Affiliate Disclosure: Some of the links or advertisements below are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
ഓരോ അടിവയ്പ്പിലും അവൾ കിതയ്ക്കുകയായിരുന്നു. ആ ചെറിയ കുന്ന് ഹിമാലയം പോലെ ദുഷ്കരമായി ഭീമാകരമായി അവൾക്ക് തോന്നി. അവൾക്കു മുന്നിലായി ഏറെ ദൂരം നടന്നുകയറി തിരിഞ്ഞു നോക്കി ചിരിച്ചുകൊണ്ട് അയാൾ വിളിച്ചു പറഞ്ഞു..
“നീ കിതയ്ക്കുന്നു….”
“അതേ.. കയറ്റങ്ങൾ എന്നെ എളുപ്പം തളർത്തും.” അവൾ കിതപ്പിനിടയിൽ പറഞ്ഞൊപ്പിച്ചു.
“എന്നെങ്കിലും വീട് പണിയുമെങ്കിൽ കുന്നിൻമുകളിൽ ചുറ്റും വെള്ള പൂശിയ വേലിയുള്ള കുഞ്ഞു വീടാണ് എൻ്റെ സ്വപ്നം”
അയാൾ ആയാസരഹിതമായി മുന്നോട്ട് വീണ്ടും കയറവെ പറഞ്ഞു.. “അപ്പോഴോ?”
“ഞാൻ നമ്മുടെ വീട് സങ്കല്പിച്ചത് പുഴക്കരയിലാണ്. മുന്നിൽ മഞ്ഞക്കോളമ്പിപ്പൂക്കൾ നിറഞ്ഞത്. മതിലുകളില്ലാത്തത്.” അവൾ ആയാസം കൊണ്ട് ചുമന്ന മുഖത്തോടെയാണെങ്കിലും പുഞ്ചിരിച്ചു.
“വെള്ളപ്പൊക്കത്തിന് ശേഷവും പുഴക്കര ഇത്രയും പ്രിയമോ” അയാൾ പരിഹസിച്ചു.
“കുന്നിൻമുകളിൽ വീട് വയ്ക്കാൻ പോകുന്നയാൾ ഉരുൾപൊട്ടൽ മറന്നോ?” അവളും വിട്ടുകൊടുത്തില്ല.
“ഞാനും നീയും മാത്രം.. മറ്റുള്ളവർക്ക് പെട്ടെന്ന് ഓടിക്കയറി വരാൻ പറ്റാത്ത ഒരിടം. അതാണെൻ്റെ ആഗ്രഹം”
“എനിക്ക് നേരെ തിരിച്ചാണ്. ആർക്കും എപ്പോഴും കടന്നു വരാവുന്ന നിൻ്റെ സുഹൃത്തുക്കളും ബന്ധുക്കളും എൻ്റെയും തിരിച്ചും ആവുന്ന ഒരു വീട്” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
“എനിക്ക് നീയൊഴികെ ബന്ധങ്ങൾ കുറവാണ്. ഇഷ്ടവുമല്ല” അയാൾ ഉത്ഘോഷിച്ചു.
“ഞാൻ ബന്ധങ്ങളെ ആഘോഷിക്കുന്നവളാണ്”.
“ഇരുട്ടിലാണ് ഞാൻ കൂടുതൽ കംഫർട്ടബിൾ”. കുന്നിൻ്റെ നെറുകയിലേക്ക് അടുക്കുമ്പോൾ അയാൾ പറഞ്ഞു.
“രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ പോലും ഞാൻ വെട്ടം അണയ്ക്കാറില്ല” അവൾക്കു ചിരിയൊതുക്കാനായില്ല.
“ഞാൻ ഭാവിയെപ്പറ്റി കരുതലുള്ള ഒരാൾ ആണ്. എല്ലാം പ്ലാൻ ചെയ്യുന്ന ഒരുവൻ.”
കുന്നിൻ്റെ മുനമ്പിലെത്തി തിരിഞ്ഞ് നിന്ന് കൈകൾ വിടർത്തി നിന്ന് നാടകീയ ആംഗ്യത്തോടെ അയാൾ പറഞ്ഞു.
“എനിക്കൊരു പ്ലാനിംങും ഇല്ല എന്നതിൻ്റെ തെളിവാണ് ക്ഷീണിച്ചു വലഞ്ഞ എനിക്കൊരു കൈ പോലും തരാതെ കുന്നിൻ്റെ നെറുകയിലെത്തി ഗോഷ്ടി കാണിക്കുന്ന ഈ കാമുകൻ”.
അയാൾ ചിരിച്ചുകൊണ്ട് ഇറങ്ങിവന്ന് അവളെ തൻ്റെ കൈകളിൽ പൊക്കിയെടുത്ത് മുനമ്പിലേക്ക് തിരിച്ചു കയറി.
“വൈരുധ്യങ്ങളുടെ വിചിത്രസങ്കലനം..”
കുന്നിൻ നെറുകയിൽ നിന്ന് അയാളെ ചുംബിച്ചുകൊണ്ട് അവൾ പറഞ്ഞു.
അസ്തമയമായിരുന്നു. കുന്നിന് താഴെയുള്ള ചെറുപട്ടണത്തിൽ വിളക്കുകൾ തെളിയാൻ തുടങ്ങിയിരുന്നു. കുന്നിൻമുകളിലെ തണുത്ത കാറ്റേറ്റ് കിതപ്പും വിയർപ്പും മാറ്റി പരസ്പരം ചേർന്നിരുന്നുകൊണ്ട് അയാൾ പറഞ്ഞു.
“താഴ്‌വര എത്ര സുന്ദരമായ കാഴ്ചയാണ്. ഇരുളും വെളിച്ചവും..”
“അതേ” അവൾ പറഞ്ഞു. “ഒന്നില്ലെങ്കിൽ മറ്റേതിന് പ്രസക്തിയില്ല”
കുന്നിറങ്ങുമ്പോൾ അവളായിരുന്നു മുൻപിൽ..
“ഇറക്കം എനിക്കൊരു പ്രശ്നമേ അല്ല” അവൾ ഉറക്കെ വിളിച്ചുപറഞ്ഞു.
വീഴാതിരിക്കാൻ പിടിച്ച ചെറിയ ചില്ലയൊടിഞ്ഞു താഴേക്ക് നിരങ്ങി വീണിടത്ത് നിന്നും എഴുന്നേറ്റു കൊണ്ട് അയാൾ പറഞ്ഞു.
“കാൽമുട്ടുകളുടെ സ്ഥാനത്ത് എനിക്ക് ശൂന്യതയാണ് ഫീല് ചെയ്യുന്നത്”.
ഇരുട്ടിൽ അവളുടെ ചിരി മുന്നിലെവിടെയോ നിന്ന് കേട്ടു.
മൊബൈലിൻ്റെ വെട്ടത്തിൽ ചവിട്ടാനുറപ്പുള്ള കല്ലുകളും ബലമുള്ള മരച്ചില്ലകളും കണ്ടെത്തി പ്രയാസപ്പെട്ടു ഇറങ്ങുന്നതിനിടയിൽ അയാളും ചിരിച്ചു.