പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരനും പത്രപ്രവർത്തകനുമായ ക്രിസ്റ്റഫർ ബുക്കർ പറഞ്ഞത് ഈ ലോകത്താകെ മനുഷ്യർക്ക് പറയാൻ അടിസ്ഥാനപരമായി എഴു പ്ലോട്ടുകളേ ഉള്ളൂ എന്നതാണ്. എന്നിട്ടും നൂറുനൂറായിരം അനശ്വര കഥകൾ ജനിക്കുന്നത് ഓരോ കഥയെയും കഥാകാരൻ സമീപിക്കുന്ന രീതി കൊണ്ടാണ്. ഈ യാഥാർഥ്യത്തെ ഒന്നുകൂടി നാം ഒരു ചെറു പുഞ്ചിരിയോടെ ഓർമ്മിക്കുന്ന ഒരു സിനിമയാണ് സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത കാഞ്ഞങ്ങാട് പശ്ചാത്തലമായ ‘തിങ്കളാഴ്ച നിശ്ചയം’.
സിനിമയുടെ പ്ലോട്ട് നമ്മളേറെ കേട്ട് തഴമ്പിച്ച ഒന്നാണ്. ആ പ്ലോട്ടിനെ സംവിധായകനും തിരക്കഥാകൃത്തും ഭൂരിപക്ഷവും പുതുമുഖങ്ങളായ നടീനടന്മാരും ചേർന്ന് പുതുമയാർന്ന, സ്വാഭാവികമായ നർമ്മത്തിൻ്റെ അടിയൊഴുക്കുള്ള ഒരു ഫീൽ ഗുഡ് മൂവിയാക്കി നമുക്ക് മുന്നിൽ വച്ചു തരുന്നു.
മൂത്ത മകളെ പ്രേമിച്ചയാൾക്ക് വിവാഹം ചെയ്തു കൊടുക്കേണ്ടി വന്ന ‘ഗതികേട്’ കാരണം ഇളയ പുത്രിയെ തൻ്റെ ഇഷ്ടപ്രകാരം മാത്രം വിവാഹം കഴിപ്പിച്ചയക്കാൻ തീരുമാനം എടുത്ത എക്സ് ഗൾഫുകാരനും ട്ടിപിക്കൽ മലയാളി ഗൃഹനാഥനുമായ കുവൈറ്റ് വിജയനും തൻ്റെ താല്പര്യമുള്ള ഒരു വിവാഹജീവിതം തെരഞ്ഞെടുക്കാൻ വേണ്ടി അങ്ങേയറ്റത്തെ മനഃസംഘർഷം അനുഭവിക്കുന്ന സുജ എന്ന മകളുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. സുജയുടെ വിവാഹനിശ്ചയത്തിൻ്റെ ഒരുക്കമാണ് കഥയുടെ പശ്ചാത്തലം. ഏറ്റവും വലിയ ജനാതിപത്യ രാഷ്ട്രം എന്ന് വാഴ്ത്തപ്പെടുന്ന ഇന്ത്യയിൽ ഓരോ കുടുംബത്തിലും ആണധികാരം എത്രമാത്രം ഏകാധിപത്യപരവും ഫാസിസത്തിൽ അടിയുറച്ചതുമാണ് എന്ന് സിനിമ പറയാതെ പറയുന്നുണ്ട്.
നാലു കാശു കയ്യിൽ വരുന്നതോടെ അരാഷ്ട്രീയവാദിയാകുന്ന മലയാളിയെയും ‘നല്ല കുടുംബം’ എന്ന നിർവചനത്തിൻ്റെ അർത്ഥമില്ലായ്മ സ്വന്തം പ്രവൃത്തി കൊണ്ട് കാണിച്ചു തരുന്ന യാഥാസ്ഥിതിക മലയാളിയേയും സ്വന്തം അവകാശങ്ങൾക്ക് വേണ്ടി നില കൊള്ളാൻ ശ്രമിക്കുന്ന മലയാളി പെൺയുവത്വത്തേയും നമുക്ക് സിനിമയിൽ കാണാം. നർമ്മരസത്തിൽ പൊതിഞ്ഞെടുത്ത ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് തന്നെയാണ് ‘തിങ്കളാഴ്ച നിശ്ചയം’.
PHOTO CREDIT : RFP
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂