കൊടും തണുപ്പിൽ ചൂടിനെ ആവാഹിക്കാൻ കഴിവുള്ള ആ പുതപ്പ് ദേഹത്തോട് ചേർത്ത് പിടിച്ചു കൊണ്ട് പൊള്ളുന്ന ദേഹം തണുപ്പിൻ്റെ ആവരണത്തിൽ നിന്നും മുക്തമാക്കാൻ അയാളുടെ പരാക്രമങ്ങൾ ആരംഭിച്ചിട്ട് നേരം ഒരുപാടായി.
വരണ്ടു പൊട്ടിയ അധരവും, വറ്റി വരണ്ടു തേങ്ങുന്ന കണ്ഠവും ഒരു തുള്ളി വെള്ളത്തിനായി കാത്തിരുന്ന് ഒടുവിൽ അസഹനീയമായ ദണ്‌ഡനത്തിൽ എത്തി നിൽക്കുന്നു. കൈ കാലുകൾ മെല്ലെ നീട്ടി എഴുന്നേൽക്കാൻ മുതിരുമ്പോഴൊക്കെ കണ്ണിനുള്ളിലെ ഇരുട്ടിന് ശക്തി കൂടും. ചുക്ക് കാപ്പിയോ പലനിറത്തിലായുള്ള ചൂടാവി പുറം തള്ളുന്ന വേയ്പ്‌റയ്സറോ ആഗ്രഹിച്ചാൽ അതൊരു അഹങ്കാരം ആവുമെന്നത് അറിയുന്നത് കൊണ്ട് തന്നെ വിറങ്ങലിക്കുന്ന ശരീരം ഒന്ന് കൂടെ ചുരുട്ടി അയാൾ മിഴികളടച്ചു.
തൊട്ടടുത്ത മുറിയിൽ ‘റിസൾട്ട്‘ കാത്തിരിക്കുന്ന മക്കളിലാരോ ഫോണിൽ നിന്നും കണ്ണെടുത്തു അനുകമ്പ കലർത്തിയ ഒരു നോട്ടം അയാളിലേക്കയച്ചു.
മറുനാടിൻ്റെ ചൂടിൽ തളരാതെ, ദിനരാത്രങ്ങൾ പിന്നിട്ട, വലിയ മിഠായികളും പുത്തൻ മണമുള്ള വസ്ത്രങ്ങളും കൊണ്ട് വരുന്ന പ്രവാസി തൻ്റെ വീടിൻ്റെ ഒരു കോണിൽ…..
അയാൾ എപ്പഴോ മെല്ലെ കണ്ണ് തുറന്നപ്പോൾ ചോദിച്ചു:
“ഓക്സിജൻ സിലിണ്ടർ എത്തിയോ“
പ്രാണവായു പോലും കാശു കൊടുത്ത് വാങ്ങുന്ന ഒരു വരുംകാലത്തിലായിരുന്നു അയാളുടെ സ്വപ്‌നങ്ങൾ തുഴഞ്ഞു നീങ്ങിയത്. അതാകണം അറിയാതെ അങ്ങനെ അയാൾ മൊഴിഞ്ഞത്. അല്ലെങ്കിൽ മരണം തൊട്ട് തലോടുമ്പോൾ ജീവിക്കാൻ കൊതിക്കുന്നവൻ്റെ ആശകൾ അണക്കാനായി, ദൈവം വരുംകാലത്തിൻ്റെ അതിതീവ്ര മുഖം കാണിച്ചു കൊടുത്തതായിരിക്കണം.
വീണ്ടും നിദ്രയിലേക്ക് തെന്നി മാറുമ്പോൾ അയാൾ ഭാവി കാലത്തിൻ്റെ നിറം മങ്ങിയ പല വർണ്ണങ്ങൾക്ക് സാക്ഷിയായി…
PHOTO CREDIT : SKYLAR
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂