അങ്ങനെ ഇന്ത്യയുടെ സ്വന്തം സൂപ്പർഹീറോ മിന്നൽ മുരളി ബേസിൽ ജോസഫിൻ്റെ സംവിധാനത്തിൽ മലയാളികളുടെ മനസ്സിലേക്ക്. വൻ ബഡ്ജറ്റ് ഹോളിവുഡ് സൂപ്പർഹീറോ സിനിമകളുമായി താരതമ്യം ചെയ്യാൻ ഒരുങ്ങുന്നവർ ഒരു മോളിവുഡ് സിനിമയുടെ ബഡ്ജറ്റ് പരിധികൾ ഓർക്കണമെന്ന് ആദ്യമേ പറയാം.
90കളുടെ മധ്യത്തിലാണ് കഥ നടക്കുന്നത് എന്ന സൂചനകളുണ്ട്. അമേരിക്കൻ ജീവിതത്തിൻ്റെ സ്വപ്‌നങ്ങൾ കാത്തു സൂക്ഷിക്കുന്ന ടൊവിനോയുടെ ജെയ്സൺ ഇടിമിന്നലിലൂടെ സൂപ്പർപവർ സ്വന്തമാക്കുമ്പോൾ സ്വന്തം നാടായ കുറുക്കൻമൂലയുടെ രക്ഷകനായി മാറുന്നു. അതേ ദിവസം മിന്നലേറ്റ ഷിബു (ഗുരു സോമസുന്ദരം) എന്ന സഹതാപാർഹനായി ആദ്യം തോന്നുന്ന കഥാപാത്രമാണ് ആന്റിഹീറോ.
രണ്ടുപേരും വ്യത്യസ്ത കാരണങ്ങൾ കൊണ്ടു സമൂഹത്തിൻ്റെ പരിഹാസങ്ങൾ ഏറ്റുവാങ്ങുന്നവർ തന്നെയാണ്. രണ്ട് പേരുടെയും ഫ്ലാഷ്ബാക്കുകൾ കഥാപാത്രനിർമിതിക്ക് ശക്തമായ അടിത്തറ നൽകുന്നുണ്ട്. അരുൺ അനിരുദ്ധനും ജസ്റ്റിൻ മാത്യുവും ചേർന്നൊരുക്കിയ സ്ക്രീൻപ്ലേ ചിത്രത്തിനോട് നീതി പുലർത്തുന്നുണ്ട്. നർമത്തിൻ്റെ സാന്നിധ്യമുള്ള കഥ സജീവമായി തന്നെ തുടർന്നു കൊണ്ടു പോകാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്.
ഒരു സൂപ്പർഹീറോയുടെ നിർമിതി റിയലിസ്റ്റികായ പശ്ചാത്തലത്തിൽ നിന്ന് അധികം വ്യതിചലിക്കാതെ തന്നെ തികച്ചും ‘ഒറിജിനൽ’ ആയ രീതിയിൽ ചെയ്യുന്നതിൽ സംവിധായകൻ ബേസിൽ ജോസഫ് വിജയിച്ചു. തൻ്റെ മുൻ ചിത്രങ്ങങ്ങളായ ഗോദ, കുഞ്ഞിരാമായണം എന്നിവയിലെന്ന പോലെ എന്നും ഓർമ്മയിൽ നിൽക്കുന്ന പുതുമയോടെ ഒരു ഗ്രാമപശ്ചാത്തലം ബേസിൽ, മിന്നൽ മുരളിയിലും സൃഷ്ടിച്ചിട്ടുണ്ട്.
രൂപം കൊണ്ടും അഭിനയം കൊണ്ടും ടൊവിനോ തോമസ് തൻ്റെ കഥാപാത്രത്തെ കയ്യടക്കത്തോടെ ഭംഗിയാക്കി. അതുപോലെ ഗുരു സോമസുന്ദരത്തിൻ്റെ കഥാപാത്രം ഷിബു, മലയാളത്തിലെ എന്നും ഓർമ്മിക്കപ്പെടുന്ന ആന്റിഹീറോ കഥാപാത്രമാവും എന്നുറപ്പാണ്!
PHOTO CREDIT : NETFLIX
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂