(1)

“നീർക്കടമ്പിൻ്റെ പൂങ്കുലകളിൽ നിന്ന് വരുന്ന ഒരു ഗന്ധമുണ്ട്. അതാണ് കുട്ടിക്കാലത്തെക്കുറിച്ചുള്ള എൻ്റെ ആദ്യത്തെ ഓർമ്മ”

തൃശൂരിൽ മാടക്കത്തറയിൽ രണ്ടേക്കർ സ്ഥലം കണ്ട് റിയൽ എസ്റ്റേറ്റ് ഏജന്റിനെ പറഞ്ഞു വിട്ട് കാറിൽ തിരിച്ചുവരുമ്പോഴാണ് നീലിമ പറഞ്ഞത്.

“കാടിനു അതിർത്തിയിലൂടെ ഒഴുകുന്ന ചോലയ്ക്ക് അരികിലായിട്ടായിരുന്നു വീട്‌. അവിടെയെല്ലാം നീർക്കടമ്പ് പൂത്ത് കുട പിടിച്ചത് പോലെ നിൽക്കുന്നുണ്ടാവും”

തെങ്ങും മാവും പ്ലാവും പേരയും വിട്ട് ഒരു മരവും തനിക്കു തിരിച്ചറിയാൻ പറ്റില്ലല്ലോ എന്ന ഖേദത്തോടെ ആണെങ്കിലും സൂരജ് പ്രോത്സാഹിപ്പിച്ചു.

“കാരപ്പൂമരത്തിൻ്റെ വള്ളി പോലുള്ള ശിഖരങ്ങളിൽ നീലവിറവാലൻ ശലഭങ്ങളുടെ ലാർവകൾ പറ്റിക്കിടക്കുന്നുണ്ടാവും. അച്ഛനാണ് ഓരോന്നും പറഞ്ഞുതരാറ്.”

അടുത്ത കാലത്തൊന്നും  ഇത്രയും വാചകങ്ങൾ ഒരുമിച്ച് നീലിമ പറയുന്നത് കേട്ടിട്ടില്ലല്ലോ എന്നയാൾ ആലോചിച്ചു.

“അച്ഛന് ട്രാൻസ്ഫർ ആകുന്നിടത്തെല്ലാം ഞങ്ങളും പോകുമായിരുന്നു. റേഞ്ചർ ആയതുകൊണ്ട് മാത്രമല്ല, അച്ഛനു കാട് അത്രയ്ക്ക് ഭ്രമമായിരുന്നു.

അവിടുത്തെ മനുഷ്യരോടും സകല ജീവികളോടും അടുപ്പമായിരുന്നു.”

രണ്ടു മാസത്തിനിടെ അവർ കാണുന്ന ഏഴാമത്തെ സ്ഥലമായിരുന്നു അത്.

തലേന്നത്തെ നീണ്ട ഡ്രൈവിൻ്റെ ക്ഷീണം കൊണ്ട് അയാൾ ഉറക്കത്തെ തടഞ്ഞു നിർത്തുന്നതിൽ പരാജയപ്പെട്ട് കോട്ടുവായിടുന്നത് കണ്ട് നീലിമ പറഞ്ഞു.

“നിർത്തൂ.. ഇനി ഞാൻ ഓടിക്കാം”

സ്റ്റീയറിങ്ങിൽ നിന്ന് സൈഡ് സീറ്റിലോട്ട് മാറിയിരുന്ന്  സൂരജ് ഇരുപ്പ് സുഖകരമാക്കി. പക്ഷേ മനസ്സിനെ അസുഖകരമായ ഒരു ചിന്ത പിടികൂടി.

വിവാഹജീവിതത്തിനു 10 വർഷം തികയുകയാണ് വരുന്ന മാസം, ഫെബ്രുവരിയിൽ . ഇപ്പോഴും തൻ്റെ ഭാര്യയുടെ ബാല്യകൗമാരങ്ങളും  താൻ കണ്ടുമുട്ടുന്നതിനു മുമ്പുള്ള അവളുടെ ജീവിതവും എന്ന് വേണ്ട അവളുടെ മനസ്സിലെ ഇഷ്ടാനിഷ്ടങ്ങളും തനിക്ക് എത്രയോ അജ്ഞാതമാണ്!

അല്ലെങ്കിലും അടുക്കുന്തോറും അകന്നു പോകുന്ന എന്തോ ഒന്ന് നീലിമയിൽ ഉണ്ടായിരുന്നു. ഉപരിപ്ലവമായ കാര്യങ്ങൾക്കപ്പുറത്തേക്ക് നീലിമയുടെ ഉള്ളിൻ്റെ ഒരു വശവും തനിക്ക് അറിയില്ല എന്ന് പലപ്പോഴും അയാൾക്ക് തോന്നിയിട്ടുണ്ട്. ഒരുപാട് സംസാരിച്ചു, അടുത്തു എന്ന് തോന്നിയ ദിവസങ്ങളിലെല്ലാം അല്പനേരം കഴിയുമ്പോഴേക്കും ചോദ്യങ്ങൾക്ക് മറുപടി പോലും തരാത്ത മൗനത്തിലേക്ക് നീലിമ തലവലിച്ച് കളയും.

കുറച്ചു മാസങ്ങൾക്ക് മുമ്പാണ് നീലിമ അദ്യമായി തികച്ചും അപ്രതീക്ഷിതമായ ആ ആഗ്രഹം പറഞ്ഞത്.

ഒരു അവധി ദിനത്തിലെ അലസ പ്രഭാതത്തിൽ.

“പട്ടണത്തിൽ നിന്ന് വളരെ ദൂരെ മാറി, പറ്റുമെങ്കിൽ ജില്ല തന്നെ മാറി.. എനിക്ക് കുറച്ച്  തരിശായ സ്ഥലം മേടിക്കണം.. ഒരു കാടു വളർത്താൻ..”

“കാട് വളർത്തുകയോ?”

അയാൾ ചിരിച്ചു.

കുട്ടികളില്ലാത്ത ജീവിതത്തിൻ്റെ മടുപ്പിൽ നിന്ന് രക്ഷ നേടാൻ വേണ്ടി എന്തെങ്കിലും ഒരു വ്യത്യസ്ത ആശയം  കാര്യമായൊന്നും ചിന്തിക്കാതെ പറയുകയാണ് എന്നാണ് ആദ്യം വിചാരിച്ചത്.

ഫ്ലാറ്റിൽ നീലിമ ഇൻഡോർ പ്ലാന്റുകൾ വളർത്തുന്നുണ്ടായിരുന്നു. എങ്കിൽ കൂടി ഒരു കാട് വളർത്താൻ, അത് പരിപാലിക്കാൻ മാത്രം ഉള്ള ഒരു പശ്ചാത്തലം അവൾക്ക് ഉണ്ടെന്നു തോന്നിയില്ല. ആഴ്ചയിൽ അഞ്ച് ദിവസവും പിടിപ്പത് ജോലിയുള്ള ഐ ടി പ്രൊഫഷണലായ ഒരു നഗരവാസിക്ക്  തികച്ചും അസാധ്യമായ ഒരു കാല്പനികമോഹം എന്നു തന്നെ കരുതി

നീലിമയുടെ കുടുംബസ്വത്തിൻ്റെ വിഹിതവും അത്ര നാളത്തെ അവളുടെ സമ്പാദ്യവും ചേർത്ത  തുക ഇതിനായിട്ട് ഉപയോഗിക്കുകയാണ് എന്ന വ്യക്തമായ  പ്ലാൻ അടുത്ത് ദിവസം പറഞ്ഞു. പിന്നീടുള്ള ദിവസങ്ങളിൽ സ്ഥലം അന്വേഷിക്കാൻ വേണ്ടിയുള്ള നടപടികളിലേക്ക് നീങ്ങുന്നത് കണ്ടപ്പോഴാണ് പറഞ്ഞത് പാഴ്വാക്കല്ല എന്നറിഞ്ഞത് .

കാര്യം ഉറപ്പായപ്പോൾ ഒട്ടും നിരുത്സാഹപ്പെടുത്തിയുമില്ല.

കാരണം ഒരു മുന്നറിയിപ്പും കൂടാതെ തങ്ങളുടെ ദാമ്പത്യത്തിലേക്ക് എത്തുന്ന  സ്ഥിരം വിരുന്നുകാരനായ വിരസതയെ മറികടക്കാൻ എന്ത് മാറ്റത്തിനും  സൂരജ് ഒരുക്കമായിരുന്നു.

പല സ്ഥലങ്ങളും നോക്കാൻ അവൾ ഒറ്റയ്ക്ക് പോകുമായിരുന്നു. ചിലപ്പോൾ സൂരജിനെയും വിളിക്കും. ഒരു തീരുമാനവും ഇതുവരെ ആയില്ലെങ്കിലും അതിന് വേണ്ടിയുള്ള നീണ്ട ഡ്രൈവുകൾ അയാൾ ആസ്വദിച്ചിരുന്നു

“ഇപ്പോൾ കണ്ട സ്ഥലത്തെ പറ്റി  നീ ഒരു അഭിപ്രായവും പറഞ്ഞില്ലല്ലോ..”

വയനാട് അതിർത്തി കഴിഞ്ഞിട്ടും നീലിമ  ഡ്രൈവിങ്ങിൽ മാത്രം മുഴുകി ഇരിക്കുന്നത് കണ്ടു അയാൾക്ക് ക്ഷമ നശിച്ചു.

കുറച്ച് സമയം ഒന്നും പറയാതെ കഴിച്ചുകൂട്ടി  നീലിമ നെടുവീർപ്പിട്ടു. പിന്നെ ചെറിയ ഒരു ക്ഷമാപണ ഭാവത്തോടെ  നോക്കി.

“വിചാരിച്ചതു പോലെ അങ്ങോട്ട് ഒക്കുന്നില്ലാത്തത് പോലെ. ഒന്നുകിൽ വില കൊണ്ട്.. അല്ലെങ്കിൽ..”

“സാരമില്ല.. ടേക്ക് യുവർ ഓൺ ടൈം. കാടിനെപ്പറ്റി ഒരു ചുക്കുമറിയാത്ത എനിക്ക് അതിലൊരു നിർദ്ദേശം തരാനില്ല എന്നറിയാം..പക്ഷേ എന്താണ് നിൻ്റെ മനസ്സിൽ എന്നെങ്കിലും അറിഞ്ഞിരുന്നെങ്കിൽ നമുക്ക് എളുപ്പമുണ്ടായിരുന്നു”

മറുപടിക്കു പകരം നീലിമ വീണ്ടും നിശബ്ദതയെ തന്നെ കൂട്ടുപിടിക്കുന്നത് കണ്ട് ചെറിയൊരു മയക്കത്തിനു വേണ്ടി സീറ്റ് അഡ്ജസ്റ്റ് ചെയ്തു സൂരജ് ചാരിക്കിടന്നു.

(2)

എന്താണ് തനിക്ക് വേണ്ടത് എന്ന് നീലിമയും ആലോചിക്കുകയായിരുന്നു. എവിടെയാണ് വേണ്ടത് എന്നും തീരുമാനിക്കാൻ ആവുന്നില്ല. സ്വയം വെളിപ്പെടാൻ ഒരിക്കലും ധീരത കാണിക്കാത്ത മനസ്സ് ഇപ്പോൾ ഏതൊക്കെയോ കാട്ടുവഴികളിൽ ഗതിമുട്ടി തിരിഞ്ഞു കളിക്കുന്നു. അടഞ്ഞ വാതിലുകളിൽ തട്ടി വിളിക്കുന്നു.

ആ വാതിലുകൾക്ക് പുറകിൽ നിന്ന് ആരോ അവളെ  ഇപ്പോൾ ആരും വിളിക്കാത്ത, ഏറെ പ്രിയങ്കരമായിരുന്ന ഒരു പേരിൽ വിളിക്കുന്നുണ്ടായിരുന്നു..

“നീലി…”

പത്താം ക്ലാസ്സ്‌ വെക്കേഷൻ്റെ സമയത്താണ് അച്ഛൻ മരിച്ചത്. പാലക്കാട്‌  നെല്ലിയാമ്പതി ഫോറെസ്റ്റ് ഡിവിഷനിലായിരുന്നു അപ്പോൾ അച്ഛൻ.

എറ്റവും കൂടുതൽ കാലം താമസിച്ചതും അവിടുത്തെ ക്വാർട്ടേഴ്‌സിൽ തന്നെ. അച്ഛൻ ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലെ കാടുകളിലെ ഓരോ മരവും അച്ഛന് പരിചിതമായിരുന്നു. അതുകൊണ്ട് തന്നെ അച്ഛൻ്റെ പിറകെ വാല് പോലെ നടന്ന അവൾക്കും.

“കണ്ണിൽക്കണ്ട പോലെ അലഞ്ഞുതിരിയാൻ എൻ്റെ കൊച്ചിനേയും പഠിപ്പിച്ചു” എന്ന മട്ടിലുള്ള അമ്മയുടെ മൂർച്ചയേറിയ വാക്കുകൾ ലാഘവത്തോടെ അവഗണിച്ച് അച്ഛൻ  കാട്ടിൽ കൊണ്ടുപോകും.

വേനലിൽ വാടിനിന്ന ഒരു കൽപ്പയിൻ ചെടിക്ക് ആരും പറയാതെ തന്നെ ചോലയിൽ നിന്ന് തൂക്ക്പാത്രത്തിൽ വെള്ളം കൊണ്ട് വന്നു താൻ നനക്കുന്നത് കണ്ട ഒരു ദിവസം അച്ഛൻ  വാരിയെടുത്ത് പുണർന്നത് അവൾക്ക് ഓർമ്മയുണ്ട്.

“എൻ്റെ നീലി എത്ര വലുതായാലും ഇതൊന്നും മറക്കാതിരിക്കട്ടെ” അച്ഛൻ പറഞ്ഞു.

“മണ്ണേനമ്പിലേലയ്യാ മരമിരുക്ക്
മരത്തേനമ്പിലേലയ്യാ മണ്ണിരുക്ക്
മരത്തെനമ്പിലേലയ്യാ കൊമ്പിരുക്ക്
കൊമ്പെനമ്പിലേലയ്യാ ഇലയിരുക്ക്”

നെല്ലിയാമ്പതിയിൽ താമസിക്കുന്ന കാലത്ത്  കാട്ടിലൂടെ നടക്കുമ്പോൾ അച്ഛൻ്റെ ചുണ്ടിൽ മിക്കവാറും ഈ പാട്ടുമുണ്ടാവും. ഇരുളരുടെ പാട്ട്.

കാശിയാണ് അച്ഛന് അത് ചൊല്ലിക്കൊടുത്തത്.

അമ്മയെ അടുക്കളയിൽ സഹായിക്കാൻ വരാറുള്ള ഏച്ചി എന്ന് നീലിമ വിളിക്കാറുള്ള സ്ത്രീയുടെ മകൻ കാശി. ഒരേ പ്രായമാണെങ്കിലും അവളെക്കാൾ  നന്നേ ഉയരം. പക്വതയും.

അവധി ദിവസങ്ങളിൽ പകൽ സമയം കാടിൻ്റെ വേറിട്ട മുഖങ്ങൾ കാട്ടിത്തരാറുള്ളത് കാശിയായിരുന്നു. കാടിൻ്റെ മാത്രമായ ശബ്ദങ്ങൾ പരിചയപ്പെടുത്തിയതും.

വലിയ മരങ്ങളുടെ ചില്ലയിൽ കയറി ഇരുവശത്തേക്കും കാലുകൾ തൂക്കിയിട്ട് കണ്ണടച്ച് കിടന്ന് കേൾക്കുന്ന ഓരോ ശബ്ദവും ഏത് ജീവിയുടേതെന്ന് അവൻ വേർതിരിച്ചു പറയും. പിന്നെപ്പിന്നെ അവളും പഠിച്ചു കാടിൻ്റെ ഒച്ചകളെ തിരിച്ചറിയാൻ.

അവൻ്റെ അമ്മ ഇട്ട പഴയ പേര് കാച്ചി എന്നത് മാറ്റി സ്കൂളിൽ കാശ്യപ്  എന്നാക്കിയത് അച്ഛനായിരുന്നു.

“എനക്കവൻ്റെ പുതിയ പേര് പറയാൻ കൂടെ അറിയില്ല” ഏച്ചി ചിരിച്ചുകൊണ്ട് ഇടയ്ക്ക് പറയും.

പകൽ  വിറക് ശേഖരിക്കാനോ നായാടാനോ മറ്റും പോകാറുള്ളത് കൊണ്ട് സ്കൂളിൽ പോകാൻ എത്ര നിർബന്ധിച്ചാലും മിക്ക  കുട്ടികളും പോകാറില്ലായിരുന്നു. അവർക്കു വേണ്ടി വൈകിട്ട് അച്ഛൻ വീടിൻ്റെ മുറ്റത്ത് ക്ലാസ്സ്‌ നടത്തും. ആ ക്ലാസ്സിൽ കാശിയും വന്നിരിക്കാറുണ്ട്.

അക്കൂട്ടത്തിൽ ഇരിക്കാൻ നീലിമയെയും അച്ഛൻ വിളിക്കുമ്പോളെല്ലാം അമ്മ അകത്തുനിന്ന് മുറുമുറുക്കുന്നത് ഓർമ്മയുണ്ട്.

“കളിക്കുന്നതും പഠിക്കുന്നതും ഒക്കെ ഇവരോടൊപ്പം. ആകെയുള്ളൊരു കൊച്ചിനെ വളർത്തുന്നത് കാടത്തിയായിട്ടാണ്. തലവിധി”

കാടിനുള്ളിൽ താമസിക്കുന്നതും, കാടിനു അരികിൽ താമസിക്കുന്നതും ആനയും ആടും തമ്മിലുള്ള വ്യത്യാസമാണെന്ന് അറിഞ്ഞത് അമ്മ സ്വന്തം നാട്ടിൽ പോയ ഒരു ദിവസമാണ്. അച്ഛൻ അവളെ ഏച്ചിക്കും കാശിക്കുമൊപ്പം അവരുടെ വീട്ടിൽ താമസിക്കാൻ അനുവദിച്ച ദിവസം.

പകൽ എത്ര കണ്ടാലും മതിവരാതെ അവളെ ആകർഷിച്ച കാടിൻ്റെ മറ്റൊരു രൂപം അന്ന് കണ്ടു . ഇരുട്ടിനു കനം കൂടിയതും അതുവരെ നിശബ്ദമായിരുന്ന കാട്ടിൽ ഒരു സിംഫണിപോലെ നൂറുകണക്കിന് ചീവീടുകളുടെ മേളമുയർന്നു. എന്തോ കനത്ത സമ്മാനം കിട്ടാനുള്ള ഒരു മത്സരം പോലെ. നിശബ്ദതയുള്ള ഒരു നിമിഷം പോലും ഇല്ല എന്ന് തോന്നി.

അതിനിടക്ക് കാട്ടുമൃഗങ്ങളുടെ ശബ്ദം ഉയരാൻ തുടങ്ങി. കാട്ടാന വന്നു ആ കുടിൽ ചവിട്ടിയരക്കുന്നത് കണ്മുന്നിൽ എന്ന പോലെ കണ്ടു. ചുള്ളിക്കമ്പുകൾ ഒടിയുന്ന ഓരോ ശബ്ദത്തിനും പേടിച്ച് വിറച്ച അവളെ ഇരുവശത്തു നിന്നും കാശിയും ഏച്ചിയും കെട്ടിപ്പിടിച്ചു കിടന്നു നേരം വെളുപ്പിച്ചു.

അച്ഛനോട് വാശി പിടിച്ചു തൻ്റെ ഇഷ്ടത്തിനു വന്നതായതുകൊണ്ട് പേടി കൊണ്ട് പൊട്ടിപ്പൊട്ടി വന്ന കരച്ചിലിനെ അടക്കിപ്പിടിച്ചുകിടന്ന ആ രാത്രി ഓർത്തെടുത്ത്  അവൾ പിന്നീട് ഏറെ ചിരിച്ചിട്ടുണ്ട്.

കാവളമരം പൂത്തു നിൽക്കുന്ന സമയത്തായിരുന്നു അച്ഛൻ്റെ ഹൃദയം ഒരു മുന്നറിയിപ്പുമില്ലാതെ നിന്നുപോയത്. കാവളപൂക്കൾക്ക്  മരിച്ച മനുഷ്യ ശരീരങ്ങളുടെ ഗന്ധമാണെന്ന് കാശി പറഞ്ഞത് ആ ദിവസമാണെന്ന് അവൾക്ക് നല്ല ഓർമ്മയുണ്ട്.

അന്ന് കാവളത്തൊലി തിന്നാൻ ഒരു മലയണ്ണാൻ പാത്തു വന്നത് കണ്ട് രസിച്ചു അടുത്ത് തന്നെ ഉള്ള ചുണ്ണാമ്പ്മരത്തിൻ്റെ പുറകിൽ അനക്കമില്ലാതെ രണ്ടാളും ശ്വാസം അടക്കിപിടിച്ചു ഇരിക്കുമ്പോളാണ് അച്ഛൻ്റെ സഹപ്രവർത്തകരിൽ ആരോ വന്നു പുറകിൽ നിന്ന് തോളിൽ തൊട്ട് വിളിച്ചത്.

‘അമ്മ മോളെ വീട്ടിൽ തിരക്കുന്നുണ്ട്. അവിടെ വരെ ഒന്ന് പോയാലോ”

ശബ്ദം കേട്ട് അണ്ണാൻ ഓടിപ്പോയതിൻ്റെ നിരാശയിൽ വിളിച്ചയാളോടുള്ള ദേഷ്യം അടക്കിപ്പിടിച്ച് വീട്ടിൽ എത്തിയപ്പോൾ മുറ്റത്ത് അങ്ങിങ്ങായി അച്ഛന് ഏറെ ഇഷ്ടമുണ്ടായിരുന്ന തൈപ്പരുത്തി പൂവുകൾ വീണു കിടന്നിരുന്നത് ഓർമ്മയിലുണ്ട്. ഒരിക്കലും  തിരിച്ചു പിടിക്കാനാവാത്ത വിധം ജീവിതമാകെ തകിടം മറിഞ്ഞ കാര്യം അറിഞ്ഞത് അകത്തേക്ക് കടന്നപ്പോൾ ആണ്.

യാഥാർഥ്യം ഉൾകൊള്ളാനാവാത്ത മനസ്സുമായി  അച്ഛൻ്റെ നിശ്ചലദേഹത്തിലേക്ക് നോക്കാതെ മുറ്റത്തേക്ക് നിരന്തരം വന്നുകൊണ്ടിരുന്ന ആളുകളുടെ  ചവിട്ടടികളിൽ ഞെരിഞ്ഞ പൂവുകളിലേക്ക് തന്നെ അവൾ കണ്ണും നട്ടിരുന്നു.

ഇരുളരുടെ വിലാപങ്ങൾക്ക് നടുവിലൂടെ അച്ഛനെ കൊണ്ടുപോകുന്ന ആംബുലൻസിന് പിറകിലുള്ള കാറിൽ അവർക്കൊപ്പം ഹൈവേയിൽ എത്തുന്നത് വരെ കാശിയും വന്നു.

അച്ഛൻ്റെ സംസ്ക്കാരചടങ്ങ് കഴിഞ്ഞ ഉടൻ തന്നെ നഗരത്തിലുള്ള അമ്മയുടെ കുടുംബവീട്ടിലേക്ക് പോയി. പിന്നെ ബാംഗ്ലൂരിലേക്കും.

അച്ഛനില്ലാത്ത ജീവിതത്തിൻ്റെ ഏകാന്തത അവൾക്ക് താങ്ങാവുന്നതിലും ഏറെയായിരുന്നു. അപരിചിതമായ ഒരു ലോകത്ത് പെട്ടെന്ന് തനിച്ചായ അവസ്ഥ. അത്‌ മനസ്സിലാക്കാൻ അമ്മ ശ്രമിച്ചതുപോലുമില്ലായിരുന്നു. സ്‌നിഗദ്ധതയില്ലാത്ത പുതിയ മണ്ണിലേക്ക് വേരോടെ പറിച്ചു നടപ്പെട്ട ചെടി പോലെ അവൾ തളർന്നു തന്നെ നിന്നു.

നഗരത്തിൻ്റെ കാർക്കശ്യ സ്വരങ്ങൾ മാത്രമാണ്  കാതുകൾക്ക് പിടിച്ചെടുക്കാൻ കഴിഞ്ഞത്.

പഠനമായിരുന്നു അതിലും വലിയ കീറാമുട്ടി. മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് ഉള്ള ചാട്ടത്തിൽ മനസ്സ് പകച്ചുപോയിരുന്നു.

‘കാടൻ ജീവിത’ത്തിൽ നിന്ന് മകളെ രക്ഷപ്പെടുത്താൻ അമ്മ ബോധപൂർവം ശ്രമിച്ചുകൊണ്ടേയിരുന്നു. അമ്മക്ക് പഴയതെല്ലാം എത്ര വെറുപ്പായിരുന്നു എന്ന് മനസ്സിലാക്കിയത് നഗരജീവിതത്തോട് പിന്നീട് കാണിച്ച ആസക്തി കണ്ടാണ്. അത്രയും നാൾ കാട്ടിൽ തളച്ചിട്ട അച്ഛനോട് മരണശേഷം പ്രതികാരം വീട്ടും പോലെ അമ്മ അവളെ അടിമുടി നഗരവാസിയാക്കി മാറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നു..

ബാല്യം തുടങ്ങി അവസാനിച്ച ഇടങ്ങളിലേക്ക് പിന്നീട്  ഒരിക്കലും ഒരു സന്ദർശനത്തിനായി പോലും തിരിച്ചു പോകാൻ അമ്മ അനുവദിച്ചില്ല.

താൻ അച്ഛനെത്തന്നെ മറന്നു കളഞ്ഞാലും അമ്മയ്ക്ക് അത് വിഷയമല്ല എന്ന് അവൾക്ക് തോന്നിപ്പോയി.

മോഹിപ്പിക്കുകയും പേടിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്ത വനസ്ഥലികൾ അച്ഛൻ്റെ ശബ്ദത്തിൽ തന്നെ തിരിച്ചു വിളിക്കുന്നതായി രാത്രികളിൽ അവൾ നിരന്തരം സ്വപ്നം കണ്ടു.

തൈപ്പരുത്തിപൂവുകൾ പൊഴിഞ്ഞുകിടന്ന മുറ്റത്ത് മുട്ടുകുത്തിനിന്ന്  കൈകൾ വിടർത്തി ചിരിച്ചു കൊണ്ട് അച്ഛൻ ഉറക്കെ വിളിച്ചു..

“നീലി..”

ഈറമ്പനയുടെ പൊടി അവിടുത്തെ ഇരുളരുടെ കുടിലിൽ  പോയിരുന്നു കൂട്ടുകാരോടൊപ്പം വേവിച്ചു കഴിക്കുന്നതും അമ്മ അവിടെ നിന്ന് തല്ലി ഓടിക്കുന്നതും യാഥാർഥ്യത്തേക്കാൾ വ്യക്തമായി കണ്ടു.

ചുറ്റും പടരുന്ന കാട്ടുതീയിൽ പെട്ട് കാശിയും അവൻ്റെ അമ്മ ഏച്ചിയും അച്ഛൻ്റെ പേര് പറഞ്ഞു നിലവിളിക്കുന്നതായി കണ്ട് ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടി എഴുന്നേറ്റ് ഇരുട്ടിലേക്ക് കണ്ണുതുറന്നു കിടന്ന രാത്രിയുണ്ടായിരുന്നു.

നഗരത്തിൻ്റെ വിളറിയ മുഖത്തേക്ക് അതിനേക്കാൾ വിളറിയ മനസ്സോടെ നോക്കിയിരുന്നത് മാസങ്ങളോളമാണ്. പഴയ ലോകത്തിലേക്കു ഒരു തിരിച്ചുപോക്ക് ഉണ്ടാവില്ല എന്ന് മനസ്സിന് ബോധ്യം വന്ന ഏതോ ഒരു നിമിഷത്തിൽ സ്വന്തം മനസ്സിനെ  തടവിലിട്ട് ഭൂതകാലത്തിൻ്റെ പച്ചപ്പുകളിൽ നിന്ന് സ്വയം വിടുതൽ നേടാൻ  അവൾ തീരുമാനിച്ചു.

അന്നുമുതൽ നഗരങ്ങളിൽ നിന്ന് കൂടുതൽ വലിയ, തിരക്കേറിയ നഗരങ്ങളിലേക്കുള്ള യാത്രകൾ മാത്രമായിരുന്നു വിദ്യാഭ്യാസവും ജീവിതവും ജോലികളും.

ഓട്ടം നിറുത്താറായി, ഇനിയും ആരെയും ഒന്നും ബോധ്യപ്പെടുത്തേണ്ടതില്ല എന്ന് തോന്നിത്തുടങ്ങിയ ഒരു സമയത്താണ് അടച്ചുകെട്ടിയ മുൾവേലിക്ക് വെളിയിലേക്ക് പഴയ നിയന്ത്രണങ്ങളെ മറന്ന ആ ആഗ്രഹം നാമ്പ് നീട്ടിയത്.

(3)

തൃശൂർ യാത്രയ്ക്ക് ശേഷം കുറച്ച് നാൾ കഴിഞ്ഞാണ് അടുത്ത സ്ഥലം കാണാൻ വേണ്ടി ഒരു പുതിയ റിയൽ എസ്റ്റേറ്റ് ഏജന്റിൻ്റെ കോൾ നീലിമക്ക് വന്നത്.

“തൂതപ്പുഴയുടെ തീരത്താണ് മാഡം. ഒരു മൂന്ന് ഏക്കർ. പ്രായമായ ഒരപ്പച്ചന്റേം അമ്മച്ചിയുടെയും പേരിലുള്ള സ്ഥലമാ. അവർക്ക് ഇതെങ്ങനെയെങ്കിലുമൊക്കെ വിറ്റ് മക്കളുടെ കൂടെ കാനഡക്ക് പോകാനാണെന്ന് തോന്നുന്നു”

ആദ്യം കിട്ടിയ അവധിക്ക് തന്നെ പുറപ്പെട്ടു. സൂരജും കൂടെ വന്നു. കാര്യം നടക്കുമോ എന്ന് ഇത്തവണയും ഉറപ്പില്ലാത്തത് കൊണ്ട് വരേണ്ടതില്ല താൻ പൊക്കോളാം എന്ന് പറഞ്ഞു, എങ്കിലും അവളെക്കാൾ ഉത്സാഹത്തോടെ സൂരജ് കാലത്തേ തന്നെ തയ്യാറായി നിന്നു.

പാലക്കാട്‌ ആണ് പോകുന്നത് എന്നോർത്തപ്പോൾ അവളുടെ മനസ്സിൽ ചുരം കടന്നു വരുന്ന കാറ്റിരമ്പി. കരിമ്പനകൾ കാറ്റിലുലഞ്ഞു തലയാട്ടിനിന്നു. അച്ഛൻ മരിച്ചതിൽ പിന്നെ അങ്ങോട്ട് ആദ്യമായിട്ടാണ്.18 വർഷം കഴിഞ്ഞിരിക്കുന്നു. മനസ്സിലേക്ക് ഓർമ്മകളുടെ ചോലയോഴുകി. എന്തൊരു നോവ്!

തൂതപ്പുഴയുടെ തീരത്തുള്ള അതീവശാന്തമായ ഒരു സ്ഥലത്തേക്കാണ്  ഇത്തവണത്തെ ഏജന്റ് കൊണ്ട് പോയത്. കാറ് പോകില്ല. പറ്റിയ ഒരിടത്ത് പാർക്ക്‌ ചെയ്ത് രണ്ടു കിലോമീറ്ററോളം നടക്കണം. കുറ്റിക്കാടുകൾക്കിടയിലൂടെ ഉള്ള നടപ്പ്.

സൂരജ് ആ നടപ്പിൽ തന്നെ ക്ഷീണിച്ചത് പോലെ തോന്നി.

പുഴയിൽ നിന്ന് ഏറെ അകലെയല്ലായിരുന്നു സ്ഥലം. തരിശായിട്ട് കിടക്കുന്നു. വാഴക്കൃഷി നടത്തി പരാജയപ്പെട്ട ലക്ഷണങ്ങൾ കാണാം. കുറച്ച് തെങ്ങുകളുമുണ്ട്. വില കുഴപ്പമില്ല എന്ന് തോന്നി. ഇറിഗേഷനു പറ്റിയ സൗകര്യം ഉണ്ടെന്നതാണ് എറ്റവും സമാധാനം.

ഉടമസ്ഥനായ വൃദ്ധനെയും കണ്ടു.

“റിസോർട്ട് പണിയാനും മറിച്ചു വിൽക്കാനുമൊക്കെ ഉദ്ദേശിച്ച് ആളുകൾ പലരും ചോദിച്ചുവന്നു. ഞാൻ കൊടുത്തില്ല. ഇതിപ്പോൾ ഇങ്ങനെ ഒന്നിനായത് കൊണ്ട് എനിക്ക് ഒത്തിരി സന്തോഷമുണ്ട് കാര്യം നടന്നാൽ”

അവളുടെ മുഖത്ത് തെളിച്ചമുണ്ടെന്ന് കണ്ട് സൂരജിനും ഉത്സാഹം വന്നു.

പരസ്പരം ഒന്ന് സംസാരിച്ചതിന് ശേഷം ചെറിയൊരു ടോക്കൺ തുക ഉടമസ്ഥനു അപ്പോൾ തന്നെ കൊടുത്തു.

അവർ സ്ഥലം മേടിക്കുന്നതിൻ്റെ ഉദ്ദേശം അപ്പോഴാണ് കൂടെ വന്ന പുതിയ ഏജന്റ് അറിഞ്ഞതെന്ന് തോന്നി.

ബാക്കി കാര്യങ്ങൾ മുറപോലെ എന്ന് പറഞ്ഞു കാർ കിടക്കുന്നിടത്തേക്ക് തിരിച്ചു നടക്കുമ്പോൾ ഏജന്റ് ആവേശപൂർവം വാചാലനായി.

“കാടു വളർത്താനൊന്നും പൊതുവെ ആരും സ്ഥലമങ്ങനെ മേടിക്കാറില്ല മാഡം. ലാഭം കിട്ടുന്ന ഇടപാടിനേ ആൾക്കാരു നില്കുള്ളൂ ഇക്കാലത്ത്.”

സൂരജ് പ്രോത്സാഹനത്തോടെ മൂളിക്കൊണ്ടിരുന്നു.

“പിന്നെ നിങ്ങൾക്ക് എല്ലാ കാര്യത്തിനും കാട്ടുചെടികളുടെ തൈ കിട്ടാനും എന്ത് ഉപദേശത്തിനും പറ്റിയ ഒരാളുണ്ട്. പുറത്ത് ഒക്കെ എന്തോ പഠിച്ച് വന്ന ടീം ആണ്. കൊറേ കൊല്ലമായി നമ്മളു പോകുന്ന വഴിയിൽ നിന്ന് കുറച്ച് മേലോട്ട് കയറുന്നിടത്ത് ഒരു സ്ഥലവും മേടിച്ച് കാടാക്കി കൃഷിയും ചെയ്ത് ഒറ്റയ്ക്ക് താമസിക്കുന്നുണ്ട്. വേണേൽ നമുക്കൊന്ന് പോയി കാണാം.”

വേണ്ട എന്നവൾ പറയുന്നതിന് മുൻപേ സൂരജ് സമ്മതം പറഞ്ഞു.

“കാണാം”

“പുള്ളി കൊഴപ്പമില്ലെന്നേ..നല്ല ജോളിയാ, നമ്മളോടൊക്കെ”

മനസ്സില്ലാമനസ്സോടെ  അവരുടെ കൂടെ നടന്നു.

ഒരപരിചിതനോട് എന്ത് സഹായം ചോദിക്കാനാണ്?

പക്ഷെ  ചെറിയ കാട്ടുവഴി തിരിഞ്ഞു നടന്നടുക്കുന്നതോറും മനസ്സുമാറി. വേലി കെട്ടി തിരിച്ച സ്ഥലത്ത് പച്ചപ്പിൻ്റെ ഒരു തുരുത്ത് അഹങ്കരിച്ചു നിൽക്കുന്നു.

(4)

പേരിനു മാത്രമുള്ള ചെറിയ ഗേറ്റ് തുറന്ന് കയറി. അകത്ത് ഒരു കാട് അതിന് മാത്രം സ്വന്തമായ കടുംവർണജാലത്തോടെ അവരെ എതിരേറ്റു.

കുറെ ശിഖരങ്ങളുള്ള പൂത്തുനിൽകുന്ന ഒരു മരക്കൂട്ടം കണ്ട് നീലിമയുടെ മുഖത്ത് ആവേശം തിരയടിച്ചുയരുന്നത് സൂരജ് ശ്രദ്ധിച്ചു.

ആ മരങ്ങൾക്ക് അരികിലേക്ക് ഓടിച്ചെന്നു അയാളെ അത്ഭുതപ്പെടുത്തുന്നത്ര ഉച്ചത്തിൽ അവൾ വിളിച്ചുപറഞ്ഞു.

“തമ്പകമാണിത്..തമ്പകം. അഞ്ചോ ആറോ വർഷം കൂടുമ്പോൾ മാത്രം പൂക്കുന്നത്. അതും ജനുവരിയിൽ.. അതുകൊണ്ടാ കാണാൻ പറ്റിയത്”

അടുത്തു തന്നെയുള്ള വേറൊന്നിനെ ചൂണ്ടികാട്ടി. “കാരപ്പൊങ്. വംശനാശത്തിൻ്റെ വക്കിലെത്തി നിൽക്കുന്ന മരമാണ്”

ശബ്ദത്തിൽ ഒരു കൊച്ചുകുട്ടിയുടെ  ഉത്സാഹം.

പിന്നെ വളരെ ഉയരം കൂടിയ കുടചൂടിയ പോലെ നിൽക്കുന്ന ഒന്നിനെ തൊട്ട് നിന്നു.

“ഇത് നീർക്കടമ്പ്..ഞാൻ അന്ന് പറഞ്ഞില്ലേ. പണ്ടത്തെ ഞങ്ങളുടെ വീടിനരികിലൊക്കെ ഉണ്ടായിരുന്നു എന്ന്”

നീർക്കടമ്പിൻ്റെ ചില്ലകളിൽ പാഞ്ഞുനടക്കുന്ന അണ്ണാൻകുഞ്ഞുങ്ങൾ അവരെ കണ്ട് ഞെട്ടി എവിടേക്കൊക്കെയോ പാഞ്ഞൊളിച്ചു.

നട്ടുച്ച ആയിരുന്നെങ്കിലും വൃക്ഷാഗ്രങ്ങൾ കൂടി നിന്ന് ഇരുട്ടിൻ്റെ ഒരു പ്രതീതി ഉണ്ടാക്കിയിരുന്നു.

കാടിൻ്റെ കിഴക്കേ അതിരിലൂടെ ഒരു നീർച്ചാൽ ഒഴുകുന്നു.

ഏജന്റിന് പിറകെ രണ്ടാളും നടന്നുകൊണ്ടിരുന്നു.

ഒത്തിരിയേറെ ശലഭങ്ങളും തുമ്പികളും പാറിക്കളിക്കുന്നുണ്ടായിരുന്നു. തലേന്ന് മഴ പെയ്തിട്ടുണ്ടാവണം. ഇലകൾ വീണുകിടന്ന നീണ്ട വഴിയിലെ തവിട്ട് നിറമുള്ള മണ്ണിൽ ഈർപ്പമുണ്ടായിരുന്നു.

അയാൾക്ക് പേരറിയാത്ത ഏതെല്ലാമോ കിളികളുടെ ശബ്ദങ്ങൾ കൊണ്ട് അന്തരീക്ഷം മുഖരിതമായിരുന്നു.

അവിടെ കണ്ട ഓരോ മരത്തെയും പറ്റി വിവരിച്ചുകൊണ്ട് സൂരജിന് ഒരേ പോലെ തോന്നുന്ന ശലഭങ്ങൾ പല തരത്തിൽ ഉള്ളവയാണെന്ന് പറഞ്ഞുതന്നുകൊണ്ട് നീലിമ കടലിലേക്ക് എത്താറായ സ്വച്ഛന്ദമായ പുഴപോലെ ഒഴുകുകയായിരുന്നു.

പക്ഷേ  കാടിൻ്റെ സുഖശീതളിമയിലും സൂരജിൻ്റെ മനസ്സ് ഒരു മരുഭൂമിപോലെ വരണ്ടിരുന്നു.

പത്തു വർഷം ഒരുമിച്ച് താമസിച്ചിട്ടും സമാധാനപരം എന്ന് പറയാവുന്ന, വഴക്കുകൾ വളരെ കുറഞ്ഞ ഒരു ദാമ്പത്യം നയിച്ചിട്ടും.. ഉത്സാഹം, ആവേശം എന്ന് പറയുന്ന  ഫീലിംഗുകൾ ഇതുവരെ  പ്രകടിപ്പിച്ചിട്ടില്ലാത്ത നീലിമയുടെ പുതിയ പ്രകൃതം കണ്ട് അയാൾക്ക് സന്തോഷിക്കാൻ കഴിഞ്ഞില്ല.

ഇത്ര നാൾ തൻ്റെ കൂടെ ജീവിച്ചത് നീലിമ എന്ന വ്യക്തിയുടെ തനിമയിൽ നിന്ന് രക്തവും മാംസവും ചോർന്നുപോയ ഒരു അസ്ഥിപഞ്ജരമായിരുന്നു എന്ന് അയാൾ ആലോചിച്ചു. മറ്റൊരു തരത്തിൽ പറയുകയാണെങ്കിൽ അവളെ സന്തോഷവതിയാക്കാൻ വേണ്ട ഒന്നും ചെയ്യാൻ അറിയാത്ത ഒരാളാണ് താൻ എന്നത് പച്ചപ്പരമാർത്ഥം.

അപ്പോൾ ചിന്തകളെ മുറിച്ചുകൊണ്ട് ആരെയോ വിളിക്കുന്ന ഏജന്റിൻ്റെ ശബ്ദം  ഉയർന്നു. അയാൾ അല്പം മുമ്പിലാണ് നടന്നിരുന്നത്.

“സാറെ…സാറിന് പുതിയ അയൽവാസികൾ വരാൻ പോകുന്നു”

ചെന്നെത്തിയത് ഓട് മേഞ്ഞ ഒരു കൊച്ചുവീടിൻ്റെ മുമ്പിലാണ്. കാടിനു നടുവിൽ ഒരു വീട്‌. കൗതുകകരം!

വീടിൻ്റെ മുറ്റത്തിട്ട കയറ്റുകട്ടിലിൽ മുഖത്ത് ഒരു തൊപ്പിയും വച്ചു കിടക്കുകയായിരുന്ന നന്നേ ഉയരമുള്ള ഒരു ചെറുപ്പക്കാരൻ എഴുന്നേറ്റു അവർക്കരികിലേക്ക് വന്നു.

അയഞ്ഞ ടീ ഷർട്ടും ജീൻസും വേഷം. മഴയും മഞ്ഞും വെയിലും ഏറെ കൊണ്ടത് എന്ന് തോന്നിച്ച അയാളുടെ മുഖത്തേക്ക് നോക്കവേ “കാടിൻ്റെ ആത്മാവ് കുടി കൊള്ളുന്ന പോലെ” എന്ന പ്രയോഗം അറിയാതെ സൂരജിൻ്റെ നാവിൻതുമ്പിലോട്ട് വന്നു.

വിനയം നിറഞ്ഞ ഒരു ചിരിയോടെ അയാൾ മുന്നോട്ട് വന്നു മൂന്നു പേർക്കും കൈ തന്നു.

സൗഹാർദ്ദം നിറഞ്ഞ പെരുമാറ്റം.

ഏജന്റിൻ്റെ പരിചയപെടുത്തലായിരുന്നു പിന്നെ.

അയാളുടെ കോലാഹലം സഹിക്കാൻ വയ്യാതെ ആയപ്പോൾ അല്പം മടിയോടെ ചെറുപ്പക്കാരൻ പറഞ്ഞു.

“പഠിക്കുന്ന കാലത്തേ തീരുമാനിച്ചതാണ് ഇങ്ങനെ ഒരു സെറ്റപ്പും ജീവിതവും”

കാടു വളർത്തലിനെപ്പറ്റി ഏജന്റ് ചോദിച്ചതിനെല്ലാം അയാൾ മറുപടി പറഞ്ഞു. എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

യാത്ര പറഞ്ഞു തിരിച്ചു നടക്കുമ്പോൾ ഏജന്റ് അടിവരയിട്ടു.

“ഞാൻ പറഞ്ഞില്ലേ. നല്ല മനുഷ്യൻ ആണ്”

ഗേറ്റ് കടന്നു കാറിലേക്ക് നടക്കുമ്പോഴാണ് നീലിമ കുറെയധികം നേരമായി വീണ്ടും മൗനിയായിരിക്കുന്നു എന്ന് സൂരജിന് മനസ്സിലായത്.

അല്പം മുമ്പ് വരെ അവധിക്കാലം തുടങ്ങിയ സ്കൂൾകുട്ടിയെപ്പോലെ ആർത്തുല്ലസിച്ചവളാണ്. വിചിത്രം തന്നെ. ഈ സ്ത്രീകൾ പൊതുവെ ഇങ്ങനെ ആണോ. അതോ നീലിമ മാത്രമോ.

താൻ എന്നാണ് തൻ്റെ ഭാര്യ എന്ന സ്ത്രീയെ അല്പമെങ്കിലും മനസ്സിലാക്കുക?

(5)

നന്നേ പുറകോട്ട് ചാരിവച്ച സീറ്റിൽ കണ്ണടച്ച് കിടക്കുമ്പോഴും നീലിമയുടെ കാതുകളിൽ കാട് ഇരമ്പിക്കൊണ്ടേയിരുന്നു.

തല പെരുക്കുന്ന, അനേക ശബ്ദങ്ങൾ ഇട കലർന്ന ആ സംഗീതത്തിനിടയിലും അസാധാരണമായ ഒരു ശാന്തത അവൾ വർഷങ്ങൾക്ക് ശേഷം അനുഭവിച്ചു. നീണ്ട മുഷിപ്പിക്കുന്ന ഒരു യാത്രയ്ക്ക് ശേഷം ഗൃഹാതുരതയോടെ സ്വന്തം വീട്ടിലെത്തിയതുപോലെയുള്ള ഒരു സമാധാനം. ലഹരിയിലെന്ന പോലെ വെറുതെ ചിരിക്കാൻ തോന്നി. പിന്നെ നിശബ്ദമായി മനസ്സിനുള്ളിൽ നിറഞ്ഞുനിന്ന വിനയത്തോടെ പുഞ്ചിരിക്കുന്ന ഒരു മുഖത്തോട് അവൾ പറഞ്ഞു.

“നിനക്ക് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ ഞാൻ മാറിപ്പോയി എന്നത് എന്നെ വിഷമിപ്പിച്ചു എങ്കിലും എനിക്ക് മുൻപേ നീ അവിടെ എത്തിയതിനേക്കാൾ വലിയൊരു സന്തോഷമില്ല കാശി…”

(6)

ലാഭത്തിൻ്റെ കണ്ണിലൂടെ അല്ലാതെ കാടിനെ നോക്കിക്കാണുന്ന ഒരു കുടുംബത്തെ ആദ്യമായി പരിചയപ്പെട്ട സന്തോഷത്തിൽ ഡോക്ടർ കാർത്തിക് തടസ്സപ്പെട്ട ഉറക്കം പൂർത്തിയാക്കാൻ കട്ടിലിലേക്ക് തിരിച്ചുപോയി. അതിനിടയിലും ചിരിച്ചുല്ലസിച്ചു പരിചയപ്പെടാൻ മുന്നോട്ട് വന്ന നീലിമ എന്ന സ്ത്രീ തന്നെക്കണ്ടു ഞെട്ടിയത് പോലെ മുഖത്തേക്ക് കണ്ണിമ ചിമ്മാതെ നോക്കിയതും പോകാൻ നേരത്ത് ഒരു നെടുവീർപ്പോടെ തിരിഞ്ഞു  നോക്കി തെല്ലിട നിന്നതും എന്തുകൊണ്ടായിരിക്കും എന്ന ചിന്ത അയാളുടെ മനസ്സിൽ ഒരു നിമിഷം ഉടക്കി നിന്നു.

അതിരപ്പിള്ളിയിലെ കാടർ കോളനിയിലെ ദുരിതം നിറഞ്ഞ കുട്ടിക്കാലത്തേയും സ്കൂൾ, കോളേജ് കാലഘട്ടത്തിലെയും മുഖങ്ങൾ ഒന്ന് ഓടിച്ചു ഓർമ്മിച്ചുനോക്കി. ഇല്ല. പരിചയമില്ല.

അദ്യമായിട്ട് കാണുന്ന സ്ത്രീ തന്നെയാണ്.

പിന്നെ തനിക്ക് യാതൊരു ആവശ്യവുമില്ലാത്ത ചിന്തകളെ എളുപ്പത്തിൽ തട്ടിക്കളയാൻ പരിശീലിച്ച മനസ്സിനെ ഒന്ന് നല്ലവണ്ണം ഏകാഗ്രമാക്കി ആ കുടുംബം യാത്ര പറഞ്ഞു പോകുന്ന നേരത്ത് കാടിന് മുകളിലൂടെ പറന്നു പോയ പക്ഷിക്കൂട്ടത്തിൻ്റെ ചിത്രം ഒരിക്കൽ കൂടി ഓർത്തെടുക്കാൻ കാർത്തിക് ശ്രമിച്ചു.

ഒരിക്കലും നിലത്ത് ഇരിക്കാത്ത, പറന്നുതന്നെ കഴിച്ചുകൂട്ടുന്ന ചിത്രകൂടൻ ശരപ്പക്ഷികൾ അല്ലായിരുന്നോ അവ?


PHOTO CREDIT : DEVIN

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

Leave a Reply

You May Also Like
Read More

എസ്ബിഐ യിൽ വമ്പിച്ച ഇളവുകളോടെ “ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി”

കോവിഡ്-19 സമൂഹത്തിൻ്റെ എല്ലാ മേഖലകളിലും കടുത്ത സാമ്പത്തികപ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഈ പരിതസ്ഥിതി കണക്കിലെടുത്തു കൊണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പ കുടിശ്ശികക്കാർക്കായി വമ്പിച്ച…
Read More

സഞ്ചാരപഥം

സ്വപ്നങ്ങൾക്കു പിന്നാലെയുള്ള സഞ്ചാരപഥം. അതിന്‍റെ യുക്തി എന്താണെന്ന് അറിയില്ല. പക്ഷേ മനുഷ്യനു ജീവിക്കാൻ സ്വപ്നങ്ങൾ വേണം. അവൻ തന്നെയാകുന്ന അവന്‍റെ കഥയിലെ നായകന് ചുറ്റും…
Read More

മിന്നൽ മുരളി

അങ്ങനെ ഇന്ത്യയുടെ സ്വന്തം സൂപ്പർഹീറോ മിന്നൽ മുരളി ബേസിൽ ജോസഫിൻ്റെ സംവിധാനത്തിൽ മലയാളികളുടെ മനസ്സിലേക്ക്. വൻ ബഡ്ജറ്റ് ഹോളിവുഡ് സൂപ്പർഹീറോ സിനിമകളുമായി താരതമ്യം ചെയ്യാൻ…
Read More

പുറ്റ്

ഡി സി നോവല്‍ പുരസ്‌കാരത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട കരിക്കോട്ടക്കരിക്കുശേഷം വിനോയ് തോമസ് എഴുതിയ നോവല്‍ ആണ് പുറ്റ്. തങ്ങളുടെ ഭൂതകാലങ്ങളുടെ കാണാ ചുമട്…
Read More

സാഹിത്യ നൊബേൽ 2021 ടാൻസാനിയൻ നോവലിസ്റ്റ് അബ്ദുള്‍റസാക്ക് ഗുര്‍ണയ്ക്ക്

ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ടാൻസാനിയൻ നോവലിസ്റ്റായ അബ്ദുൾറസാക്ക് ഗുർണ അർഹനായി. സാഹിത്യ നൊബേല്‍ നേടുന്ന രണ്ടാമത്തെ ആഫ്രിക്കന്‍ വംശജനാണ് ഗുർണ. കോളനിവത്കരണം…
Read More

തിരികെ

അക്ഷരങ്ങൾ കൊണ്ട് മനസ്സിൽ ദൃശ്യജാലം തീർക്കുന്ന, തികച്ചും വ്യത്യസ്തമായ പത്ത്  കഥകൾ അടങ്ങിയ കഥാസമാഹാരമാണ് സായ്‌റ എഴുതിയ ‘തിരികെ’ . ‘തിരികെ’യിൽ എറ്റവും ചർച്ച…
Read More

വിജയത്തിനെത്ര രഹസ്യങ്ങൾ

പതിറ്റാണ്ടുകളായി മലയാളികളെ നിത്യം പ്രചോദിപ്പിക്കുന്ന ബി.എസ്. വാരിയരുടെ മറ്റൊരു വിശിഷ്ടകൃതി. സ്നേഹം, ബന്ധങ്ങൾ, സത്യസന്ധത, ക്ഷമ തുടങ്ങിയ ശാശ്വതമായ ജീവിത മൂല്യങ്ങൾ വളർത്തിയെടുക്കാൻ വായനക്കാരെ…
Read More

വിജനത

ആൾക്കൂട്ടത്തിന് നടുവിൽ നിന്ന് വിജനതക്കായി വെമ്പൽ കൊള്ളുകയും രാത്രിനക്ഷത്രങ്ങളോട് ഏകാന്തത നിറഞ്ഞ എൻ്റെ വീടിനെപ്പറ്റി പരാതി പറയുകയും ചെയ്യുന്ന ഭ്രാന്തമായ എൻ്റെ മനസ്സിൻ്റെ ദാർശനിക…
Read More

അവർ

നൂറുനൂറു അരുവികൾ ചേർന്നു കരുത്തയായ വലിയൊരു നദി പോലെ ഞങ്ങൾക്ക് മുന്നിലേക്ക് അവർ ഒഴുകി വന്നു നിറഞ്ഞു. അവർ നിശബ്ദരായിരുന്നു.. പക്ഷേ അവരുടെ നിശബ്ദതയിൽ…
Read More

ആംബ്രോസിൻ്റെ ക്ഷണക്കത്ത്

സ്കള്ളേർസിൻ്റെ ഗ്രൂപ്പിൽ പൊട്ടിച്ചിരി സ്മൈലികളുടെയും അൺപാർലിമെൻ്റെറി വാക്കുകളുടെയും ഒരു പെരുമഴ കണ്ടാണ് ഞാൻ ഫോൺ കയ്യിലെടുത്തത്. മുകളിലോട്ട് സ്ക്രോൾ ചെയ്തു നോക്കുമ്പോൾ കോയ, ഒരു…
Read More

രാവ്

രാവ് പെയ്യുകയാണ് പുലരിയുടെ പ്രണയവും തേടി…. ഹൈക്കുകവിതകൾ@ആരോ PHOTO CREDIT : MATT BENNETT Share via: 10 Shares 3 1 2…
Read More

കത

ആദ്യമായി ഫേസ്ബുക്കിൽ പ്രസിദ്ധീകരിക്കപ്പെടുകയും വളരെ പെട്ടെന്ന് തന്നെ വായനക്കാരുടെ ശ്രദ്ധയിൽ വരികയും അവിടെ മായാത്ത ഇടം നേടുകയും ചെയ്ത നോവലാണ് ആർ രാജശ്രീ എഴുതിയ…
Read More

കോവിഡ് മഹാമാരി : രണ്ടാം വായ്പാ പുനരുദ്ധാരണ പാക്കേജുമായി റിസർവ്വ് ബാങ്ക്

കോവിഡ് മഹാമാരി മൂലം നമ്മുടെ രാജ്യത്തിൻ്റെ സാമ്പത്തികരംഗം പ്രതിസന്ധി നേരിടുകയാണ്. കച്ചവടം, വ്യവസായം, തൊഴിൽ മേഖലകളും ഒരു വിഭാഗം വിദേശ ഇന്ത്യക്കാരും കടുത്ത സാമ്പത്തിക…
Read More

നാർക്കോട്ടിക് ജിഹാദ്

എൻ്റെ സിരകളിൽ ധമനികളിൽ പടർന്നുകിടപ്പുണ്ട് ആ ലഹരി.. ലഹരിയല്ലായിരുന്നത്.. അലയടിച്ചുയരുന്ന ഉന്മാദം ഓ,ഉന്മാദമല്ലത്.. കെട്ടഴിഞ്ഞ കൊടുങ്കാറ്റ്.. നിൻ്റെ വാക്ക്‌..നിൻ്റെ ചിരി..നീ.. എന്നെത്തിരയുമ്പോൾ നിന്നെ മാത്രം…