പേമാരി കഴിഞ്ഞതിൻ്റെ അവശിഷ്ടങ്ങൾ ബാക്കി നിൽക്കേ കേമനെന്നത് വിളിച്ച് അറിയിച്ചു കൊണ്ട് കണ്ണാടി ചില്ലുകളും മറ്റു സാമഗ്രികളും തൊട്ട് തലോടി മിന്നിച്ചെടുക്കാൻ സൂര്യൻ്റെ പരാക്രമങ്ങൾ തുടങ്ങിയിട്ട് നേരം ഒരുപാടായി കഴിഞ്ഞിരുന്നു.
“ശ്രീ രാമ രാമ രാമ…”
പദ്മിനി അമ്മ രാമായണ വായന തുടങ്ങി.
വെയിലിനെ കീഴ്‌പ്പെടുത്തി മഴ വീണ്ടും ശക്തി ആർജിച്ചു.
“എന്തൊരു മഴയാ…”
“രാമായണ പാരായണം നിർത്തിയോ“
“ഈ മഴ കാരണം…”
“ആ പിന്നെ കാരണം കണ്ട് പിടിക്കാൻ പൂരാടത്തിൽ പദ്മിനി അമ്മ കഴിഞ്ഞല്ലേ ആളുള്ളൂ“
മീരയുടെ സ്ഥിരം പല്ലവികൾ ആരംഭിച്ചു!
“ന്റെ കുട്ട്യേ.. ഞാൻ എന്ത് ചെയ്തിട്ടാ എന്നോട് നിനക്കിത്ര കലി“
“മോൻ്റെ പേരും പറഞ്ഞു ഇവിടെ..”
“മതി.. നിർത്ത്.. കേട്ട് നിക്കാൻ വയ്യ എനിക്ക്“
“ഇന്ന് മോൾ വരില്ലേ, ഞാൻ അവൾടെ കൂടെ പൊക്കോളാം“
“വലിയ സന്തോഷം“
കൈ കൂപ്പി പദ്മിനി അമ്മക്ക് നേരെ നീട്ടികൊണ്ട് പരിഹാസം കലർത്തിയ ചിരിയോടെ മീര പറഞ്ഞു.
ഗെയ്റ്റിന് പുറത്ത് വണ്ടി വന്ന് നിന്നത് കണ്ട് പദ്മിനി അമ്മ ചാരുകസേരയിൽ താങ്ങിപ്പിടിച്ചു കൊണ്ട് പുഞ്ചിരിയോടെ എഴുന്നേറ്റു.
മീര ചെന്ന് ഗെയ്റ്റ് തുറന്നതും കാർ അത്യാവശ്യം വേഗതയിൽ മുറ്റത്തു വന്ന് നിന്നു.
പ്രിയ കാറിൽ നിന്നും മെല്ലെ ഇറങ്ങി വന്നു..
പിന്നാലെ മഹേഷും ഇറങ്ങി വന്നു.
അധികം വൈകാതെ തന്നെ പ്രേമും എത്തി.
രണ്ട് മക്കളെയും ഒന്നിച്ചു കണ്ടതിൻ്റെ സന്തോഷം പദ്മിനി അമ്മയുടെ മുഖത്തു വിരിഞ്ഞു നിന്നു.
മീര കുടിക്കാനുള്ള ചായയും എടുത്ത് വരുമ്പോൾ പ്രിയയോട് വിശേഷങ്ങൾ തിരക്കുന്നതിൻ്റെ തിരക്കിലായിരുന്നു പദ്മിനി അമ്മ.
എല്ലാവരുടെ മുഖത്തും ഒരേ ഭാവം.
പദ്മിനി അമ്മ മാത്രം സംസാരിക്കുന്നു..
ചിരിക്കുന്നു..
മെല്ലെ ചായ കപ്പ് എടുത്ത് പുഞ്ചിരിയോടെ ചുണ്ടിനരികിലേക്കു വെക്കുമ്പോൾ പദ്മിനിയമ്മ സന്തോഷത്തോടെ പറഞ്ഞു..
“പ്രിയേ, ഒരാഴ്ച ഞാൻ നിന്റൊപ്പം അവിടെ വന്നു നിക്കാന്ന് വിചാരിച്ചു“
“അവിടയോ?.. എനിക്കെന്നും ഓഫീസിൽ പോണ്ടേ അമ്മേ..”
“അതിനിപ്പോ എന്താ .. ഞാൻ വീട്ടിലിരിക്കാല്ലോ …”
ചായക്കപ്പ് മേശമേൽ തിരിച്ചു വച്ചു കൊണ്ട് ഭാവ വ്യത്യാസം ഒന്നുമില്ലാതെ പ്രിയ ചോദിച്ചു :
“അമ്മയെ ആര് നോക്കും? വയസ്സായില്ലേ“
പദ്മിനി അമ്മ ചിരിച്ചു.
“അതിനിപ്പോ എൻ്റെ കാര്യം ആരാ നോക്കുന്നേ? ഞാൻ ഒറ്റക്കല്ലേ“
“ഉം, അത് പറയാനില്ലല്ലോ, തുണി കഴുകി ഉജാല മുക്കി പിഴിഞ്ഞ് ആറി ഇട്ട്, വെള്ളം തിളപ്പിച്ച്, എണ്ണ തേച്ച് കുളിച്ചു, കഴിക്കാനുള്ള ചോറും കറിയും, പിന്നെ രാത്രി കഴിക്കാനുള്ള കഞ്ഞിയും വച്ചു കഴിച്ചു, കിടക്കാറുള്ള ആളല്ലേ“
മീരയുടെ ഉള്ളിലെ അമർഷം പുറത്തെ പേമാരിയെക്കാൾ ശക്തിയോടെ പൊടുന്നനെ പെയ്തിറങ്ങി.
ഈ പറഞ്ഞവ മുഴുവൻ അവളാണ് ചെയ്യാറെന്ന് അവിടെ കൂടി ഇരുന്ന മക്കൾക്കും മരുമക്കൾക്കും ബോധ്യമായി!
ഇതുകേട്ടു പുഞ്ചിരി മുഖത്തു ചാർത്തിയതല്ലാതെ പദ്മിനിയമ്മ ഒന്നും മിണ്ടിയില്ല.
“ഇതൊക്കെ തന്നെയാ പ്രശ്നം“
മീരയെ കൂട്ട് പിടിക്കാൻ പ്രിയ മറന്നില്ല.
കാത്തിരുന്നുണ്ടായ ഉണ്ണികളെ കുളിപ്പിച്ചു ഭക്ഷണം കൊടുത്ത് നെറ്റിയിൽ കണ്ണ് കൊള്ളാതിരിക്കാനുള്ള പൊട്ട് ചാർത്തി ചമയിക്കുമ്പോൾ ഒരിക്കലും പദ്മിനിയമ്മ കണക്കു പറഞ്ഞിട്ടില്ലായിരുന്നു. ഇനിയും പറയുകയുമില്ല. ഒരു നെടുവീർപ്പ് ഒതുക്കിയമർത്തി, അവർ മെല്ലെ എഴുന്നേറ്റു മുറിയിലേക്ക് നടന്നു.
പൊടുന്നനെ ഒരു ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി..
നടന്നു പോകുന്ന വഴിയേ പദ്മിനിയമ്മയുടെ കൈ തട്ടി ചായക്കപ്പ് താഴെ വീണ് പൊട്ടിയിരുന്നു.
അടുത്ത കപ്പും പോയി.. ശുഭം!“
മീര വിളിച്ച് പറഞ്ഞു.
“ആ കപ്പ് നിലത്തു വീണാൽ പൊട്ടുമെന്ന് അറീലെ.. ഇതിപ്പോ എത്രാമത്തെയാ..”
പ്രേമിൻ്റെ ശബ്ദത്തിൽ അലിഞ്ഞു ചേർന്ന ദേഷ്യം പദ്മിനി അമ്മയുടെ കണ്ണ് നനയിപ്പിച്ചു.
മെല്ലെ കുപ്പിച്ചില്ലുകൾ ഓരോന്നായി എടുക്കാൻ ആരംഭിച്ച പദ്മിനിയമ്മയെ വിലക്കികൊണ്ട് മീരയുടെ ശബ്ദം ഉയർന്നു.
“കൈ മുറിച്ചു വച്ചാ ആശുപത്രിയിലേക്ക് ടൂർ പോകാലോ“
മറ്റുള്ളവർക്ക് ചിരിക്കാൻ ഔചിത്യമില്ലാത്ത ആ തമാശ ധാരാളമായിരുന്നു.
പ്രിയ പദ്മിനിയമ്മക്ക് അരികിലേക്ക് നടന്നു വന്നു. അതുവരെയില്ലാത്ത ഒരു സൗമ്യഭാവത്തിൽ പറഞ്ഞു..
“അമ്മേ.. എത്ര നാളെന്നു വിചാരിച്ചാ മീര ചേച്ചിയെ ബുദ്ധിമുട്ടിക്കുന്നെ.”
ഇത് പറഞ്ഞു നിർത്തിയതും പ്രേമിനെ ഒന്ന് നോക്കി.
തുടക്കമിടുക എന്നതായിരുന്നു എന്നും അവൾക്കുള്ള ടാസ്ക്.
പ്രിയ നിർത്തിയിടത്ത് നിന്ന് പ്രേം തുടർന്നു
“അമ്മേ, ഞങ്ങൾക്ക് അമ്മയെ നല്ലവണ്ണം നോക്കാൻ കഴിയുന്നില്ല. നല്ല പരിചരണവും സ്നേഹവും ഒക്കെ കിട്ടേണ്ട സമയം അല്ലെ ഇനി..”
പ്രിയയുടെ പ്രിയ പതി മൗനം അവസാനിപ്പിച്ചുകൊണ്ട് കൂട്ടി ചേർത്തു.
“അമ്മയെ പോലെ ഒരുപാട് പേർ, പരിചരിക്കാൻ ആൾക്കാർ…”
പറഞ്ഞു വരുന്നത് എന്താന്ന് പിടികിട്ടിയ പോലെ പദ്മിനിയമ്മ മെല്ലെ സോഫയിൽ പിടിച്ചു കൊണ്ടിരുന്നു.
അവരുടെ മനസ്സിൽ മിന്നായം പോലെ എല്ലാം തെളിഞ്ഞു വന്നു.
“കാശ് കൊടുത്തുള്ള സ്നേഹം, അതിൻ്റെ ഗമ വേറെ തന്നെയായിരിക്കും“
ഭിത്തിയിൽ തൂക്കിയ പ്രിയയുടെയും പ്രേമിൻ്റെയും അച്ഛൻ്റെ ഫോട്ടോ നോക്കി പദ്മിനി അപ്പോഴും മന്ദഹസിച്ചു.
എല്ലാവരിലും ഒരു നിശബ്ദത പടർന്നു.
പ്രേം മീരയുടെ നിമിഷനേരം കൊണ്ട് രണ്ടായി വെട്ടി കീറാൻ കഴിവുള്ള നോട്ടം കണ്ട് സഹികെട്ടു നിശബ്ദത അവസാനിപ്പിച്ചു കൊണ്ട് തുടർന്നു..
“ഇവിടെ അടുത്ത് എല്ലാ ഏർപ്പാടും തയ്യാറാക്കിയുട്ടുണ്ട്… “
“വൃദ്ധസദ….”
എന്തോ പറയാനെന്ന പോലെ തുടങ്ങിയെങ്കിലും പദ്മിനിയമ്മയുടെ വാക്കുകൾ മുറിഞ്ഞു പോയി.
*********
“ഇത്ര നേരായിട്ടും മോൻ വന്നില്ലാലോ“ പദ്മിനിയമ്മ പിറുപിറുത്തു. രണ്ട് ദിവസം കഴിഞ്ഞ് വരാം എന്ന് പ്രേം പറഞ്ഞിരുന്നതാണ്.
“ആരും വരാനില്ല.. നീയും ഞാനും ഒക്കെ ഇവിടെ മരണം കാത്തിരിക്കുന്നവരാണ് “
എന്തോ കുത്തികുറിക്കുന്നതിനിടയിൽ സുഭദ്ര വിളിച്ച് പറഞ്ഞു.
“കെ സുഭദ്ര ശിവദാസൻ.. ഇങ്ങനെ കൊടുക്കാം എഴുത്തുകാരിയുടെ പേര്..”
മക്കൾ ഉപേക്ഷിച്ചിട്ടു പോയതിനു ശേഷം ഈ നിമിഷം വരെ കരയാത്ത സ്ത്രീ..
ഇതാണ് സുഭദ്രയെ കുറിച്ച് പദ്മിനിയമ്മക്ക് ലഭിച്ച അറിവ്.
അവർ അവിടെ എല്ലാവരെയും പരിചയപ്പെട്ട് വരുന്നതേ ഉള്ളു.. മക്കളുടെ ബുദ്ധിമുട്ടുകൾ തീർത്ത് സ്വസ്ഥമായി പണം കൊടുത്ത് വാങ്ങുന്ന സ്നേഹത്തെ തേടി അവർ അവിടെ എത്തിയിട്ട് നാലു നാളുകൾ കഴിഞ്ഞു.. തോരാതെ പെയ്യുന്ന മഴ നോക്കി അവർ നെടുവീർപ്പിട്ടു.
നിരാശ കലർന്ന മറ്റു അന്തേവാസികളുടെ മുഖങ്ങൾ ഓരോന്നും മനപാഠമാക്കി വരുമ്പോഴും, തന്നെ തിരിച്ചു കൊണ്ടുപോകാൻ വരുന്ന മക്കളെ സ്വപ്നം കാണുകയാണ് പദ്മിനിയമ്മ.
വില കൊടുത്തു വാങ്ങാവുന്ന സ്നേഹത്തിനും പരിചരണത്തിനും ഒരു കുറവും ഇല്ല!
“പൊടുന്നനെ പെയ്തിറങ്ങിയ പേമാരി കാണാൻ ഒറ്റപെട്ടു പോയ മനുഷ്യകോലങ്ങൾ ഓരോന്നായി ഒത്തു ചേർന്നു“
മഴയുടെ ശബ്ദം കേട്ട് പുറത്തേക്ക് എത്തി നോക്കിയവരെ നോക്കി സുഭദ്ര ഉറക്കെ താൻ എഴുതിയത് വായിച്ചു.
മക്കൾ കൈ വിട്ട വ്യഥ നിറഞ്ഞ കുറേ മനസ്സുകൾ ആ മഴയുടെ തണുപ്പിൽ ഒന്നിച്ചിരുന്ന് അർത്ഥമില്ലാത്ത ആശ്വാസവാക്കുകൾ പരസ്പരം പറഞ്ഞു കൊണ്ടിരുന്നു..
PHOTO CREDIT : AMISHA NAKHWA
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
3 comments
🥰🥰🥰
☺️
Beautiful expression