ലളിതമായ ഭാഷയിൽ നോൺ ലീനിയർ ശൈലിയിൽ എഴുതപ്പെട്ട നോവലാണ് അനിൽ ദേവസ്സിയുടെ ‘യാ ഇലാഹി ടൈംസ്’. ദുബായിൽ പ്രവാസിയായി ജീവിക്കുന്ന പ്രധാന കഥാപാത്രം സിറിയൻ പൗരനായ അൽത്തെബിൻ്റെ പൂച്ചയുടെ ആത്മഗതങ്ങളാണ് നോവലിൻ്റെ ആദ്യ അദ്ധ്യായം ആയ ‘ ഒടുക്കം ‘. പിന്നെ അൽത്തെബിൻ്റെ ചിന്തകളെയും ഓർമ്മകളെയും പിന്തുടർന്നും അൽത്തെബിനു കുടുംബാംഗങ്ങളിൽ നിന്നു വരുന്ന വാട്സ്ആപ് സന്ദേശങ്ങളിലൂടെയുമാണ് കഥ മുന്നോട്ട് പോകുന്നത്. അവസാനിക്കുന്നത് വീണ്ടും പൂച്ചയുടെ ആത്മഗതങ്ങളിലൂടെയാണ്.
ആഭ്യന്തര യുദ്ധത്തെ തുടർന്ന് നാലു രാജ്യങ്ങളിൽ ആയി ചിന്നിചിതറിയ നാലംഗ കുടുംബത്തെ ഒന്നിപ്പിക്കുന്നത് അമൽ എന്ന് അൽത്തെബ് പേരിട്ട ഒരു വാട്സാപ്പ് ഗ്രൂപ്പ് ആണ്. ആഭ്യന്തരകലാപങ്ങൾ കൊണ്ടും മതതീവ്രവാദം കൊണ്ടും ജനിച്ച നാടും വീടും സുരക്ഷിതത്വവും ഇനിയൊരിക്കലും തിരിച്ചു കിട്ടാൻ വഴിയില്ലാത്ത വിധം നഷ്ടപെടുന്ന ആളുകളുടെ പൊള്ളുന്ന അനുഭവങ്ങൾ അൽത്തെബിലൂടെ കണ്ട് നമ്മുടെ ഉറക്കം നഷ്ടപ്പെടുന്നു. ആയുധക്കച്ചവടം നടത്താനുള്ള മാർക്കറ്റുകളായി മാത്രം കണ്ട് മൂന്നാം ലോകരാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ തലയിടുന്ന പാശ്ചാത്യ രാജ്യങ്ങൾ വിതയ്ക്കുന്ന ഓരോ യുദ്ധവിത്തും കോടിക്കണക്കിനു സാധാരണക്കാരുടെ ജീവിതവും സമാധാനവുമാണ് കളയുന്നത് എന്ന് നമുക്ക് കാണാൻ കഴിയും. തീവ്രവാദത്തെ സഹായിക്കുകയാണ് താൻ ജോലി ചെയ്യുന്ന കമ്പനി എന്നറിഞ്ഞിട്ടും സിറിയൻ പൗരനായ തനിക്ക് മറ്റൊരു ജോലിയും എവിടെയും ലഭിക്കില്ല എന്ന നിസ്സഹായതയോടെ അവിടെ തുടരാൻ വിധിക്കപ്പെട്ടവനാണ് അൽത്തെബ്.
വ്യക്തമായ പ്ലാനിങ്ങോടെ അനാഥരാക്കപ്പെടുന്ന പിഞ്ചു കുട്ടികൾക്ക് ഒരു കയ്യിൽ ഭക്ഷണപൊതിയും മറു കയ്യിൽ തീവ്രവാദം എന്ന വിഷവും വച്ചു കൊടുക്കുന്നത് എങ്ങനെയെന്ന് അൽത്തെബ് അമർഷത്തോടെ അറിയുന്നുണ്ട്. ഇതിനിടയിലെപ്പോഴോ ഒരു വിരോധാഭാസം പോലെ സന്തോഷങ്ങൾ മാത്രം കുത്തിക്കുറിക്കപ്പെട്ട ഒരു ഡയറി അൽത്തെബിൻ്റെ കയ്യിൽ വരുന്നു. നുണകളുടെ പുസ്തകം എന്ന് സങ്കടത്തോടെ അവിശ്വാസത്തോടെ അതിനെ വിശേഷിപ്പിക്കുന്ന അയാൾ അതിൻ്റെ മറുപുറത്ത് നിന്ന് തങ്ങളുടെ ദുരിതം നിറഞ്ഞ ജീവിതത്തെ യാ ഇലാഹി ടൈംസ് എന്ന് പേരിട്ടു കുറിച്ച് വയ്ക്കാൻ തുടങ്ങുന്നു.
നമ്മൾ കാണാത്ത, നമുക്ക് സങ്കൽപ്പിക്കാനാവാത്ത ദുരിതങ്ങൾ നിറഞ്ഞ അഭയാർത്ഥികളുടെ ജീവിതം നമുക്ക് മുൻപിൽ അനാവരണം ചെയ്യുകയാണ് യാ ഇലാഹി ടൈംസ്.
2018ലെ ഡി സി ബി പുരസ്‌കാരം ലഭിച്ച യാ ഇലാഹി ടൈംസ് അനിൽ ദേവസിയുടെ ആദ്യ നോവലാണ്.
PHOTO CREDIT : DC BOOKS
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂