Affiliate Disclosure: Some of the links or advertisements below are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
ഒരിടത്ത് മരണവും ഒരിടത്ത് ജനനവും എന്ന തത്വചിന്താപരമായ ഒരു തീം ആയിരുന്നു നർമത്തിൻ്റെ ഇഴകൾ ചേർത്ത് ചിദംബരം എന്ന സംവിധായകന് ജാൻഎമൻ എന്ന തൻ്റെ കന്നി ചിത്രത്തിലൂടെ അവതരിപ്പിക്കാൻ ഉണ്ടായിരുന്നത്. എളുപ്പത്തിൽ പാളിപ്പോകാൻ എല്ലാ സാധ്യതയുമുണ്ടായിരുന്ന ഒരു വിഷയം. പക്ഷേ അമ്പരപ്പിക്കുന്ന സംതുലനം കൊണ്ടും കയ്യടക്കം കൊണ്ടും ചിദംബരം തനിക്ക് പ്രേക്ഷകരോട് പറയാനുള്ളത് പറഞ്ഞു. പ്രധാന താരനിരകൾ എന്ന് പറയാനുള്ളവർ ആരുമില്ലാത്തത് മലയാളസിനിമയുടെ വിജയത്തിനു ഒരു വിഘാതമേ അല്ല എന്ന് വീണ്ടും തെളിയിച്ചു. കാനഡയിലെ ഏകാന്തജീവിതം കൊണ്ടു ഡിപ്രെഷനിൽ ആയ ജോയ്മോൻ(ബേസിൽ ജോസഫ് ) തൻ്റെ പിറന്നാൾ ആഘോഷിക്കാൻ വേണ്ടി മാത്രം പഴയ സ്കൂൾ സഹപാഠികളുടെ ഇടയിലേക്ക് വരുന്നതോടെ (അവരെ വെറുപ്പിച്ചു കൊണ്ടു എന്ന് വേണം പറയാൻ) ആണ് നമ്മൾ ആരും പ്രതീക്ഷിക്കാത്ത വഴികളിലൂടെ ‘അന്തം വിട്ടു’ പോകുന്നു എന്ന് ആദ്യം തോന്നിപ്പിച്ച കഥ ആരംഭിക്കുന്നത്. ‘അന്തം വിട്ട് പോകുന്നു’ എന്നത് നമ്മുടെ വെറും തോന്നൽ ആയിരുന്നു എന്നും, കൃത്യമായ ലക്ഷ്യം തിരക്കഥക്കും സംവിധായകനും ഉണ്ടായിരുന്നു എന്നും സിനിമയുടെ ക്ലൈമാക്സിൽ മനസ്സിലാക്കുന്ന നമ്മൾ അറിയാതെ കയ്യടിച്ചു പോകുന്നു.
ശതകോടികളുടെ കണക്ക് പറയുന്ന സിനിമകളേക്കാൾ, പറയാനുള്ളത് കൃത്യമായി പ്രേക്ഷകനോട് സംവദിച്ച് ചിരിയിലൂടെ ചിന്തിപ്പിക്കുകയും ചിലപ്പോൾ കരയിപ്പിക്കുകയും ചെയ്യുന്ന ജാൻഎമൻ പോലെയുള്ള സിനിമകളിലൂടെയാണ് പുതുതലമുറ മലയാളസിനിമയുടെ ഗതിയെ നാം വിലയിരുത്തേണ്ടത്.