Affiliate Disclosure: Some of the links or advertisements below are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
വേട്ടയാടപ്പെടുന്ന ദളിതൻ്റെ എന്നും പ്രസക്തമായ വിഷയം കൈകാര്യം ചെയ്ത് വീണ്ടും ഒരു തമിഴ് സിനിമ, ജയ് ഭീം. മദ്രാസ് ഹൈ കോർട്ടിൽ നിന്ന് ജഡ്ജിയായി വിരമിച്ച ജസ്റ്റിസ് ചന്ദ്രു വക്കീലായി പ്രാക്ടീസ് ചെയ്യുമ്പോൾ നടന്ന യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ടതാണ് ജയ് ഭീമിൻ്റെ പ്ലോട്ട്. തുടക്കം മുതൽ ഒടുക്കം വരെ പുലർത്തുന്ന സത്യസന്ധതയാണ് സിനിമയുടെ ശക്തി. 90കളിൽ നടക്കുന്നതായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സ്വാതന്ത്ര്യത്തിന് 50 വയസ്സ് തികഞ്ഞ അവസ്ഥയിലും ഐഡന്റിറ്റി കാർഡുകളോ റേഷൻ കാർഡോ പോലുമില്ലാതെ പൊതുസമൂഹം അരികുകളിലേക്ക് മാറ്റി നിറുത്തിയവരുടെ സഹനത്തിൻ്റെയും അപൂർവമായ ചെറുത്തുനിൽപ്പിൻ്റെയും കഥയാണ് ജയ് ഭീം.
പോലീസ് ലോക്കപ്പിൽ നിന്ന് കാണാതായ ഭർത്താവിന് നീതി ലഭിക്കാൻ വേണ്ടി പോരാടാനിറങ്ങുന്ന സെങ്കനി എന്ന ട്രൈബൽ യുവതിയായി ലിജോമോൾ ജോസ് അഭിനയിക്കുന്നു. പല സീനുകളിലും ചിലപ്പോൾ മൗനം കൊണ്ടോ നോട്ടം കൊണ്ടോ ഒരു തിരിഞ്ഞു നടത്തം കൊണ്ടോ കാണികളുടെ ഉള്ളിൽ ഒരു കൊടുങ്കാറ്റാണ് ലിജോമോൾ ഉയർത്തിവിടുന്നത്.
സ്റ്റാർഡം ഹാങ്ങോവർ ഒട്ടുമില്ലാതെയും അഭിനയിക്കുമെന്ന് സുരറയി പോട്ര് എന്ന സിനിമയിലൂടെ തെളിയിച്ച നടൻ സൂര്യയുടെയും കരിയറിലെ മികച്ച സിനിമയാണ് ജയ് ഭീം എന്നുറപ്പ്. സിനിമയിൽ സൂര്യയുടെ കഥാപാത്രം സെങ്കനിയോട് ഭർത്താവിന് സംഭവിച്ചത് എന്തെന്ന് വിശദീകരിക്കാൻ പറയുമ്പോൾ ആവശ്യപ്പെടുന്ന ഒന്നുണ്ട്..
“എല്ലാം വിട്ടുപോകാതെ പറയണം. ഒന്നും കൂട്ടി പറയരുത്. കുറച്ചും പറയരുത്.”
ജ്ഞാനവേൽ എന്ന സംവിധായകൻ ഈ ചിത്രത്തിലൂടെ നമുക്ക് തന്നതും അതാണ്. തീവ്രത ഒട്ടും കുറയ്ക്കാതെ കൂട്ടാതെ പ്രിവിലേജ്ഡ് ആയവർക് ചിന്തിക്കാൻ പോലുമാവാത്ത അരികുജീവിതങ്ങളുടെ സഹനത്തിൻ്റെ സത്യസന്ധമായ ആവിഷ്കാരം.
1 comment
Yes I too watched this film Jai Bhim surya s one of the best films. It moved me a lot. Very recently saw the interview of justice Chandru who is the real hero of this film . A true social reformer. Hats off 📴✌️👏👏