Affiliate Disclosure: Some of the links or advertisements below are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
മൗനമാണ് ഞങ്ങളുടെ കവചം..
കുരുതിക്കളങ്ങൾ ഞങ്ങളെ അസ്വസ്ഥരാക്കുന്നില്ല
ഞങ്ങളിൽ എതിർപ്പിൻ്റെ സ്വരം ഉയരുന്നേയില്ല
സന്തോഷമാണ് ഞങ്ങളുടെ ഭാവം..
പടനിലങ്ങൾക്കരികിൽ
പ്രാണൻ വെടിഞ്ഞു തെരുവിൽ കിടക്കുന്ന കുഞ്ഞുമുഖങ്ങൾ പോലും
ഞങ്ങളുടെ ഉറക്കം കെടുത്തുന്നില്ല
ഞങ്ങൾ അന്ധതയെ പുൽകിയിരിക്കുന്നു..
നിരാശ്രയരുടെ നിസ്സഹായരുടെ
കുടിലുകൾ ആരും കാണാതിരിക്കുവാൻ ഞങ്ങൾ അവ തകർത്തെറിയുകയോ
വിരുന്നുകാർക്ക് മുൻപിൽ തിരശീലയിട്ട് മറയ്ക്കുകയോ ചെയ്യുന്നു..
മത്സരങ്ങൾ ഞങ്ങൾക്ക് പുതുജീവൻ നൽകുന്നു..
കഴുകൻ കാവൽ നിൽക്കുന്ന, പട്ടിണി കൊണ്ട് മൃതപ്രായരായവരുടെ ചിത്രങ്ങളെടുക്കുന്നവർക്ക് ഞങ്ങൾ മികച്ച ഫോട്ടോഗ്രാഫർക്കുള്ള സമ്മാനം നൽകുന്നു ..
ഞങ്ങൾ പുരോഗമനചിന്താഗതിയിൽ
മുഴുകിയിരിക്കുന്നു…
സ്വന്തം കാടുകളുടെ നന്മയിൽ നിന്ന് നാഗരികതയിലേക്ക് കുടിയൊഴിപ്പിച്ച്
കാടിൻ്റെ മക്കളെ ഞങ്ങൾ പ്രാകൃതരെന്ന്
പരിഹസിക്കുന്നു..
ഞങ്ങൾ പ്രകൃതിയെ പറ്റി കഥകളും കവിതകളും രചിക്കുന്നു…
ഞങ്ങൾ സർവ്വം നശിപ്പിക്കാൻ പോന്ന
പ്രളയജലത്തോളം പെരുകുകയും
അടങ്ങാത്ത കാട്ടുതീ പോലെ പടരുകയും ചെയ്ത്
കടലിലും കരയിലും വിഷം വമിപ്പിക്കുന്നു
റെഡ് ഡേറ്റ ബുക്കിലെ പേരുകൾ കൂടിക്കൊണ്ടേയിരിക്കുന്നു..
എങ്കിലും..
ഞങ്ങൾ മനുഷ്യർ എന്ന് സ്വയം വിശേഷിപ്പിക്കുകയും
ദേഷ്യം വരുമ്പോൾ പരസ്പരം മൃഗമെന്ന് വിളിക്കുകയും
അത് അപമാനമായി കാണുകയും ചെയ്യുന്നു..