മടിച്ചു നിൽക്കാതെ മുഖം ചുളിക്കാതെ ഉഷാറായി എന്നും യാത്രചെയ്യാൻ ഇഷ്ടം ട്രെയിനിൽ തന്നെയാണ്. കുടുംബപരമായിട്ടു ആ ഇഷ്ടം പിന്തുടർന്ന് പോകുകയാണെന്ന് വേണമെങ്കിൽ പറയാം! ട്രെയിനിൽ യാത്ര ചെയ്യുമ്പോഴുള്ള അനുഭവങ്ങൾ ആണെങ്കിലോ മറ്റൊന്നിനും പകരം വയ്ക്കാനുമാവില്ല. യാത്രക്കിടെ ഒരുപാട് പേര് കയറിവരും. ഒരുപാടു പേര് ഇറങ്ങിപ്പോവും. ചിലരെ നമ്മൾ കുറച്ച് കാലത്തേക്ക് ഓർത്തു വയ്ക്കും. ചില മുഖങ്ങൾ പക്ഷേ കൊണ്ടു വേദനിക്കുന്ന കൊളുത്ത് പോലെ മനസ്സിൽ എവിടെയോ അങ്ങനെ കിടക്കും..
കോളേജിലേക്കുള്ള ആ യാത്രയും സാധാരണ പോലെയാണ് തുടങ്ങിയത്.
രാവിലെ തന്നെ വീട്ടിൽ എനിക്ക് കൊണ്ട് പോകാനുള്ള സാധനങ്ങൾ പാക്ക് ചെയ്യുന്ന വമ്പൻ തിരക്കായിരുന്നു.
“പോകാനുള്ള ഒരുക്കങ്ങളൊക്കെ ആയോ അമ്മു?”
അച്ഛാച്ചൻ ആണ്.
ഒരു വലിയ പഴക്കുല തന്നെയുണ്ട് അച്ഛാച്ചൻ്റെ കയ്യിൽ.
ഇതിനി ഏത് ബാഗിൽ കുത്തികയറ്റും? ഞാൻ അന്തം വിട്ടു.
“എല്ലാം എടുത്ത് വെച്ചു അച്ഛാച്ച” ഒന്ന് പറഞ്ഞു നോക്കി..
“ആ.. എന്നാ ഇതുടേ വെക്ക് വേഗം” അച്ഛാച്ചൻ വിട്ടില്ല..
പഴക്കുലയും ഓറഞ്ചും കാച്ചിയ വെളിച്ചെണ്ണയും ഇല്ലാതെ ഹോസ്റ്റലിൽ പോകരുത്!
എല്ലാം എടുത്ത് വച്ചു തരാൻ അച്ഛൻ വരും. എന്നാലും ഇത് കഴിഞ്ഞ് ട്രെയിൻ ഇറങ്ങിയാൽ എല്ലാം ഈ ഞാൻ തന്നെ ചുമക്കണ്ടേ?
വൈകാതെ തന്നെ സ്റ്റേഷനിൽ എത്തി, പതിവുപോലെ ഒന്നോ രണ്ടോ പേര് കൂടി നിൽക്കുന്നു, കൃത്യമായി സീറ്റ് നമ്പർ നോക്കി ഇരുന്നു.
കണ്ട് പരിചയമുള്ള മുഖങ്ങൾ ഒരുപാടുണ്ട്. എല്ലാ ആഴ്ചയും രാവിലെ ഈ ട്രെയിനിൽ തന്നെയാണ് പോകുന്നത്.
നേരിയ വേഗതയിൽ ട്രെയിൻ മുന്നോട്ട് പോയി തുടങ്ങി.
“എവിടേക്കാ?”
അടുത്തിരുന്ന ചേച്ചിയുടെ ശബ്ദം ഉറക്കത്തിൻ്റെ വക്കിൽ എത്തിയ എന്നെ ഉണർത്തി.
“കോഴിക്കോട്..”
“ഓ.. ഈ ഫോണിൻ്റെ പ്രവർത്തനം അറിയോ?”
വില കൂടിയ ഒരു സ്മാർട്ട് ഫോൺ എനിക്ക് നേരെ നീട്ടികൊണ്ട് അവർ ചിരിച്ചു.
“ഉം, അറിയാം..”ഞാൻ പറഞ്ഞു
“എന്നാ ഇതിൽ ഒരാളെ വിളിച്ചു തരുവോ മോളെ?” അവരുടെ ദയനീയമായ ചോദ്യം.
വേണ്ടെന്ന് പറയാൻ ഒരു കാരണവും എനിക്ക് ഇല്ലാലോ!
“തരാലോ..”
അവർ ബാഗിൽ നിന്നും നല്ല രീതിയിൽ ചുളിവ് വീണ ഒരു കടലാസ് എടുത്തു. അതിൽ ആരുടെയോ നമ്പർ കുറിച്ചിട്ടിട്ട് ഉണ്ടായിരുന്നു.
ഞാൻ നമ്പർ ഡയൽ ചെയ്തു. ആ നമ്പർ ഡയൽ ചെയ്ത് കൊടുത്തപ്പോൾ അവരുടെ മുഖത്ത് എനിക്ക് പിടി കിട്ടാത്ത ഒരു ഭാവം തന്നെയുണ്ടായിരുന്നു. അതിനെ സന്തോഷം എന്നാണോ വിശേഷിപ്പിക്കണ്ടത്? എനിക്ക് അറിയില്ല. ആരോ കോൾ അറ്റെൻഡും ചെയ്തു..
“ഹലോ” ഞാൻ പറഞ്ഞു. അപ്പുറത്ത് നിന്ന് മറുപടിയൊന്നും വരുന്നതായി തോന്നിയില്ല.
അപ്പോഴെല്ലാം ആ സ്ത്രീ ആകാംക്ഷ നിറഞ്ഞൊരു പുഞ്ചിരിയോടെ എൻ്റെ മുഖത്തേക്ക് നോക്കിയിരിക്കുകയായിരുന്നു. ഞാൻ ആ കോൾ കട്ട് ചെയ്ത് വീണ്ടും ഒന്നുകൂടി ഡയൽ ചെയ്തുകൊണ്ടിരുന്നപ്പോഴേക്കും തിടുക്കത്തിൽ ഒരാൾ വിയർത്തൊലിച്ചു കൊണ്ട് ഞങ്ങൾ ഇരുന്ന കംപാർട്മെന്റ്ലേക്ക് ഓടി വന്നു.
അപ്പോൾ എൻ്റെയടുത്തിരുന്ന സ്ത്രീ പരിഭ്രമിച്ചു ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു.
“അമ്മേ”.. ഓടി വന്നയാൾ അവരെ നോക്കി കിതച്ചുകൊണ്ട് വിളിച്ചു. കമ്പാർട്മെന്റിലെ എല്ലാവരുടെയും ശ്രദ്ധ പെട്ടെന്ന് ആ രംഗത്തിലേക്ക് തിരിഞ്ഞു. അപ്പോൾ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സീറ്റിൽ നിന്നും പൊടുന്നനെ എഴുന്നേറ്റ് ആ സ്ത്രീ ഡോറിനരികിലേക്ക് ഓടി.
ഒരു നിമിഷം എല്ലാവരും സ്തബ്ധരായി നിന്നു. അവരുടെ മകൻ മനസ്സാന്നിധ്യം വീണ്ടെടുത്ത് അവരുടെ അടുത്തെത്തി അവരുടെ കയ്യിൽ മുറുക്കെ പിടിച്ചു. അപ്പോൾ വലിയ വിസമ്മതം കൂടാതെ അവർ അയാളോടൊപ്പം ആ കമ്പാർട്മെന്റിൽ നിന്നും നടന്നു.
“സുഖമില്ലാത്ത ആളാ..”
തല താഴ്ത്തി അവരുടെ കമ്പാർട്മെന്റിനു നേരെ നടക്കുമ്പോൾ ആരോടോ അയാൾ പറയുന്നത് കേട്ടു.
“ഇങ്ങനെ ഉള്ളവരെ ഒക്കെ സൂക്ഷിച്ചു കൊണ്ട് നടക്കണ്ടേ?”
കമ്പാർട്മെന്റിൽ ഇരുന്ന പലരും വളരെ കേമായി തന്നെ അഭിപ്രായങ്ങൾ പറയാൻ തുടങ്ങി. ഒരു പുതിയ വിഷയം കിട്ടിയ സന്തോഷം..
ട്രെയിൻ വേഗത കുറച്ചു തുടങ്ങിയിരുന്നു. ബാഗ് എടുത്ത് ഡോറിനരികിലേക്ക് നടക്കുമ്പോൾ എൻ്റെ മനസ്സിൽ അവ്യക്തമായ ഒരു വേദനയായിരുന്നു. കുറേ ചോദ്യങ്ങളും..
ആരായിരുന്നു അവർ? മുഷിഞ്ഞു പഴകിയ ആ കടലാസ്സിൽ അവർ ഒരു നിധി പോലെ സൂക്ഷിച്ചു വച്ച..ആ നമ്പർ ആരുടേതാണ്?
വണ്ടി ഇറങ്ങി ഞാൻ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി..
ആ നമ്പറുള്ള കടലാസ് മുന്നിലിരുന്ന ചേട്ടൻ്റെ ബൂട്സിനടിയിൽ പെട്ട് ഒന്നുകൂടി ചുക്കിച്ചുളിഞ്ഞു കിടപ്പുണ്ടായിരിന്നു…
PHOTO CREDIT : ARFAN
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂