കരിമേഘക്കെട്ടിനൊത്ത
മുടിയൊതുക്കി
കുസൃതിയൊളിപ്പിച്ച
മിഴികൾ പാതിയടച്ച്
ധ്യാനത്തിലെന്ന പോലിരുന്ന
ചിത്രേടത്തിക്ക് ചുറ്റും
ഇരുട്ടിനെ തല വഴി പുതച്ച്
അന്ന് ഞങ്ങൾ, കുട്ടികൾ
കഥ കേൾക്കാനിരുന്നു.
ഒരു തിരിവെട്ടം പോലും
വേണ്ടെന്ന് ഏടത്തി മന്ത്രിച്ചു.
ഇരുട്ടുപോലെ കറുത്ത ചിത്രേടത്തിയുടെ
സുന്ദരമായ കണങ്കാലുകളെ കെട്ടിപ്പിടിച്ച്
കിടന്ന വെള്ളിക്കൊലുസ്സുകൾ മാത്രം തിളങ്ങി,
കിലുങ്ങി, ഇരുട്ടിനെ പരിഹസിച്ചു ചിരിച്ചു.
കിനാവുകളിൽ കുതിർന്നു മധുരതരമായ
ഏടത്തിയുടെ താഴ്ന്ന സ്വരത്തിൻ്റെ
നൂലിൽ പിടിച്ച്
മാടനും മറുതയും
യക്ഷിയും
ഞങ്ങളെ തേടി വന്നു.
കിലുകിലെ വിറച്ചുകൊണ്ട് ഞങ്ങൾ
പരസ്പരം ഇറുകെപ്പിടിച്ചിരുന്നു.
കുലുങ്ങിചിരിച്ചുകൊണ്ട്
മുട്ടോളം മുടിയും മുറുക്കിച്ചുവന്ന
ചുണ്ടുകളുമുള്ള ഏതോ സുന്ദരിപ്പെണ്ണ്
ഞങ്ങളുടെ മുന്നിൽ ജ്വലിച്ചു നിന്നു.
എവിടെ നിന്നറിയാതെ ഉയരുന്ന
മധുര നാദത്തിനൊത്ത്
ചിലങ്കയണിഞ്ഞ അവളുടെ പാദങ്ങൾ
നിലം തൊടാതെ
നൃത്തം ചെയ്തുകൊണ്ടിരുന്നു.
ചുറ്റും വീശിയടിച്ച ചുഴലിയിൽ
ആടിയുലഞ്ഞ കരിമ്പനകളുടെ മർമരം
ഞങ്ങളിൽ നിറഞ്ഞു.
പാല പൂത്ത മദിപ്പിക്കുന്ന ഗന്ധത്തിൽ
തല പെരുത്തു ഞങ്ങൾ
സ്വയം മറന്നിരിക്കുമ്പോൾ
കണ്ണഞ്ചിപ്പിച്ചുകൊണ്ട്
വെളിച്ചത്തിൻ്റെ പുഴയൊഴുകി.
ബോധം മറയുന്നതിനു മുൻപേ,
പാറുന്ന കരിമേഘങ്ങൾക്കിടയിൽ
വാക്കുകകളില്ലാത്ത പാട്ടിനു ചുവടുവച്ച്
പ്രകാശധാരയുടെ തുഞ്ചത്തേക്ക്
ഉയർന്നു മറയുന്ന ചിത്രേടത്തിയെ
ഞങ്ങളൊരു നൊടി കണ്ടു.
പുലരിയെത്തുമ്പോൾ
ഓർമത്തെറ്റു പോലെ ഞങ്ങൾക്കരികിൽ
രണ്ട് വെള്ളിക്കൊലുസ്സുകളനാഥമായി കിടന്നു.
അങ്ങിങ് ചിതറിക്കിടന്നിരുന്ന
പാലപ്പൂക്കൾ പെറുക്കിക്കൊണ്ട്
ഞങ്ങൾ ചിത്രേടത്തിയെ തിരഞ്ഞുനടന്നു….
PHOTO CREDIT : ELEONORA
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂