ഏകാന്തതയും ഞാനും സൊറ പറഞ്ഞിരുന്നൊരു വൈകുന്നേരത്ത് പൊടുന്നനെ മുഴങ്ങിയ
കോളിങ് ബെല്ലിൽ നടുങ്ങിയ ഞാനും
പഴയൊരു ബാഗും തോളിലിട്ട്
അപരിചിതനായ നീയും
വീടിൻ്റെ തുറന്ന മുൻവാതിലിരുപുറവുമായി
മുഖാമുഖം നിൽക്കുന്നു.
മാസ്കിനു മുകളിൽ നിൻ്റെ തവിട്ടുനിറമുള്ള കണ്ണുകളിൽ, ചെമ്പിച്ച മുടിയിൽ
എൻ്റെ നോട്ടം പതറി നടക്കുന്നു..
വായിച്ചു നടുങ്ങിയ കവർച്ചകളുടെ, കൊലകളുടെ വാർത്തകൾ കണ്മുന്നിൽ മിന്നി മറയും പോലെ സിരകളിലൂടെ ഭയം കാട്ടുമുയലുകളെക്കാൾ വേഗത്തിൽ ഓടിനടക്കുന്നു
എനിക്കജ്ഞാതമായ നിൻ്റെ ദേശമെന്നെ വിറ കൊള്ളിക്കുന്നു
ശബ്ദത്തെ തിരഞ്ഞു ഗതിമുട്ടിയ ഒരു നിലവിളി എൻ്റെ തൊണ്ടയെ ശ്വാസം മുട്ടിക്കുന്നു,
അപ്പോൾ മാസ്ക് താഴ്ത്തി
ഉത്തരേന്ത്യൻ ചുവ മാറാത്ത,
കുഞ്ഞുങ്ങളുടെ മലയാളത്തിൽ നീ പറയുന്നു.
“മുകളിലെ വീട്ടിലെ പുതിയ താമസക്കാരനാണ്..
ഞാൻ പുറത്തുപോകുമ്പോൾ
പ്രായമുള്ള ഉമ്മിയവിടെ തനിച്ചാണ്..
രാത്രി ഒന്ന് ശ്രദ്ധിക്കണേ”
എൻ്റെയമ്പരപ്പ് നിൻ്റെ സൗമ്യതയിൽ
നാണം കെട്ട് വാക്കുകളില്ലാതെ നിൽക്കുന്നു
തൊണ്ടയിൽ ഒരു തേങ്ങൽ കൂടുവയ്ക്കുന്നു..
നിൻ്റെ ചിരിക്കുന്ന കണ്ണുകളെ നേരിടാൻ വയ്യാതെ ഞാൻ അർത്ഥമില്ലാത്ത സ്വരങ്ങളുണ്ടാക്കുന്നു..
ചിലമ്പിച്ച സ്വരത്തിൽ ഉപചാരം പറയുന്നു
വിലക്ഷണമായി കൈകൂപ്പി നിന്നെ യാത്രയാക്കുന്നു
നിനക്ക് പുറകിൽ വാതിൽ ചാരി നെടുവീർപ്പിട്ട്
ഞാൻ സ്വയം വീണ്ടും വീണ്ടും പറയുന്നു
“ഞാൻ ശ്രദ്ധിച്ചോളാം”..
PHOTO CREDIT : ISAI RAMOS
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
1 comment
Aparan 👍