ഇത്തവണ പാരുൾ എന്നെ വിളിക്കുമ്പോൾ കേരളത്തിൽ 2021ലെ അടച്ചുപൂട്ടൽ തുടങ്ങിയിരുന്നു. അന്ന് അവളുടെ വിവാഹവാർഷികമായിരുന്നു എന്ന് പാരുൾ പറഞ്ഞു. രണ്ടു മാസത്തിൽ ഒരിക്കലെങ്കിലും അവൾ വിളിക്കും. അവളുടെ ഭാഷ എനിക്ക് മനസ്സിലാക്കാൻ പാകത്തിന് വളരെ സാവധാനത്തിൽ എന്തെങ്കിലുമൊക്കെ സംസാരിക്കും. എന്നെ വിളിച്ചത് കൊണ്ട് എന്ത് പ്രയോജനം എന്ന് ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്. പിന്നെ പ്രയോജനമുള്ള കാര്യങ്ങൾ മാത്രം ചെയ്തുകൊണ്ട് തീർക്കാവുന്ന ഒന്നല്ലല്ലോ ജീവിതം. അവൾ വിളിക്കുമ്പോഴെല്ലാം (പലപ്പോഴും അല്ലാതെയും) ഒരു വർഷം മുൻപത്തെ ദിവസങ്ങളിലേക്ക് മനസ്സ് ചെന്നെത്തും.
ലോക്ക്ഡൗൺ എന്താണെന്ന് കേട്ടുകേൾവി മാത്രമുള്ള ദിവസങ്ങളായിരുന്നു അത്. കൊറോണ കൊണ്ടുള്ള മരണസംഖ്യ ഇന്ത്യയിൽ വിരലിൽ എണ്ണാവുന്നത്ര മാത്രമായിരുന്ന സമയം.
ഞായറാഴ്ച നടക്കാനിരിക്കുന്ന ഒരു വമ്പൻ കല്യാണത്തിനു ഞാൻ ഏറ്റിട്ടുള്ള കാറ്ററിംഗിൻ്റെ കാര്യങ്ങൾ വെഡിങ് പ്ലാനർ ദിയയോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ എൻ്റെ പ്രധാന സഹായിയായ രാകേഷ് യാദവ് വിളിച്ചു. അവൻ്റെ ശബ്ദത്തിൽ ഉൽക്കണ്ഠയും തിടുക്കവും.
“മാഡം ഞാൻ നാട്ടിൽ പോകാൻ സ്റ്റേഷനിലാണ്. അർജന്റ് മാറ്റർ. പാരുൾ വിളിച്ചു. ഈ ആഴ്ച അവസാനം അവളുടെ കല്യാണം നടത്താൻ പോകുന്നു. ഞാൻ നാട്ടിലെത്തുന്നതിനു മുമ്പ് നടത്താനാണ് അമ്മാവൻ കിളവൻ്റെ പ്ലാൻ. ഞാൻ ഇപ്പോൾ പോയില്ലെങ്കിൽ എല്ലാം തീരും.”
പാരുൾ അവൻ്റെ സ്കൂൾ കാലം മുതലേ ഉള്ള പ്രണയിനിയും അകന്ന ബന്ധത്തിലുള്ള ഒരു അമ്മാവൻ്റെ മകളുമാണ്. അവളെയും കൊണ്ട് തിരിച്ചു കേരളത്തിലേക്ക് വരാനാണ് രാകേഷിൻ്റെ പ്ലാൻ. അവൻ്റെ ഗ്രാമത്തിൽ ഈ പ്രേമവും പറഞ്ഞു ചെന്നാൽ തല്ലി ഓടിക്കുമെന്നാണ് മുൻപൊരിക്കൽ പറഞ്ഞത്. അവളുടെ അച്ഛന് ഈ ബന്ധത്തെപ്പറ്റി ഉള്ള ചില സൂചനകൾ കിട്ടിയത് കൊണ്ട് വിവാഹാലോചനകൾ നടക്കുന്നതായി അവൻ സൂചിപ്പിച്ചിരുന്നു.
ഞാൻ അവനോട് പൊയികൊള്ളാൻ പറഞ്ഞു. ധൈര്യം കൊടുത്തു.
“കാശ് വല്ലതും വേണോ നിനക്ക്?” ഞാൻ ചോദിച്ചു.
വേണ്ട എന്ന് പറഞ്ഞെങ്കിലും കുറച്ച് രൂപ നെറ്റ് ബാങ്കിംഗ് വഴി ഇട്ടുകൊടുത്ത് വീണ്ടും ഞാൻ ദിയയിലേക്ക് തിരിഞ്ഞു.
“കോവിഡ് കൂടിയാൽ നമ്മളെ പോലുള്ളവർ പെട്ടു” ദിയ പറഞ്ഞു.
ഞാനും ചിന്താധീനയായി. ഓർഡറുകൾ ഇല്ലാതായാൽ എന്തായിരിക്കും അവസ്ഥ. ഈ കാറ്ററിംങ്ങാണ് ഏക വരുമാനമാർഗവും ഇഷ്ടജോലിയും. ജീവിതത്തിൽ അനുഭവിച്ചതൊന്നും മനസ്സിനെ നേരിട്ടു ബാധിക്കാതിരുന്നത് ഈ പ്രൊഫഷൻ കൊണ്ടാണ്.
ങ്ഹാ..വരുന്നിടത്ത് വച്ചു കാണാം.. അത്ര തന്നെ. ഞാൻ ആലോചിച്ചു.
എന്തായാലും അതേക്കുറിച്ചുള്ള ആശങ്ക അരക്കിട്ട് ഉറപ്പിച്ച് അന്ന് വൈകിട്ട് സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
പിന്നത്തെ പുകിൽ ഒന്നും പറയാൻ ഇല്ല. ആ ആഴ്ചയിലും വരാനിരിക്കുന്ന ആഴ്ചയിലും ഉള്ള വിവാഹപ്പാർട്ടിക്കാർ വിളി തുടങ്ങി. രണ്ടുപേർ വിവാഹം ചുരുക്കി നടത്തുന്നത് കൊണ്ട് കാറ്ററിംഗ് ക്യാൻസൽ ചെയ്തു.
കോവിഡ് നേരെ എൻ്റെ വയറ്റത്താണല്ലോ അടിക്കുന്നത് എന്ന് ഞാൻ ആലോചിച്ചു. അടുത്തതായി വിളിച്ചയാൾ ചുരുക്കത്തിലാണെങ്കിലും കാറ്ററിംഗ് നടത്താമെന്ന് പറഞ്ഞു. അത്രയും സമാധാനം.
പിറ്റേന്ന് വൈകിട്ടു രാകേഷ് വിളിച്ചു.
“ഔട്ടർ ഡൽഹിയിൽ പണ്ട് ജോലി ചെയ്തിടത്ത് ഒരു ചിട്ടിപ്പണം കിട്ടാനുണ്ടായിരുന്നു. കാശിനു അത്യാവശ്യം ഉള്ള സമയമല്ലേ. കയ്യോടെ അതും മേടിച്ച് നാട്ടിലേക്ക് പോകാം എന്ന് വിചാരിച്ചു ഡൽഹിയിലേക്കാണ് ടിക്കറ്റ് എടുത്തത്”
” വേഗം വീടെത്താൻ നോക്ക്. സാഹചര്യം ഇതല്ലേ..” ഞാൻ പറഞ്ഞു.
“പിന്നെ നീ പോയത് നന്നായി. ഇവിടെ ലോക്ക്ഡൗൺ ആണ് കേരളത്തിൽ. എന്തായാലും ശ്രദ്ധിക്ക്, മാസ്ക് ഒക്കെ വയ്ക്ക്.”
“തീർച്ചയായും മാഡം. അങ്ങനെ തന്നെ. പാരുൾ എല്ലാം പാക്ക് ചെയ്ത് റെഡിയായി ഇരിക്കുന്നു എന്ന് പറഞ്ഞു വിളിച്ചു. ഞങ്ങൾക്ക് രണ്ടാൾക്കും തിരിച്ചു നാട്ടിലേക്കുള്ള ട്രെയിനും ബുക്ക് ചെയ്തു.”
രാകേഷിൻ്റെ ശബ്ദത്തിൽ സന്തോഷത്തിൻ്റെ പ്രതീക്ഷകളുടെ തിരയിളക്കം. നിറഞ്ഞ ആവേശം.
മംഗളമാശംസിച്ചു ഞാൻ ഫോൺ വച്ചു.
രാകേഷ് ഒരു സാധുവാണ്. ഇവിടെ വന്നു ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇവിടുത്തെ ശൈലിയിൽ ഉള്ള പാചകവും മറ്റു കാര്യങ്ങളും പഠിച്ചു. പണി ചെയ്യാൻ മടിയുമില്ല. ഞാൻ ഇല്ലെങ്കിൽ പോലും കാര്യങ്ങൾ ഭംഗിയായി ചെയ്യും. ഉത്തരവാദിത്തം ഇല്ലാതെ മുങ്ങുന്ന പരിപാടി ഇല്ലാത്തത് കൊണ്ട് എൻ്റെ വിശ്വസ്തനാണ്. കാറ്ററിംഗ് യൂണിറ്റിൽ ബാക്കിയുള്ള ഹിന്ദിക്കാരെ പോലെ ചുണ്ടിനടിയിൽ ലഹരി വയ്ക്കുന്ന ശീലം പോലുമില്ല.
ഒരു മൊബൈലും ഹെഡ്സെറ്റും ഉണ്ടെങ്കിൽ പണി കഴിഞ്ഞാൽ അവൻ്റെ അമ്മയോടോ കാമുകിയോടോ നിർത്താതെ സംസാരിക്കുന്നത് കാണാം.
അതുമല്ലെങ്കിൽ പാട്ടുകളിൽ മുഴുകിയങ്ങനെ നടക്കും. കാറ്ററിംഗ് ഇല്ലാത്ത സമയത്ത് കിട്ടുന്ന എന്ത് ജോലിക്കും പോകും.
അച്ഛൻ നന്നേ ചെറുപ്പത്തിൽ മരിച്ചത് കൊണ്ട് ബാല്യത്തിലേ തന്നെ കുടുംബത്തിൻ്റെ ചുമതല ഏറ്റെടുത്തവൻ.
വർഷങ്ങളായി സ്വപ്നം കണ്ട ഒരു ജീവിതത്തിലേക്കുള്ള ബാഗും പാക്ക് ചെയ്ത് ബിഹാറിലെ ഏതോ ഉൾഗ്രാമത്തിൽ നെഞ്ചിടിപ്പോടെ രാകേഷിനെയും കാത്തിരിക്കുന്ന പാരുളിനെയും ഞാൻ മനസ്സിൽ സങ്കല്പിച്ചു.
ദുരഭിമാനക്കൊലയൊക്കെ നടക്കുന്ന നാടാണ്. ഒരാപത്തും ഇല്ലാതെ അവർ എത്രയും പെട്ടെന്ന് കേരളത്തിൽ തിരിച്ചെത്തിയാൽ മതിയായിരുന്നു. വർഷങ്ങളുടെ പ്രണയമാണ് അവരുടേത്. കാത്തിരിപ്പും.
പെട്ടെന്ന് ഇസഹാക്ക് എന്ന ഈസയുമായുണ്ടായിരുന്ന സ്വന്തം പ്രണയത്തെ പറ്റി ഓർത്തു. ഏഴു വർഷം നീണ്ട പ്രണയം, വിവാഹം കഴിഞ്ഞതോടെ ഏഴു മാസം പോലും നീണ്ടു നിന്നില്ല. ഒരു ഞാറ്റുവേല മഴച്ചാറ്റലിൻ്റെ ആയുസ്സ് പോലുമില്ലാതെ, ഞങ്ങളറിയാതെ പ്രണയം എവിടെയോ മരിച്ചുവീണു. ദിവസങ്ങളായി ഈസയെപ്പറ്റി ഓർത്തിട്ടുപോലുമില്ല എന്ന് അപ്പോൾ ആശ്ചര്യത്തോടെ ചിന്തിച്ചു.
പെട്ടെന്ന് ഇരിപ്പുമുറിയിൽ വച്ച ടി വിയിൽ നിന്ന്
“മേരെ പ്യാരേ ദേശ് വാസിയോം” എന്ന
പരിചിതമായ സംബോധന കേട്ടു. പിറകെ കൂട്ടുകാരുടെ അശ്ചര്യശബ്ദങ്ങൾ കൂടി കേട്ടപ്പോൾ ഞാനങ്ങോട്ട് വേഗം ചെന്നു.
“അപർണ, ഇന്ത്യ മൊത്തം ലോക്ക്ഡൗണിലേക്ക്. 21 ഡേയ്‌സ്..”
റൂംമേറ്റ് സൗമ്യ എന്നെ കണ്ട് ഉറക്കെവിളിച്ചു പറഞ്ഞു.
സമ്പൂർണ ലോക്ക്ഡൗൺ!
ഇന്ത്യയിൽ മൊത്തം ട്രെയിനും ബസ്സും ഒന്നുമില്ല. കടകളും ഓഫീസുമില്ല. തൊഴിൽശാലകൾ ഇല്ല.
അന്ന് പാതിരാത്രി വരെ വാർത്താചാനലുകൾ മാറി മാറി വച്ച് ആശങ്കാഭരിതവും അപരിചിതവുമായ പുതിയ പരിതസ്ഥിതിയെപ്പറ്റി ആലോചിച്ച് അസ്വസ്ഥതയോടെ കിടക്കാൻ നേരത്ത് മൊബൈൽ എടുത്തു നോക്കിയപ്പോൾ കുറെ മിസ്സ്ഡ് കോളുകൾ.
രാകേഷ്. എന്ത് പറ്റിയോ ആവോ?
തിരിച്ചു വിളിച്ചിട്ട് കിട്ടിയില്ല. സ്വിച്ച് ഓഫ്. ഒരു വോയ്‌സ് മെസ്സേജ് അയച്ചിട്ടുണ്ട്.
“മാഡം ഞാൻ ഡൽഹിയിൽ പെട്ടുപോയി. ചിട്ടിക്കാരനെ കാണാനും പറ്റിയില്ല. ഇങ്ങനെ ലോക്ക്ഡൗൺ വരുമെന്ന് ആരോർത്തു? ചിട്ടിക്കാശ് വേണ്ടെന്ന് വച്ചു ബസ്സോ ട്രെയിനോ പിടിക്കാൻ നോക്കിയിട്ട് ഒന്നിലും അടുക്കാൻ പോലും പറ്റാത്ത തിരക്ക്. ഞാൻ പെട്ടുപോയി മാഡം.”
വെപ്രാളവും സങ്കടവും നിറഞ്ഞ സ്വരം. ഫോണിൻ്റെ ചാർജ് തീർന്നു കാണും.
എനിക്ക് വിഷമം തോന്നി. “ചാർജ് ചെയ്ത് ഉടനെ വിളിക്ക്”, ഞാൻ അവന് മെസ്സേജ് ചെയ്തു. എങ്ങനെ ചാർജ് ചെയ്യാനാണ് എന്ന് ഞാൻ ആ സമയത്ത് ചിന്തിച്ചില്ല.
ജനങ്ങളോടെല്ലാം അവർ എവിടെയാണോ ഉള്ളത് അവിടെത്തന്നെ തുടരാനാണ് ഉത്തരവ്.
പക്ഷേ തലസ്ഥാനത്ത് നിന്നും മുംബൈയിൽ നിന്നും മാത്രമല്ല, കേരളമൊഴിച്ചുള്ള മിക്ക സംസ്ഥാനങ്ങളിലെയും പ്രധാനനഗരങ്ങളിൽ നിന്നും ദിവസവേതനക്കാരായ തൊഴിലാളികളെല്ലാം പലായനം ചെയ്യുന്നു എന്ന് പിന്നീടുള്ള ദിവസങ്ങളിലെ വാർത്തയിൽ കണ്ടു. കാരണം അന്നന്നു കിട്ടുന്ന തുച്ഛമായ കൂലി കൊണ്ട് ഉപജീവനം കഴിക്കുന്നവർക്ക് തൊഴിലില്ലാതെ അവിടെ നിൽക്കാനുള്ള സാഹചര്യമെവിടെ?
അവരുടെ ഉപജീവനത്തിനായി ഒരു പകരം സംവിധാനവും ഒരുക്കിയിരുന്നില്ല. ഇന്ത്യയുടെ നഗരവീഥികൾ അനിശ്ചിതത്വത്തിൽ നിൽക്കാനാവാതെ സ്വന്തം നാടും വീടുമെത്താൻ നെട്ടോട്ടമൊടുന്നവരെക്കണ്ട് നിസ്സഹായതയോടെ നിന്നു. ബഹുഭൂരിപക്ഷത്തിനും വാഹനങ്ങൾ ഉണ്ടായിരുന്നില്ല. ഇന്ത്യ പാക്ക് വിഭജനത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ പലായനം എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അഞ്ഞൂറും അറുന്നൂറും ആയിരവും കിലോമീറ്ററുകൾക്ക് അപ്പുറത്തേക്കാണ് പലർക്കും പോകേണ്ടിയിരുന്നത്. ഈ കൂട്ടത്തോടെയുള്ള യാത്ര കണ്ട് പല നഗരങ്ങളിലും കുറച്ച് ഗവണ്മെന്റ് ബസ്സുകൾ സർവീസുകൾ നടത്തിയെങ്കിലും തെരുവിൽ ഇറങ്ങി നടക്കുന്ന എണ്ണമറ്റവരെ സംബന്ധിച്ചിടത്തോളം അത് എത്രയോ പരിമിതവും അപര്യാപ്തവും ആയിരുന്നു.
അത് കണ്ടുകൊണ്ടിരിക്കുമ്പോൾ എൻ്റെ പ്രയാസങ്ങൾ എത്രയോ തുച്ഛമായി തോന്നി.
ഏറ്റവും കുറഞ്ഞത്, എൻ്റെ തലയ്ക്കു മീതെ ഒരു മേൽക്കൂരയുണ്ട്. ഞാൻ ആശങ്കകളോടെ റോഡിൽ അലയുകയല്ല. സ്വന്തം കുടുംബത്തിലല്ലെങ്കിൽ പോലും അടുപ്പമുള്ള സുഹൃത്തുക്കൾ ചുറ്റിലുമുണ്ട്. ഭക്ഷണത്തിനുള്ള വകയും കുറെ നാളത്തേക്ക് ഉറപ്പായുമുണ്ട്.
അപ്പോൾ പെട്ടെന്ന് രാകേഷിനെപ്പറ്റി ചിന്തിച്ചു. അവൻ പിന്നെ വിളിച്ചില്ലല്ലോ . വിളിച്ചുനോക്കി.ഫോൺ സ്വിച്ചോഫ് മോഡിൽ തന്നെ. വണ്ടി ഒന്നും ഇതുവരെ കിട്ടിയില്ലെങ്കിൽ വല്ലതും ഏർപ്പാടാക്കാൻ എന്ത് വഴി? യു പി, ബീഹാർ അതിർത്തിയിൽ ഉള്ള ബക്സാറാണ് അവൻ്റെ ജില്ല. ഗൂഗിൾ ചെയ്ത് ദൂരം നോക്കി. ആയിരത്തിനടുത്ത് കിലോമീറ്റർ!
പെട്ടെന്ന് ഈസയെ വിളിച്ചാലോ എന്ന് ആലോചിച്ചു. ആ ചിന്ത മുൻപ് വരാതിരുന്നതിൽ കുറ്റബോധം തോന്നി.
അവൻ ഇപ്പോൾ ഡൽഹിയിലാണ് എന്ന് അറിഞ്ഞിരുന്നു. വേർപിരിഞ്ഞു താമസിക്കാൻ തുടങ്ങിയതിൽ പിന്നെ ഇതുവരെ വിളിച്ചിട്ടില്ല.
ഇതൊരു പ്രതിസന്ധി ഘട്ടം അല്ലേ. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ? കൂടുതൽ ആലോചിക്കാതെ വിളിച്ചു.
ഫോൺ എടുത്തതും ഇങ്ങോട്ട് കടുത്ത വാക്കുകൾ എന്തെങ്കിലും പറയുന്നതിന് മുൻപേ രാകേഷിൻ്റെ കാര്യം പറഞ്ഞു.
എല്ലാം കേട്ട് ഉറക്കച്ചടവ് മാറാത്ത സ്വരത്തിൽ മറുപടി വന്നു.
“അയാളോട് ഇവിടെ എൻ്റെ കൂടെ സ്റ്റേ ചെയ്യാൻ പറഞ്ഞാലോ?”.
“അതല്ല പ്രശ്നം. അവൻ്റെ കാമുകിയുടെ വിവാഹം നടക്കാൻ പോകുന്നു . അങ്ങനെയൊരു ഇഷ്യൂ ഇല്ലായിരുന്നുവെങ്കിൽ ഇപ്പോഴത്തെ അവസ്ഥയിൽ കേരളം വിട്ട് വരില്ലായിരുന്നല്ലോ.” ഞാൻ പറഞ്ഞു.
അത്രയും നേരം ഞാൻ ആശങ്കയോടെ കാത്തിരുന്ന പുച്ഛം അപ്പോൾ ഇസഹാക്കിൻ്റെ സ്വരത്തിൽ തുളുമ്പി.
“ഇത്രയും റിസ്ക് എടുത്തു കഷ്ടപ്പെട്ട് ഓടിയെത്താൻ മാത്രമുള്ള സംഗതിയൊന്നും പ്രണയത്തിൽ ഇല്ല എന്ന് നീ പറഞ്ഞുകൊടുത്തില്ലേ?”
അപ്പോൾ ഒന്നും പറഞ്ഞു പോവല്ലേ എന്ന് ഞാൻ എന്നെത്തന്നെ ശാസിച്ചു. ആദ്യം കാര്യം നടക്കട്ടെ. പല്ല് കടിച്ച് സ്വയം നിയന്ത്രിച്ച് അപേക്ഷാ ഭാവത്തിൽ പറഞ്ഞു.
“ഒന്ന് സഹായിക്കാൻ പറ്റുമോ. അതു പറയൂ.”
“എനിക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്ന് അറീല്ല. ഇവിടെ മൊത്തം കയോസ് ആണ്. പത്തോ നൂറോ അല്ല. ലക്ഷങ്ങൾ ആണ് റോഡിൽ. പോരാതെ ആ പയ്യൻസിൻ്റെ ഫോണും സ്വിച്ച്ഓഫ് അല്ലേ?”
“കഴിയുമെങ്കിൽ എന്തെങ്കിലും ചെയ്യൂ. സാധുക്കളാണ്. ബന്ധങ്ങളുടെ ലാഭനഷ്ടങ്ങളൊന്നും നോക്കാത്തവർ. അവൻ്റെ നമ്പറും ഒരു ഫോട്ടോയും ഞാൻ അയക്കുന്നുണ്ട്.”
ഞാൻ ഫോൺ വച്ചു.
രാകേഷിൻ്റെ ഒരു നീണ്ട വോയ്‌സ് മെസ്സേജ് പിറ്റേന്ന് വന്നു.
“ഡൽഹിയിൽ നിന്ന് പുറപ്പെട്ട് ഏറെ ദൂരമായി മാഡം. കുറെ ദൂരത്തേക്ക് ഒരു ബസ് കിട്ടി. ഇനിയും 600 കിലോമീറ്ററുണ്ടാവും ബക്സാറിലേക്ക്. ഫോണിൽ ചാർജ് വളരെ കുറവാണ്. ചാർജ് ചെയ്യാനൊന്നും വഴിയുമില്ല. പാരുളിനെ കാണുന്നത് വരെ ചാർജ് നിൽക്കാനായി ഫോൺ ഓഫ് ചെയ്ത് വയ്ക്കുകയാണ്. കണ്ടാലും ഈ സാഹചര്യത്തിൽ അവളെയും കൊണ്ട് ഞാൻ എങ്ങോട്ട് വരാനാണ് എന്നതാണ് പ്രശ്നം. എന്തായാലും എങ്ങനെയെങ്കിലും നടന്നെത്തും മാഡം. എനിക്കെത്തിയേ തീരൂ.
കൂടെ നടക്കുന്ന കുടുംബങ്ങളിലെ കുട്ടികളുടെ കരച്ചിലാണ് സഹിക്കാൻ കഴിയാത്തത്. അവർ വിശന്നും ക്ഷീണിച്ചും കരയുന്നു, കുട്ടികളല്ലേ.. അവർ എങ്ങനെ സഹിക്കും?”
രാകേഷിൻ്റെ പരിക്ഷീണമായ ശബ്ദം അതിൻ്റെ സകല നിസ്സഹായതയോടെയും എൻ്റെയുള്ളിലേക്ക് തറഞ്ഞു കയറി വേദനിപ്പിക്കാൻ തുടങ്ങി. എങ്ങനെയും എത്തും എന്ന് അവൻ കാണിച്ച ആത്മധൈര്യം പാരുളിൻ്റെ അടുത്ത് എത്താനുള്ള ആഗ്രഹം കൊണ്ടുള്ളതാണ്.
അവരുടെ ദുരവസ്ഥയ്ക്ക് എന്നെപ്പോലെ ഉള്ളവരാണ് കാരണമെന്ന് തോന്നിപ്പോയി. ഉയർന്ന വീടുകളിലിരുന്ന് നാം താഴെ കൊടും ചൂടിൽ തെരുവിലായവരെ സഹതാപത്തോടെ നോക്കുന്നു. അവർക്കിടയിൽ ഞാനും കുടുംബവുമില്ലല്ലോ എന്ന് സമാധാനിക്കുന്നു. വിമാനസഞ്ചാരികളായ അപ്പർ മിഡിൽ ക്ലാസ്സ് ആളുകൾ ഇന്ത്യയിൽ കൊണ്ട് വന്ന അസുഖം. അത് തെരുവിൽ ഇറക്കിയത് കൂലിവേല ചെയ്യുന്ന സാധുക്കളെയും.
ആരോടാണ് അവർ പരാതി പറയേണ്ടത്? ആഹാരമോ വെള്ളമോ പോലും ഉറപ്പാക്കാതെ രാജ്യം അടച്ചുപൂട്ടാൻ കല്പിച്ചവരോടോ?
രാകേഷിൻ്റെ വോയ്‌സ് മെസ്സേജുകൾ പോലും പിന്നെ ഇല്ലാതായി.
ഈസ വിളിച്ചത് രണ്ടു ദിവസം കഴിഞ്ഞാണ്.
“എനിക്ക് ചെന്നെത്താവുന്നതിലും ദൂരെ രാകേഷ് എത്തിയിട്ടുണ്ട്. ഒരു തവണ വിളിച്ചപ്പോൾ ഫോൺ എടുത്തു. ബീഹാർ അതിർത്തി കടന്നാൽ അവൻ്റെ സുഹൃത്തു വണ്ടിയുമായി വരും. പക്ഷേ ഇനിയുമുണ്ട് നാനൂറു കിലോമീറ്റർ. ഞാൻ എൻ്റെ ഫ്രണ്ട്‌സായ ചില ജേർണലിസ്റ്റുകളോട് കാര്യം പറഞ്ഞിട്ടുണ്ട്. നമ്പറും ഫോട്ടോയും കൊടുത്തിട്ടുണ്ട്. കണ്ടാൽ ഭക്ഷണമോ വെള്ളമോ കൊടുക്കാനും പറഞ്ഞേല്പിച്ചിട്ടുണ്ട്.”
അന്ന് തന്നെയാണ് എന്നാണ് എൻ്റെ ഓർമ്മ, പാരുൾ ആദ്യമായി എന്നെ വിളിക്കുന്നത്. മനസ്സിലാക്കാൻ പ്രയാസമുള്ള ഉൾനാടൻ ഹിന്ദിയിൽ, അതും അടക്കിപ്പിടിച്ച ശബ്ദത്തിൽ. വീട്ടിൽ ആരും കേൾക്കാതെ വിളിക്കുകയാവണം.
രാകേഷിൻ്റെ ഫോണിൽനിന്ന് മെസ്സേജോ വിളിയോ വന്നിട്ട് രണ്ടു ദിവസമായിരിക്കുന്നു എന്ന് പറഞ്ഞു.
എൻ്റെ നമ്പർ അവൾക്ക് രാകേഷ് കൊടുത്തിരുന്നു.
ഇങ്ങനെയൊരു തുഗ്ലക്കൻ ലോക്ക്ഡൗൺ നടപ്പിൽ വരുത്തുന്നതിനു മുൻപ് ഒരു ദിവസമെങ്കിലും സമയം കൊടുത്തിരുന്നെങ്കിൽ പരമാവധി ആളുകൾക്ക് സ്വന്തം വീട്ടിൽ എത്താമായിരുന്നല്ലോ എന്നവൾ രോഷാകുലയായി. ബിഹാർ അതിർത്തിയിൽ എത്തിയതായിട്ടെങ്കിലും അറിയുകയാണെങ്കിൽ രഹസ്യമായി സഹോദരൻ്റെ സ്കൂട്ടറും എടുത്തു രാത്രിയാണെങ്കിലും വന്നോളാം എന്ന് അവൾ പറയുന്നത് കൂടി കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. അജ്ഞയും ഭീരുവുമായ ഒരു ഉത്തരേന്ത്യൻ ഗ്രാമീണപെൺകുട്ടിയുടെ ചിത്രം എൻ്റെയുള്ളിൽ നിന്ന് ഒരു ജാള്യതയോടെ ഞാൻ മായ്ച്ചു കളഞ്ഞു.
“അവൻ എവിടെയെത്തി എന്നറിയാതെ ഒന്നും ചെയ്യാനില്ല. നീ സമാധാനമായിട്ടിരിക്കു. ഞാൻ ശ്രമിക്കുന്നുണ്ട്. എന്തെങ്കിലും അറിഞ്ഞാൽ വിളിക്കാം”.. എൻ്റെ കേരള ഹിന്ദിയിൽ ഒരു വിധം ഞാൻ പറഞ്ഞൊപ്പിച്ചു.
അന്ന് വൈകിട്ട് രാജ്യം മുഴുവനുമുള്ള ലക്ഷക്കണക്കിന് ആളുകൾ സ്വന്തം വീടിൻ്റെ സുരക്ഷിതത്വത്തിലിരുന്ന് വൈറസിനെ തുരത്താൻ ദീപം തെളിയിക്കുന്ന ചടങ്ങ് ഞാൻ ടി വി യിൽ നിർവികാരതയോടെ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഈസ എനിക്കൊരു വാർത്ത ക്ലിപ്പിംഗ് അയച്ചത്. അവന് ഏതോ മാധ്യമസുഹൃത്ത് അയച്ചുകൊടുത്ത ഒന്ന്.
അഞ്ച് വയസ്സോളം പ്രായമുള്ള ഒരു കുഞ്ഞിനെയുമെടുത്ത് കൊണ്ട് ക്ഷീണിച്ചു കരുവാളിച്ച മുഖമുള്ള ഒരു ചെറുപ്പക്കാരൻ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു.
“കാണുന്നില്ലേ സർ ഞങ്ങളുടെ അവസ്ഥ? നിങ്ങൾ കാര്യങ്ങൾ ചോദിക്കുന്നു, പോകുന്നു. എന്താണ് പ്രയോജനം? ഉത്തരവുകൾ ഇറക്കുന്നവർ ഞങ്ങളെപ്പോലുള്ളവരെ കാണുന്നില്ല. ജനങ്ങൾക്ക് വേണ്ടിയാണ് ഉത്തരവ് എന്ന് പറയുന്നു. ഞങ്ങൾ ആ ജനത്തിൽ പെടില്ല. ആഹാരമോ വെള്ളമോ വേണ്ടത്ര ഇല്ല. ഹോട്ടലുകൾ അടഞ്ഞുകിടക്കുന്നു. വഴിയിൽ നിൽക്കുന്ന ആരുടെയെങ്കിലും കരുണ കൊണ്ട് കുറച്ച് പേർക്ക് വല്ലതും കിട്ടിയാലായി. ദാ നോക്കൂ.. കൊച്ചുകുട്ടികൾ പോലും നടക്കുകയാണ്. കൊടും ചൂടിൽ ഇവൾ തളർന്നിരിക്കുന്നു. ഞങ്ങളെല്ലാം തളർന്നിരിക്കുന്നു.”
അത് രാകേഷ് ആയിരുന്നു.
ശബ്ദം ദുർബലമായിരുന്നത് കൊണ്ട് അടക്കിയ രോഷം പുറത്ത് വന്നത് ഭയപ്പെടുത്തുന്ന ഒരു നിസംഗതയായിട്ടായിരുന്നു.
കൂടെ നടന്നുകൊണ്ടിരുന്ന ഒരു സ്ത്രീയുടെ രണ്ട് കുട്ടികളിൽ വയ്യാതായ ഒരാളെയും എടുത്ത് അവൻ നടക്കുകയാണ്.
അധികാരകേന്ദ്രങ്ങൾക്ക് ദൃഷ്ടിഗോചരമല്ലാത്ത അപ്രസക്തരായ ജനത നടന്നുകൊണ്ടേയിരുന്നു.
രാത്രികളിൽ പാതയോരങ്ങളിൽ അവർ തല ചായ്ച്ചു.
സംസ്ഥാനങ്ങളുടെ അതിർത്തികളിൽ പലയിടത്തും അവരെ തിരിച്ചോടിക്കാനായി ലാത്തി വീശുന്ന പോലീസുണ്ടായിരുന്നു. ഒരു മാന്യതയും കൊടുക്കാതെ അവരെ കൂട്ടമായി നിലത്ത് കുന്തിച്ചിരുത്തി അണുനാശിനിലായനി സ്പ്രേ ചെയ്യുന്ന ഉദ്യോഗസ്ഥരുണ്ടായിരുന്നു.
പാരുൾ അടുത്ത ദിവസങ്ങളിലെല്ലാം വിളിച്ചെങ്കിലും രാകേഷിനെ പറ്റി വേറെ ഒരറിവും കിട്ടിയില്ല. അവൾ ആദ്യം കാണിച്ച ആത്മവിശ്വാസം തകർന്നിരുന്നു. ഓരോ വിളിയും അവസാനിച്ചത് അടക്കാനാവാത്ത സങ്കടം കൊണ്ടുള്ള കരച്ചിലിൽ ആണ്. പിന്നെ അവളുടെ കോൾ നിന്നു. അങ്ങോട്ട് വിളിച്ചപ്പോൾ സ്വിച്ഓഫ്.
ചെയ്യാൻ ഒന്നുമില്ലാത്ത ഒരു പകലിലെ ഉറക്കത്തിൽ പാരുളിനെയും കൂട്ടി വന്ന രാകേഷ് എൻ്റെ വാതിലിൽ മുട്ടിവിളിക്കുന്നതായി സ്വപ്നം കണ്ട് ഞാൻ എഴുന്നേൽക്കുമ്പോൾ ഫോണടിക്കുകയായിരുന്നു. എടുത്തു നോക്കുമ്പോൾ പാരുൾ!
ഹലോ എന്ന് പോലും പറയാതെ അവൾ തുടങ്ങി.
“രണ്ടു ദിവസം മുൻപ് അവനെത്തി.”
അതു കേട്ട് സന്തോഷശബ്ദങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങിയ എന്നെ അവളുടെ ശബ്ദത്തിൽ വിങ്ങി നിന്ന അസാധാരണമായ എന്തോ ഒന്ന് തടഞ്ഞു. കടലിനെക്കാൾ ആഴമുള്ള എന്തോ ഒന്ന്.
“ആരൊക്കെയോ ചേർന്ന് അവൻ്റെ ജീവനറ്റ ശരീരം വീട്ടിലെത്തിച്ചു. സ്വന്തം വീട്ടിലെത്താൻ അൻപതു കിലോമീറ്ററിനടുത്ത് മാത്രം ബാക്കിയുള്ളപ്പോൾ ക്ഷീണവും കൊടുംവെയിലേറ്റുള്ള നിർജലീകരണവും കൊണ്ട് വഴിയിൽ അവൻ കുഴഞ്ഞുവീണു.. എൻ്റെയടുത്തേക്കെത്താൻ നടന്നുനടന്ന് അവൻ മരിച്ചുവീണു.”
സഹിക്കാൻ വയ്യാത്ത ഹൃദയവ്യഥയോടെ ഞാൻ ചുമരിൽ ചാരി നിന്ന് കണ്ണുകളടച്ചു.
രാകേഷിൻ്റെ ചിരിക്കുന്ന മുഖവും കണ്ണുകളും ഊർജസ്വലനായി ‘മാഡം’ എന്ന വിളിയോടെ അവൻ വന്നെത്തുന്നതുമെല്ലാം ഓർമ്മ വന്നു.അപ്പോഴും ഇതെല്ലാം നിശബ്ദയായി സഹിക്കേണ്ടിവന്ന പാരുളിൻ്റെ നിസ്സഹായാവസ്ഥയോർത്ത് ഞാൻ കൂടുതൽ ആകുലഭരിതയായി.
“അവനോടൊപ്പം എൻ്റെ മനസ്സുകൂടി അടക്കം ചെയ്തു എന്നാണിപ്പോൾ തോന്നുന്നത്. കാരണം ഒന്നും മനസ്സിനെ ബാധിക്കുന്നില്ല.”
ജീവനറ്റ സ്വരത്തിൽ പാരുൾ ഒന്നു കൂടി പറഞ്ഞു.
“ഇന്നലെ എൻ്റെ വിവാഹവും കഴിഞ്ഞു” തുടർന്നൊന്നും പറയാതെ അവൾ ഫോൺ കട്ട് ചെയ്തു.
പിന്നെ ഒരിക്കൽ വിളിച്ച് അവൾ പറഞ്ഞു.
“വിണ്ടു പൊട്ടിയ കാലുകളും വരണ്ട ശരീരവുമായി അവൻ നടന്നടുക്കുന്നത് ഉറക്കത്തിലും ഉണർന്നിരിക്കുമ്പോഴും ഞാൻ കണ്ടുകൊണ്ടിരിക്കുന്നു.”
ശിഥിലമായ മനസ്സുമായി പുതിയ ജീവിതത്തിൽ സമാധാനമോ സന്തോഷമോ കണ്ടെത്താനാവാതെ പാരുൾ ഇടയ്ക്കിടെ എന്നെ വിളിച്ചുകൊണ്ടിരുന്നു.
ശ്രമിച്ചിരുന്നെങ്കിൽ ഈസ വഴി ആദ്യമേ തന്നെ രാകേഷിനെ രക്ഷിക്കാമായിരുന്നു എന്ന ചിന്ത എന്നെ അലട്ടാറുണ്ട്.ആ സമയത്ത് ക്യാൻസൽ ആയിപ്പോയ കല്യാണസദ്യ ഓർഡറുകളെ പറ്റി വ്യാസനിച്ചുകൊണ്ടിരുന്ന എന്നിലെ സ്വാർത്ഥതയ്ക്ക് ഞാൻ ഇന്നേവരെ മാപ്പു കൊടുത്തിട്ടില്ല.
രാകേഷിൻ്റെ വിധി ഒറ്റപ്പെട്ട ഒരു കാര്യമല്ലായിരുന്നു. സ്വന്തം വീടെത്താനുള്ള ആ പലായനത്തിൽ മരിച്ചു വീണവരുടെ സംഖ്യ കുട്ടികളടക്കം റെക്കോർഡിൽ ഇരുപത്തിരണ്ടായിരുന്നു എന്ന് ഒരു ഡോക്യൂമെന്ററിയിൽ കണ്ടു. യഥാർത്ഥ കണക്ക് അതിലുമെത്രയോ അധികമായിരിക്കും എന്നതു നിശ്ചയം.
ഇപ്പോൾ ഒരു സ്ഥിതി വിവരക്കണക്കിലും ഒതുങ്ങാത്ത വിധം എല്ലാ സംഖ്യകളും ഉയർന്നിരിക്കുന്നു. കണക്കുകൾക്കപ്പുറത്തുള്ള തുണിക്കെട്ടുകളായി പുണ്യനദികളിലൂടെ അപ്രസക്തരുടെ ശരീരം ഒഴുകി നടക്കുന്നു. രാജവീഥികളിൽ പതിഞ്ഞ അവരുടെ വിണ്ട് പൊട്ടിയ കാലടികളുടെ ചോരപ്പാടുകൾ മറ്റുള്ളവർക്ക് അദൃശ്യമായി തുടരുന്നു.
പരസ്പരം പഴി ചാരുന്ന അധികാരകേന്ദ്രങ്ങളുടെ മൂക്കിന് കീഴെ ആശങ്കകൾക്കും മരണഭീതിക്കും ഇടയിൽ, സ്വന്തം ശബ്ദം കേൾപ്പിക്കാനാവാത്ത അപ്രസക്തർ, തങ്ങൾ വലിക്കുന്ന ഓരോ ശ്വാസവും ഭാഗ്യമാണെന്ന് സമാധാനിക്കുന്നു. ലക്ഷ്യമെത്താതെ കുഴഞ്ഞുവീണുപോയവരുടെ ഓർമ്മകളിൽ കുരുങ്ങി പാരുൾമാർക്ക് ശ്വാസം മുട്ടുന്നു.
PHOTO CREDIT : HIMANSHU PANDEY
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂