ഹണിമൂൺ ലഹരിയിൽ ആദ്യത്തെ ഒരു മാസം യൂറോപ്പിലെ മനോഹരമായ സ്ഥലങ്ങൾ കണ്ട് ഉന്മത്തനായി നടക്കുന്നു. ഒരു ആശങ്കക്കുമിടം തരാത്ത തരത്തിൽ സന്തോഷം നിറച്ച് കൂടെ ദ്രുപദ. ഞാൻ കാണുന്ന ഓരോ സുന്ദരിയെയും ദ്രുപദയുടെ സൗന്ദര്യവുമായി തട്ടിച്ചു നോക്കി അവർ എത്ര നിസ്സാരർ എന്ന് രഹസ്യമായി അഭിമാനിക്കുന്നു. ദ്രുപദയെ പ്രീതിപ്പെടുത്താനും അതേ സമയം അവളുമായുള്ള ബന്ധത്തിൽ എനിക്ക് തികഞ്ഞ ആത്മവിശ്വാസം ആണെന്ന് കാണിക്കാനുമുള്ള നിരന്തരശ്രമം നടത്തുന്നു. എന്ത് കാണിച്ചു കൂട്ടിയാലും അവസാനം അവൾ പുഞ്ചിരിക്കുന്നതായിട്ടാണ് തോന്നുന്നത്. ആ പുഞ്ചിരിയിൽ പരിഹാസം ധ്വനിക്കുന്നുണ്ടോ എന്ന് പലപ്പോഴും സംശയം തോന്നുന്നെങ്കിലും, ഇല്ലെന്ന് കരുതി സമാധാനിക്കുന്നു.

തിരിച്ച് നാട്ടിലേക്ക് സാധാരണ ജീവിതത്തിലേക്കും കമ്പനികാര്യങ്ങളിലേക്കും വരുന്നു.

വളരെ സൗഹാർദ്ദപൂർവ്വമാണ് ദ്രുപദ അമ്മയോടും അനിയനോടും ഇടപെട്ടിരുന്നതെങ്കിലും, തറവാട്ടിൽ നിന്ന് കുറച്ച് അകലെയുള്ള പുതിയതായി പണി കഴിപ്പിച്ചവീട്ടിലേക്കു അമ്മ ബുദ്ധിപൂർവം താമസം മാറ്റിച്ചത് സത്യത്തിൽ എനിക്ക് അത് അനുഗ്രഹമാവുന്നു. എൻ്റെ ആത്മവിശ്വാസകുറവ് അവർ കാണണ്ടല്ലോ.

ഒരുമിച്ച് താമസം തുടങ്ങി അധികം താമസിയാതെ തന്നെ അതുവരെ കൊച്ചുകുട്ടിയെപ്പോലെ കളിച്ചു ചിരിച്ചു കൂടെ നിന്നവൾ എല്ലാറ്റിൻ്റെയും കടിഞ്ഞാൺ എളുപ്പത്തിൽ വലിച്ചെടുത്ത് കയ്യിൽ വയ്ക്കുന്നു.

ഞങ്ങൾ താമസിച്ചിരുന്ന വീടാണ് ആദ്യം മാറുന്നത്. ഏറ്റവും കൺടെമ്പററി ഡിസൈനിൽ ഞാൻ പണിയിച്ചെടുത്ത പുതിയ വീട്. എൻ്റെ കണ്മുന്നിൽ വച്ചു തന്നെ രണ്ടു മാസം കൊണ്ടു ആ വീടിനു അതിൻ്റെ പഴയ രൂപം നഷ്ടപ്പെടുന്നു. എല്ലാം, ഞാൻ ഇഷ്ടപ്പെട്ടു വാങ്ങിയതെല്ലാം അപ്രത്യക്ഷമായി വീടിന് ഓരോ ഇഞ്ചിലും ഒരു ‘ദ്രുപദ ടച്ച്‌’ കൈ വരുന്നു.

“ങ്ഹാ, വീട് അവളുടേത്‌ കൂടി ആണല്ലോ..”

അന്നത്തെ ഞാൻ സന്തോഷത്തോടെയാണ് സ്വയം പറയുന്നത്. എൻ്റെ ലോകം അവളുടേത് കൂടിയായി അവൾ കണക്കാക്കുന്നതിലുള്ള അഭിമാനം കൊണ്ട് ഞാൻ ഞെളിഞ്ഞു നടക്കുന്നു..

ദ്രുപദയാണെങ്കിൽ അങ്ങേയറ്റം സന്തോഷവതിയായി കാണപ്പെടുന്നു. പൂർണ തൃപ്തിയോടെ സ്വന്തം കളികളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു കുട്ടിയുടേതിനു സമാനമായ സന്തോഷം.. ഞാനാണ് ആ സന്തോഷത്തിന് കാരണക്കാരൻ എന്ന ചിന്ത എന്നെ അഭിമാനപുളകിതനാക്കുന്നു.

ഓരോ കാര്യങ്ങളും നടത്താൻ ഞാൻ തീരുമാനിച്ച തീയതികൾ പോലും അവൾ മാറ്റുന്നു.

“മൺഡേയെക്കാൾ നല്ലത് വെഡ്നെസ്‌ഡേ അല്ലേ കാർത്തി?

കുസൃതി നിറഞ്ഞ ഒരു ചിരി അകമ്പടിയായി വരുന്നു.

ഞാൻ അതേ എന്ന് തല കുലുക്കുന്നു.

ഇതെല്ലാം ഒരു തുടക്കം മാത്രമായിരുന്നു എന്ന് വരും നാളുകൾ മനസ്സിലാക്കിത്തരുന്നു.

വിവാഹത്തിന് ശേഷം അമ്മയുടെ തീരുമാനമനുസരിച്ച് കമ്പനി ഡയറക്ടർ ബോർഡിൽ ദ്രുപദയുണ്ടായിരുന്നു. കമ്പനികാര്യങ്ങൾ പഠിക്കാനായി ദിവസവും അവിടെ വന്ന ദ്രുപദക്ക് ചില ചുമതലകൾ കൊടുത്ത്, അച്ഛൻ്റെ മരണശേഷം ആദ്യമായി കിട്ടിയ ഒരല്പം റിലാക്സേഷൻ എന്ന ലക്ഷ്വറി ആസ്വദിക്കാം എന്ന് ഞാൻ കരുതുന്നു. പിന്നെ ഞാൻ അറിയുന്നത് കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ ചുമതലകളിൽ നടന്ന വൻ അഴിച്ചുപണിയാണ്. അവൾ പറയുന്നിടത്ത് ഒപ്പ് വയ്ക്കുക മാത്രമേ എനിക്ക് ചെയ്യാനുണ്ടായിരുന്നുള്ളൂ. അല്ലെങ്കിലും പിടിച്ചു കെട്ടുന്ന മാന്ത്രികതയുള്ള ദ്രുപദയുടെ കണ്ണുകളിൽ നോക്കി അവൾ പറയുന്നതിന് ‘നോ’ പറയുക അസാധ്യമായ ഒന്നായിരുന്നു.

‘മാനിപ്പുലേറ്റർ’ എന്ന വാക്ക്‌ എൻ്റെ നാവിൻതുമ്പിൽ വീഴാൻ മടിച്ചു നിൽക്കുന്നു.

എന്ത് മാനിപ്പുലേഷൻ നടന്നാലും ഏറ്റവും താഴെത്തട്ടിലെ ജോലിക്കാർ മുതൽ മുകളിലേക്ക് കമ്പനിയിലെ എല്ലാവരും ദ്രുപദയുടെ ആരാധകരായി മാറുന്ന അത്ഭുതകരമായ സ്ഥിതിവിശേഷം ഞാൻ കാണുന്നു.

എനിക്ക് എന്താണ് ഇഷ്ടപ്പെടുന്നത്, ഞാൻ എന്താണ് ആഗ്രഹിക്കുന്നത് എന്ന് മനസ്സിലാക്കാനുള്ള എന്തോ സിദ്ധി ദ്രുപദയ്ക്ക് ഉണ്ടെന്നു സംശയിക്കാൻ പാകത്തിന് കാര്യങ്ങൾ നടക്കുന്നു. കാരണം, എനിക്ക് ഇഷ്ടമാണെന്ന് പറയുകയോ വിചാരിക്കുകയോ പോലും ചെയ്യുന്ന എല്ലാം എൻ്റെ കണ്മുന്നിൽ നിന്ന് അപ്രത്യക്ഷമാവാൻ തുടങ്ങുന്നു. ഞാൻ പ്ലാൻ ചെയ്യുന്ന പദ്ധതികൾ എളുപ്പത്തിൽ പൊളിഞ്ഞു, ദ്രുപദ പ്ലാൻ ചെയ്യുന്നവയിലേക്ക് ചെന്ന് വീണ് അവളുടെ മേൽനോട്ടത്തിൽ വിജയകരമായി പൂർത്തിയാവുന്നു. ഒന്നും എതിര് പറയാനോ തടയാനോ കഴിയാതെ ഞാൻ നിസ്സഹായനായി നിൽക്കുന്നു. ആദ്യമെല്ലാം സ്വന്തം അസ്ഹിഷ്ണുത കണ്ട് സ്വയം ശാസിക്കാനാണ് ഞാൻ മുതിരുന്നത് .

ഞാൻ പാട്രിയാർകൽ ആവുന്നതിൻ്റെ ലക്ഷണമാണ്. മിക്കയിടങ്ങളിലും പെൺകുട്ടികളുടെ ജീവിതം ഇങ്ങനെ മാറിമറിയില്ലേ വിവാഹശേഷം.. അവർക്കൊന്നുമില്ലാത്ത ആവലാതി എനിക്ക് എന്തിന്?”

താമസിയാതെ, ഞാൻ ലെഫ്റ്റ് എന്ന് മനസ്സിൽ വിചാരിച്ചാൽ തന്നെ അവൾ ഒന്നും നോക്കാതെ റൈറ്റ് എടുക്കുന്ന അവസ്ഥ സംജാതമാകുന്നു. ഞാൻ എന്ന വ്യക്തിക്ക് ഒരു പ്രാധാന്യവും കുടുംബത്തിലോ കമ്പനിയിലോ ഇല്ലാതാകുന്നു. എന്നെ കാണേണ്ടിയിരുന്നവർ വിളിക്കാറുണ്ടായിരുന്നവർ ദ്രുപദയോട് മാത്രം സമ്പർക്കം പുലർത്തുന്നു.

“കാർത്തിയോട് അന്വേഷണം പറഞ്ഞിട്ടുണ്ട് ട്ടോ..”

അവർ വിളിച്ച കാര്യം പറഞ്ഞ് അവസാനം ദ്രുപദ ചിരിയോടെ പറയുന്നത് കേട്ട് ഞാൻ പലപ്പോഴും വിഡ്ഢിയെപ്പോലെ നിൽക്കുന്നു.

ദ്രുപദ എൻ്റെ മേൽ മൈൻഡ് ഗെയിം നടത്തുകയാണ്, ഞാൻ അവൾക്ക് സ്വന്തം ഇഷ്ടത്തിനു കളിയ്ക്കാൻ കിട്ടിയ വെറും ഒരു കളിപ്പാട്ടം മാത്രമാണ് എന്ന തോന്നൽ കടന്നു വരുന്നതോടെ കൂട്ടിലകപ്പെട്ട ഇരയുടെ ഭാവം കൈക്കൊണ്ട മനസ്സ് സദാ ആകുലഭരിതമാകുന്നു.

മൂന്നുനാല് വർഷങ്ങൾ കൊണ്ട് കമ്പനിയുടെ പരിപൂർണ്ണ നടത്തിപ്പ് അവൾക്കായി മാറുന്നു. അതിനിടയിൽ നാട്ടിലെ ചാരിറ്റി പ്രവർത്തനങ്ങളുടെ തുടക്കക്കാരിയായി നാട്ടുകാരുടെയും പ്രിയങ്കരിയാവുന്നു.

എല്ലായിടത്തും എൻ്റെ പ്രാധാന്യം, ഉത്തരം താങ്ങുന്നു എന്ന് ധരിക്കുന്ന പല്ലിയുടേതാണ് എന്ന് ബോധ്യം വരുമ്പോൾ ഞാൻ പലപ്പോഴും പൊട്ടിത്തെറിക്കുന്നു.

അതീവ ലാഘവത്തോടെ ആ ദേഷ്യത്തെ മാനേജ്‍ ചെയ്ത് ദ്രുപദ ചിരിയോടെ പറയുന്നു.

“കാർത്തിടെ ദേവത ഹനുമാൻ ആണ്.. എൻ്റെത് രാമനും.. കീഴ്‌പെട്ട് നിന്നോളൂ.. ഗുണമേ വരൂ..”

ഒരു പൊട്ടിച്ചിരി എറിഞ്ഞ് അവൾ പതിവ് പോലെ എന്നെ അവളിലേക്ക് ക്ഷണിക്കുന്നു. അവളോടുള്ള ദേഷ്യം പോലും നില നിർത്താനാകാതെ, അവളുടെ ആകർഷണത്തിന് പുറം തിരിഞ്ഞു നില്കാനാവാതെ ദാഹിച്ചു വലഞ്ഞ് വരുന്ന ഒരു നായയെപ്പോലെ കിതച്ചുകൊണ്ട് ഞാൻ അവളിലേക്ക് തന്നെ ചെല്ലുന്നു. അവിടെയെങ്കിലും വിജയിക്കുന്നു എന്ന സമാധാനത്തോടെ എല്ലാം കഴിഞ്ഞ് വല്ല വിധേനയും കിടന്നുറങ്ങുന്നു.

“എല്ലാം ഭംഗിയായി നടക്കുന്നെങ്കിൽ പിന്നെ നിനക്കിത്ര അസ്വസ്ഥത എന്തിന്? നിനക്ക് മുഴുത്ത അസൂയയാണ്.”

സ്വന്തം അമ്മയോട് ഒരിക്കൽ മനസ്സ് തുറന്നപ്പോൾ ഉണ്ടായ പ്രതികരണം!

“ഓളത്തിനൊത്ത് ഒഴുകിയാൽ പോരെ മാൻ? കമ്പനി മുന്നോട്ടല്ലേ പോകുന്നത്?കൂടുതൽ ആലോചിക്കാൻ നിൽക്കുന്നതെന്തിന്?”

ഏറ്റവും അടുത്ത സുഹൃത്തിൻ്റെ അഭിപ്രായം ഇങ്ങനെ.

അവർ രണ്ടും പറഞ്ഞത് ശരിയായിരുന്നു. എല്ലാം ഭംഗിയായി നടന്നിരുന്നു.

എന്നെയൊഴികെ മറ്റാരെയും ആ മാറ്റങ്ങൾ അലോസരപ്പെടുത്തിയിരുന്നില്ല എന്നത് എല്ലാവരിൽ നിന്നും ഒറ്റപ്പെടാൻ കാരണമാകുന്നു. അതിനിടയിൽ എല്ലാവരും എനിക്ക് എതിരാണ് എന്ന് ചിന്തിക്കുന്ന ‘പാരനോയിയ’ എന്ന അവസ്ഥയാണോ എന്ന ചിന്തയും കടന്നുപോകാതിരുന്നില്ല. അതോ എൻ്റെ മുടിഞ്ഞ ഇൻഫീരിയോരിറ്റിയാണോ എന്നെ കൊണ്ടു ഇതെല്ലാം തോന്നിപ്പിക്കുന്നത് എന്ന് സംശയിച്ചു ഒന്നര വർഷത്തോളം ഒരു സൈക്കോളജിസ്റ്റിനേയും കൺസൾട്ട് ചെയ്തുനടക്കുന്നു. ദ്രുപദയെയും കൊണ്ട് ചെല്ലാൻ ആണ് സൈക്കോളജിസ്റ്റ് ആവശ്യപ്പെട്ടത് മുഴുവൻ. അതിന് ഏറെ ശ്രമിച്ചെങ്കിലും അതവൾ പുച്ഛിച്ചു തള്ളികളയുന്നു.

“കാർത്തിക്ക് എന്താണ് പ്രശ്നം? ഞാൻ ഹാപ്പിയാണ്. കാർത്തി ഹാപ്പി അല്ലെങ്കിൽ കാർത്തിയാണ് സൈക്കോളജിസ്റ്റിനെ കാണാൻ പോകേണ്ടത്, ഞാനല്ല.”

അവൾ തീർത്തുപറയുന്നു .

അവൾക്ക് ഒന്നിലും പിണക്കമില്ലായിരുന്നു. ദേഷ്യവുമില്ല. തികഞ്ഞ ആസ്വാദനം. വിനോദം. എലിയെ പിടികൂടി കൊല്ലാതെ തട്ടിക്കളിക്കുന്ന പൂച്ചയുടെ ഏകാഗ്രത..

ഇങ്ങനെ പോകുന്ന ഫ്ലാഷ് ബാക്കിനെ സ്വയം തടഞ്ഞു നിർത്തി “ങ്ഹാ. ഇനിയൊന്നും വിഷയമല്ലല്ലോ.” എന്നൊരു സ്റ്റാറ്റസും മനസ്സിലിട്ട് ഞാൻ ചിത്രത്തിൻ്റെ പുരോഗതിയറിയാൻ സ്റ്റുഡിയോയിലേക്ക് നടന്നു.

അപ്പോൾ മെഹ്‌റൂഫ് കണ്ണുകളുടെ ഔട്ട്‌ ലൈൻ വരച്ചു തീർന്നിരുന്നു. എൻ്റെ കൗതുകം കണ്ട് മെഹ്‌റൂഫ് പുഞ്ചിരിച്ചു.

“എത്ര ഭാഗ്യവാൻ ആണ് ഈ മിഴികളുടെ താഴ്വരയിൽ ജീവിതം അടിയറ വച്ച നിങ്ങൾ?”..അയാളുടെ ശരീരം മൊത്തം ഇങ്ങനെ എന്നോട് പറയുന്നതായി എനിക്ക് തോന്നി.

‘ഭാഗ്യവാൻ’ ആയ ഞാൻ സ്വന്തം ഭാര്യയുടെ അന്തർഗതം കണ്ടുപിടിക്കാൻ ഫ്രോയ്ഡ് മുതലിങ്ങോട്ട് ഉള്ളവരുടെ സൈക്കോളജിക്കൽ ബുക്കുകൾ എല്ലാം വായിച്ചുതള്ളിയ ഫ്ലാഷ് ബാക്കിലേക്ക് നൊടിയിട കൊണ്ട് വീണ്ടും പാഞ്ഞെത്തുന്നു. ഒരു സൈക്കോളജിക്കൽ അപ്രോച്കൊണ്ടും എനിക്ക് പ്രയോജനം ഇല്ലെന്ന് ക്രമേണ മനസ്സിലായ ഭൂതകാലം. എല്ലാറ്റിലും അതീവ നൈപുണ്യമുള്ളവളും ജനപ്രിയയുമായ ഒരാളിൽ ഒളിഞ്ഞു കിടപ്പുള്ള സാഡിസ്റ്റിക് പ്രവണത പ്രയോഗത്തിൽ വരുത്താൻ അവൾ അബോധപൂർവം കണ്ടെത്തിയ ഒരുപകരണമാണ് ഞാൻ എന്ന കണ്ടെത്തലിലേക്ക്‌ സാവധാനം ചെന്നെത്തുന്നു. പലപ്പോഴും അവളുടെ വായിൽ നിന്ന് തേറ്റപ്പല്ലുകൾ ഇറങ്ങിവരുന്നത് സങ്കല്പിച്ച് ഞാൻ ഭയപ്പെടുന്നു .

എൻ്റെ അസ്തിത്വം അവളുടെ നിഴലായി നടക്കാൻ മാത്രം വിധിക്കപ്പെട്ട, സ്വന്തമായ ഒരു തീരുമാനവും നടപ്പിലാക്കാൻ കഴിയാത്ത ‘ഫ്രീ വിൽ’ ഇല്ലാത്ത ഒരുവൻ്റെത് ആകുന്നു. ഒരു പേര് മാത്രം സ്വന്തമായ അകക്കാമ്പില്ലാത്ത ഒരുവൻ.

സൗന്ദര്യമുള്ള എന്തിനെയും ഭയക്കുന്ന വെറുക്കുന്ന അവസ്ഥയിലേക്ക്‌ ഞാനെത്തുന്നത് അങ്ങനെയാണ്. സ്വന്തം ഈഗോയെ തൃപ്തിപ്പെടുത്താൻ ഞാൻ കഴിയുന്നത്ര വിരൂപമായ പെൺശരീരങ്ങളെ തേടിപ്പോകുന്നു. പലപ്പോഴും അവരെത്തന്നെ ഞെട്ടിച്ചുകൊണ്ട് ഒരു കൗമാരക്കാരൻ്റെ ആവേശത്തോടെ പ്രേമലീലകളിൽ ഏർപ്പെടുന്നു. വർഷങ്ങൾ കഴിഞ്ഞതോടെ അത്തരം ഇടത്താവളങ്ങൾ തരുന്ന രസങ്ങളിൽ താല്പര്യം കുറയുന്നു.

സമരസപ്പെടാനുള്ള എല്ലാ വഴികളും അടഞ്ഞു എന്ന് ബോധ്യമാകുന്നു. എങ്കിലും ‘ദ്രുപദാവല്ലഭൻ’ ആയ സന്തോഷവാൻ ആയി പുറംലോകത്തോട് മന്ദഹസിച്ചു കാലം കഴിച്ചു കൂട്ടുന്നു.

ഒരു കുട്ടിയുണ്ടെങ്കിൽ എനിക്കല്പം സമാധാനം ഉണ്ടാകും എന്നൊരു തോന്നൽ പണ്ടേ തന്നെ മുളയിൽ നുള്ളിക്കളയപ്പെട്ടിരുന്നു.

“കുട്ടികൾ ഇല്ലാതെയും നമ്മൾ ഹാപ്പിയല്ലേ? സ്വന്തം ചോരയെ ലാളിക്കാൻ അത്രയും കൊതി തോന്നുന്നെങ്കിൽ അനിയൻ്റെ കുഞ്ഞുങ്ങളില്ലേ” എന്നതാകുന്നു അന്നത്തെ മറുപടി. പക്ഷേ ആ മറുപടി ഇന്നോർക്കുമ്പോൾ ആശ്വാസമാണ്. എല്ലാം അവസാനിപ്പിക്കുമ്പോൾ അഴിക്കാൻ വേറൊരു കെട്ടുമില്ലാത്തത്തിൻ്റെ സമാധാനം.

മാസങ്ങൾക്ക് മുൻപ് ദ്രുപദ നടത്തിയ ഒരു ചാരിറ്റി പ്രവർത്തനത്തോടനുബന്ധിച്ചു നടന്ന കലാപരിപാടിയുടെ ഇടയ്ക്ക് പത്തു വർഷമാകാൻ പോകുന്ന തൻ്റെ വിജയകരമായ ദാമ്പത്യത്തെ പറ്റി അവൾ അഭിമാനം നിറഞ്ഞ ചിരിയോടെ, പ്രേമം നിറഞ്ഞ മിഴികൾ എൻ്റെ നേരെ നീട്ടി പറയുന്നു. ആ അഭിനയം കണ്ട് ഉള്ളിൽ പല്ലിറുമ്മി, ഒന്നും മിണ്ടാനാകാതെ തിരിച്ച് പ്രേമം അഭിനയിച്ചു ഞാനും നിൽക്കുന്നു.

“നിങ്ങളുടെ ഒരു പൂർണമായ ചിത്രം വരയ്ക്കാൻ എന്നെ അനുവദിക്കുക..”

കലാകാരന്മാരുടെ ഇടയിൽ നിന്ന് പ്രത്യക്ഷപ്പെട്ട മെഹ്‌റൂഫ് ആരാധനയോടെ ദ്രുപദയോട് പറയുന്നു. എൻ്റെയൊഴികെ അവിടെ കൂടി നിൽക്കുന്ന എല്ലാവരുടെയും ഹൃദയമലിഞ്ഞു പോകുന്നത്ര ചാരുതയുള്ള ഒരു പുഞ്ചിരിയോടെ അവൾ മെഹ്‌റൂഫിനോട് കെഞ്ചുന്നു.

“എൻ്റെ പിറന്നാളിന് മുൻപ് ചെയ്ത് തരുമോ?”

അവളുടെ കാൽക്കൽ വീണിഴയുന്ന മട്ടിലാണെങ്കിലും ഒരു ചിത്രകാരൻ്റെ തികഞ്ഞ അന്തസ്സോടെ അയാൾ പറയുന്നു.

“ഒരു പെയിന്റിംഗൻ്റെ പൂർത്തീകരണത്തിനു സമയപരിധി നിശ്ചയിക്കാൻ ഞാൻ ആളല്ല. അതിലെന്നു ഞാൻ പൂർണതൃപ്തൻ ആകുന്നുവോ അന്ന് ആ ചിത്രം പൂർത്തിയായെന്ന് ഞാൻ പറയും. പക്ഷേ ദ്രുപദ.. ആ ചിത്രം എൻ്റെ മാസ്റ്റർപീസ് ആയിരിക്കും എന്ന് എനിക്കുറപ്പുണ്ട്..

ആ രംഗം കൺകുളിരെ കണ്ടു നിർവൃതി അടഞ്ഞു നില്കുന്നവരുടെ ഇടയിൽ വിചിത്രമായ ഒരു ഉൾവിളിയിൽ പുളകിതനായി ഞാനും നിൽക്കുന്നു. ആ ചിത്രം തുടങ്ങുന്ന നിമിഷം മുതൽ ദ്രുപദയിൽ നിന്ന് ‘വിടുതൽ’ നേടാനുള്ള മനക്കരുത്ത് നേടാനുള്ള ശ്രമത്തിലായിരിക്കും ഞാൻ എന്ന് സ്വയം വാക്ക് കൊടുക്കുന്നു. ചിത്രം പൂർത്തിയാകുന്ന നിമിഷം, അവൾ അഭിമാനത്തിൻ്റെ വിഹായസ്സിൽ സ്വയം മറന്നു നിൽക്കുന്ന നിമിഷം, 10 വർഷത്തെ ആരുമറിയാത്ത എൻ്റെ അടിമജീവിതത്തിൻ്റെ ശവക്കല്ലറയിൽ ആണിയടിച്ച് ഉയർന്ന ശിരസ്സോടെ അവളുടെ സാമ്രാജ്യം ഉപേക്ഷിച്ചിറങ്ങിപ്പോകുന്നത് എൻ്റെ ശിരോലിഖിതത്തിൽ ചേർക്കാനായി ഞാൻ തയ്യാറെടുക്കുന്നു.

അവിടുന്ന് തുടങ്ങിയ മാസങ്ങൾ നീണ്ട വ്രതം പോലെയുള്ള ആ കാത്തിരിപ്പ് ഇനി ഏതാനും മണിക്കൂറുകൾ മാത്രം മതി എന്ന ചിന്തയിൽ ഞാൻ സ്വയം മറന്നിരിക്കുകയാണ്.

പുലർച്ചെ സ്റ്റുഡിയോയിൽ വെളിച്ചം കണ്ട് ഞാൻ ഉറക്കമുപേക്ഷിച്ച് താഴേക്ക് ഇറങ്ങിചെന്നു.

ഉറക്കമൊഴിഞ്ഞ് കലാകാരൻ ദ്രുപദയുടെ കണ്ണുകൾ പൂർത്തീകരിച്ചിരിക്കുന്നു! ചുറ്റുമുള്ള ടച്ച്‌ അപ്പ്‌ വർക്കിൽ ഏർപ്പെട്ടിരിക്കുകയാണ്. എന്നെക്കണ്ട് അയാൾ വെപ്രാളപ്പെട്ട് ചിരിച്ചു..

ഞാൻ അടുത്ത് ചെന്ന് നിന്ന് പെയിന്റിംഗിലേക്ക് ആ കണ്ണുകളിലേക്ക് വല്ലാത്തൊരു നെഞ്ചിടിപ്പോടെ നോക്കി നിന്നു. പൂർണ്ണമായ ചിത്രം വാക്കുകൾക്ക് അതീതമായി മനോഹരമായിരിക്കുന്നു. കായൽക്കരയിലെ വെള്ള നിറമുള്ള ഗാർഡൻ ബെഞ്ചിൽ മയിൽ‌പീലി നിറമുള്ള സാരിയുടുത്തിരിക്കുന്ന ദ്രുപദ. നീണ്ട മുടി പാതി പിന്നിയിട്ടത് ചുമലിലൂടെ മുന്നിലേക്ക് വീണുകിടക്കുന്നു. ദ്രുപദയുടെ കണ്ണുകളിൽ തന്നെ നോക്കിനിൽക്കുന്ന എനിക്ക് പക്ഷേ അപരിചിതത്വം തോന്നുന്നു. കാരണം കലർപ്പില്ലാത്ത പ്രണയത്തോടെയാണ് മെഹറൂഫ്‌ സൃഷ്ടിച്ച ദ്രുപദ എന്നെ നോക്കുന്നത്. വല്ലാത്ത ആർദ്രത നിറഞ്ഞുനിൽപ്പുള്ള നോട്ടം. ഞാൻ അസ്വസ്ഥനായി. ദ്രുപദയുടെ കണ്ണുകളിൽ ഞാൻ കാണാറുള്ളത് ഈ ഭാവമല്ല. പക്ഷേ ഇത് കലാകാരൻ്റെ മനസ്സിലെ ഭാവമാണ്. അയാൾ അവളിൽ കാണുന്ന ഭാവം. അതിൽ എനിക്ക് ഒന്നും പറയാനില്ല എന്നതാണ് വാസ്തവം.

“അങ്ങനെ പൂർണ്ണതയിലേക്ക് അടുക്കുന്നു..”

മെഹ്‌റൂഫ് സ്വയമെന്നോണം എന്നോട് പറഞ്ഞു.

അയാളുടെ ‘റൂൾ ഓഫ് തേർഡ്സ്’ലെ ഒൻപത് കള്ളികളിൽ അയാൾ ആഗ്രഹിക്കുന്നിടത്ത് ദ്രുപദ ഒതുങ്ങിയിരിക്കുന്നു. അതോർത്ത് ഞാൻ ചിരിച്ചു.

“അഭിനന്ദനങ്ങൾ..” ഞാൻ മെഹ്‌റൂഫിനോട് പറഞ്ഞു.

“ഇനിയുമുണ്ട് മിനുക്കുപണികൾ. എങ്കിലും ഇന്നത്തോടെ ചിത്രം പൂർത്തിയാകും.”

മെഹ്‌റൂഫിൻ്റെ ബ്രഷ് ദ്രുപദയുടെ കൺതടത്തിലേക്ക് നീങ്ങി.

ഡി-ഡേ അടുത്തിരിക്കുന്നു. ഞാൻ ആശ്വാസം കൊണ്ടും അതേ സമയം ഒരു തരം അനിശ്ചിതാവസ്‌ഥ കൊണ്ടും കിടുങ്ങി. വീട്ടിൽ എത്തുമ്പോൾ ദ്രുപദ നേരത്തേ തന്നെ വീട്ടിൽ നിന്നിറങ്ങി എന്നറിഞ്ഞു. ഇനി ദ്രുപദ ചിത്രം കാണുന്ന നിമിഷത്തിലേ ഞാനും സ്റ്റുഡിയോയിലേക്ക് പോകുന്നുള്ളൂ എന്ന തീരുമാനത്തിൽ കമ്പനിയിലും മറ്റു കാര്യങ്ങളിലും വ്യാപൃതനായത് പോലെ നടന്നു.

തിരിച്ച് വൈകിട്ട് വീട്ടിലെത്തുമ്പോൾ സ്റ്റുഡിയോയിൽ ദ്രുപദയുണ്ട്. ചിത്രം മൂടിയിട്ടിരിക്കുന്നു.

മെഹറൂഫിൻ്റെ മുഖം സംതൃപ്തി കൊണ്ട് തിളങ്ങുന്നു..

“വാർണിഷ് അടിക്കാൻ മാത്രം ബാക്കി. പ്ലാൻ ചെയ്തതല്ലെങ്കിലും എങ്ങനെയോ നിങ്ങളുടെ പിറന്നാൾ ദിവസത്തിൽ തന്നെ ഇത് പൂർത്തിയായിരിക്കുന്നു.”

മെഹ്‌റൂഫിനു മാസങ്ങളുടെ കഠിനാധ്വാനം വിജയകരമായി ഫലം കണ്ടതിൻ്റെ ആനന്ദം. അയാൾ എന്നെ ആശ്ലേഷിച്ചു. ഞാൻ തിരിച്ചും. ദ്രുപദയുടെ മുഖത്ത് പുതിയ ചൈതന്യം. ഞങ്ങൾക്ക് രണ്ടാൾക്കും ആ പെയിന്റിംഗ് തികഞ്ഞ സ്വകാര്യതയിൽ ആസ്വദിക്കാൻ എന്നോണം മെഹ്‌റൂഫ് സ്റ്റുഡിയോ വിട്ട് പുറത്ത്പോകുന്നു.

എൻ്റെ സ്വാതന്ത്ര്യം ഒരു വിളിപ്പാട് മാത്രം അകലെ! ഹൃദയം നെഞ്ചിൻകൂടിനുള്ളിൽ നിന്ന് പുറത്ത് ചാടാൻ നിൽക്കുന്നത് പോലെ മിടിച്ചു .

അഭിമാനത്തിലാറാടി നിൽക്കുന്ന ദ്രുപദയുടെ നെഞ്ചിൽ കത്തി കുത്തിയിറക്കുന്ന പോലെ പറയേണ്ട വാക്കുകൾ മനസ്സിൽ ഉരുവിട്ട് ഞാൻ ചിത്രത്തിൻ്റെ നേർക്കു നടക്കുമ്പോൾ ദ്രുപദയുടെ കൈകൾ എന്നെ തടഞ്ഞു.

അവളുടെ മുഖം തിളങ്ങുന്നു. കണ്ണുകൾ എൻ്റെ കണ്ണുകളിൽ കൊരുത്തു. ഞാൻ അസ്വസ്ഥനായി.

“പെയിന്റിംഗ് കാണുന്നതിന് മുൻപ് കാർത്തിയോട് ഒന്ന് പറയാനുണ്ട്..”

“എന്താണ്?”

ഏത് നല്ല നിമിഷത്തിനു മുൻപും ക്ഷമ പരീക്ഷിക്കുന്ന പലതും ഉണ്ടാകുമല്ലോ. സാരമില്ല. ഞാൻ ഒന്നും മിണ്ടാതെ കാത്തു നിന്നു.

“കാർത്തി..കാർത്തി നമ്മുടെ കുഞ്ഞിൻ്റെ അച്ഛനാകാൻ പോകുന്നു. ഞാൻ പ്രെഗ്നന്റ് ആണ്.”

ഒരില വീഴുന്ന ലാഘവത്തോടെ അവൾ പറഞ്ഞത് എൻ്റെയുള്ളിലേക്ക് കിനിഞ്ഞ് ഇറങ്ങുമ്പോൾ ഒന്നും മനസ്സിലാവാത്ത ഒരു വിഡ്ഢിയെപ്പോലെ തുറിച്ചു നോക്കി ഞാൻ നിന്നു. മെല്ലെ വാക്കുകളുടെ അർത്ഥം തിരിഞ്ഞു. എൻ്റെ മനസ്സിലേക്ക് ഇടിവാളിറങ്ങി.

അപ്പോൾ മൂടിയിട്ടിരിക്കുന്ന പെയിന്റിംഗിന് നേരെ നടന്നുകൊണ്ട് ഈ ലോകത്ത് എനിക്ക് മാത്രം മനസ്സിലാവുന്ന കൗശലത്തോടെ ദ്രുപദ പറഞ്ഞു.

“കഴിഞ്ഞ മാസം മുതൽ ഞാൻ പിൽസ് എടുക്കുന്നില്ലായിരുന്നു..”

എന്നിൽ നിന്ന് പുറപ്പെട്ടവയെക്കൊണ്ട് തന്നെ എനിക്കുള്ള നിതാന്തമായ ചങ്ങലക്കണ്ണികൾ അവൾ പണിതിരിക്കുന്നു. അവൾ വരച്ച ഒൻപത് കള്ളികളിൽ, അവൾ ആഗ്രഹിച്ച ഫോക്കൽ പോയിന്റുകളിൽ മാത്രം തെളിയാൻ വിധിക്കപ്പെട്ട ഒരു ചിത്രമായി എന്നേക്കുമായി ഞാൻ ഒതുങ്ങിയിരിക്കുന്നു എന്ന സത്യത്തെ മുഖാമുഖം കണ്ട് ഞാൻ തരിച്ചുനിന്നു.

അവളോട് തീയായി തുപ്പാൻ കരുതി വച്ച വാക്കുകളുടെ അക്ഷരങ്ങൾ എൻ്റെ നാവിൽ ജീവനറ്റു കിടക്കുമ്പോൾ പെയിന്റിങ് എനിക്ക് മുൻപിൽ അനാവൃതമായി.

അപ്പോൾ…

മെഹ്‌റൂഫിനു തെറ്റിയിട്ടില്ല എന്നെനിക്ക് ബോധ്യമായി.

ഏതോ നിമിഷത്തിലെ മിനുക്കുപണിയിൽ ദ്രുപദയുടെ കണ്ണുകളിൽ, മുൻപ് വിട്ടുപോയ ഒന്ന് അയാൾ കൂട്ടിച്ചേർത്തിരുന്നു. പ്രണയത്തിനും ആർദ്രതക്കും മീതെ തൻ്റെ അടിമയുടെ മേൽ എന്നേക്കുമായി അധീശത്വം സ്ഥാപിച്ച വിഭ്രമം ബാധിച്ച ഒരു മനസ്സിലെ വിജയാഘോഷം ആ കണ്ണുകളിൽ ജ്വലിച്ചു നിന്നു….


PHOTO CREDIT : ANNA KOLOSYUK

Bookmark (0)
ClosePlease loginn

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

Leave a Reply

You May Also Like
Read More

നാർക്കോട്ടിക് ജിഹാദ്

എൻ്റെ സിരകളിൽ ധമനികളിൽ പടർന്നുകിടപ്പുണ്ട് ആ ലഹരി.. ലഹരിയല്ലായിരുന്നത്.. അലയടിച്ചുയരുന്ന ഉന്മാദം ഓ,ഉന്മാദമല്ലത്.. കെട്ടഴിഞ്ഞ കൊടുങ്കാറ്റ്.. നിൻ്റെ വാക്ക്‌..നിൻ്റെ ചിരി..നീ.. എന്നെത്തിരയുമ്പോൾ നിന്നെ മാത്രം…
Read More

എന്തിനെന്നറിയാതെ പൊഴിയുന്ന കണ്ണുനീർ..

‘കയറാൻ പറ്റില്ല.. എമർജൻസി നിറയെ ആളുണ്ട്, സഹകരിക്കൂ..’ ഹിന്ദിയിൽ സെക്യൂരിറ്റി ആ സ്ത്രീയോട് പറഞ്ഞു കൊണ്ടേയിരുന്നു… “എനിക്ക് കാണണം..” എന്നു വാശി പിടിച്ചു കുട്ടികളെ…
Read More

ഞങ്ങളുടെ ദേശത്തിന്

ഞങ്ങളുടെ ദേശത്തിന്, അത് ദൈവവചനത്തിനോട് അടുത്ത് നിൽക്കുകയാണ്, മേഘങ്ങൾ അതിനു മച്ച്. ഞങ്ങളുടെ ദേശത്തിന്, നാമവിശേഷണങ്ങളിൽ നിന്നുമേറെ വിദൂരമായ ഒന്ന്‌, അഭാവത്തിന്‍റെ ഭൂപടമാണത്. ഞങ്ങളുടെ…
Read More

അയ്യങ്കാളിയുടെ പോരാട്ടം – ചരിത്രവും പശ്ചാത്തലവും : ഭാഗം 3

പൊതു ഇടങ്ങളിലെ പ്രവേശനത്തിനുള്ള സമരം 1912: കാർഷിക പണിയില്ലാത്തപ്പോൾ ഉണ്ടാക്കുന്ന പായ, കൊട്ട, വട്ടി, മുറം,  പശുവിന് കൊടുക്കാൻ ചെത്തിയെടുക്കുന്ന പുല്ല് തുടങ്ങിയവയുമായെത്തുന്ന പുലയർക്കോ…
Read More

ഖബർ

“ഇവിടെ ഒരു ഖബർ ഉണ്ടായിരുന്നു എന്നത് തെളിയിക്കാനുള്ള രേഖ വല്ലതും ഹാജരാക്കാനുണ്ടോ?” കോടതിയുടെ ചോദ്യം “ഇല്ല. പക്ഷേ രേഖ ഇല്ല എന്നത് കൊണ്ട് ഖബർ…
Read More

ജയ ജയ ജയ ജയ ഹേ

വിപിൻ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ എന്ന സിനിമയിൽ ‘ഇങ്ങോട്ട് നോക്കണ്ട കണ്ണുകളെ’ എന്ന് തുടങ്ങുന്ന ഒരു ഗാനമുണ്ട്.…
Read More

വാഗ്ദാനങ്ങൾ

പൊള്ളയായ വാഗ്ദാനങ്ങളിൽ പാഴായിപോയ കുറെ ജന്മങ്ങളുണ്ട്‌. വാക്കിലും നോക്കിലും ഇഷ്ടങ്ങളൊന്നുത്തന്നെ എന്ന് കരുതിപോയവർ. അവരത്രേ ശരിക്കും പ്രണയിച്ചിരുന്നവർ! ശുഭം നിങ്ങൾക്കും എഴുതാം..ഒരു പക്ഷേ ഇതൊരു…
Read More

കണ്ണാടിഗുഹ

ഒരിക്കൽ കയറിപ്പോയാൽ തിരിച്ചിറങ്ങാനാവാതെ ദിശയറിയാതെയലയാൻ മാത്രം കഴിയുന്ന കണ്ണാടിഗുഹ പോലെയാണ് എനിക്ക് നിൻ്റെ മനസ്സ്. എവിടെത്തിരിഞ്ഞാലും ഒരായിരം പ്രതിബിംബങ്ങളായി വിഭ്രമമുണർത്തി നിന്നിൽ ഞാൻ നിറഞ്ഞുനിൽക്കും…
Read More

മഴ

“കാറ്റിൻ്റെ അകമ്പടിയോടെ കാലം തൻ്റെ ഓർമ്മകളെ മണ്ണിലേക്കു കുടഞ്ഞിട്ടു. പളുങ്കു മണികൾ ചിതറും പോലെ ആ ഓർമ്മകൾ മണ്ണിൻ്റെ മാറിൽ ചിതറിത്തെറിച്ചു വീണു. കാലം…
Read More

ഗുൽമോഹർ

ചില്ലകൾ എന്നേ ഉണങ്ങിവീണിരുന്നിട്ടും ആ തണലേറ്റ് നിന്ന സന്ധ്യകൾ കിനാവുകൾക്ക് പോലുമന്യമായി തീർന്നിട്ടും ഇലകളും പൂക്കളും മറവിയുടെയലകളിൽ ഒഴുകിയകന്നിട്ടും വേരുകളിനിയും അടരാതെ നിൽക്കുന്നു നമ്മുടെ…
Read More

ഓർമ്മയിൽ ഒത്തിരി രുചിയുള്ള ഒരു വീട്

അത്താഴം കഴിഞ്ഞ് ആകാശവാണിക്ക് കാതോര്‍ത്ത് ഇരുന്നിരുന്ന വരാന്തയ്ക്ക് സിറ്റ് ഔട്ട് എന്ന പരിഷ്‌കാരി പേര് വീണു പോയന്നേ ഉള്ളൂ, താഴോട്ടു വീഴുന്ന നിലാവിൻ്റെ നിറത്തിന്…
Read More

നൂറ് സിംഹാസനങ്ങൾ

പെരുച്ചാഴികളെ പോലെയാണ്‌ ചില ജനസമൂഹങ്ങൾ. നമ്മുടെ കാൽകീഴിൽ  അവരുടെ ലോകമുണ്ട്. പൊതുസമൂഹത്തിൻ്റെ, സവർണ്ണതയുടെ കാൽകീഴിൽ അമരാൻ വിധിക്കപ്പെട്ട  അവർ അതി വിദൂരമല്ലാത്ത ഒരു ഭൂതകാലത്തിൽ…
Read More

കാഴ്ച്ച

രാത്രിയിൽ എപ്പഴോ മിന്നലിന്‍റെ ഒരിറ്റ് വെളിച്ചം കണ്ണിനെ ഉണർത്തി. മനസ്സ് അപ്പോഴും ഉറക്കത്തിലായിരുന്നു. കൺപീലികൾ കാറ്റിൽ അനങ്ങിക്കൊണ്ടേയിരുന്നു. വലിയ മഴകളിൽ മാത്രം നനയുന്ന ഒരു…