നൂറുനൂറു അരുവികൾ
ചേർന്നു കരുത്തയായ
വലിയൊരു നദി പോലെ
ഞങ്ങൾക്ക് മുന്നിലേക്ക്
അവർ ഒഴുകി വന്നു നിറഞ്ഞു.
അവർ നിശബ്ദരായിരുന്നു..
പക്ഷേ അവരുടെ നിശബ്ദതയിൽ നിന്ന്
സഹസ്രാബ്ദങ്ങളുടെ സ്വരം
ഞങ്ങളുടെ കാതുകളിൽ
മുഴങ്ങിക്കൊണ്ടിരുന്നു.
ഉയർന്ന ഗോപുരങ്ങളിൽ കയറി നിന്ന്
ദൃഷ്ടികൾ താഴേക്ക് പായിച്ച്
അലസമായെന്നോണം
ഞങ്ങൾ അവരെ നോക്കി നിന്നു.
അവർ നിരായുധരായിരുന്നു..
പക്ഷേ അവരുടെ ശരീരങ്ങൾക്ക്
ഉഴുതു മറിച്ചമണ്ണിൻ്റെ ഗന്ധവും
ഹൃദയങ്ങൾക്ക്,
ഒടുങ്ങാത്ത ക്ഷമയുടെ, കാത്തിരിപ്പിൻ്റെ
കരുത്തുമുണ്ടായിരുന്നു.
അപ്പോഴും അവരുടെ ഉറ്റവർ
വെയിൽപ്പാടങ്ങളിൽ കരുവാളിച്ച്
ഞങ്ങൾക്ക് വേണ്ടി
വിതയ്ക്കുകയും കൊയ്യുകയും ചെയ്തുകൊണ്ടിരുന്നു.
ഞങ്ങളുടെ ആയുധങ്ങൾക്ക് മുൻപിൽ
അവർ നിസ്സാരർ ആയിരുന്നു.
ഞങ്ങളുടെ കുറുവടികളിലും
വണ്ടിചക്രങ്ങളിലും കുരുക്കി,
അവരുടെ ജീവനുകളെ
ഞങ്ങൾ ചുഴറ്റിയെറിഞ്ഞു.
അത്ഭുതമെന്ന് പറയട്ടെ,
അവരുടെ കണ്ണുകൾ
അപ്പോഴും നിസ്സംഗമായിരുന്നു
പക്ഷേ അവരുടെ നോട്ടം
ഞങ്ങളുടെ പടച്ചട്ടകൾക്കുള്ളിലേക്ക് തുളഞ്ഞുകയറുകയും
ഞങ്ങളെ ക്ഷീണിതരാക്കുകയും ചെയ്തു.
ഞങ്ങളുടെ ദേവതകൾക്ക്
നിലയുറപ്പിക്കാൻ അപ്പോഴും,
മഞ്ഞും മഴയും വെയിലും കൊണ്ട്
ഉറഞ്ഞുമുരുകിയും ഉറച്ച
അവരുടെ മണ്ണ് വേണമായിരുന്നു.
അവരുടെ മുൻപിൽ മുട്ടു കുത്തി,
സഹനത്തിൻ്റെ വരമ്പുകൾ വീണ
അവരുടെ മുഖത്തേക്ക് നോക്കി
ഉള്ളിൽ പല്ലിറുമ്മിക്കൊണ്ട്
ഞങ്ങൾ അവരോട് മാപ്പു പറഞ്ഞു.
കാരണം ഞങ്ങളുടെ ദേവതകൾക്ക് നിലയുറപ്പിക്കാൻ
മഞ്ഞും മഴയും വെയിലും കൊണ്ട്
ഉറഞ്ഞുമുരുകിയും ഉറച്ച
അവരുടെ മണ്ണ് വേണമായിരുന്നു.
അവരുടെ മറുപടി ശാന്തമായിരുന്നു..
പക്ഷേ അതിൽ പ്രളയത്തിൻ്റെ കരുത്തും
കൊടുങ്കാറ്റിൻ്റെ ഹുങ്കാരവും ഒതുങ്ങിനിന്നു.
അപ്പോഴും അവരുടെയുറ്റവർ
പാടങ്ങളിൽ സ്വന്തം ആയുസ്സിൻ്റെ ഉപ്പു തളിച്ച്
ഞങ്ങളെ ഊട്ടിക്കൊണ്ടിരുന്നു..
PHOTO CREDIT : RUPINDER SINGH
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂