“ഇങ്ങളാ കയ്യൊന്ന് നീട്ട്”
ചുറ്റും പെരുകിയുയരുന്ന പ്രളയജലത്തിൽ
മുങ്ങിത്താഴുമ്പോൾ
മറന്നേപോയൊരു തെളിവെയിലല പോലെ
ജലവിതാനത്തിൽമേലൊരു മഴവില്ലുപോലെ
നീ….
“ഇത് സ്വപ്നമോ! ”
നില തെറ്റി ഞാൻ വീഴാനൊരുങ്ങുമ്പോൾ
എനിക്ക് നേരെ നീളുന്ന നിൻ്റെ കൈത്തലം
വാശിയോടണച്ചെത്തുന്ന വെള്ളം
കാൽച്ചുവട്ടിൽ വഴുതിമാറുന്നിത്തിരി മണ്ണും
ചുറ്റും അലമുറകൾ നിലവിളികൾ
വിരണ്ട നിസ്സഹായമായ കൺകളോടെ നാൽക്കാലികൾ
എങ്ങും തകർച്ചയുടെ ഒച്ചകൾ
അതിനും മീതേയ്ക്കുയരുന്ന നിൻ്റെ ചിരി
നിൻ്റെ കണ്ണുകളിൽ കവിളുകളിൽ
ചുണ്ടുകളിൽ എല്ലാം വെയിൽചിരി
കയ്യെത്തിപിടിച്ചു മുന്നോട്ടായുമ്പോൾ
വളയിട്ട മെലിഞ്ഞുനീണ്ട നിൻ്റെ
കൈക്കരുത്തിലമ്പരന്ന് ദുർബലനായി ഞാൻ
“വാ ഇങ്ങോട്ട്” എന്ന് നിൻ്റെ ശബ്ദം
നനഞ്ഞുകുതിർന്ന് എവിടേയ്ക്കെന്നറിയാതെ
നിനക്ക് പിറകെ നടക്കുമ്പോൾ
മുൻപിൽ വഴികളെവിടെയോ പുഴയിലൊളിക്കുന്നു
വേരറ്റ വന്മരങ്ങൾ ജലയാത്ര പോകുന്നു
നിനക്ക് ചുറ്റും മാത്രം ചിതറുന്ന വെയിൽ
ഇളം ചൂടുള്ള നിൻ കൈവിരലുകൾക്കിടയിലിളവേൽക്കുമെൻ്റെ
മരവിച്ച കൈത്തലം
അലറിയാർത്തൊരു മഴയെ വകഞ്ഞ്
വഴി മാറിയൊഴുകുന്ന പുഴയും കടന്ന്
തെളിമാനം അഹങ്കരിക്കുന്ന പാടങ്ങളിലേക്ക്
ആർത്തിയോടെയെത്തി സ്വയം മറന്നു നിൽക്കവേ
“ഇതെൻ്റെ ഓർമയ്ക്ക് ”
ചുണ്ടുകളിൽ ഒരു വെയിൽചുംബനം തന്ന്
ചിരി ശബ്ദം മാത്രമോർമയിൽ പകർന്ന്
ഒരു ഗ്രീഷ്മസ്വപ്നമായ് പോയ്മറഞ്ഞ് നീ..
NATSUKI
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
2 comments
Nice…
The dullness of my understanding reveals how many other ways there are to encounter life. I am humbled yet intrigued as I am human and the unknown is a mistress.