നമുക്ക് മുൻപേ വന്നവരുടെ ചവിട്ടടികളിൽ
ഞെരിഞ്ഞ ഇലകളിൽ നോക്കിക്കൊണ്ട്
ശലഭക്കൂട്ടങ്ങൾ ഹൃദയങ്ങൾ പോലെ
സ്പന്ദിച്ചു കൊണ്ടിരുന്ന
തണൽമരത്തിനു കീഴെ
നാം വെറുതെ നിന്നു.
നിമിഷങ്ങൾ കരിയിലകളിൽ വീണ്
ഇരുട്ട് പടർത്തിക്കൊണ്ടേയിരുന്നു
നിൻ്റെ നെടുവീർപ്പുകൾ
ശലഭങ്ങളായെന്നെ വട്ടമിട്ട് പറന്ന്
പതിയെ നെഞ്ചകത്തേക്ക് കയറി ചിറകിട്ടടിക്കാൻ തുടങ്ങി
അവയുടെ ദുർബലമായ കാലുകൾക്കെന്നെ
ചവിട്ടിമെതിക്കാനുള്ള ശേഷിയുണ്ടായിരുന്നു..
നിരർത്ഥകമായൊരാശ്വാസവാചകം
ചിറകു വിടർത്തിയെന്നിൽ നിന്നു പുറപ്പെട്ട്
നിൻ്റെ കണ്ണുകളിലെ ദുഃഖത്തിൻ്റെ തീക്ഷ്ണതയിൽ വെന്ത്
എന്നിൽ തന്നെ ചാരമായി ഒടുങ്ങിവീണു.
പോകരുതെന്ന് പറയാൻ എനിക്കായില്ല
യാത്ര പറയാൻ നിനക്കും
തിരിഞ്ഞു നോക്കാതെ തേങ്ങലുകളെ
ഞെരുക്കിയമർത്തി ദീർഘനിശ്വാസങ്ങളാക്കി
നീ നടന്നകലുമ്പോൾ
വരണ്ട കാറ്റിൻ്റെയാരവമുയർന്നു
ഇരുൾചിറകു വിടർത്തിയ വലിയൊരു ശലഭം പോലെ
കരിയിലകൾ നിൻ്റെ വഴിയേ പറന്നു..
PHOTO CREDIT : RFP
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
1 comment
ദുഃഖ ശലഭങ്ങളെ അകത്തേക്ക് കടത്തിവിടുന്നത് ഒരാളുടെ ഹൃദയത്തെ ത്രസിപ്പിക്കും. എന്നാൽ ശൈത്യകാലത്ത് ഇലകൾ പറന്നുപോകുന്നതുപോലെ, ഇരുണ്ട ചിറകുള്ള ജീവികൾ വരാനിരിക്കുന്ന വസന്തം തേടി ശൈത്യകാലത്ത് യാത്ര ചെയ്യണം.