സ്കൂൾ പ്രവേശന, കാർഷിക, പണിമുടക്ക് സമരം
1904ൽ വെങ്ങാനൂരിൽ അയ്യങ്കാളി സ്വന്തമായി കുടിപള്ളികൂടം സ്ഥാപിച്ചു. കേരളത്തിൽ ദളിതർക്ക് മാത്രമായി സ്ഥാപിക്കപ്പെട്ട ആദ്യത്തെ സ്കൂളായിരുന്നു. 1905-07 ൽ മിഷണറിമാർ, തോമസ് വാദ്ധ്യാർ തുടങ്ങിയവരുടെ പ്രവർത്തനഫലമായി പുലയർ, കുറവർ, പറയർ തുടങ്ങിയ വിഭാഗങ്ങളിലെ കുട്ടികൾക്ക് സ്കൂൾ പ്രവേശനം അനുവദിച്ചുള്ള ഉത്തരവ് ഇറങ്ങി. പക്ഷേ ആരും പദ്ധതി നടപ്പിലാക്കിയില്ല.
1907 : തങ്ങളുടെ കുഞ്ഞുങ്ങളെ സ്കൂളിൽ പ്രവേശിപ്പിക്കാനുള്ള ഉത്തരവ് നടപ്പിലാക്കാനായി പാടത്ത് പണിക്കിറങ്ങില്ല എന്ന് പറഞ്ഞ് നടത്തിയ ആദ്യ സംഘടിത കർഷകത്തൊഴിലാളി സമരം മഹാത്മാ അയ്യങ്കാളിയുടെ നേതൃത്വത്തിൽ തുടങ്ങി. തുടർന്ന് ഭാഗികമായി ഉത്തരവ് നടപ്പിലാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.
1910 : അയ്യങ്കാളിയുടെ നിരന്തരമായ പ്രവർത്തനങ്ങളുടെ ഫലമായി വീണ്ടും സ്കൂൾ പ്രവേശനം കർശനമായി നടപ്പിലാക്കണമെന്ന ഉത്തരവ് നിലവിൽ വന്നു. ഉത്തരവ് പൂർണ്ണമായി നടപ്പിലാക്കാത്തതിനാൽ വീണ്ടും സമരങ്ങൾ.
1912 : ഈഴവ കുട്ടികൾക്ക് പ്രവേശനം കിട്ടിയ സ്കൂളുകളിൽ പുലയ, പറയ, കുറവ കുട്ടികൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് വന്നു. പ്രവേശനം കിട്ടിയ കുട്ടികൾക്ക് പ്രജാ സഭയിൽ അയ്യങ്കാളി ഫീസ് ഇളവ് ആവശ്യപ്പെട്ടു.
മുഹമ്മദീയർക്ക് കൊടുക്കുന്ന ഫീസാനുകൂല്യം പുലയ, പറയ, കുറവ തുടങ്ങിയ കുട്ടികൾക്കും നേടിയെടുത്തു.
1914 : അയ്യങ്കാളി പ്രജാസഭാംഗം എന്ന നിലയിൽ സഭയിലും പുറത്തും സമരം തുടർന്നു. പ്രജാസഭ അംഗമെന്ന നിലയിൽ വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഈ ജനവിഭാഗങ്ങളെ മുഖ്യധാരയിൽ എത്തിക്കാൻ കഴിയൂ എന്ന് മനസ്സിലാക്കി കൃത്യമായി ദിവാൻ്റെ മുമ്പിൽ കാര്യങ്ങൾ വ്യക്തതയോടെ അവതരിപ്പിച്ചു. വീണ്ടും സർക്കാർ ഉത്തരവ് വന്നു.
പ്രസിദ്ധമായ ഉരൂട്ടമ്പലം ലഹള അതിനൊത്തുടർന്നാണ്. ഉരൂട്ടമ്പലം പെൺ പള്ളിക്കൂടത്തിലേക്ക് പഞ്ചമി എന്ന പെൺകുട്ടിയുമായി അയ്യങ്കാളി എത്തി. അത് തടയാൻ സവർണ്ണരും. തടയാനെത്തിയവരെ വകവെയ്ക്കാതെ ബലമായി സ്കൂൾ പ്രവേശനം നടത്തുക തന്നെ ചെയ്തു. അന്ന് രാത്രി വർണ്ണവെറിയന്മാർ അയ്യങ്കാളിയും പഞ്ചമിയും “അയിത്തമാക്കിയ” സ്ക്കൂൾ അഗ്നിക്കിരയാക്കി. തുടർന്ന് മാസങ്ങളോളം നീണ്ടു നിന്ന ഐതിഹാസികമായ കാർഷിക സമരം. പാടം മുഴുവൻ മട്ടിപ്പുല്ല് പിടിച്ച സമരം. മഹാത്മാ അയ്യങ്കാളിയുടെ നേതൃത്വപാടവവും തൻ്റെ ജനതയ്ക്കിടയിൽ അദ്ദേഹത്തിനുള്ള സ്വീകാര്യതയും വെളിവാക്കിയ സമരമായിരുന്നു അത്. പട്ടിണിയാവും അനന്തരഫലം എന്നറിഞ്ഞിട്ടും ഒറ്റക്കെട്ടായി ആ ജനത ലക്ഷ്യത്തിനു വേണ്ടി പിടിച്ചുനിന്നു. പ്രായമായവരും കുട്ടികളും മൃതപ്രായരായി. കാട്ടുചെടികളുടെ കിഴങ്ങും, ചേമ്പും, താളും, പിന്നെ വിഴിഞ്ഞത്തിനടുത്ത് മത്സ്യത്തൊഴിലാളികളുടെ സഹായവുമായി അല്പപ്രാണരായി നടത്തിയ ഐതിഹാസിക സമരം. പട്ടിണിയും മർദ്ദനങ്ങളും, ഉറ്റവരുടെ മരണങ്ങളും ആ സമരവീര്യത്തെ തകർത്തില്ല. പാടത്തിറങ്ങിയ ജന്മിമാർ തളർന്നുവീണു. തൊഴിലിടത്തെ ആവശ്യത്തിനല്ലാതെ മാസങ്ങൾ നീണ്ടു നിന്ന പണിമുടക്ക് സമരം നടത്തി സ്കൂൾ പ്രവേശനം നേടിയെടുത്ത സമരം അതിനാൽ ലോകം കണ്ട ഏറ്റവും മഹത്തായ വിപ്ലവ കർഷകത്തൊഴിലാളി സമരമായി കണക്കാക്കപ്പെടുന്നു. തങ്ങളുടെ സമൂഹത്തിൻ്റെ മുഖ്യധാര പ്രവേശനം വിദ്യാഭ്യാസത്തിലൂടെയാണ് എന്ന് തിരിച്ചറിഞ്ഞ് ഒരു ജനത അവരുടെ നേതാവിനാൽ നയിക്കപ്പെട്ട് വിജയിച്ച ഏക സമരം. ഈ സമരത്തെ ചരിത്രകാരന്മാർ കണ്ട്ല ലഹള എന്നാണ് വിളിച്ചത്.
1907 മുതൽ ചില സ്കൂളുകളിൽ സാധുജന കുട്ടികൾക്ക് പ്രവേശനം കിട്ടിയിരുന്നു. എന്നാൽ 1914 ലെ കണ്ട്ല ലഹളയാണ് സ്കൂൾ പ്രവേശനം എല്ലാ സ്കൂളുകളിലേക്കും വ്യാപിക്കാൻ ഇടയാക്കിയത്.
അയ്യങ്കാളിയുടെ നേതൃത്വത്തിലുള്ള സമരം തിരുവിതാംകൂറിലെ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്ക് ആവേശമായി. പുല്ലാട്ട് (തിരുവല്ല – കോഴഞ്ചേരി) സ്കൂൾ പ്രവേശന സമരം ആരംഭിച്ചു. ഇവിടെയും വർണ്ണവെറിയന്മാർ സ്കൂൾ കത്തിച്ചു കളഞ്ഞു. പിന്നീട് തീ വെച്ച സ്‌കൂൾ എന്ന പേരിൽ ഈ സ്കൂൾ അറിയപ്പെടുകയും ഉണ്ടായി.
1916 : തീയങ്കരയിൽ പുലയസ്കൂൾ ആരംഭിച്ചു .
1917 : പ്രജാസഭയിൽ കുട്ടികൾക്ക് സ്കോളർഷിപ്പ് ആവശ്യപ്പെട്ടു. തുടർന്ന് അത് നടപ്പിലായി. ഇന്ന് കിട്ടുന്ന സ്കോളർഷിപ്പുകളുടെ തുടക്കം അതായിരുന്നു.
1919 : മതപരിവർത്തിതർക്കായി ശംഖുമുഖം സ്കൂൾ ആരംഭിച്ചു .
1920 : പ്രജാസഭയിൽ പഠനത്തോടൊപ്പം കുട്ടികൾക്ക് തൊഴിൽ പഠനം വേണം എന്നാവശ്യപ്പെട്ടു.
1920 : പ്രജാസഭയിൽ നാലാം ക്ലാസ്സുവരെ പുലയ, പറയ, കുറവ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കണമെന്നാവശ്യപ്പെട്ടു.
ഇന്ന് പ്രാഥമിക വിദ്യാഭ്യാസം നിർബ്ബന്ധമാക്കിയതിന് ഇന്ത്യൻ ജനത കടപ്പെടേണ്ടിയിരിക്കുന്നത് 1920 ൽ മഹാത്മാ അയ്യങ്കാളി നടത്തിയ പ്രജാസഭ പ്രസംഗത്തോടാണ്.
1922 : കുട്ടികൾക്ക് ഭക്ഷണമില്ല.. വിശന്നിരുന്നു പഠിക്കുന്നതു കൊണ്ട് പഠനത്തിൽ ശ്രദ്ധ പൂർണ്ണമല്ല. ഉച്ചക്കഞ്ഞി നല്കാൻ ഉത്തരവ് ഉണ്ടാകണം എന്ന് അയ്യങ്കാളി ആവശ്യപ്പെട്ടു. പിന്നീട് ഉച്ചക്കഞ്ഞി കൊടുത്തു തുടങ്ങി. ഭക്ഷണമില്ലാത്ത കുട്ടികൾക്ക് ഉച്ചക്കഞ്ഞി എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചതും മഹാത്മാ അയ്യങ്കാളി തന്നെ.
1923 : ഈ കുട്ടികൾക്ക് ഒന്നും രണ്ടും ക്ലാസ്സിൽ പ്രത്യേക ട്യൂഷൻ അനുവദിക്കണം. അതിന് അദ്ധ്യാപകർക്ക് പ്രത്യേക ഗ്രാൻ്റ് അനുവദിക്കണം എന്നിങ്ങനെ ഉള്ള ആവശ്യങ്ങൾ പ്രജാസഭയിൽ മുന്നോട്ട് വച്ചു. പട്ടികജാതി/വർഗ്ഗ വിദ്യാർത്ഥികൾക്ക് പിന്നീട് കിട്ടിയ സ്പെഷ്യൽ കോച്ചിംഗിൻ്റെ തുടക്കം അതായിരുന്നു.
SHARON | RFP
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂