മെച്ചുകയിൽ ഇപ്പോൾ തണുപ്പാണ് ദേവാ. കിഴക്കൻ ഹിമാലയത്തിൻ്റെ സാമീപ്യം കൊണ്ടുള്ള കൊടും തണുപ്പ്.
നിന്നോട് യാത്ര പോലും പറയാതെ ഞാൻ ഏറെ ദൂരം പോന്നിരിക്കുന്നു                  (അതിനുള്ള സമയമോ സന്ദർഭമോ കിട്ടിയതേയില്ല). ഞാൻ ഇങ്ങു കിഴക്ക് എത്തി..
ഇന്ത്യയുടെ കിഴക്കേ അറ്റത്ത്.. അരുണാചൽ പ്രദേശിൽ. ഫോർബിഡൻ വാലിയായ മെച്ചുകയിലെ ചരംഗ് എന്ന ഗ്രാമത്തിൽ..
ഗുവാഹത്തിയിൽ നിന്ന് ബ്രഹ്മപുത്ര കടന്ന് ലേക്കബാരിയിലൂടെ അരുണാചലിലെത്തി. പിന്നെ സുമോയിലായിരുന്നു സിയാങ് നദിയെ പിന്തുടർന്നുള്ള യാത്ര. രണ്ട് ദിവസം കൊണ്ട് യർഗ്യാച്ചു നദിയുടെ താഴ്‌വാരത്തുള്ള മെച്ചുകയിൽ എത്തി.

ഒരിക്കൽ എത്തണമെന്നും മതിവരുവോളം താമസിക്കണമെന്നും ആഗ്രഹിച്ച സ്ഥലത്ത് എത്തിയപ്പോൾ എന്തൊരു വിരോധാഭാസം….
ഞാൻ വേരുകൾ നഷ്ടപ്പെട്ട ഉള്ള് പോടായ ഒരു പാഴ് വൃക്ഷം പോലെ ആയിരിക്കുന്നു…
സ്വപ്നമോ യാഥാർത്ഥ്യമോ എന്ന് സംശയിച്ചു പോകുന്നത്ര വ്യത്യസ്തമായ, മോഹിപ്പിക്കുന്ന ഭൂപ്രകൃതി കണ്ട് വിസ്മയിക്കുമ്പോഴും പ്രിയപ്പെട്ട കൊച്ചിയുടെ ചൂടും പുകയും നിറഞ്ഞ വഴികളിൽ നിന്നോടൊപ്പം അലയാൻ മനസ്സ് ആഗ്രഹിച്ചു.
അവിടെ അരിച്ചരിച്ചു നീങ്ങുന്ന വണ്ടികളുടെ നീണ്ട നിരകളെ സ്നേഹിച്ചു. കൊച്ചിയുടെ ഗതാഗതകുരുക്കുകളിൽ ഒഴിവു കണ്ടെത്തി പുളഞ്ഞു പായുന്ന നിൻ്റെ എൻഫീൽഡിൻ്റെ വേഗങ്ങളെ ഓർത്തു..
നമ്മുടെ രാത്രികളെ ഓർമ്മിച്ചു. സ്വർഗ്ഗവും നരകവും ഒരുമിച്ചനുഭവിച്ച ദിവസങ്ങളെ ഓർത്തു.
അതിതീവ്രമായ ഉൽക്കടമായ മറ്റൊന്നും ജീവിതത്തിൽ ഇന്നേവരെ ഞാൻ അനുഭവിച്ചിട്ടില്ല.

ഇവിടെ ഷെൽഫിൽ മാനവിൻ്റെ റഫറൻസ് ബുക്കുകൾ ഒരുപാടുണ്ട്. ചിലതെടുത്ത് വായിച്ച് ഞാൻ നമ്മുടെ ബന്ധത്തെ നിർവചിക്കാൻ ശ്രമിക്കുക പോലും ചെയ്തു. മനശ്ശാസ്ത്രപരമായി അപഗ്രഥിക്കാനും. ഒരു ഗവേഷണവിദ്യാർത്ഥിനിക്ക് ആകർഷക വ്യക്തിത്വമുള്ള തൻ്റെ ഗൈഡിനോട്‌ തോന്നിയ അപക്വമായ ഒരു വീരാരാധന ആയിരുന്നു തുടക്കത്തിലെനിക്കെന്ന് ഞാൻ കണ്ടെത്തുകയും ചെയ്തു. അതിന് ശേഷം വെറും ഒരു ഡോപമൈൻ ഹോർമോൺ പ്രവർത്തനമായി നിന്നോടുള്ള സ്നേഹത്തെ അവമതിക്കാൻ ശ്രമിച്ചു.
കഴിഞ്ഞ മൂന്നു വർഷത്തെ അടുപ്പത്തിനിടയിൽ ഞാൻ കണ്ടറിഞ്ഞ നിൻ്റെ ദോഷവശങ്ങളെ കൂടുതൽ ഓർക്കാൻ ശ്രമിച്ചു.
നിന്നിലെവിടെയോ അറയ്ക്കുന്ന ആൺകോയ്മയുടെ ദുർമുഖമുണ്ടെന്നു വരുത്താൻ ശ്രമിച്ചു. എപ്പോഴൊക്കെയോ നീ കാണിച്ച സ്വാർത്ഥതയുടെ നിമിഷങ്ങൾ.. നമ്മൾ സമൂഹത്തിന് മുന്നിൽ അനാവൃതരാകുമെന്നോർത്തുള്ള നിൻ്റെ ഭയത്തിൻ്റെ കണികകൾ.. അതെല്ലാം ഓർത്തെടുത്ത് വെറുപ്പിനെ വളർത്താൻ ശ്രമിച്ചു.

എല്ലാ ശ്രമങ്ങൾക്കുമൊടുവിൽ ഒന്നിനും കഴിയാതെ, ഒരിക്കലുമുണങ്ങാത്ത ഒരു വ്രണം പോലെ, നീ എൻ്റെ ഉള്ളിൽ നീറിക്കൊണ്ടിരിക്കുന്നു. അതിൻ്റെ പഴുപ്പും ചുവപ്പും പടർന്നുകയറിക്കൊണ്ടേയിരിക്കുന്നു.

ഞാനില്ലാത്ത ജീവിതത്തോട് നീ പൊരുത്തപ്പെട്ടു കാണുമോ എന്ന്‌ സങ്കടത്തോടെ ആലോചിക്കാറുണ്ട്. അങ്ങനെയല്ലേ വേണ്ടതെന്ന് പിന്നെ സ്വയം തിരുത്തും. പക്ഷേ, മറ്റേതെങ്കിലും പെൺകുട്ടിയിലേക്ക് മനസ്സുകൊണ്ടും ശരീരം കൊണ്ടും നീ ചെന്നിട്ടുണ്ടാകുമെന്ന ചിന്ത വരുമ്പോൾ മുള്ളു കൊണ്ടാൽ എന്ന പോലെ ഞാൻ ഞെട്ടി വേദനിക്കുന്നുണ്ട്..

മാനവ് എത്രത്തോളം കാര്യങ്ങൾ അറിഞ്ഞിട്ടുണ്ട് എന്ന് അറിയില്ല. സൈക്കോളജിസ്റ്റ് ആയ മാനവ് എന്നിലെ മാറ്റങ്ങൾ അറിഞ്ഞിട്ടുണ്ട് എന്നുറപ്പ്. വാക്കുകൾക്ക് കഴിയാത്തതെല്ലാം എൻ്റെ ശരീരം മാനവിനു ബോധ്യപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. കിടുകിടുപ്പിക്കുന്ന തണുപ്പുള്ള രാത്രികളിൽ ഒരേ പുതപ്പിനുള്ളിൽ കിടന്നു കൊണ്ട്, മാനവിൻ്റെ പ്രണയം തിരിച്ചു കൊടുക്കാൻ കഴിയാതെ, വരണ്ട ശരീരത്തോടെ, വികാരമറ്റ കൈകളോടെ ഞാൻ വെറുതെ അവനെ പുണർന്നു കിടക്കുന്നു.

“കിലുകിലാ സംസാരിക്കുന്ന പഴയ നീ എവിടെപ്പോയി?” ആദ്യദിവസങ്ങളിൽ ഒരു തവണ മാത്രം മാനവ് ചോദിച്ചു.
ഇപ്പോൾ മിണ്ടാതെ എത്ര നേരമിരുന്നാലും ഒന്നും പറയാറില്ല..

ഇവിടങ്ങളിൽ റേഞ്ച് ഇല്ലാത്തത് കൊണ്ട് മൊബൈൽ ഫോൺ ഒരു പാഴ്‌വസ്തുവായി മുറിയുടെ മൂലയിൽ കിടക്കുകയാണ്. ഇന്റർനെറ്റ് ഇല്ലേയില്ല. ഒരു പബ്ലിക് ടെലിഫോൺ ബൂത്ത്‌ ഉള്ളത് മണിക്കൂറുകൾ നടന്നാൽ എത്തുന്ന ഏതോ ദിക്കിലാണെന്ന് പറയുന്നു.
പൊതുവാഹനങ്ങൾ ഇല്ല. ഉള്ളത് മാനവിൻ്റെ വണ്ടിയാണ്. എറ്റവും അടുത്ത വലിയ ടൗണായ അലോയിലേക്ക് പോകുന്നതും വരുന്നതും അതിലാണ്. രണ്ട് ആഴ്ചയിൽ ഒരിക്കലേ പോകൂ. താമസിക്കാനുള്ള പെർമിറ്റ്‌ പുതുക്കേണ്ടിവരും ഇടയ്ക്ക്. മൂന്നര മണിക്കൂർ യാത്ര ചെയ്യേണ്ടത്ര ദൂരം ഉണ്ട് അങ്ങോട്ടേക്ക്.
“അലോയിലേക്ക് ഞാനും കൂടെ വരട്ടെ?”
ഒരു ദിവസം ഞാൻ ചോദിച്ചു. അവിടെ ഫോണിനു റേഞ്ച് ഉണ്ടാകുമല്ലോ നിന്നെ ഒന്നു വിളിക്കാമല്ലോ എന്നൊക്കെ വിചാരിച്ചു.
“പിന്നെ കൊണ്ട് പോകാം..” മറുപടി കിട്ടി.
എൻ്റെ മുഖത്തു നോക്കാതെ പറഞ്ഞ ആ മറുപടിക്ക് ശേഷമാണ് ഞാൻ മാനവിനെ ശ്രദ്ധിക്കാൻ തുടങ്ങിയത്. എന്തോ എവിടെയോ മാനവ് അറിഞ്ഞിട്ടുണ്ട് എന്ന തോന്നൽ ബലപ്പെട്ടതും.
ഞാനും വരുന്നു എന്ന് അധികാരത്തോടെ പറയാൻ, മടിയിൽ കനമുള്ളതുകൊണ്ട് സാധിച്ചുമില്ല.

പിന്നീട് ഒരിക്കൽ അലോയിലേക്ക് കൊണ്ട് പോയെങ്കിലും മാനവ് അടുത്തില്ലാത്ത ഒരവസ്ഥ ഇല്ലായിരുന്നു. ആ സമയം വീട്ടുകാരെ വിളിക്കാൻ മാത്രം ഉപകരിച്ചു.

കോവിഡ് കൂടിയായതോടെ പുറംലോകവുമായി ഉള്ള സകല ബന്ധവും തീർന്നിരിക്കുന്നു. സിനിമകളിൽ നാം കാണാറുള്ള ഒരു സമാന്തരലോകത്തിൽ അകപ്പെട്ടത് പോലെ. പേരും യോജിച്ചത്. വിലക്കപ്പെട്ട താഴ്വര!

ശൈത്യകാലത്ത് നാലുമണിയാകുമ്പോഴേക്കും ഇവിടങ്ങളിൽ സൂര്യൻ അസ്തമിക്കുന്നു.. നീളം കുറഞ്ഞ പകലുകൾ…
മാർക്കോസിൻ്റെ മക്കോണ്ട പോലെ മറവിയിലാണ്ട ഒറ്റപ്പെട്ട ഒരു ഗ്രാമം ആണ് ചരംഗ്.. ടൂറിസ്റ്റുകളുടെ കാൽവെപ്പുകൾ മലിനപ്പെടുത്താത്ത ഒരിടം. മേഘങ്ങൾ ഭൂമിയെ തൊടാൻ വേണ്ടി ഇറങ്ങിനിൽക്കുകയാണെന്ന് തോന്നും.

അടുത്തെവിടെയോ ഒരു ബുദ്ധിസ്റ്റ് മൊണാസ്റ്ററി ഉണ്ടെന്ന് മാനവ് പറഞ്ഞു. പണ്ട് ലാമ സന്ദർശിച്ച സ്ഥലം.
ഞാൻ അന്ന് വരച്ച നമ്മുടെ പെയ്ന്റിംഗ് പോലെ നിറങ്ങളുടെ ആഘോഷമാണ് ഇവിടെ എല്ലായിടത്തും. ഒരുപാട് നിറങ്ങൾ. നിറങ്ങൾക്ക് എന്ത് നിറമാണെന്നോ!
എല്ലാറ്റിനുമുപരി കിഴക്കൻ ഹിമാലയം.
പൈൻ മരങ്ങൾ കൊണ്ടുള്ള ചുരുക്കം ചില വീടുകൾ. ഗ്രാമവാസികളായ മെംബകൾ ചിലപ്പോൾ നടന്നു പോകുന്നത് കാണാം. കൃഷിക്കാരാണ്. സൗമ്യമായി ചിരിക്കും. ചിലപ്പോൾ ഞാൻ അവരോട് സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ട്. മെംബകൾക്ക് അവരുടെ തനത് ഭാഷ ഉണ്ട്.. ഇംഗ്ലീഷ് വളരെ കുറച്ച് പേർക്ക് അറിയാം. റാമോ, ബൊകാർ ലിബ എന്നൊക്കെ പറയുന്ന ഗോത്രവർഗങ്ങളും മെച്ചുകയിലുണ്ടെന്ന് മാനവ് പറഞ്ഞു. പക്ഷേ ഞാൻ ഇതുവരെ കണ്ടിട്ടില്ല.

വീടിനു പുറത്തിറങ്ങി തിളങ്ങുന്ന ചരൽകല്ലുകളുള്ള നദീതീരത്തേക്ക് നോക്കി പകലുകൾ മുഴുവൻ ഞാൻ വെറുതെയിരിക്കും.
അങ്ങനെ നിൽകുമ്പോൾ മറവിയുടെ ഒരല വന്ന് എന്നെ മൂടുന്നത് പോലെയും നിൻ്റെ മുഖവും രൂപവും എൻ്റെ ഓർമ്മയ്ക്ക് പിടിതരാതെ പോകുന്നത് പോലെയും ഞാൻ സങ്കല്പിക്കും.അതിനുമുൻപ് നിൻ്റെ ചിത്രം ഞാൻ വരയ്ക്കാൻ തുടങ്ങുന്നുണ്ട്…

നാം രണ്ടുമാണ് ഇവിടെ താമസിക്കേണ്ടിയിരുന്നത് ദേവാ.. നമ്മുടെ ലോകത്തിൽ നിന്ന് അകന്ന് ..
സമൂഹത്തിൻ്റെ ചൂണ്ടുവിരലുകൾക്ക് എത്താൻ കഴിയാത്ത ദൂരത്തിൽ….

ജീവനോടെ കുഴിച്ചു മൂടപെട്ടത് പോലെ തോന്നുന്നു. ലേബലില്ലാത്ത അസ്വാതന്ത്ര്യം എന്നെ വീർപ്പുമുട്ടിക്കുന്നു. അദൃശ്യമായ ഒരു ചങ്ങലയുടെ കിലുക്കം കേൾക്കുന്നത് പോലെ. ഇറങ്ങി എങ്ങോട്ടെന്നില്ലാതെ പോയാലോ എന്നാലോചിക്കും.

പക്ഷേ ഈ വിലക്കപ്പെട്ട താഴ്വരയിൽ നിന്ന് ഒരു മോചനമില്ലെന്ന് എൻ്റെ മനസ്സ് പറയുന്നു. മാനവിൻ്റെ ഗവേഷണം കഴിഞ്ഞാലും ഞാൻ ഇനി പുറംലോകം കാണില്ലെന്നും..

അലോയിലേക്ക് പോകുന്ന ഒരു ഗ്രാമീണനെ ഞാൻ ഒരുപാട് പരിശ്രമങ്ങൾക്ക് ശേഷം കണ്ടുപിടിച്ചിട്ടുണ്ട്. മേശവലിപ്പിൽ കിടന്ന ഒരു പോസ്റ്റൽ സ്റ്റാമ്പും. അയാളുടെ കയ്യിൽ പോസ്റ്റ്‌ ചെയ്യാനായി ഞാൻ ഈ കത്ത് കൊടുത്തു വിടുന്നു.
മറുപടി അയക്കണ്ട. മാനവിൻ്റെ കയ്യിലേ എത്തുകയുള്ളൂ.
ദൂരത്താകുമ്പോൾ മനസ്സകന്നു പോകും എന്ന് പറയുന്നത് എന്ത് വിഡ്ഢിത്തമാണ്.. ഞാൻ ഓർമ്മിച്ചുകൊണ്ടേയിരിക്കുന്നു.. ഓർമ്മകൾ ഉള്ളിടത്തോളം….

സ്മൃതി,
നിൻ്റെ പ്രിയപ്പെട്ട നഗരത്തിന്, നമ്മുടെ കൊച്ചിക്ക് ആദ്യമായി തിരക്കൊഴിഞ്ഞിരിക്കുന്നു. ഇപ്പോൾ വൈറ്റിലയിൽ ട്രാഫിക് ബ്ലോക്കുണ്ടാവാറില്ല. നിരങ്ങി നീങ്ങുന്ന വാഹനങ്ങളുടെ നീണ്ട നിര ഇല്ല..
നമ്മൾ ഒന്നിച്ചു അലഞ്ഞു തിരിഞ്ഞ നഗരത്തിനു നീ ഇന്ന് വരെ കാണാത്ത മുഖം..

ഒരു കുറ്റസമ്മതം നടത്താതെ ഈ കത്ത് പൂർണമാവില്ല. നീ പോയപ്പോഴാണ് നമ്മുടെ ബന്ധത്തെക്കുറിച്ചും നിന്നോടുള്ള സ്നേഹത്തെക്കുറിച്ചും ഞാൻ ആലോചിക്കാൻ തുടങ്ങിയത്…. അതുവരെ സന്തോഷിക്കാൻ അല്ലാതെ ചിന്തിക്കാൻ ഞാൻ സമയം കണ്ടെത്തിയതേ ഇല്ല..

ശാരീരിക ആകർഷണം തന്നെയാണ് നിന്നിലേക്ക് എന്നെ അടുപ്പിച്ചത് എന്ന് ഇപ്പോഴെങ്കിലും ഞാൻ പറയട്ടെ. നിൻ്റെ നിഷ്കളങ്കമായ മനസ്സ് സങ്കല്പിച്ചത് പോലെ അത്യപൂർവമായ ഒരു ബന്ധം എന്ന നിലയ്ക്കല്ല..
ഒരു സ്ത്രീയെക്കൂടി ആകർഷിക്കാൻ കഴിഞ്ഞ എൻ്റെ അഹന്തയിൽ ഏതൊരു സ്വാർത്ഥിയായ പുരുഷനെയും പോലെ ഞാൻ രഹസ്യമായി അഭിമാനം കൊള്ളുന്നുണ്ടായിരുന്നു.

ആകർഷണവും ഇഷ്ടവും ഉൽക്കടമായ പ്രണയമായി വളർന്നെന്ന്, പിഴുതെറിയാൻ വയ്യാത്ത വിധം എന്നിൽ ഒരു വന്മരമായി വേരുകളാഴ്ത്തിയെന്ന് തിരിച്ചറിഞ്ഞത് നീ ഇവിടെ നിന്നിറങ്ങിയ നിമിഷം മുതലാണ്.
ഈ കഴിഞ്ഞ മൂന്നുവർഷം ഒളിഞ്ഞും തെളിഞ്ഞും നിന്നോടൊപ്പം താമസിച്ചിട്ടും നിൻ്റെ അഭാവം എന്നെ ഇത്രയും തളർത്തുമെന്ന് ഞാൻ അറിഞ്ഞതേയില്ല

സന്തോഷത്തിൻ്റെ ആകെത്തുകയായി യൂണിവേഴ്സിറ്റിയിൽ ഗവേഷണത്തിനു ചേർന്ന നീ, ഇവിടെ നിന്ന് ഇറങ്ങിപ്പോയത് നെഞ്ചു പൊള്ളിക്കുന്ന വിധത്തിൽ കരഞ്ഞുകൊണ്ടാണ്.
നിന്നെ ആശ്വസിപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല. എങ്ങനെ ഇനി ഞാൻ മാനവിനോട് സന്തോഷത്തോടെ പെരുമാറും എന്ന് നീ ചോദിച്ചപ്പോൾ ഒരു വിഡ്ഢിയെപ്പോലെ പുറത്തേക്ക് നോക്കി ഞാൻ മിണ്ടാതിരുന്നു.
എല്ലാ ശരാശരി പുരുഷനുമുണ്ടാകാറുള്ള വിഡ്ഢിത്തം നിറഞ്ഞ ആത്‌മവിശ്വാസത്തോടെ എല്ലാം ശരിയാകും എന്ന് പോലും ഞാൻ പറഞ്ഞു.

എന്താണ് ശരിയായത്!
ഒന്നുമില്ല.
അകക്കാമ്പ് വറ്റിയത് പോലെ ഞാൻ പൊള്ളയായിരിക്കുന്നു.

വിവാഹിതയായ നിന്നെ സ്നേഹിച്ച് താളം തെറ്റിച്ചു. എന്നിട്ട് സമൂഹത്തെ ഭയന്ന്, നമുക്ക് ഒന്നിച്ചു ജീവിച്ചാലോ എന്ന ഒരു ഓപ്ഷൻ പോലും മുന്നോട്ട് വക്കാതെ നിന്നെ വേദനയിലേക്കും അനിശ്ചിതത്വത്തിലേക്കും ഇറക്കി വിട്ടിരിക്കുന്നു.
സമൂഹത്തോടുള്ള ഭയമെന്ന വികാരം എത്ര ഭീകരമായാണ് ഒരാളെ മാനിപുലേറ്റ് ചെയ്യുന്നത് എന്നോർക്കുകയാണ് ഞാൻ. ധീരൻ എന്നും റെബെൽ എന്നും സ്വയം വിശേഷിപ്പിച്ചിരുന്ന ഞാൻ അന്ത:സ്സാര ശൂന്യനായി നിസ്സഹായനായി വിലക്കുകളെ മാനിച്ചു ജീവിക്കുന്നു.

നീ ഇല്ലാത്ത നഗരത്തിൽ നീ ഒഴിച്ചിട്ട ഓരോ ഇടങ്ങളിലും ബാക്കി വച്ച ഓർമ്മകൾ പെറുക്കിക്കൂട്ടുകയാണ് ഞാൻ. വിധി ഒരിക്കൽ കൂടി അവസരം തരികയാണെങ്കിൽ മുട്ടിൽനിന്ന്, നിൻ്റെ ജീവിതത്തിലേക്ക് വരട്ടെ എന്നനുവാദം ചോദിക്കാൻ കാത്തിരിക്കുകയും.

ചോദ്യങ്ങളും മുൻധാരണകളും വിധികല്പിക്കലും കൊണ്ട് ശ്വാസം മുട്ടിക്കുന്ന ഈ സമൂഹത്തിനു വിലക്കു കല്പിച്ച മനോഹരമായ ഏതോ താഴ്വരയിൽ നിന്നോടൊപ്പം താമസിക്കുന്നതായി ഞാൻ സ്വപ്നം കണ്ടു ഒരു രാത്രിയിൽ.

മുറിയുടെ ചുവരിൽ തൂങ്ങുന്ന നമ്മുടെ പെയിന്റിങ്ങിനു നീ എന്ത് മാത്രം നിറങ്ങളാണ് കൊടുത്തത് എന്നിപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത്. നിൻ്റെ സ്നേഹത്തിൻ്റെ നിറഭേദങ്ങൾ.. ഓർമ്മകളുടെ നിറങ്ങൾ….
പൂത്തു തളിർത്ത കാടുകൾക്ക് തീ പിടിക്കുന്നത് പോലെ പുകഞ്ഞെരിഞ്ഞ് ഓർമ്മകൾ അങ്ങനെ നീറിപ്പിടിക്കുകയാണ്.

ഡിയർ ജയദേവ്
നിങ്ങളുടെ കീഴിൽ ഗവേഷണ വിദ്യാർത്ഥിനി ആയിരുന്ന സ്മൃതിയുടെ ഭർത്താവ് മാനവ് ആണ് ഞാൻ. ജപ്പാനിലെ ടോയ്‌മ യൂണിവേഴ്സിറ്റിയിൽ നിന്ന് ക്ലിനിക്കൽ സൈക്കോളജിയിൽ മാസ്റ്റേഴ്സ് എടുത്ത് ഇവിടെ അരുണാചൽപ്രദേശിൽ പസിഘട്ടിലെ യൂണിവേഴ്സിറ്റിയിൽ മൂന്ന് വർഷമായി എത്‌നിക് സൈക്കോളജിയിൽ റിസർച്ച് ചെയ്യുന്നു. ടോയമയിൽ നിന്ന് ഞാൻ വരുമ്പോൾ, യൂണിവേഴ്സിറ്റിയിലെ ഞാനും കൂടി അംഗമായിരുന്ന ഗവേഷണവിഭാഗം PTSD (പോസ്റ്റ്‌ ട്രുമാറ്റിക് സ്ട്രെസ് ഡിസോർഡർ) ഉള്ളവർക്ക് വേണ്ടി നടത്തുന്ന ഒരു ചികിത്സയുടെ ബ്രേക്ക്‌ ത്രൂവിൽ ആയിരുന്നു. കൊടിയ ദുരന്തങ്ങളുടെയും വേദനിപ്പിക്കുന്ന ഭൂതകാലത്തിൻ്റെയും ഓർമ്മ കൾ കൊണ്ട് സാധാരണ ജീവിതം സാധ്യമല്ലാതെ ആകുന്ന ആളുകൾക്കുള്ള എറ്റവും പുതിയ ചികിത്സാരീതി ആയിരുന്നു ലക്ഷ്യം. എലികളുടെ ചില ന്യൂറോണുകളിൽ നടത്തിയ ഒരു പരീക്ഷണത്തിലൂടെ യൂണിവേഴ്സിറ്റി വിജയം ഉറപ്പിച്ചു. ഞാൻ ഇന്ത്യയിലെത്തിയതിനു ശേഷം ഗവേഷണം കുറേക്കൂടി മുന്നോട്ട് പോയി, മനുഷ്യരിലും പരീക്ഷണം വിജയിപ്പിച്ചു.

ഓർമ്മകൾ.. ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നത് തന്നെ അയാളുടെ ഓർമ്മകൾ ആണ് അല്ലേ, ജയദേവ്? മാനവ് എന്ന ഞാൻ മൂവാറ്റുപുഴ സ്വദേശി ശങ്കരൻ എന്ന മനുഷ്യൻ്റെയും ശാരദ എന്ന അയാളുടെ ഭാര്യയുടെയും മകനാണ് എന്ന ഓർമ്മയാണ്  എൻ്റെ ഐഡന്റിറ്റി. ആ ഓർമ്മ ഇല്ലെങ്കിൽ എൻ്റെ വ്യക്തിത്വം വേറൊന്നായി തീരുന്നു.
ഓർമ്മകളാണ് നമ്മെ നാം ആക്കുന്നത്. പക്ഷേ ചിലപ്പോൾ ഓർമ്മകൾ വില്ലൻ്റെ വേഷമണിയും. പുറമേക്ക് ഒന്നും കാണിക്കാതെ ഉള്ളിലിരുന്നു നമ്മളെ കാർന്നു നശിപ്പിച്ചു കളയും. വെട്ടുകിളികളെപ്പോലെ പറന്നു വന്നു നിറഞ്ഞു നമ്മുടെ കതിരുകളെ വെറും ഒരോർമ്മ മാത്രമാക്കും.
ജയദേവിന് അറിയാമോ? സ്മൃതി എന്ന എൻ്റെ ഭാര്യ സദാ സന്തോഷിച്ചു നടന്ന ഒരു കുട്ടിയായിരുന്നു. ഞാൻ ഇവിടെ ചരംഗിലേക്ക്‌ തിരിക്കുന്നതിനു മുൻപ്. ഇവിടെ ഞങ്ങൾ താമസിക്കുന്ന വീടിനു മുൻപിലൂടെ ഒഴുകുന്ന യർഗ്യാച്ചു നദി പോലെ തെളിഞ്ഞ മനസ്സുള്ളവൾ. സുന്ദരമായ ഒരു ബാല്യത്തിൻ്റെയും കൗമാരത്തിൻ്റെയും ഓർമ്മകൾ അവളെ വാർത്തും വളർത്തിയുമെടുത്തത് സന്തോഷം നിറഞ്ഞ ഒരു യുവതിയായിട്ടാണ്.
എൻ്റെ കാര്യമാണെങ്കിൽ നേരെ വിപരീതം.. ബാല്യവും കൗമാരവും എന്നെ സംബന്ധിച്ച് ദുരിതം നിറഞ്ഞ ഓർമകളുടെ കാലമാണ്. എൻ്റെ ജീവിതത്തിലെ എറ്റവും നല്ല ഓർമ്മകൾ സ്മൃതിയെ ചുറ്റിപ്പറ്റിയാണ്.

എൻ്റെ ഇവിടുത്തെ ഗവേഷണം തീരുന്നതിനു മുൻപ് ഞങ്ങളുടെ ഓർമ്മയിൽ എന്നും തിളങ്ങി നിൽക്കുന്ന ഒരു വെക്കേഷൻ അവൾക്ക് സമ്മാനിക്കാം എന്ന് കരുതി മെച്ചുകയിൽ, ഈ വിലക്കപ്പെട്ട താഴ്വരയിൽ വീട് എടുത്ത എനിക്ക് പക്ഷേ തെറ്റി. എന്നോടൊപ്പം ഇവിടേക്ക് എത്തിയ സ്മൃതിയുടെ പ്രകാശം കെട്ടുപോയിരുന്നു. പേരറിയാത്ത നിറങ്ങളുള്ള സ്വപ്‌നങ്ങളുടെ നൂലുകൾ കൊണ്ട്, ആകാശം ഭൂമിയിൽ നെയ്തെടുത്ത ചിത്രം പോലെയുള്ള ഈ സ്ഥലത്തിൻ്റെ സൗന്ദര്യം പോലും അവളെ ആകർഷിച്ചില്ല. പണ്ടായിരുന്നെങ്കിൽ അവൾ ഇവിടുത്തെ ഓരോ കാഴ്ചയെയും എത്രയെത്ര പെയിന്റിംഗുകളാക്കിയേനെ !
ഏതോ അസുഖകരമായ ഓർമ്മകളാണ് വില്ലന്മാർ എന്ന് അധികം താമസിയാതെ തന്നെ എനിക്ക് മനസ്സിലായി. ആ ഓർമ്മകൾ പതിയിരിക്കുന്ന ന്യൂറോണുകൾ അവളെ ഒരു ശവപ്പറമ്പായി മാറ്റിയിരുന്നു.
ഞാൻ സ്മൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങി. അധികം കഷ്ടപ്പെടാതെ തന്നെ താങ്കളുടെ യൂണിവേഴ്സിറ്റിയിൽ അവൾ ഗവേഷണത്തിൽ ഏർപ്പെട്ടിരുന്ന കാലത്തെ ഓർമ്മകളാണ് പ്രശ്നക്കാർ എന്ന് മനസ്സിലായി.
വില്ലന്മാർ എന്നും ഒഴിവാക്കപ്പെടേണ്ടവർ ആണല്ലോ. കഥകളിലും സിനിമകളിലും പോലെ അല്ലായിരുന്നു ഇവിടെ വില്ലനെ ജയിക്കേണ്ടത്. അവർ അറിയാതെ അവരെ നമ്മൾ തിരിച്ചറിയുന്നു. അതീവ ലോലമായി ഒരു അണു അനക്കത്തിൻ്റെ ശബ്ദം പോലുമില്ലാതെ അവരെ മാത്രം പിഴുതെടുത്ത് എന്നേക്കുമായി ഇരുട്ടിലാഴ്ത്തുന്നു.
ഒരു പ്രകാശത്തിനും തിരിച്ചു കൊണ്ടുവരാൻ ആകാത്തത്ര ഇരുട്ടിൽ.
ഒപ്ടോജനെറ്റിക്സിൻ്റെ എറ്റവും പുതിയ ഡെവലപ്മെന്റ് മനുഷ്യരിൽ പരീക്ഷിക്കാൻ എനിക്കൊരു അവസരവുമായി.. അവൾ അറിയാതെയാണ് ഇതവളിൽ പരീക്ഷിക്കുന്നത് എന്ന എത്തിക്സ് പ്രശ്നം ഉണ്ടായിരുന്നു. പക്ഷേ സ്വന്തം കാര്യമാണ് എറ്റവും വലിയ കാര്യം എന്ന അടിസ്ഥാന തത്വത്തിലാണ് ഞാൻ എപ്പോഴും വിശ്വസിക്കുന്നത്.
വില്ലൻ ഓർമ്മകളുടെ ഉത്തരവാദിയായ എൻഗ്രാമുമായി ബന്ധപ്പെട്ട ന്യൂറോണുകൾ കണ്ടെത്തി. അതായിരുന്നു ആദ്യ കടമ്പ. പിന്നെ അവയിലേക്ക് ലൈറ്റ് സെൻസിറ്റീവ് ഓപ്സിനുകൾ ഇൻസേർട് ചെയ്ത്.. അതിലേക്ക് ഫൈബർ ഒപ്റ്റിക്സിൻ്റെ സാങ്കേതികത ഉപയോഗിച്ച് ഓർമ്മകളുടെ വേരുകളെ പിഴുതെടുത്തു. മൂന്നോ നാലോ പസിഘട്ട് യാത്രകൾ. അതേ വേണ്ടി വന്നുള്ളൂ…. ശ്രമകരമായ ഒരു നീണ്ടപരീക്ഷണം വിജയകരമായി അവസാനിച്ചു.
സ്മൃതി ഇപ്പോൾ അവളുടെ പഴയ ഊർജസ്വലതയിലേക്ക് എത്തിക്കഴിഞ്ഞു.
പസിഘട്ടിലേക്ക് ഞങ്ങൾ പോകുന്നതിനു മുൻപ് അവൾ വരക്കാൻ തുടങ്ങിയ ഏതോ പോർട്രൈറ്റ്ൻ്റെ കണ്ണുകളിലേക്ക് തികഞ്ഞ അപരിചിതത്വത്തോടെ അവൾ നോക്കുന്നത് കണ്ടിട്ടാണ് ഞാൻ ഇന്ന് അലോയിലേക്ക് പോകുന്നത്.

ഞങ്ങൾ ഇന്നലെ സന്ദർശിച്ച സാംറ്റൻ യോംഗ്ച്ച മൊണാസ്റ്ററിയുടെ പശ്ചാത്തലത്തിൽ കണ്ട ഒരു കുഞ്ഞിൻ്റെ ചിത്രമാണത്രേ ഇനി വരയ്ക്കാൻ പോകുന്നത്.

ഞാൻ മുൻപ് പറഞ്ഞത് പോലെ.. ഓർമ്മകളിലാണ് നമ്മുടെ ഒക്കെ ജീവിതം.. ഓർമ്മകളാണ് എന്നെ ഞാനാക്കുന്നത്.. താങ്കളെ താങ്കൾ ആക്കുന്നത്.. എൻ്റെ സ്മൃതിയെ അവൾ ആക്കുന്നത്…

എന്നും നല്ല ഓർമ്മകൾ കൂട്ടിനുണ്ടായിരിക്കട്ടെ….


PHOTO CREDIT : JAYESH JOSHI
Bookmark (0)
ClosePlease loginn

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

1 comment

Leave a Reply

You May Also Like
Read More

വെളിച്ചം ഇരുട്ടിനോട്

വെളിച്ചത്തിൽ നമ്മൾ അന്യരാവുന്നു, ശത്രുക്കളും. വെളിച്ചത്തിൽ ഞാൻ വലുതും നീ ചെറുതുമായി കാണപ്പെടുന്നു. ഞാൻ ആര്യനും നീ അനാര്യനും ഞാൻ ജൂതനും നീ അറബിയും…
Read More

ആ അവ്യക്ത ചിത്രം

മടിച്ചു നിൽക്കാതെ മുഖം ചുളിക്കാതെ ഉഷാറായി എന്നും യാത്രചെയ്യാൻ ഇഷ്ടം ട്രെയിനിൽ തന്നെയാണ്. കുടുംബപരമായിട്ടു ആ ഇഷ്ടം പിന്തുടർന്ന് പോകുകയാണെന്ന് വേണമെങ്കിൽ പറയാം! ട്രെയിനിൽ…
Read More

ഏകാന്തതയുടെ രാജകുമാരി

അങ്ങകലെ നീ എന്തുചെയ്യുന്നു എന്നെനിക്കറിയില്ല. മൂടൽമഞ്ഞിലെന്നപോലെ അവ്യക്തമായ്‌ തെളിയുന്ന നിൻ്റെ രൂപം,  പരിഭവങ്ങളും പരാതികളും വിമർശനങ്ങളുമായി വാക്കുകളാലെന്നെ തേടിയണയും നേരങ്ങളിലൊന്നിൽ ഒരു യാത്രമൊഴിപോലെ മിന്നിയകലുന്ന…
Read More

ഓർമ്മകൾ

നിന്നിലേക്കുള്ള പാതകളാണ് ഓരോ ഓർമ്മയും. അതിൽ പലതിനും കണ്ണുനീർ നനവുണ്ട്. ചില നനവുകൾ നിന്നെ അകാലത്തിൽ നഷ്ടപെട്ടതിനെയോർത്ത്. മറ്റു ചിലത് ആ നഷ്ടത്തിലൂടെ ഉയർന്ന…
Read More

പണം പിൻവലിക്കാൻ ഇളവുകളുമായി എസ്ബിഐ

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ അക്കൗണ്ടുള്ള ശാഖയിൽ നിന്നല്ലാതെ അന്യ ശാഖകളിൽ നിന്ന് പണം പിൻവലിക്കുന്നത് സംബന്ധിച്ച നിബന്ധനകളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ…
Read More

കാഴ്ച്ച

രാത്രിയിൽ എപ്പഴോ മിന്നലിന്‍റെ ഒരിറ്റ് വെളിച്ചം കണ്ണിനെ ഉണർത്തി. മനസ്സ് അപ്പോഴും ഉറക്കത്തിലായിരുന്നു. കൺപീലികൾ കാറ്റിൽ അനങ്ങിക്കൊണ്ടേയിരുന്നു. വലിയ മഴകളിൽ മാത്രം നനയുന്ന ഒരു…
Read More

19(1)(a)

19(1)(a) എന്ന ഒ ടി ടി റിലീസ് ചിത്രം ഇന്ദു.വി.എസ് എന്ന സംവിധായികയുടെ ആദ്യ ചിത്രമാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഫ്രീഡം ഓഫ്…
Read More

ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് നികുതി കൊടുക്കേണ്ടതുണ്ടോ?

2020ലെ കേന്ദ്ര ബജറ്റ് നിർദേശപ്രകാരം ഇൻകം ടാക്സ് നിയമം 1961 വകുപ്പ് 194 N ഭേദഗതി ചെയ്യപ്പെട്ടു. ഈ ഭേദഗതി പ്രകാരം ബാങ്കിൽ നിന്ന്…
Read More

തിര

നിന്നെയറിയാൻ ശ്രമിച്ചതും കടലിൽ നീന്താൻ ശ്രമിച്ചതും ഒരുപോലെയായിരുന്നു.. ഇറങ്ങുമ്പോഴെല്ലാം വൻതിരമാല വന്ന് തുടങ്ങിയിടത്തു നിന്നും പുറകിലേക്ക് കൊണ്ടുപോയി.. എന്നിട്ടും അഗാധമായ ഒരപരിചിതത്വത്തോടെ നീ അലയടിച്ചെന്നിൽ…
Read More

എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം

കോവിഡ് കാലത്തെ അതിജീവിക്കുവാൻ വേണ്ടി പ്രഖ്യാപിക്കപ്പെട്ട കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക പാക്കേജിലെ ഒരു പദ്ധതിയാണിത്. പ്രതിസന്ധിയിലായ സൂക്ഷ്മ ചെറുകിട ഇടത്തര മേഖലയെ(MSME) ഉത്തേജിപ്പിക്കുക എന്ന…
Read More

അപരിചിത

എൻ്റെ മുറിയിൽ പതിഞ്ഞ നിൻ്റെ മുദ്രകളെ മായ്ക്കുകയായിരുന്നു ഞാൻ ഓർമക്കളങ്ങളിൽ പടർന്നൊഴുകിയ നിറങ്ങളാദ്യം കളഞ്ഞു ഞാൻ മുഖം ചേർത്തു കിടന്ന നിൻ്റെ ഉടുപ്പുകളിൽ നിന്ന്…
Read More

കന്നിപ്പോര്

തൈമൂറിനു ഈയിടെയായി തലയെടുപ്പ് കൂടിയിട്ടുണ്ടെന്നു ചിത്ര ശ്രദ്ധിച്ചു. കണ്ണുകൾക്കു ചുറ്റുമുള്ള ചുവപ്പ് കടുത്തിരിക്കുന്നു. സാധാരണ അസീൽ കോഴികൾക്ക് ഉണ്ടാവാറുള്ള വലിപ്പത്തേക്കാൾ കൂടുതലുണ്ട് അവന്. കറുപ്പും…
Read More

പുഴു

രതീന എന്ന സംവിധായികയുടെ ആദ്യ ചിത്രം ‘പുഴു’ ഇന്ന് ഒടിടിയിൽ റിലീസ് ചെയ്തു. പല അടരുകളിൽ നമ്മളോട് സംവദിക്കുന്ന കോംപ്ലിക്കേറ്റഡ് ആയ സൈക്കോളജിക്കൽ ത്രില്ലറാണ്…