മെല്ലെ വിരൽകൊണ്ട് പുസ്തകങ്ങൾക്ക് മീതെ തലോടാൻ തുടങ്ങിയിട്ട് നേരം ഒരുപാടായി. ബെന്യാമിൻ്റെ ആടുജീവിതവും മാധവിക്കുട്ടിയുടെ കോലാടും ബഷീറിൻ്റെ മതിലുകളും പരിചിതമായ മറ്റു പലതും വിരലിൽ തൊട്ട് നീങ്ങി മാറി.
പാതി വരച്ചു വച്ച ചിത്രത്തിന്മേൽ വീണ്ടും ചായം തേക്കുവാൻ ആരംഭിച്ചപ്പോൾ തൻ്റെ ജീവിതം പോലെ തന്നെ താളം തെറ്റിയ ഒരു ചിത്രം തെളിഞ്ഞു വരുന്നത് അവൾക്കു കാണാമായിരുന്നു…
മിഴികളടച്ചു…ഭൂതകാലത്തിൻ്റെ തീവ്ര മുഖങ്ങൾ ഓരോന്നായി മനസ്സിലേക്ക് തിങ്ങി നിറഞ്ഞു വരുന്നത് അവൾക്കറിയാൻ കഴിഞ്ഞു. വീട്.. സ്കൂൾ..
“ഈ ലോകം ചുറ്റി കാണണം, സ്വന്തം ചിലവിൽ. ചിത്രങ്ങൾ വരയ്ക്കണം.“
പറഞ്ഞു തുടങ്ങിയതും മുടിയിഴകൾ ചേർത്ത് കെട്ടിക്കൊണ്ടിരുന്ന കയ്യ് വച്ചു ഒരു നല്ല അടി തലക്കിട്ടു കിട്ടി. അമ്മയുടെ മറുപടിയാണ്!
വായിച്ചു കൊണ്ടിരുന്ന പത്രം ശക്തിയിൽ ഒന്ന് കുടഞ്ഞു കൊണ്ട് ചരമക്കോളത്തിൽ നിന്നും കണ്ണെടുത്ത് ചെറുമന്ദഹാസം ചുണ്ടിൽ അണിഞ്ഞു കൊണ്ട് അച്ഛൻ എഴുന്നേറ്റ് പോയി.
സമ്മതമായോ എതിർപ്പായോ എടുക്കാൻ കഴിയാത്ത മന്ദഹാസം.
പഠിക്കുവാൻ മിടുക്കിയല്ലാത്തത് കൊണ്ട് ടീച്ചർമാർക്കുള്ള അഭിപ്രായം എങ്ങനെയെന്നത് എടുത്ത് പറയണ്ടല്ലോ. അവഗണനയുടെയും പുച്ഛത്തിൻ്റെയും കാലം.
വിദ്യ ടീച്ചർ വന്നയുടനെ കുട്ടികൾ “ഹാപ്പി ടീച്ചേർസ് ഡേ” എന്ന് വിളിച്ച് കൂവുന്നു.
നിറഞ്ഞ ഒരു പുഞ്ചിരിയോടെ അവർ പറയുന്നു..
“താങ്ക്യൂ. പിന്നെ ഇന്ന് നമുക്ക് ക്ലാസ്സിനു മുന്നേ കുറച്ചു സംസാരിച്ചാലോ?”
എല്ലാവരും ഒരേ പോലെ സന്തോഷത്തോടെ ചിരിക്കുന്നു.
“ഇവിടെ ആർക്കൊക്കെ ടീച്ചർ ആകണം?”
ടീച്ചറുടെ ആ ചോദ്യത്തിന് പിന്നാലെ കുറേ പേരുടെ കൈ ആകാശം തൊടും വിധം ഉയരുന്നു.
“അപ്പോ ബാക്കിയുള്ളവർക്കോ?”
സിവിൽ സർവീസ്, ഡോക്ടർ, എഞ്ചിനീയർ കുറേ പേർ ഓരോന്നായി പറഞ്ഞു തുടങ്ങി. പാട്ടുകാരി, ഡാൻസർ… അങ്ങനെ പല കഴിവുള്ളവരുടെ ആഗ്രഹങ്ങളുടെ ലിസ്റ്റും വിവരിക്കപ്പെടുന്നു. ഒന്നിലും പ്പെടാത്ത രണ്ട് മൂന്ന് പേർ, അതിൽ ഒരാളായി അവളും.
“അപ്പോ നിങ്ങൾക്കൊക്കെ?”
അവരുടെ നിശബ്ദതക്കുള്ള ഉത്തരം ഉടൻ വരുന്നു.
“എന്തേലും രണ്ട് അക്ഷരം പഠിക്കാൻ നോക്ക്… അല്ലെങ്കിൽ പിന്നെ ഇങ്ങനെ ഇരിക്കും.”
“പാട്ട് പാടാനും, ഡാൻസ് കളിക്കാനും, ചിത്രം വരയാനും ഒക്കെ അറിയുന്നവർക്ക് അതാകാം, എന്നാ ഇതിലൊന്നും പ്പെടാത്തവർ എന്ത് ചെയ്യാനാ.. കഷ്ടം!“
തൻ്റെ പുസ്തകം കറക്റ്റ് ചെയ്യുമ്പോൾ വലിയ കണ്ണടകൾക്കിടയിലൂടെ പുച്ഛം നിറച്ച നോട്ടത്തോടെ ടീച്ചർമാർ.
മെല്ലെ കാറ്റ് വീശി അടിച്ചപ്പോൾ അവൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു.
അവൾക്കു നേരെയുള്ള ചുവരലമാരയ്ക്ക് അകത്തിരുന്ന ട്രോഫികൾ അവളെ നോക്കി പുഞ്ചിരിച്ചു.
അപ്പോൾ അവൾ ചായം നൽകിക്കൊണ്ടിരുന്ന, അഴികൾക്കിടയിൽ പാതി ബന്ധനസ്ഥയായ പെൺകുട്ടിയുടെ ചിത്രം കാറ്റിനോടൊപ്പം പാറി പറന്നു വന്ന് അവൾക്കരികിൽ വീണു.
ചുറ്റിലും നിറമുള്ള ഒരു ലോകം അവൾ വരച്ചുതുടങ്ങി, എന്നാൽ ആ പെൺകുട്ടിയുടെ കൈകാലുകൾ മാത്രമേ ആ അഴികൾക്കു പുറത്തുണ്ടായിരുന്നുള്ളൂ. ഉടൽ അഴികൾക്കുള്ളിൽ എല്ലും തോലുമായി കിടന്നു…..
PHOTO CREDIT : MAYUR DESHPANDE
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂