വസന്ത് എസ് സായി സംവിധാനം ചെയ്ത മൂന്ന് കാലഘട്ടങ്ങളിൽ ജീവിച്ച മൂന്ന് പെണ്ണുങ്ങളുടെ കഥ പറയുന്ന ‘ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും’ എന്ന തമിഴ് സിനിമ ഒടിടിയിൽ ഇറങ്ങി.
80കളിൽ നടക്കുന്ന ആദ്യത്തെ കഥയിൽ തനിക്ക് ഒരു പിന്തുണയും നല്കാത്ത, ഭാര്യയെ തല്ലുന്നത് സ്വന്തം അവകാശമായി കരുതുന്ന ഭർത്താവിനെ പൂർണമായും ആശ്രയിച്ചു ജീവിക്കുന്ന സരസ്വതി (വേഷമിടുന്നത് കാളീശ്വരി ശ്രീനിവാസൻ) ആണ് നായിക. മുഖത്ത് വീഴുന്ന ഒരടി, വാക്കുകൊണ്ട് തടഞ്ഞതിൻ്റെ പേരിലാണ് സരസ്വതിക്ക് തൻ്റെ ദാമ്പത്യം നഷ്ടമാവുന്നത്.
90കളിൽ നടക്കുന്ന അടുത്ത കഥയിൽ പാർവതി തിരുവോത്ത് അവതരിപ്പിക്കുന്ന ദേവകിയാണ് നായിക. ഉദ്യോഗസ്ഥയും അല്പം ‘പ്രിവിലേജ്ഡ്’ഉം ആയി തുടക്കത്തിൽ കാണപ്പെടുന്നവളാണ് ദേവകി. പക്ഷേ എത്ര പ്രിവിലേജ്ഡ് ആയാലും ഒരു മനുഷ്യൻ്റെ ഏറ്റവും ലളിതമായ സ്വകാര്യതയായ ഒരു ഡയറി സൂക്ഷിക്കാൻ പോലും ദാമ്പത്യം ദേവകിയെ അനുവദിക്കുന്നില്ല.
അടുത്ത കഥയിൽ 2007 കാലഘട്ടത്തിൽ സ്കൂൾ കോളേജ് തലങ്ങളിൽ പ്രശസ്തിയാർജിച്ച അത്‌ലറ്റ് ആയിട്ടാണ് നായികയായ ശിവരഞ്ജിനിയെ (ലക്ഷ്മിപ്രിയ ചന്ദ്രമൗലി) നാം പരിചയപ്പെടുക. നാഷണൽ തലത്തിൽ മത്സരിക്കാനിരുന്ന ശിവരഞ്ജിനിക്ക് വിവാഹത്തോടെ കായികരംഗത്തിൽ നിന്ന് പൂർണമായും വിട പറയേണ്ടി വരുന്നു. കളിക്കളത്തിൻ്റെ വിശാലതയിൽ നിന്ന് ഒരടുക്കളയിലേക്ക് അവളുടെ ജീവിതം ഇടുങ്ങിപ്പോകുന്നു.
വിവാഹശേഷമുള്ള 10 വർഷം കൊണ്ടു സ്വന്തം അസ്തിത്വം പൂർണമായും മറന്നത് പോലെ, ഭർത്താവിനും കുട്ടിക്കും വേണ്ടി ഓടിനടക്കുന്ന, അടുക്കളയിൽ ഭൂരിഭാഗം സമയവും ചിലവിടുന്ന ഒരുവൾ ആയാണ് ശിവരഞ്ജിനിയെ നാം പിന്നീട് കാണുന്നത്.
വീട്ടമ്മയായവൾക്കും ഉദ്യോഗസ്ഥയായവൾക്കും നേട്ടങ്ങളുടെ പട്ടിക നിരത്താനുണ്ടായിരുന്ന കായികതാരത്തിനും ആത്യന്തികമായി വിധി ഒന്നു തന്നെയാണ്. ജീവിക്കുന്ന കാലഭേദമന്യേ സ്ത്രീ ആയതുകൊണ്ട് മാത്രം പാട്രിയർകൽ ആയ ദാമ്പത്യം അവർക്ക് നൽകുന്നത് നഷ്ടങ്ങളാണ് എന്ന സത്യമാണ് മൂന്ന് കഥകളെയും ബന്ധിപ്പിക്കുന്നത്. സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ ഇടം സ്വന്തം വീടും കുടുംബവും ആണ് എന്ന പൊതുധാരണ എത്ര വലിയ കള്ളം ആണെന്ന് സിനിമ നമ്മളെ മൗനമായി ഓർമ്മിപ്പിക്കുന്നു.
നിരന്തരമായ മുഷിപ്പിക്കുന്ന വീട്ടുജോലികളിലും ഉത്തരവാദിത്വങ്ങളിലും കുടുങ്ങിപ്പോകുന്ന മൂന്നുപേരും ഒരിക്കലെങ്കിലും ആ ‘വിഷ്യസ് സർക്കിൾ’ ഇൽ നിന്ന് കരക്ക് കയറി നഷ്ടപ്പെട്ട സ്വന്തം വ്യക്തിത്വത്തെ തിരഞ്ഞു പിടിക്കാൻ ശ്രമിക്കുന്നത് പ്രതീകാത്മകമായി കാണിക്കുന്നുമുണ്ട്.
മലയാളത്തിൽ ഇറങ്ങിയ ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’നോട് ചേർത്ത് വയ്ക്കാവുന്ന ആന്തോളജി. സംവിധാനവും ക്യാമറയും നടീനടന്മാരുടെ സ്വാഭാവികത നിറഞ്ഞ അഭിനയവും വളരെ മികച്ചത്.
PHOTO CREDIT : RFP
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂