ചിലർ നിബിഢവനങ്ങളെ പോലെയാണ്
ഗഹനമായ ശാന്തതയുടെ പച്ചപ്പ് കണ്ട്
പൂമരത്തലപ്പുകളുടെ വർണജാലം കണ്ട്
നാമകത്ത് കയറും.
ഇലച്ചാർത്തുലയുന്ന ശബ്ദങ്ങളിൽ
കണ്ണഞ്ചിക്കുന്ന നിറഭേദങ്ങളിൽ
മത്തു പിടിപ്പിക്കുന്ന ഗന്ധങ്ങളിലലിഞ്ഞ്,
മേഘരൂപങ്ങളെ നോക്കി
ജലപാതങ്ങളിൽ കുളിർന്ന്,
തെളിനീർചോലകളിൽ നാം ഒഴുകി നടക്കും.
കാടകങ്ങളിൽ അറിയാത്ത
മൃഗരൂപങ്ങളായി ഭയപ്പെടുത്തുന്ന
നിമിഷങ്ങൾ കാത്തിരിപ്പുണ്ടാവും.
പലപ്പോഴും മടങ്ങാനുള്ള വഴി തേടി
ഗുഹാമുഖങ്ങളിലേക്ക് വഴി തെറ്റി
നാമലഞ്ഞു തിരിയും
ഇരുട്ടിലും മിഴി തെളിയും വരെ
തളർന്നു വീഴും വരെ നടക്കും
ഓർമ്മകളിലേക്ക് കാട്ടുവള്ളികൾ പടർന്നുകയറും
പിന്നെയൊരിക്കൽ മടങ്ങിപ്പോകാനുള്ള കാട്ടുപാത
നമുക്ക് മുന്നിൽ തെളിയും
പക്ഷേ ഒരിക്കലുമൊരു തിരിച്ചുപോക്കില്ലാത്തവിധം
വന്യതയുടെ ലഹരിയിൽ
നമുക്ക് സ്വയം നഷ്ടപ്പെട്ടിരിക്കും
മാനത്തോളം വളർന്നുനിൽക്കുന്ന
മാമരങ്ങളെ ഉള്ളിൽ വഹിക്കുന്ന
മറ്റൊരു കാടായി നാം മാറിയിരിക്കും.
PHOTO CREDIT : DENYS ARGYRIOU
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂