‘മലർവാടി ആർട്സ് ക്ലബ്ബ്’ എന്ന ആദ്യചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് സംവിധായകനായി കടന്നു വന്ന് ‘തട്ടത്തിൻ മറയത്തി’ലൂടെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന കോൺസെപ്റ്റ് മലയാളിയെ ഓർമിപ്പിച്ച് ഒരു അടിമുടി പ്രണയസിനിമ സമ്മാനിച്ച വിനീത് ശ്രീനിവാസൻ ഒരു ഹിറ്റ് സിനിമ കൂടി നമുക്ക് തന്നിരിക്കുന്നു..ഹൃദയം.
ഒരു നല്ല ക്യാമ്പസ് സിനിമ, ഒരു പ്രണയകഥ പറയുന്ന സിനിമ എന്നതിലുപരി കൗമാരം മുതൽ തുടങ്ങി കുടുംബജീവിതത്തിൽ എത്തി നിൽക്കുന്ന ഒരു വ്യക്തിയുടെ വികാസത്തിൻ്റെയും സ്വഭാവ പരിണാമത്തിൻ്റെയും ഗതി വിവരിക്കാൻ ശ്രമിക്കുന്ന ഒരു ഫുൾ ടൈം എന്റർടയ്നർ ആണ് ‘ഹൃദയം’.
ആഴമേറിയ ജീവിതവീക്ഷണം എന്നതൊന്നും സിനിമയിൽ കടന്നു വരുന്നില്ല. എങ്കിൽതന്നെയും “ഉഴപ്പൻ എങ്കിലും നന്മയുള്ളവൻ” എന്ന നായകസങ്കല്പത്തിൽ നിന്ന് വ്യത്യസ്തമായി നായകനായ അരുണിനെ (പ്രണവ്) നന്മയുടെയും തിന്മയുടെയും ‘വഴിവിടലുകളു’ടെയും പാതകളിലൂടെ വിനീത് നടത്തിച്ചിട്ടുണ്ട്. എന്തുണ്ടായാലും ‘പതിവ്രത’യായി തുടരുന്ന നായികാ സങ്കല്പത്തിനും അപവാദമാണ് നായികയായ ദർശന(ദർശന രാജേന്ദ്രൻ)യും. കല്യാണി എപ്പോഴെത്തെയും പോലെ ക്യൂട്ട് എക്സ്പ്രെഷനുകളിലൂടെ സ്ക്രീൻ കയ്യടക്കിയിരിക്കുന്നു.
പ്രണവ് മുൻ സിനിമകളിൽ നിന്നും താരതമ്യേന മികച്ച അഭിനയം കാഴ്ച വച്ചിട്ടുണ്ട്. എങ്കിലും സിനിമയുടെ മികച്ച അഭിനേതാവ് ആരെന്നു ചോദിച്ചാൽ ദർശന രാജേന്ദ്രൻ എന്ന് തന്നെയാണ് ഉത്തരം.
ഇത്രയധികം പാട്ടുകൾക്ക് നവധാര സിനിമയിൽ പ്രസക്തിയുണ്ടോ എന്നു സിനിമ കാണുന്നതിന് മുൻപ് ചിന്തിച്ചിരുന്നു. പക്ഷേ പാട്ടുകൾ വരികയും പോകുകയും ചെയ്തു. അവ അത്രമേൽ കഥയോട് ഇഴുകിച്ചേരുകയും ചെയ്തിരുന്നു. സിനിമയുടെ ഹൃദ്യമായ ബാക്ക്ഗ്രൗണ്ട് സ്കോറും സംഗീതവും ചെയ്തിരിക്കുന്നത് ഹിഷാം അബ്ദുൽ വഹാബ് ആണ്.
അപൂർവം ചില സമയത്ത് മാത്രം അനുഭവപെടുന്ന ‘ലാഗ്’ ഒഴിച്ചാൽ നഷ്ടമായ കോളേജ് ജീവിതം ഉള്ളിൽ ഒരു പച്ചപ്പായി കൊണ്ട് നടക്കുന്ന എല്ലാവരെയും നൊസ്റ്റാൾജിയയുടെ കുന്നിൻ മുകളിൽ എത്തിക്കുകയും ചിരിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്യുന്ന ഒരു മികച്ച ഫീൽ ഗുഡ് മൂവിയായി ‘ഹൃദയ’ ത്തെ വിലയിരുത്താം..
PHOTO CREDIT : MERRYLAND CINEMAS
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂