വീണ്ടും ഞാൻ നിന്നെ കണ്ടുമുട്ടും
എവിടെയെന്നും എപ്പോഴെന്നുമെനിക്കറിയില്ല
ഒരുവേള, നിൻ്റെ കല്പനയിലുയിർ കൊണ്ട
ഒരു കഥയായി
അല്ലെങ്കിൽ നിൻ്റെ ക്യാൻവാസിൽ പടർന്നുകിടക്കുന്ന
നിഗൂഢമായൊരു വരയായി മാറി
നിന്നെ ഞാൻ നോക്കിക്കൊണ്ടേയിരിക്കും..
ഒരുവേള ,നിൻ്റെ ചിത്രത്തിലെ നിറങ്ങളെ പുണരുന്ന ഒരു സൂര്യകിരണമായി
നിൻ്റെ ക്യാൻവാസിലേക്ക്
ഞാനെന്നെത്തന്നെ പകർത്തിയെഴുതും
എവിടെയെന്നും എപ്പോഴെന്നുമെനിക്കറിയില്ല
ഞാൻ നിന്നെ വീണ്ടും കണ്ടുമുട്ടും..അതുറപ്പ്..
ഒരുവേളയൊരു അരുവിയായിത്തീർന്ന്
നിൻ്റെയുടലിൽ വീണ് നുരയുന്ന
ജലകണങ്ങളാകും ഞാൻ
നിൻ്റെയുള്ളം തണുപ്പിക്കുമൊരു
സുഖദമാം തോന്നലാകും ഞാൻ
കാലമെന്തെല്ലാം ചെയ്താലും
ഈ ജന്മം എന്നോടൊത്തു
നടന്നുകൊണ്ടിരിക്കുമെന്നതൊഴികെ
മറ്റൊന്നും എനിക്കറിയില്ല
നശ്വരമായ ദേഹത്തോടൊപ്പം
മറ്റെല്ലാം മണ്ണടിഞ്ഞു പോകും
പക്ഷേ ഓർമ്മകളുടെ നൂലിഴകൾ
നെയ്തിരിക്കുന്നത് എന്നേക്കും നിലനിൽക്കുന്ന
നൂറുനൂറായിരം ശകലങ്ങൾ കൊണ്ടാണ്
അവയിലോരോ കണികയുമെടുത്ത്
ഞാൻ നൂലിഴകൾ തീർക്കും
വീണ്ടും ഞാൻ നിന്നെ കണ്ടുമുട്ടും…
അമൃതാ പ്രീതത്തിൻ്റെ ‘മേ തെനു ഫിർ മിലേൻഗേ’ എന്ന കവിത മലയാളത്തിലാക്കാൻ നടത്തിയ ഒരു ശ്രമം. അമൃതാ പ്രീതം പഞ്ചാബിയിലെ ഏറ്റവും ശ്രദ്ധേയയായ കവിയും നോവലിസ്റ്റും ആയിരുന്നു. ഇന്ത്യയിലും പാകിസ്ഥാനിലും ഒരുപോലെ ആദരിക്കപ്പെടുന്ന എഴുത്തുകാരി.
PHOTO CREDIT : RFP
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
1 comment
Mosaic of love!