ദളിതന് ഈ നാട്ടിൽ ആത്മാഭിമാനത്തോടെ തലയുയർത്തി ജീവിക്കുന്നതിന് ഏറ്റവും അത്യാവശ്യം വേണ്ടത് ഭൂമിയും, വിദ്യാഭ്യാസവും ആണ് എന്ന് മഹാത്മാ അയ്യങ്കാളി തിരിച്ചറിഞ്ഞിരുന്നു. അതിനു വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് ജീവിതം മുഴുവൻ സമർപ്പിച്ച ആ മനുഷ്യ സ്നേഹിയുടെ ജന്മവാർഷികം ആണ് ഓഗസ്റ്റ് 28.
അയ്യങ്കാളിയുടെ നേതൃത്വത്തിൽ കീഴാളജനത ഒരേസമയം ജാതി വ്യവസ്ഥക്കെതിരെ പോരാടുകയും, ഒപ്പം പൊതു ഇടങ്ങളും, പൊതുവിദ്യാഭ്യാസവുമെല്ലാം ജനാധിപത്യവൽക്കരിക്കുവാനുള്ള ശ്രമങ്ങൾക്കും പ്രാധാന്യം കൊടുക്കുകയും ചെയ്തു.
സാധുജനപരിപാലന സംഘത്തിൻ്റെ നേതാവായി അയ്യങ്കാളി വളരെ സജീവമായി പ്രവർത്തിക്കുകയും പുലയരുൾപ്പെടുന്ന കർഷകത്തൊഴിലാളികളുടെ പ്രശ്നങ്ങൾ ഭരണാധികാരികൾക്കുമുമ്പിൽ നിവേദനങ്ങളായി എത്തിക്കുകയും ചെയ്തിരുന്നു. വിദ്യാഭ്യാസം, ഭൂമി, അയിത്താചാരങ്ങളും, തുടർന്നുള്ള സവർണ്ണ ആക്രണങ്ങൾ തുടങ്ങി സമുദായത്തിൻ്റെ എല്ലാ പ്രശ്നങ്ങളും അദ്ദേഹം ദിവാനടക്കമുള്ള ഉയർന്ന ഉദ്യേഗസ്ഥന്മാരുടെ മുമ്പിൽ എത്തിക്കുമായിരുന്നു. ഈ അവസരത്തിലാണ് അയിത്തജാതിക്കാർ നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കാൻ അതേ സമുദായത്തിൽപ്പെട്ടവർ തന്നെ വേണമെന്നുള്ള നിർദ്ദേശങ്ങൾ സഭയിലുയർന്നു വന്നത്. പുലയരുടെയും, മറ്റു അധഃസ്ഥിത സമുദായക്കാരുടെയും നേതാവായിരുന്ന അയ്യങ്കാളിയുടെ പേരു തന്നെയാണ് ഈ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ഉയർന്നുവന്നത്.
1911 ഡിസംബർ 5 -ലെ സർക്കാർ ഗസറ്റിലൂടെയാണ് ഗവൺമെന്റ് അയ്യങ്കാളിയെ തിരുവിതാംകൂറിലെ ശ്രീമൂലം പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്നത്. 1912 ഫെബ്രുവരി 27 -ാം തീയ്യതി കൂടിയ ശ്രീമൂലം പ്രജാസഭയുടെ 8 -ാമത് യോഗത്തിൽ അയ്യങ്കാളി പങ്കെടുത്തു സംസാരിച്ചു.
ഭൂമിയുടെയും, വിദ്യാഭ്യാസത്തിൻ്റെയും വിഷയങ്ങൾക്കാണ് അദ്ദേഹം ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത്. സഭയിൽ എത്തിയ ഉടൻ തന്നെ തങ്ങളുടെ സമുദായത്തിൽ നിന്ന് കൂടുതൽ പ്രതിനിധികളെ സഭയിലുൾപ്പെടുത്തണമെന്ന് അദ്ദേഹം ദിവാനോട് അഭ്യർത്ഥിച്ചു. ”ഞങ്ങൾ ആറുലക്ഷം ആളുകളുണ്ട്. ഓരോ ലക്ഷത്തിനും ഓരോ പ്രതിനിധിയെ വീതം നൽകാൻ ദയവുണ്ടാകണം…”
ഇതിനെ തുടർന്ന് വ്യത്യസ്തജാതികളിൽ നിന്നുള്ള പ്രതിനിധികളെ സഭയിലുൾപ്പെടുത്തി.
പുതുവൽഭൂമി അഥവാ പുറമ്പോക്ക് ഭൂമി പതിച്ചു നൽകുക എന്നതായിരുന്നു അയ്യങ്കാളി പ്രജാസഭയിൽ ഉന്നയിച്ച മറ്റൊരു പ്രധാന ആവശ്യം. അയ്യങ്കാളിയുടെ ഈ അപേക്ഷയുടെ ഫലമായി തിരുവനന്തപുരം താലൂക്കിൽ പള്ളിപ്പുറം പകുതിയിൽ 5000 ഏക്കറും നെയ്യാറ്റിൻകര താലൂക്കിൽ വിളപ്പിൽ പകുതിയിൽ 300 ഏക്കറും പുറമ്പോക്ക് ഭൂമി തറവില, തടിവില കൂടാതെ കുടി ഒന്നിന് ഒരേക്കർ വീതം പതിച്ചു കൊടുക്കുന്നതിന് ഉത്തരവുണ്ടായി. വിളപ്പിൽ പകുതിയിൽ അനുവദിച്ച 300 ഏക്കറും, കുടിയൊന്നിനു ഒരേക്കർ വീതം പതിച്ചു കൊടുക്കുകയും, പള്ളിപ്പുറം പകുതിയിൽ അനുവദിച്ച 500 ഏക്കറും റദ്ദ് ചെയ്ത് അതിനു പകരം നെടുമങ്ങാട്ടു താലൂക്കിൽ ഉഴവലയ്ക്കൽ പകുതിയിൽ പുതുവൽ ഭൂമി അനുവദിച്ചുകൊടുക്കുകയും ചെയ്തു.
1916 -ലും, 1918 -ലും പ്രജാസഭയിൽ നടത്തിയ പ്രസംഗത്തിൽ സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞ് ദളിതർക്ക് ഭൂമി പതിച്ചു നൽകാത്ത, ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എല്ലാ യോഗങ്ങളിലും നിരന്തരമായി ഭൂപ്രശ്നം ഉന്നയിച്ചിട്ടും വേണ്ടത്ര രീതിയിൽ ഭൂമി വിതരണം നടന്നിട്ടുണ്ടായിരുന്നില്ല. 1923 -ൽ നടന്ന പ്രജാസഭയുടെ 19 -ാമത്തെ കുടിച്ചേരലിൽ പുലയരുടെ ഭൂപ്രശ്നങ്ങളോടൊപ്പം അവർ നേരിടുന്ന മറ്റു പല തരത്തിലുള്ള വിവേചനങ്ങളെയും കുറിച്ച് അയ്യങ്കാളി അവതരിപ്പിച്ചിട്ടുണ്ട്.
വെള്ളയാണി കായലിനു സമീപം തിരുവല്ലം വില്ലേജിൽ നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെടുന്ന 172 ഏക്കർ കരഭൂമിയിൽ 50 സെന്റ് ഭൂമി വീതം ഓരോ പുലയ കുടുംബത്തിനും പതിച്ചു നൽകണം. സവർണ ഹിന്ദുക്കളിൽ നിന്നും പുലയർക്ക് കാര്യമായ സഹായങ്ങൾ ഒന്നും തന്നെ ലഭ്യമല്ല എന്നും അദ്ദേഹം പരാതി ഉന്നയിച്ചു. ക്രിസ്ത്യൻ മിഷണറിമാർ പുലയർക്കു ആവശ്യമായ സഹായം നൽകുന്നതിനാൽ അവരെല്ലാം തന്നെ പ്രസ്തുത മതത്തിലേക്ക് ആകർഷിക്കപ്പെടുകയാണ്. ദാരിദ്ര്യവും തൊട്ടുകൂടായ്മയും കാരണം അധഃസ്ഥിതർ മറ്റു മതങ്ങളിൽ അംഗങ്ങളാകുന്നു. റോഡ്, കിണർ, വാസസ്ഥലങ്ങൾ എന്നിവയുടെ കാര്യത്തിലും, വിദ്യാഭ്യാസ സാമ്പത്തിക അഭിവൃദ്ധിയുടെ കാര്യത്തിലും, സാംബവരുടെ ആവശ്യങ്ങളിൻമേൽ അടിയന്തര നടപടി സ്വീകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തങ്ങൾക്കു കിട്ടിയ ഭൂമിയിൽ നിന്ന് കൈവശക്കാരെ ഒഴിപ്പിച്ചെടുക്കാൻ ദളിതർക്കു നിയമനടപടികളിലേക്കു പോകേണ്ട അവസ്ഥയുണ്ടായിരുന്നു. സൗജന്യമായി കിട്ടിയ ഭൂമിയുടെ ഉടമസ്ഥ അവകാശം സ്ഥാപിക്കാൻ വലിയ തുക മുടക്കി കോടതിയിൽ കേസ് നടത്തേണ്ട ദളിതരുടെ ഗതികേട് അയ്യങ്കാളി നിയമസഭയിൽ അവതരിപ്പിച്ചു.
ഇങ്ങനെ തൻ്റെ ജനതയുടെ സർവോന്മുഖമായ ഉന്നമനം ലക്ഷ്യം വച്ചു മഹാത്മാ അയ്യങ്കാളി നടത്തിയ പ്രവർത്തനങ്ങൾ നിരവധിയാണ്. അദ്ദേഹത്തിൻ്റെ നേതൃത്വം അങ്ങേയറ്റം പ്രചോദനപരവും. അതുമായി ബന്ധപ്പെട്ട് ചിലതെങ്കിലും കുറിക്കാൻ കഴിഞ്ഞതിലുള്ള സംതൃപ്തിയോടെ ഈ ലേഖനപരമ്പര നിർത്തുന്നു.
ശുഭം
PENCILASHAN
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
1 comment
Wonderful story.